Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ കഥയ്ക്ക് ശേഷം അവളെന്നോട് മിണ്ടിയിട്ടില്ല'

Padmarajan-with-wife പദ്മരാജൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 26 വർഷങ്ങൾ... പദ്മരാജന്റെ ഏറ്റവും ഇഷ്ടമുള്ള പുസ്തകങ്ങളെ കുറിച്ച് രാധാലക്ഷ്മി പറയുന്നു...

പി പദ്മരാജൻ ചലച്ചിത്രകാരന്മാർക്കിടയിലെ പ്രതിഭയുള്ള എഴുത്തുകാരനായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കൂട്ടുവരുന്നു. സിനിമകൾക്കപ്പുറം അക്ഷരങ്ങൾകൊണ്ട് മായാലോകമൊരുക്കിയ പദ്മരാജന്റെ നോവലുകളും ചെറുകഥകളും എല്ലാം തന്നെ ആരാധകർ നെഞ്ചേറ്റിയിട്ടുണ്ട്. ജീവിതവും കാഴ്ചകളുമായി ഏറെ താദാത്മ്യപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളും കഥകളും വായനക്കാരെ പദ്മരാജൻ എന്ന എഴുത്തുകാരനോടും ഏറെ ചേർത്ത് വയ്ക്കുന്നുണ്ട്.

എഴുത്തുകാരൻ എന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും പദ്മരാജന്റെ നല്ല പാതിയായിരുന്ന രാധാലക്ഷ്മി പദ്മരാജൻ അദ്ദേഹത്തിനായി നൽകിയ സ്നേഹത്തെ കുറിച്ച് പറയാതെ പദ്മരാജൻ എന്ന വ്യക്തി പൂർണനാകുന്നതേയില്ല. പ്രിയപ്പെട്ട പപ്പന് വേണ്ടി മാത്രം രാധാലക്ഷ്മി അക്ഷരങ്ങളെയും സിനിമയെയും പ്രണയിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ ഓർമ്മകളിൽ ആ പ്രണയം പുസ്തകങ്ങളായും പുറത്ത് വന്നു. പ്രിയപ്പെട്ടവന്റെ സ്നേഹത്തെ അക്ഷരത്തിന്റെ രൂപത്തിൽ കടലായൊഴുക്കി. "പദ്മരാജൻ എന്റെ ഗന്ധർവ്വൻ" എന്ന പുസ്തകത്തിൽ നിന്നും "വസന്തത്തിന്റെ അഭ്രജാലകം" എന്ന പുസ്തകത്തിലേക്കും അതിന്റെ ബാക്കി എഴുത്തിലേക്കും രാധാലക്ഷ്മി കടക്കാൻ തുടങ്ങുന്നു. പ്രിയപ്പെട്ട പദ്മരാജന്റെ ഏറ്റവും ഇഷ്ടമുള്ള പുസ്തകങ്ങളെ കുറിച്ച് രാധാലക്ഷ്മി പറയുന്നു:
 

Padmarajan


'മഞ്ഞുകാലം നോറ്റ കുതിര' എന്ന നോവൽ ഏറെ ഇഷ്ടമായ ഒന്നാണ്. യാഥാസ്ഥിതികമായ ചില സദാചാര സങ്കൽപ്പങ്ങൾക്ക് മീതെ വ്യക്തിബന്ധങ്ങളുടെ സങ്കീർണതകൾ പറയാൻ ശ്രമിക്കുന്ന നോവലിലെ കഥപാത്രങ്ങൾ ഏറെ സ്വാധിച്ചിട്ടുണ്ട്. മറ്റു പല കഥകളിലെന്നതുപോലെ ഇതിലേയും കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവർ തന്നെയാണ്. നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പുകളുടെ ഷൂട്ടിങ്ങിനു മൈസൂർ പോയപ്പോൾ കണ്ടുമുട്ടിയ കഥാപാത്രങ്ങളാണ് ആ നോവലിലെ കഥാപാത്രങ്ങൾ.

radhalekshmi-book1

ഒരു വായനക്കാരി എന്ന നിലയ്ക്ക് പറയുമ്പോൾ പദ്മരാജന്റെ നോവലുകളെക്കാളേറെ അദ്ദേഹത്തിന്റെ ചെറുകഥകളാണ് ഇഷ്ടം. നോവലിസ്റ്റ് എന്നതിനേക്കാൾ കഥകളെഴുതുമ്പോഴാണ് കൂടുതൽ അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞതെന്ന് തോന്നിയിട്ടുണ്ട്, ഒരുപക്ഷെ ഇത് ഒരാളുടെ മാത്രം തോന്നലായിരിക്കാം...പദ്മരാജന്റെ ചെറുകഥകളിൽ ലോല, ചൂണ്ടൽ, ഓർമ്മ, എന്നെ കഥകൾ വളരെ ഇഷ്ടമായതാണ്. അദ്ദേഹത്തിന്റെ കഥകളിൽ ഏറെ പ്രിയപ്പെട്ടവ എടുത്ത് 2008 ൽ ഡി സി ബുക്ക്സ് "എന്റെ പ്രിയപ്പെട്ട കഥകൾ" എന്ന പേരിൽ പുസ്തകമാക്കിയിരുന്നു.

