ആടുജീവിതം എന്നാ ഒരൊറ്റ നോവൽ കൊണ്ട് ഒന്നാം നിര എഴുത്തുകാരൻ എന്ന നിലയിലേയ്ക്ക് മാറിയ എഴുത്തുകാരനാണ് ബെന്യാമിൻ. ഗൾഫ് എന്ന മായിക സ്വപ്നനഗരിയെ ഉപേക്ഷിച്ചു സാഹിത്യവും യാത്രയും ജീവിതവുമായി ബന്ധിപ്പിക്കപ്പെട്ടു ബെന്യാമിൻ തികച്ചും ഇപ്പോൾ മലയാളിയായി മാറി കഴിഞ്ഞു, അതിലുമേറെ ഒരു സാഹിത്യകാരനായി തുടരുകയും ചെയ്യുന്നു. ഓരോ എഴുത്തും ഓരോ അനുഭവങ്ങളും യാത്രകളുമാണ്. അതിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ ആത്മാർത്ഥതയോടെ ഇടപെടുക മാത്രമാണ് എഴുതുന്ന വ്യക്തി ചെയ്യേണ്ടതെന്ന് അടിവരയിടുന്നു ബെന്യാമിൻ. വിവാദ വിഷയങ്ങളിൽ സ്വന്തമായി അഭിപ്രായം പുലർത്തുന്ന എഴുത്തുകാരൻ കൂടിയായ ഇദ്ദേഹം ഇപ്പോൾ എന്ത് പറഞ്ഞാലും അത് വിവാദം ആവുകയും ചെയ്യുന്നുണ്ട്.ബെന്യാമിന്റെ രാഷ്ട്രീയം, എഴുത്തുകൾ, നിലപാടുകൾ എന്നിവയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നു...
ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ ... ഈ നോവലുകൾക്കിടയിൽ വായിക്കപ്പെടാതെ പോയവ ഉണ്ടായിരുന്നില്ലേ...
കൂടുതൽ ആൾക്കാർ വായിച്ച രണ്ടു നോവലുകളാണ് ആടുജീവിതവും, മഞ്ഞവെയിൽ മരണങ്ങളും. രണ്ടും നന്നായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം പുറത്തു വന്ന "അൽ അറേബ്യൻ നോവൽ ഫാക്ടറി" എന്നാ നോവൽ ചർച്ച ചെയ്യപ്പെടാൻ സാഹചര്യങ്ങൾ ഉണ്ടായിരുന്ന വിഷയം ആയിട്ടും അതിലെ ചിന്തകൾ സംസാരിക്കപ്പെടാതെ പോയി എന്ന് തോന്നുന്നു. ആ പുസ്തകം നിരവധി ആൾക്കാർ വായിച്ചു, അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ മധ്യ പൂർവേഷ്യൻ രാഷ്ട്രീയവും ഇപ്പോഴത്തെ അവസ്ഥകളും ഒക്കെ വിശദമായി ചർച്ചയ്ക്ക് വയ്ക്കേണ്ടവ തന്നെയാണെന്ന് എനിക്ക് തോന്നുന്നു. വർഷങ്ങളോളം ആ മേഖലയിൽ ജീവിച്ച ഒരാളെന്ന നിലയിലുള്ള എന്റെ നേരിട്ടുള്ള അനുഭവങ്ങളിൽ നിന്ന് ഉണ്ടായതാണ് ആ നോവലും. എന്നാൽ ആ രാഷ്ട്രീയം പൊതുസമൂഹം ചർച്ച ചെയ്യപ്പെടാതെ പോയി എന്ന് തോന്നുന്നു.
മധ്യപൂർവേഷ്യൻ രാഷ്ട്രീയം എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടണം?
