നരാധമന്മാർ ഓർക്കുക, രാവണന്റെ ഒടുക്കം

അതിമോഹം കൊണ്ട് ഓരോ കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ പലരും ഓർക്കാറില്ല, ഇതു തനിക്കു തന്നെ വിനയാകുമെന്ന്. രാവണനും സംഭവിച്ചത് അതുതന്നെ. രാമന്റെ വനവാസക്കാലം. രാമനോടൊപ്പം കാട്ടിൽ കഴിയുന്ന സീതാദേവിയെ തട്ടിയെടുക്കണമെന്നു രാവണനു മോഹം. അതിനു രാവണൻ സഹായത്തിനു വിളിക്കുന്നതു മാരീചനെയാണ്. എന്നിട്ടു പറയുന്നു:

‘‘ഹേമവർണം പൂണ്ടൊരു മാനായ്ച്ചെന്നടവിയിൽ

കാമിനിയായ സീത തന്നെ മോഹിപ്പിക്കേണം...’’

എന്ന്. മാരീചൻ ഉടൻ പറഞ്ഞു, ഇത് ആപത്താണെന്ന്. രാമനെക്കുറിച്ചു മാരീചനു ശരിക്കുമറിയാം. സീതയെ തട്ടിക്കൊണ്ടുപോകുക എന്ന പരിപാടിയിൽ നിന്നു പിന്മാറാൻ മാരീചൻ പലതവണ രാവണനോട് അഭ്യർഥിക്കുന്നുണ്ട്.

എന്നാൽ അതൊന്നും ചെവിക്കൊണ്ടില്ല. പറഞ്ഞതു ചെയ്താൽ മതി എന്നൊരു ആജ്ഞയും.

‘‘ഒന്നു കൊണ്ടും ഞാനടങ്ങീടുകയില്ല നൂനം

ചെന്നു മൈഥിലി തന്നെ കൊണ്ടുപോരിക വേണം’’

എന്നായിരുന്നു ആജ്ഞ. മാരീചന്റെ സഹായത്തോടെ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ആ അതിമോഹവും സാഹസവും ഏറ്റവുമൊടുവിൽ ചെന്നവസാനിച്ചതു രാവണന്റെ മരണത്തിൽ തന്നെ. ചെയ്ത കുറ്റത്തിനു തക്ക ശിക്ഷ രാവണനു കിട്ടി. അതു ത്രേതായുഗത്തിലെ കഥ.

ഇന്നും രാവണന്മാർക്കൊരു കുറവുമില്ല. സ്ത്രീകളെയും പെൺകുട്ടികളെയുമൊക്കെ തട്ടിക്കൊണ്ടുപോകാനിറങ്ങുന്ന നരാധമൻമാർ പെരുകുന്നു. സ്ത്രീകൾക്കു വഴി നടക്കാൻ പോലും പറ്റാത്ത സംഭവങ്ങൾ ഈ സാക്ഷരകേരളത്തിലും അരങ്ങേറുന്നു.

ഇവിടെ രാവണന്റെ കഥയ്ക്കു പ്രസക്തിയേറെ. സ്ത്രീകൾക്കെതിരെ അക്രമത്തിനു മുതിരുന്നതു സ്വന്തം അന്ത്യത്തിലേക്കുള്ള വഴിയിടുകയാണെന്നു രാവണനിലൂടെ നമ്മെ ഓർമിപ്പിക്കുകയാണ് ആദികാവ്യം.