താന്‍ ദൈവമല്ലെന്നും അതുകൊണ്ട് ഇനിയൊരു ഉയിര്‍പ്പില്ലെന്നും എഴുതി, എഴുത്ത് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച പെരുമാള്‍ മുരുകന്‍ എന്ന തമിഴ് നോവലിസ്റ്റ് ഇതാ പുതിയ പുസ്തകവുമായി എത്തുന്നു. ഇരുനൂറ് കവിതകളുടെ സമാഹാരമാണിത്. ഭീരുക്കളുടെ പാട്ട് എന്നാണ് ശീര്‍ഷകം.
മാതൊരുഭാഗന്‍ എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകളും ജാതി സംഘടനകളും ഭീഷണിയും എതിര്‍പ്പും മുഴക്കിയ സാഹചര്യത്തിലായിരുന്നു പെരുമാള്‍ മുരുകന്‍ എഴുത്ത് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേക്കുകയുമില്ല. പുനര്‍ജ്ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക. തമിഴ് വായനക്കാരെ ഏറെ വേദനിപ്പിച്ച ഒരു പോസ്റ്റായിരുന്നു ഇത്.
ഇതോടെ പുരോഗമന ചിന്താഗതിക്കാരുടെ സംഘടന രംഗത്തെത്തുകയും അവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. മാതൊരുഭാഗന്‍ എന്ന നോവലിന് അനൂകുലമായിട്ടായിരുന്നു കോടതി വിധി. അദ്ദേഹത്തിന്റെ എഴുത്തിനെ പ്രശംസിച്ച കോടതി തുടര്‍ന്ന് അദ്ദേഹം എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്തായാലും 2014 ലെ പ്രസിദ്ധമായ ആ പോസ്റ്റിനു ശേഷമുള്ള ഇടവേളയില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തിയ കവിതകളുമായി പെരുമാള്‍ മുരുകന്‍ എത്തുകയാണ്. വായനക്കാര്‍ ആകാംക്ഷയോടെ അതിന് കാത്തിരിക്കുകയുമാണ്.
നാമക്കല്‍ ജില്ലയിലെ തിരിച്ചെങ്കോട് സ്വദേശിയാണ് മുരുകന്‍. നാമക്കല്ലിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജിലെ തമിഴ് പ്രഫസറും. ഇളമരുത് എന്ന പേരിലാണ് ഇദ്ദേഹം കവിതകളെഴുതുന്നത്. ഇംഗ്ലീഷ് , പോളീഷ് ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.