മിക്ക രാഷ്ട്രങ്ങളുടെയും അടിസ്ഥാനത്വം മാറിയിരിക്കുന്നത് ഒരു വിപ്ലവത്തിലൂടെയാണ്. അതങ്ങനെയാണ് നടക്കേണ്ടതും. ഇത്യയിൽ സ്വാതന്ത്ര്യ സമരം നടന്നതോടെ ബ്രിട്ടീഷുകാർ രാജ്യമോഴിഞ്ഞു പോവുകയും ഇന്ത്യ ജനാധിപത്യ ഭരണത്തിന് കീഴിൽ വരുകയും ചെയ്തു. കാരണം ഇവിടെ ആർജ്ജവമുള്ള ഭാരാധികാരികൾ ഉണ്ടായിരുന്നു. എന്നാൽ അറബ് രാജ്യത്തിൽ ഉണ്ടായ മുല്ലപ്പൂ വിപ്ലവം യഥാർത്ഥത്തിൽ ജന ഉന്നതിയ്ക്കായിരുന്നെങ്കിലും ആ വിപ്ലവം ഭീകരവാദികളാൽ ഹൈജാക്ക് ചെയ്യപ്പെട്ടു. മികച്ച ഭരണാധികാരികളുടെ അഭാവം കൊണ്ട് അവിടെ ആ വിപ്ലവത്തിന് ശേഷം ജനാധിപത്യ സംവിധാനം വരുന്നതിനു പകരം മതാധിപത്യ സംവിധാനമാണ് ഉണ്ടായത്. അത് തന്നെയാണ് അവിടുത്തെ പരാജയവും.
ഇപ്പോൾ ഐഎസ് പോലെയുള്ള തീവ്രവാദം അവിടെ വേരുപിടിയ്ക്കാൻ കാരണമായതും മുല്ലപ്പൂ വിപ്ലവത്തിന്റെ ഗതി മാറി പോയതാണ്. ആ വിപ്ലവത്തെ ജനാധിപത്യവത്കരിയ്ക്കുന്നതിനു പകരം തീവ്രവാദികൾ അവരുടെതാക്കി മാറ്റിയെടുത്തു. തുടർന്ന് അത് രാജ്യത്തിൽ തന്നെ ആഭ്യന്തര കലഹങ്ങൾക്ക് കാരണമായി. ഈ ഗതിമാറി ഒഴുകിയതിനാൽ ആണ് സുന്നി-ഷിയാ വിഭാഗങ്ങൾ ഇത്രയധികം പോരടിച്ചു രാജ്യത്തിന് വരെ പ്രശ്നമായി മാറുന്നത്. അത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയായിരുന്നു. അവരുടെ രാഷ്ട്രീയം.
ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ അസ്ഥിത്വം...
മഞ്ഞവെയിൽ മരണങ്ങളിലും, ആടുജീവിതത്തിലും എന്ന് വേണ്ട എല്ലാ നോവലുകളിലും ജീവിച്ചിരിയ്ക്കുന്നവർ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നിലവിൽ ഉള്ള രാഷ്ട്രീയമുണ്ട്, സാഹചര്യങ്ങളുണ്ട്. എന്നാൽ ജീവിച്ചിരിക്കുന്നവരെ കഥാപാത്രങ്ങൾ ആക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട്. ഫിക്ഷണൽ റിയലിസം ആണ് മിക്കപ്പോഴും എന്റെ നോവലുകളിൽ ചെയ്യാൻ ഞാൻ ശ്രമിക്കുന്നത്. എഴുതുമ്പോൾ എന്താണ് യാഥാർത്ഥ്യം എന്താണ് ഫിക്ഷൻ എന്ന രീതിയിൽ സംശയങ്ങൾ ഉണ്ടാകും. അത് ഒരു പ്രത്യേക രചനാ രീതിയാണ്. എന്റെ കാര്യത്തിൽ അതൊരു പരീക്ഷണ നിലപാടും ആയിരുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവരെ കഥയിൽ കൊണ്ട് വരുമ്പോൾ അവരെ മുറിവേൽപ്പിക്കാതെ ഞാൻ ശ്രദ്ധിക്കാറുണ്ട്. പിന്നെ ഇതൊക്കെ ഒരു കൗതുകം ആയി കാണുന്നതാണ് നല്ലത്.
നജീബ് ഇപ്പോഴും സംസാരിക്കാരുണ്ടോ?
നജീബ് ഇപ്പോഴും ഗൾഫിൽ തന്നെ ഉണ്ട്. ഞങ്ങൾ ഒന്നിച്ചു അവിടെ ഉണ്ടായിരുന്നപ്പോൾ മിക്കപ്പോഴും സൗഹൃദം പുതുക്കുമായിരുന്നു, ഇപ്പോൾ നാട്ടിലെത്തിയപ്പോൾ സ്ഥിരം വിളികൾ ഇല്ല, ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ കാണാറും വിളിക്കാറുമുണ്ട് .
മോഹൻലാൽ മേജർ രവിയാൽ തെറ്റിദ്ധരിക്കപ്പെട്ടു എന്ന പ്രസ്താവനയെ കുറിച്ച്...
