എഴുത്തുകാരനാകുന്നതു സ്വപ്നംപോലും കാണാത്ത കുട്ടിക്കാലം. പെരുമാൾ മുരുകൻ എന്ന തമിഴ് എഴുത്തുകാരന് അന്ന് എട്ടോ ഒൻപതോ വയസ്സ്. വീട്ടിൽ കളിക്കൂട്ടുകാരനായി പൂച്ചയുണ്ട്. പ്രിയപ്പെട്ട പൂച്ചയെക്കുറിച്ച് ഏതാനും വരികൾ എഴുതി. ആദ്യ സൃഷ്ടി കവിതയെന്നു പറയാം. ആകാശവാണിയുടെ തിരുച്ചിറപ്പള്ളി നിലയത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിപാടിയിൽ ഈ കവിത പ്രക്ഷേപണം ചെയ്തു. പിന്നീടു കഥയിലേക്കും നോവലിലേക്കും മാറി. അപ്പോഴും കവിത പൂർണമായി ഉപേക്ഷിച്ചില്ല. വല്ലപ്പോഴും എവിടെയെങ്കിലും എഴുതും, ഏതാനും വരികൾ. പ്രധാന തട്ടകം നോവൽതന്നെ.
ആഗ്രഹിക്കാതെ എഴുത്തുകാരനായെങ്കിലും പിന്നീടു മനസ്സില്ലാമനസ്സോടെ എഴുത്തു നിർത്തേണ്ടിവന്നു. പെരുമാൾ മുരുകൻ എന്ന എഴുത്തുകാരന്റെ മരണം പോലും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ വിവാദ അധ്യായം. 2014 ഡിസംബർ മുതൽ 2016 ജൂൺ വരെ നീണ്ടുനിന്ന നിശ്ശബ്ദത. 19 മാസത്തെ നിശ്ചലത. അക്ഷരങ്ങളും എഴുത്തും മറന്ന ദിവസങ്ങൾ. ഒടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ മുരുകൻ ഉയിർത്തെണീറ്റു. അക്ഷരങ്ങളുടെ ചിതയിൽനിന്ന് അക്ഷരങ്ങളിലൂടെത്തന്നെ പുനർജൻമം. പ്രതീക്ഷയുടെ തിരി തെളിയിച്ചു കൂടെനിന്നതു കവിത; പുനർജൻമത്തിന്റെ വാഗ്ദാനമായതും.
കുട്ടിക്കാലത്ത് ആദ്യമായി എഴുത്തിലേക്കു നയിച്ച ഈണവും താളവുമുള്ള അക്ഷരങ്ങൾ ഒരിക്കൽക്കൂടി തുണയാകുന്നു. കഥയായോ നോവലായോ ആവിഷ്കാരം തേടാതെ പ്രചോദനത്തിന്റെ വാക്കുകളായി പിറന്നുവീണു കാവ്യപുസ്തകം–‘ഒരു കോഴൈയിൻ പാടൽകൾ’ (ഭീരുവിന്റെ പാട്ടുകൾ). മൗനം മുറിച്ചു കടന്നുവന്ന ഇരുന്നൂറോളം കവിതകളുടെ സമാഹാരം. 2016 എന്ന കടന്നുപോകുന്ന വർഷം അക്ഷരലോകത്തിനു സമർപ്പിക്കുന്ന ശുഭപ്രതീക്ഷ കൂടിയാണ് ഏതാനും മാസം മുമ്പ് കവി അശോക് വാജ്പേയി പ്രകാശനം നിർവഹിച്ച കാവ്യപുസ്തകം.
‘നടൈപിണം’ എന്നൊരു വാക്കുണ്ട് തമിഴിൽ. ചലിക്കുന്ന മൃതശരീരം എന്നർഥം. എഴുതാതിരുന്ന, വായിക്കാതിരുന്ന നാളുകളിൽ താനും ഒരു മൃതശരീരമായിരുന്നു; ചലിക്കുന്നുണ്ടെന്നു മാത്രം. കടന്നുപോയ കരാളദിനങ്ങളെക്കുറിച്ചോർത്ത് മുരുകൻ പറയുന്നു. ജീവനുണ്ടെങ്കിലും ശ്വാസമുണ്ടെങ്കിലും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാവാത്തതിനാൽ ശവശീരം പോലെയായ ദിവസങ്ങൾ. എഴുതാനാവുന്നില്ലെന്നതിനപ്പുറം ഒരു വാക്കുപോലും വായിക്കാനാവാത്ത അവസ്ഥ. വർത്തമാനപത്രം കയ്യിലെടുക്കുമ്പോൾപോലും വെറുതെ താളുകൾ മറിച്ചു. നിരക്ഷരനെപ്പോലെ പത്രം വായിക്കാതെ നീക്കിവച്ചു. എഴുത്തും വായനയും മാത്രമല്ല വേറെയും ജോലികൾ ലോകത്തുണ്ടെന്നും സന്തോഷമായി ജീവിക്കാനാവുമെന്നും ആശ്വസിച്ചു. പക്ഷേ, സമാധാനം നഷ്ടപ്പെടുകയായിരുന്നു. അസ്വസ്ഥത വർധിച്ചുകൊണ്ടിരുന്നു.
