Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷരങ്ങളുടെ പാരിതോഷികം

Padmarajan പത്മരാജൻ

പത്മരാജന്റെ കള്ളൻ പവിത്രൻ എന്ന സിനിമയുടെ അവസാന സീൻ. പൊലീസ് ജീപ്പിലേക്ക് വലിയൊരു പുരുഷാരത്തിന്റെ സാന്നിധ്യത്തിൽ നടന്നുപോകുന്ന കള്ളൻ പവിത്രൻ. പിറകിൽ ആഹ്ളാദത്തിമിർപ്പോടെ നാട്ടിൻപുറം മുഴുവൻ. ജീപ്പകലാൻ തുടങ്ങുമ്പോൾ ടൈറ്റിൽ കാർഡിൽ തെളിയുന്ന അക്ഷരങ്ങൾ:

ഗുണപാഠം

സുചരിതയും പതിഭക്തയും ആയ

ഭാര്യ വീട്ടിലുണ്ടായിരിക്കെ,

കണ്ണീക്കണ്ട... അവളുമാരുടെ–

പിറകെ പോവുന്ന എല്ലാ അവനും

അപകടം ഫലം !

നേർത്ത ചിരിയോടെ തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരിൽ ചിലരെങ്കിലും ഗുണപാഠം ഒന്നുകൂടി വായിക്കാൻ ആഗ്രഹിക്കും. അവർക്കാശ്രയം കള്ളൻ പവിത്രന്റെ തിരക്കഥ. സിനിമ അവസാനിച്ചാലും തീരാത്ത കഥയാകുന്നു തിരക്കഥ; പത്മരാജന്റെ കാര്യത്തിലെങ്കിലും. മലയാളത്തിൽ തിരക്കഥ എന്നത് ഇന്നൊരു സാഹിത്യരൂപമാണ്. കഥയും കവിതയും നോവലും ലേഖനങ്ങളും മാത്രമുണ്ടായിരുന്ന സാഹിത്യമേഖലയിലേക്ക് അനുഭവകഥനങ്ങളോടൊപ്പം കടന്നുവന്ന സാഹിത്യരൂപം. അതിനു മലയാളം പ്രധാനമായും കടപ്പെട്ടിരിക്കുന്നതു രണ്ടുപേരോട്. എം.ടി. വാസുദേവൻ നായരോടും പി. പത്മരാജനോടും. കഥയിൽത്തുടങ്ങി നോവലുകളിലൂടെ തിരക്കഥയിലേക്കും പിന്നീടു സംവിധാനത്തിലേക്കും കടന്നുകയറി പത്മരാജന്റെ പ്രതിഭ. തന്റെ തന്നെ കഥകളും നോവലുകളും അദ്ദേഹം പിന്നീടു സിനിമയാക്കി വിജയങ്ങൾ ആവർത്തിച്ചു. സിനിമയ്ക്കുവേണ്ടി മാത്രമായി കഥകൾ എഴുതിയപ്പോഴും അവയിൽ ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള കയ്യൊപ്പ് ചാർത്താൻ അദ്ദേഹം മറന്നില്ല. പത്മരരാജന്റെ തിരക്കഥകൾ അദ്ദേഹത്തിന്റെ കഥകൾപോലെതന്നെ വായിക്കപ്പെടുന്നു. ആവർത്തിച്ചുവായിച്ചാലും മുഷിപ്പനുഭവപ്പെടാത്ത സാഹിത്യഗുണം, അക്ഷരങ്ങളുടെ ശക്തി തന്റെ തിരക്കഥകളിലും കാത്തുവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

തിരക്കഥയ്ക്കു സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ലെന്നു വിശ്വസിച്ചയാളായിരുന്നു പത്മരാജൻ. തന്റെ ആദ്യകാല തിരക്കഥാ പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം ഇക്കാര്യം വിശദമാക്കുന്നുണ്ട്. സാഹിത്യംപോലതന്നെ കടലാസ്സിൽ വാക്കുകളിലൂടെ എഴുതപ്പെടുന്നു എന്നതിനപ്പുറത്ത് തിരക്കഥയ്ക്കു സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ല. ഇതര സാഹിത്യരൂപങ്ങളേക്കാളേറെ തിരക്കഥ അടുത്തുനിൽക്കുന്നത് ചിത്രകല, ഫൊട്ടോഗ്രഫി, എഡിറ്റിങ്, സംഗീതം, വർണങ്ങൾ, നിശ്ശബ്ദത തുടങ്ങിയവയോടാണെന്ന് അദ്ദേഹം പറയുന്നു.