പട്ടാളത്തിന്റെ അടിസ്ഥാന സ്വഭാവം ലാൽ എന്ന നടന് അറിയാമെന്നു തോന്നുന്നില്ല. മേജർ രവി പറഞ്ഞ കഥകൾ കേട്ട് അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുന്നതാവാം. അല്ലാതെ അതിന്റെ രാഷ്ട്രീയം എന്തെങ്കിലും അറിഞ്ഞു കൊണ്ടാകുമെന്നു തോന്നുന്നില്ല. പട്ടാളത്തിന് അമിത സ്വാതന്ത്ര്യം നല്കിയിട്ടുള്ള രാജ്യങ്ങളുടെ ഒക്കെ ഭാവി എന്താണെന്ന് നാം കണ്ടിട്ടുള്ളതാണ്. അത്തരം ഒരു ഭാവി ഇന്ത്യക്ക് വരാൻ പാടില്ല. ഇപ്പോഴും ജനാധിപത്യമാണ് നമ്മുടെ അടിസ്ഥാനം. ആ ജനാധിപത്യത്തിനു അടിയിൽ നിൽക്കുന്നതായിരിക്കണം ബാക്കിയെല്ലാം, ഈ പറയുന്ന പട്ടാളം ഉൾപ്പെടെ. അല്ലാതെ അതിനെ അത്ര മുകളിൽ ആക്കുമ്പോൾ അതിന്റേതായ പ്രശ്നങ്ങൾ ഉണ്ടാകും. പട്ടാളത്തിന്റെ സേവനങ്ങളെ മറന്നു കൊണ്ടല്ല ഒരിക്കലും ഇങ്ങനെ പറയുന്നത്. പട്ടാളം രാജ്യത്തിന് ചെയ്യുന്ന എല്ലാ സേവനങ്ങളെയും തിരിച്ചറിഞ്ഞും കൊണ്ടും അതിനെ അംഗീകരിച്ചു കൊണ്ടും തന്നെയാണ് ഈ പറയുന്നത്. മോഹൻലാൽ ഈ വിഷയത്തിൽ എഴുതിയത് ഇത്തരം കാര്യങ്ങൾ ഒക്കെ ഓർത്തു കൊണ്ടാണെന്ന് എനിക്ക് തോന്നിയില്ല.
പുരസ്കാരങ്ങൾ എഴുത്തുകാരാൽ തിരസ്കരിക്കപ്പെടേണ്ടതോ?
നിരവധി എഴുത്തുകാർ അവർക്ക് ലഭിച്ച പുരസ്കാരങ്ങൾ ഇപ്പോൾ തിരസ്കരിച്ചു. അത് സർക്കാരിനോട് വെറുപ്പോ വിദ്വേഷമോ ഒന്നും ഉണ്ടായിട്ടല്ല. അവർ പറയാൻ ആഗ്രഹിക്കുന്ന ഒരു വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന്റെ ഭാഗമായി ആണ് ഇത്തരം തിരസ്കാരങ്ങൾ ഉണ്ടായിരിക്കുന്നത്. നമുക്ക് ഒരു പ്രധാന വിഷയം ജനശ്രദ്ധയിൽ അല്ലെങ്കിൽ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരണമെങ്കിൽ ഇത്തരം ചില പ്രയോഗങ്ങളിൽ കൂടി അല്ലാതെ സാധ്യമല്ല. അതാണ് അവരും ചെയ്തത്. എന്നാൽ ഞാൻ പറയുന്നത്, ഇത്തരം തിരസ്കാരങ്ങളിൽ പ്രതിഷേധങ്ങൾ ഒതുങ്ങി നില്ക്കാതെ അത് തുടർന്ന് കൊണ്ടിരിയ്ക്കണം. നീതി ലഭിക്കുന്നത് വരെ എഴുത്തിലൂടെയോ പ്രസംഗ വേദികളിലൂടെയോ പൊരുതി കൊണ്ടേയിരിക്കണം.
എന്തുകൊണ്ട് ബി ജെ പി സർക്കാരിനോട് മാത്രം...