2015 ഫെബ്രുവരി അവസാനം മധുരയിലേക്കു പോകേണ്ടിവന്നു. മകളെ കാണാൻ. ഏതാനും ദിവസങ്ങൾ ചെലവഴിച്ചത് ഒരു സുഹൃത്തിന്റെ വസതിയിൽ. വീടിന്റെ മുകൾനിലയിൽ രണ്ടു മുറികളുണ്ട്. ഒരു മുറി നിറയെ പുസ്തകങ്ങൾ. മറ്റൊരു മുറിയിൽ കിടക്കയും. ആദ്യത്തെ ദിവസം ഒന്നും ചെയ്യാതെ, ഒരു പുസ്തകം പോലും മറിച്ചുനോക്കാതെ അലസനായി കിടന്നു. പുസ്തകങ്ങൾ തൊട്ടടുത്തുണ്ടെങ്കിലും അക്ഷരങ്ങളെക്കുറിച്ച് അജ്ഞത നടിച്ചു.
ആരെയും കാണാൻ താൽപര്യമില്ല; സംസാരിക്കാനും. മുറിയിലെ ഇരുട്ടിനോട് ഇഷ്ടംകൂടി ഒളിച്ചിരുന്ന ദിവസങ്ങൾ. ഒരു മാളത്തിൽ അഭയം കണ്ടെത്തുന്ന എലിയെപ്പോലെയായിരുന്നു തന്റെ അന്നത്തെ ജീവിതമെന്ന് ഓർത്തെടുക്കുന്നു മുരുകൻ. കൂടുതൽ ഇരുട്ടിലേക്കും ഏകാന്തതയിലേക്കും പോകാനാഗ്രഹിച്ച ദിവസങ്ങൾ. ഒടുവിൽ മനസ്സിൽ നിറഞ്ഞുനിന്ന ഇരുട്ടിലേക്കു പ്രകാശത്തിന്റെ രശ്മിപോലെ കടന്നുവന്നു ഏതാനും വരികൾ. എഴുതിത്തുടങ്ങിയപ്പോൾ മരവിച്ച വിരലുകൾ ജീവൻവയ്ക്കുന്നു. ചേർത്തടച്ച മനസ്സിന്റെ ജാലകങ്ങൾ തുറക്കുന്നു. തടഞ്ഞുനിർത്തിയ പ്രവാഹത്തിന്റെ കുത്തൊഴുക്കായി വരികൾ.
വിസ്മൃതിയുടെ അകാലമരണത്തിൽനിന്നു ജീവന്റെ തീരത്തേക്ക് ഒഴുകിയെത്തുന്നു പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ. തുഴയാൻ ആയുധമായി കയ്യിൽ കവിത. ഏറ്റവും വിലപ്പെട്ട ആശ്രയവും അഭയവും. കോടതിവിധിയിലൂടെ വീണ്ടും എഴുതാനും എഴുത്തുകാരനായി ജീവിക്കാനും അവസരം ലഭിച്ചപ്പോൾ നിശ്ശബ്ദതയെ ഭേദിച്ച് ഉദിച്ച കവിതകൾ തന്നെ ആദ്യം പ്രകാശിപ്പിച്ചു. ഭീരുവായി ജീവിച്ച കാലത്ത് എഴുതിയ വരികൾക്കു ഭീരുവിന്റെ പാട്ടുകൾ എന്നുതന്നെ പേരും കൊടുത്തു. ഭീരു ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്നു കവിതയിലെഴുതി മുരുകൻ. ഭീരുവിന്റെ സാന്നിധ്യം മൂലം ലഹളകൾ പൊട്ടിപ്പുറപ്പെടുന്നില്ല. ഭീരുവിനാൽ ഒന്നും നശിപ്പിക്കപ്പെടുന്നുമില്ല. എന്നിട്ടും എന്തിനു പേടിക്കുന്നു ലോകം ഭീരുവിനെ?
സ്വയം ഭീരുവെന്നു സമ്മതിക്കുമ്പോഴും ആയിരങ്ങൾക്കു പ്രചോദനത്തിന്റെ ശക്തിസ്രോതസ്സാണ് ഈ തമിഴ് എഴുത്തുകാരൻ. മരണം വിധിച്ചാലും മരിക്കാത്ത എഴുത്തിന്റെ പ്രതീകവും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉജ്വലമായ അടയാളമായും വാഴ്ത്തപ്പെടുന്നു മുരുകന്റെ കവിതകൾ. ഭീഷണിയുടെ തീനാളങ്ങളെ അതിജീവിച്ച കവിത. കഥയും കവിതയും നോവലും ആത്മകഥയുമൊക്കെയായി മികച്ച കൃതികൾ 2016 ൽ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും എഴുത്തുകാരന്റെ പുനർജൻമസാധ്യത സജീവമാക്കിയ ‘കോഴൈയിൻ പാടൽകൾ’ വ്യത്യസ്തവും അപൂർവവുമായ സൃഷ്ടിയായി ചരിത്രത്തിൽ ഇടംപിടിക്കുന്നു. വർത്തമാനത്തിനൊപ്പം ഭാവിയുടെ കൂടി പുസ്തകമാവുന്നു.