നോവൽ പൂത്ത് മലർന്ന നാൾ

നോവലെഴുതിയ കവികൾ

കവിയായി ജീവിച്ചു കവിയായി മരിക്കാനായിരുന്നു റോബർട്ടോ ബൊലാനോയ്ക്കു കൊതി. എന്നാൽ ക്യാൻസർ പിടിമുറുക്കിയപ്പോൾ, മരണം മുഖാമുഖം വന്നു നിന്നപ്പോൾ ബൊലാനോ കുടുംബത്തെ ഓർത്തു.

താൻ പോയാൽ കൊച്ചു കുട്ടികളെയും കൊണ്ടു ഭാര്യ എങ്ങനെ ജീവിക്കും? അവരു‌ടെ സാമ്പത്തിക സുരക്ഷിതത്വത്തിനു വേണ്ടിയാണ് ബൊലാനോ നോവലുകൾ എ​ഴുതിയത്. 2666, സാവിജ് ഡിറ്റക്ടീവ്സ്, നാസി ലിറ്ററേച്ചർ ഇൻ ദ് അമേരിക്കാസ്, അമ്യുലെറ്റ്, ഡിസ്റ്റന്റ് സ്റ്റാർ തുടങ്ങിയ ആ നോവലുകൾ ലോകം കീഴടക്കി. ഉടൽ മുഴുവൻ കവിത്വത്തിന്റെ‌ മുദ്രകൾ പതിഞ്ഞ നോവലുകൾ.

നോവലിസ്റ്റുകൾ എന്ന നിലയിൽ കവികളുടെ ജീവിതമെന്താണ് എന്നതിനു ലോക സാഹിത്യത്തിൽ മാത്രമല്ല, ഇന്ത്യൻ എഴുത്തിലും എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. ടാഗോർ ഒരു ഉദാഹരണം മാത്രം.

പശുവയ്യ എന്ന പേരിൽ തമിഴിൽ കവിതകളെഴുതിയിരുന്ന സുന്ദര രാമസ്വാമിയാണ് ഒരു പുളിമരത്തിൻ കഥൈ, ജെജെ: ചില കുറിപ്പുകൾ, ആൺകൾ പെൺകൾ കുളന്തൈകൾ തുടങ്ങിയ സുന്ദരൻ നോവലുകളും എഴുതിയത്. തമിഴിലേതു പോലെ മലയാളത്തിലും ആരാധകരുള്ള ജയമോഹനു കവിത മാത്രമല്ല നോവലും വഴങ്ങും. മലയാളത്തിലും കവികൾ നോവലെഴുതാൻ തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. അതിനു വേഗവും കരുത്തുമേറിയത് ഇപ്പോഴാണെന്നു മാത്രം.

ഒഴിഞ്ഞ വൃക്ഷഛായയിൽ, സമയപ്രഭു, ഒരു മുടന്തന്റെ‌ സുവിശേഷം തുടങ്ങിയ കവിതാ സമാഹാരങ്ങളിലൂടെ വായനക്കാർക്കു പ്രിയങ്കരനായ കൽപ്പറ്റ നാരായണൻ ഇത്രമാത്രം എന്ന നോവലിലൂടെ, കവിത്വം ഒരു നോവലിനെ എങ്ങനെ മികച്ച വായനാനുഭവമാക്കും എന്നു തെളിയിച്ചു.

മരണത്തിന്റെ‌ മൂളക്കത്തെ, വൈകാരികതയുടെ കുത്തൊഴുക്കില്ലാതെ ആവിഷ്ക്കരിച്ച് കൽപ്പറ്റ വായനക്കാരെ നടുക്കി. ഒരു മരണത്തിലേക്കുള്ള പലമ പുലരുന്ന നോട്ടങ്ങളായിരുന്നു ആ നോവൽ. അസ്ഥിയിൽ തൊടുന്ന ദൃശ്യങ്ങളായിരുന്നു അതിനെ വേറി‌ട്ടു നിർത്തിയത്. ഭാവാത്മകതയേക്കാളും ആഖ്യാനപരമാണ് കൽപ്പറ്റയുടെ കവിതകൾ എ​ന്നതുകൊണ്ട് തീർത്തും അനായാസമായിരുന്നു കാണുമോ കൽപ്പറ്റയുടെ മൊഴിപ്പകർച്ച?

ടി.പി.രാജീവന്റെ കവിതകളിലും ഈ ആഖ്യാനത്തിന്റെ തിടംവച്ചു നിൽപ്പ് നാം അനുഭവിച്ചിട്ടുണ്ട്. രാ‌ഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത തുടങ്ങിയ സമാഹാരങ്ങളിലെ മിക്കവാറും കവിതകളിൽ കഥ പറച്ചിലിന്റേതായ സ്വരവും രീതിയുമുണ്ട്. ഒറ്റവിതാനത്തിൽ പടരുന്ന കവിതകളല്ല ഇത്. ആഖ്യാനത്തിന്റെ പിരിയൻ ഗോവണികളും അനന്തൻകാടുകളും ഇവിടെയുണ്ട്.