ഒരിക്കലും ബി ജെ പി സർക്കാരിനോട് മാത്രമുള്ള ഒരു എതിർപ്പല്ല ഇത്. മുൻപും ഇവിടെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പ്രശ്നങ്ങളും വർഗീയതയും, ഫാസിസവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഒരു സമൂഹം സർക്കാരിന് എതിരെ ആകാൻ കാരണം ചില സർക്കാർ നിലപാടുകളാണ്. വർഗീയതയെ അനുകൂലിച്ചു പറയുന്ന ഭരണവർഗ നേതാക്കൾ, ഫാസിസത്തെ അനുകൂലിക്കുന്ന ചില നീക്കുപോക്കുകൾ, ചിന്തകൾ, അഭിപ്രായപ്രകടനങ്ങൾ ഒക്കെ വരുമ്പോൾ അതൊക്കെ നിയന്ത്രിയ്ക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. എന്നാൽ സ്വന്തം പക്ഷത്തുള്ളവരെ പോലും ഇക്കാര്യത്തിൽ പ്രതിരോധിയ്ക്കാൻ സർക്കാരിനു ആകുന്നില്ല. അതിനെതിരെയാണ് എഴുത്തുകാർ ഉൾപ്പെടെ ഉള്ളവർ പ്രതിഷേധിക്കുന്നത്.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ ധ്രുവീകരണവും
ഭൂരിപക്ഷ ധ്രുവീകരണം ഇപ്പോൾ വളരെ വേഗത്തിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. അതിനു ഒരു പ്രധാന കാരണം ന്യൂനപക്ഷം ആണെന്ന് പറയാൻ പറ്റില്ല, പക്ഷേ ന്യൂനപക്ഷത്തിൽ തന്നെയുള്ള ഒരു വിഭാഗം വല്ലാതെ ഇക്കാര്യത്തിൽ പങ്കു വഹിക്കുന്നുണ്ട്. ന്യൂനപക്ഷത്തിന്റെ അസഹിഷ്ണുത മൂലം ഉണ്ടാകുന്ന ഭൂരിപക്ഷ ധ്രുവീകരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ചെറുതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് ഒഴിഞ്ഞു മാറാൻ ആകില്ല. ഇത് കൊണ്ടുണ്ടാകുന്ന അപകടം വളരെ വലുതാണ്, അത് രാജ്യത്തെ പോലും അപകടത്തിൽ കൊണ്ടെത്തിയ്ക്കും. ഭൂരിപക്ഷ വർഗീയതയ്ക്ക് ഒപ്പം തന്നെ ന്യൂനപക്ഷത്തിന്റെ വർഗീയതയും എതിർക്കപ്പെടണം
സോഷ്യൽ മീഡിയയുടെ അഭിപ്രായ സ്വാതന്ത്ര്യം:
ആത്മാവിഷ്കാരത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഉള്ള ഏറ്റവും മികച്ച ഇടമാണ് സോഷ്യൽ മീഡിയ. ഇവിടെ നമുക്ക് എന്തിനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ആ സ്വാതന്ത്ര്യത്തെ ലംഘിക്കലും ഇവിടെ നടക്കുന്നുണ്ട്. സഭ്യമല്ലാത്ത ഭാഷ, മാന്യമല്ലാത്ത രീതികൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവ ഇവിടെയും ഉണ്ടാകുന്നത് ഈ സ്വാതന്ത്ര്യമുള്ള പ്ലാറ്റ് ഫോമിനെ നശിപ്പിച്ചു കളയുന്നത് പോലെയാണ്. എഫ് ബി പോലെ ഒരു ഓപൺ പ്ലാറ്റ് ഫോം നന്നായി ഉപയോഗിയ്ക്കാനാണ് ആദ്യം സമൂഹം പഠിക്കേണ്ടത്.
ചാനൽ ചർച്ചകളുടെ രാഷ്ട്രീയം :
ഇവിടെ ഒരു ചാനൽ ചർച്ചകളിലും സാധാരണക്കാരന്റെ വിഷയങ്ങള ചർച്ചയാക്കപ്പെടുന്നില്ല എന്നത് സത്യമാണ്. അർനാബ് ഗോസ്വാമി മുതൽ ഇങ്ങോട്ട് മലയാളാത്തിൽ വരെയുള്ള മിക്ക ചാനലുകളിലെയും അവതാരകരുടെ ധാർഷ്ട്യം നിറഞ്ഞ അവതരണ രീതി വളരെ മോശകരമായ ഒരു അവസ്ഥയാണ് തോന്നിപ്പിയ്ക്കുന്നത്. മനുഷ്യർക്ക് പ്രയോജനപ്രദമായ വിഷയങ്ങളിൽ ഒന്നും ഇവിടെ ചർച്ചകൾ നടക്കുന്നില്ല. പലപ്പോഴും സംസ്കാരമില്ലാത്ത ഭാഷയുടെ ശേഷിപ്പുകൾ തന്നെയാണ് ഇത്തരം ചർച്ചകളിൽ കാണാൻ കഴിയുന്നത്.