എഴുതപ്പെടുന്ന വാക്കുകൾ സാഹിത്യത്തിൽ അന്തിമമാണ്. പിന്നീടുള്ള അതിന്റെ വളർച്ചയും വികാസവുമെല്ലാം വായനക്കാരന്റെ മനസ്സിലാണ്. തിരക്കഥയിൽ അങ്ങനെയല്ല. ഫിലിമിലേക്കു പകർത്തിയതിനുശേഷം പോലും അതിൽ വെട്ടിത്തിരുത്തലുകൾ ഉണ്ടാകുന്നതു സ്വാഭാവികം. എഴുതുന്ന വരികൾ ലൊക്കേഷനിൽ ആവശ്യമില്ലാതെ വരുന്നു. എഡിറ്റിങ് ടേബിളിൽ അവയിൽ പലതും അർത്ഥശുന്യമായി മാറുന്നു. ഇതാണു യാഥാർഥ്യമെങ്കിലും നല്ല ഒരു തിരക്കഥ ശ്രദ്ധാപൂർവ്വം വായിച്ചുപോകുന്ന ഒരാളിന് പിന്നീടതിൽനിന്നു വിരി‍ഞ്ഞുവരാൻപോകുന്ന സിനിമയുടെ പൂർണരൂപം അനുഭവേദ്യമാകാതെയിരിക്കില്ല എന്ന പ്രതീക്ഷയോടെയാണ് പത്മരാജൻ തന്റെ തിരക്കഥകൾ വായനക്കാർക്കു സമർപ്പിക്കുന്നത്.

ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയുടെ അവസാനം ഒരു നീളൻ ചങ്ങല പോലെ സ്ക്രീനിൽ അക്ഷരങ്ങൾ തെളിയുന്നുണ്ട്.

ഒരിടത്തൊരിടത്തൊരിടത്തൊരിടത്തൊരിടത്തൊരി...

വായിച്ചാലും വായിച്ചാലും തീരാത്ത ഒരു കഥയുടെ ഒടുക്കം ഇങ്ങനെയല്ലാതെ എങ്ങനെ ആവിഷ്കരിക്കും. തിരശ്ശീലയിലെ ദൃശ്യങ്ങളിൽനിന്ന് വായിക്കപ്പെടുന്ന അക്ഷരങ്ങളിലൂടെ ഒരു കഥ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കു ചേക്കേറുന്നു.

പത്മരാജന്റെ മികച്ച തിരക്കഥകളിലൊന്നായ നവംബറിന്റെ നഷ്ടത്തിന്റെ അവസാന സീനിലും കഥ പറയുന്നത് അക്ഷരങ്ങൾ. നായിക മീരയുടെ മുഖത്തിനു മുകളിലൂടെ കയറിവരുന്ന ഒരു കടലാസുകഷണം. ഏതോ മെന്റൽ ഹോസ്പിറ്റലിന്റെ ലെഡ്ജറിന്റെ ഒരു ഷീറ്റ്. മുകളിൽ അവളുടെ ചിരിക്കുന്ന ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫ്. അതിനുതാഴെ ആരുടെയോ കയ്യക്ഷരത്തിൽ നവംബർ രണ്ട് –

മീരാ പിള്ള ( 23 വയസ്സ് )

മാനസിക രോഗാശുപത്രിയിലെ 11–ാം നമ്പർ സെല്ലിൽ കഴിഞ്ഞദിവസം രാത്രി

തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട പെൺകുട്ടി. മീരയുടെ മുഖം മായുമ്പോൾ,

അക്ഷരങ്ങൾ തെളിയുന്നു. കാർഡ് വളരെപ്പതിയെ താഴെനിന്നു മുകളിലേക്ക്

ഒഴുകിമറയുമ്പോൾ ടൈറ്റിൽ കാർഡ്– നവംബറിന്റെ നഷ്ടം.