ഇഴയടുപ്പം കാവ്യാനുഭവത്തെ എങ്ങനെ സൂക്ഷ്മവും തീവ്രവുമാക്കുമെന്നതിന്റെ അടയാളങ്ങളായിരുന്നു ആ സമാഹാരങ്ങളിൽ. കവിതയെ ശിൽപ്പമാക്കുന്നതിൽ ഈ കവി കാണിച്ച കയ്യടക്കം പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവലിനെ അസാധാരണമാം വിധം ആർജവമുള്ള​താക്കി.

മാണിക്യം എന്ന പെണ്ണൊരുത്തിയുടെ ജീവിതത്തിലൂടെ ഒരു കാലത്തെ കേരളീയ ജീവിതത്തെ രാജീവൻ കൊത്തിവച്ചു. അതിതീവ്രമായ ആ നോവൽ അനുഭവം മലയാളത്തിൽ നോവലിന്റെ‌ വീണ്ടെടുപ്പിന് വഴി തുറന്നു. കെടിഎൻ കോട്ടൂർ: എഴുത്തും ജീവിതവും എന്ന അടുത്ത നോവലിലും രാജീവൻ ഈ ശിൽപ്പത്തികവ് പുലർത്തി. ദേശത്തിന്റെ എഴുത്ത് എഴുത്തിന്റെ ദേശമായി.

കോമ, സുഡോക്കു എന്നീ ആഖ്യാനസമ്പന്നമായ കവിതാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ കവി മനോജ് കുറൂരിന്റെ ആദ്യ നോവലായ നിലം പൂത്തു മലർന്ന നാൾ ആകട്ടെ മലയാള നോവലിൽ എന്നല്ല സാഹിത്യത്തിൽ തന്നെ വലിയൊരു അട്ടിമറി സൃഷ്ടിച്ചിരിക്കുന്നു.

ദ്രാവിഡാക്ഷരങ്ങൾ കൊണ്ടു മാത്രം നെയ്തെടുത്തിരിക്കുന്ന ഈ നോവൽ അത്യുജ്വലമായ വായനാനുഭവമാണ് നൽകുന്നത്. സംസ്കൃതവൽക്കരണത്തിൽ നിന്നുള്ള മലയാളത്തിന്റെ കുതറലാണ് ഈ നോവൽ. തിണകൾ അഞ്ചിലൂടെയും സഞ്ചരിച്ച് മൂന്നു എഴുത്തുഭാഗങ്ങളിലൂടെ സംഘകാലത്തെ തോറ്റിയുണർത്തുന്നു ഈ മൊഴിക്കൂർപ്പ്.

ആഖ്യാനത്തിൽ മാത്രമൂന്നി, ഭാഷയെ മറന്നുകളയുന്ന സമകാലീന മലയാള നോവൽ അനുഭവങ്ങൾക്കുള്ള തിരുത്താണ് മനോജിന്റെ ഈ കന്നിക്കൊയ്ത്ത്. പാണന്റെ മൊഴി പടരുമ്പോലെ ഈ നോവലിന്റെ പേരും പെരുമയും നാടാകെ പടരുകയാണ്.

ഭാവാത്മക രചനകൾക്കൊപ്പം ആഖ്യാനത്തിലൂന്നിയ കവിതകളുമെഴുതുന്ന റഫീക്ക് അഹമ്മദ് അഴുക്കില്ലം എന്ന നോവലിലൂടെ വരവറിയിച്ചു കഴിഞ്ഞു. തോരാമഴയിലെ ഉമ്മുക്കുൽസുവിനെയും ഉമ്മയെയും നമുക്കു തന്ന റഫീക്ക് ആദ്യ നോവലിന്റെ പകപ്പൊന്നുമില്ലാതെയാണ് ആഖ്യാനഭൂപടം നീർത്തുന്നത്.

എല്ലാ കവിതയിലും ഒരു കഥ കൂടിയെഴുതുന്ന എസ്. ജോസഫ് പുലരിയിൽ മൂന്നു തെങ്ങുകൾ എന്ന നോവൽ നേരത്തെ‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രമണൻ എന്ന കാവ്യാഖ്യാനത്തിലൂ‌ടെ മലയാളിയുടെ ഭാവുകത്വത്തിനു മേൽ കാൽപ്പനികതയുടെ തെരുതെരെപ്പൂമഴ പെയ്യിച്ച ചങ്ങമ്പുഴ കളിത്തോഴിയെന്ന നോവലുമെഴുതിയിട്ടുണ്ട്.

വീട്ടിലേക്കുള്ള വഴിയും കൂന്തച്ചേച്ചിയും റോസലിൻഡയും കാടും പോലുള്ള മികച്ച കവിതകളെഴുതിയ ഡി.വിനയചന്ദ്രൻ മാഷ് ഉപരികുന്ന്, പൊടിച്ചി എന്നീ കാവ്യനോവലുകൾ കൂടി മലയാളത്തിനു നൽകിയിട്ടാണ് വിട വാങ്ങിയത്. ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു നോവൽ മുൻപു പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതു പുസ്തകരൂപത്തിൽ വന്നിട്ടില്ല.

ഏകാന്തതയുടെ അൻപതു വർഷങ്ങൾ എഴുതിയ അൻവർ അലിയോ കലംകാരിയെഴുതിയ പി.പി.രാമചന്ദ്രനോ നോവലെഴുതാത്തതു കഷ്ടമല്ലേ?