സാധാരണക്കാരൻ അറിയാത്ത സോഷ്യൽ മീഡിയ :
സോഷ്യൽ മീഡിയയിലൊക്കെ നടക്കുന്ന ചർച്ചകൾ ഒന്നും പലപ്പോഴും സാധാരണക്കാരൻ അറിയുന്നില്ല. അവർ അതിൽ ചർച്ചകൾ നടത്താറും ഇല്ല. പക്ഷേ ബൗദ്ധികമായി മുന്നിട്ടു നില്ക്കുന്ന, ചിന്തിയ്ക്കുന്ന ഒരു സമൂഹം അതിനെ കുറിച്ച് സംസാരിച്ചേ മതിയാകൂ. കാരണം രാജ്യം നശിച്ചു കാണാൻ ആരും ആഗ്രഹിക്കുന്നില്ല. അത് തിരിച്ചറിഞ്ഞു തുടങ്ങുന്നവർ അതിനെതിരെ ശബ്ദം ഉയർത്തി തുടങ്ങും. ഞാൻ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിയ്ക്കുന്ന ഒരാളല്ല. പക്ഷേ എന്റെ രാഷ്ട്രീയം മനുഷ്യ സ്നേഹത്തിന്റെയും സഹകരണത്തിന്റെയുമാണ്. മാനവികതയുടെതാണ്. അത് ഒന്ന് ചേർന്ന് നില്ക്കാൻ നാം ശബ്ദമുയർത്തുക വേണം.
പുതിയ നോവൽ ...
അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ" എന്ന നോവലിന്റെ തുടർച്ചയായി ആണ് പുതിയ ഒരു നോവൽ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ പൂർണമായും അതിന്റെ ബാക്കിയെന്നു പറയാൻ ആകില്ല. ഇത് തികച്ചും സ്വതന്ത്രമായ ഒന്നാണ് .
എഴുതാൻ തൊട്ടടുത്ത് എന്തൊക്കെ ഉണ്ടാകണം :
എനിക്ക് എന്റെ വീട്ടിലെ എന്റെ മുറിയിൽ ഇരുന്നു എഴുതുന്നത് തന്നെയാണ് ഇഷ്ടം. എഴുതാൻ വേണ്ടി ഹോട്ടൽ റൂമോ, അന്തരീക്ഷഭംഗിയോ ഒന്നും വേണമെന്നില്ല. കമ്പ്യൂട്ടറിൽ ആണ് റ്റൈപ്പ് ചെയ്യുന്നത്. കൂടുതലും രാത്രിയിലാണ് എഴുത്ത്.
എഴുത്തുകാരനാകാൻ വേണ്ടി പ്രവാസം ഉപേക്ഷിച്ച ബെന്യാമിൻ...
അതൊരു അനുഗ്രഹമാണ്. വായനക്കാർ എനിക്ക് നൽകിയ സ്വാതന്ത്ര്യം. എഴുത്തുകാരനാകാൻ വേണ്ടി തന്നെയാണ് ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേയ്ക്ക് എത്തിയത്. ഇവിടെ ഉള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഒരു പ്രവാസിയെ സംബന്ധിച്ച് ഏറ്റവും വലിയ അതിജീവനം. എന്നാൽ എനിക്കത് എളുപ്പമായിരുന്നു. എനിക്ക് ഇവിടെ നിൽക്കാൻ തന്നെയാണ് ഇഷ്ടം. പിന്നെ തിരികെ വന്നതിനു ശേഷം നിരവധി യാത്രകൾ നടത്തി. എഴുത്തുകൾ കൂടി. സാഹിത്യ ബന്ധങ്ങൾ കാരണം വിദേശ യാത്രകളും ചെയ്യാൻ കഴിഞ്ഞു. യാത്രകൾ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഇതിനെല്ലാം എനിക്ക് കടപ്പാട് എന്റെ വായനക്കാരോട് തന്നെയാണ്. ഒരു എഴുത്തുകാരനായിരിക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകിയതിന്.