padmarajan-book

ഏറ്റവും മികച്ച പ്രണയകഥകളിൽ ഒന്നായി ലോലയെ കെ പി അപ്പൻ സർ ഒരിക്കൽ വിലയിരുത്തിയിട്ടുണ്ട്. പ്രണയമാണ് ലോലയിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന വികാരം. ആ പുസ്തകത്തിലെ ഓരോ കഥകളും ഓരോ അനുഭവമാണ്. ചൂണ്ടൽ മരണത്തിന്റെ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്, ഓർമ്മ , എന്ന കഥ ഓർമ്മകൾ നഷ്ടപ്പെടുന്ന വ്യക്തിയെ കുറിച്ചാണ്. ആ കഥയുടെ ആശയം എടുത്താണ് സംവിധായകൻ ബ്ളസി "തന്മാത്ര " എന്ന ചിത്രമെടുക്കുന്നത്. അങ്ങനെ ആശയങ്ങൾ കടം കൊണ്ട് നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ എടുക്കപ്പെട്ട ഒരു കഥാപാത്രമാണ് പാർവ്വതിക്കുട്ടി എന്ന കഥയിലെ കഥാപാത്രം "ശാലിനി എന്റെ കൂട്ടുകാരി" എന്ന സിനിമയിലെ കഥാപാത്രങ്ങളുമായി അവർക്ക് സാമ്യമുണ്ട്.

books-padmarajan

'പാർവ്വതിക്കുട്ടി' എന്ന ചെറുകഥ  പ്രണയിക്കുന്ന കാലത്ത് അദ്ദേഹം എഴുതിയതാണ്. ഏറ്റവും അടുത്ത സുഹൃത്തായ പെൺകുട്ടി ഈ കഥകാരണം എന്റെ ജീവിതത്തിൽ നിന്നും അകന്നു പോയി. സുഹൃത്തിനെ കുറിച്ച് എന്നോ പറഞ്ഞത് അദ്ദേഹം കഥയാക്കുകയായിരുന്നു, പക്ഷെ അത് അവരെ ഏറെ വേദനിപ്പിച്ചു, പിന്നീട് വർഷങ്ങൾ മിണ്ടാതിരിക്കുകയും ചെയ്തു. എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് പിന്നീട് കുട്ടികളുടെ ഒക്കെ മുന്നിൽ വച്ച് മാപ്പു പറച്ചിൽ നടത്തുന്നത്. തമ്മിൽ മിണ്ടുന്നത്... അതൊക്കെ ഒരനുഭവം. നക്ഷത്രങ്ങളെ കാവൽ എന്ന നോവലിലെ കഥാപാത്രത്തിനോട് അമ്മാവന് താദാത്മ്യം ഉണ്ടെന്നു ആരോ വിളിച്ച് പറഞ്ഞതനുസരിച്ച് അദ്ദേഹം ആ നോവൽ പുറത്തിറങ്ങിയ ശേഷം സംസാരിക്കാതെയായിട്ടുണ്ട്. അങ്ങനെ എത്ര അനുഭവങ്ങൾ. ജീവിച്ചിരിക്കുന്നവർ കഥാപാത്രങ്ങളാകുമ്പോൾ വരുന്നതാണ് ഇത്തരം അനുഭവങ്ങൾ.

nakshathrangale-kaaval-padmarajan

പദ്മരാജന്റെ അകാലയാത്ര പറച്ചിലിന് ശേഷം അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സ്നേഹത്തെ അർപ്പിച്ച് അഞ്ചു പുസ്തകങ്ങൾ രാധാലക്ഷ്മി പദ്മരാജൻ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് മഹിളാമന്ദിരത്തിൽ പ്രസിഡന്റായി തുടരുന്ന രാധാലക്ഷ്മി പ്രായമേറിയിട്ടും വീടിനുള്ളിൽ ചടഞ്ഞു കൂടിയിരിക്കാതെ നാൽപ്പതു വൃദ്ധജനങ്ങളെകൂടെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന വൃദ്ധമന്ദിരത്തിന്റെ പണിയുടെ മേൽനോട്ടത്തിലാണ്. ഒന്നരക്കോടിയുടെ പ്രൊജക്ടിൽ ഫണ്ട് ശേഖരിക്കാനുള്ള പ്രവർത്തനങ്ങളും തകൃതി. പദ്മരാജന്റെ പതിനാറു ചലച്ചിത്രങ്ങൾ കുറിച്ചുള്ള അനുഭവങ്ങൾ പുസ്തകമാക്കിയിരുന്നു, അദ്ദേഹത്തിന്റെ ബാക്കി സിനിമകളുടെ അനുഭവങ്ങളും പുസ്തകമാക്കാനുള്ള ആഗ്രഹവും മനസ്സിലുണ്ടെന്നു രാധാലക്ഷ്മി പറയുന്നു.

Your Rating:

Overall Rating 0, Based on 0 votes