രാമായണത്തിൽ എന്നെ ഏറെ ആകർഷിച്ച ഭാഗമാണു ഗുഹസംഗമം. അയോധ്യാ രാജ്യത്തിന്റെ അതിർത്തി ഗ്രാമമായ ശ്രുംഗിവേരപുരം എന്ന വനസ്ഥലിയിലെ ഭരണാധികാരിയായ ഗുഹൻ ശ്രീരാമചന്ദ്രനോടു തന്റെ ഗ്രാമരാജ്യത്തിൽ കഴിയണമെന്നു ഭക്ത്യാദരപൂർവം അപേക്ഷിക്കുന്നു.
ഗുഹൻ തന്റെ നൈഷാദജന്മവും നൈഷാദരാജ്യവും രാമപാദത്തിൽ സമർപ്പിക്കുന്നു. എന്നാൽ വനവാസകാലത്തു താൻ ഗ്രാമാലയത്തിൽ വസിക്കില്ല എന്നും പിതാവിന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്ടു പതിനാലു സംവത്സരം വനവാസം അനുഷ്ഠിക്കേണ്ടതുണ്ടെന്നും അവതാര സ്വരൂപനായ ശ്രീരാമൻ ഉറപ്പിച്ചു പറയുന്നു.
ഒടുവിൽ രാമതീരുമാനത്തിനു മുന്നിൽ വഴങ്ങിയ ഗുഹനെ ഭഗവാൻ മാറോടു ചേർത്തു പുണരുന്നു. ഗുഹൻ തന്റെ തോണിയിൽ ശ്രീരാമചന്ദ്രനെയും സൗമിത്രിയെയും സീതാദേവിയെയും ഗംഗാനദി കടത്തി ഭരദ്വാജാശ്രമത്തിലേക്കു യാത്രയാക്കുന്നു.
പതിനാലു സംവത്സരങ്ങളിലെ കാനന വാസത്തിനുശേഷം താൻ തിരിച്ചുവരുമ്പോൾ നമ്മൾ വീണ്ടും കണ്ടുമുട്ടും എന്നു ശ്രീരാമൻ ഗുഹന് ഉറപ്പു നൽകുന്നുമുണ്ട്.. ഹൃദയസ്പൃക്കായ ഈ മൈത്രീബന്ധം രാമായണ കാലഘട്ടത്തിൽ ഭാരതത്തിൽ ചാതുർവർണ്യം ഇല്ല എന്നു തെളിയിക്കുന്നതാണ്.
അയോധ്യാധിപനും ഉന്നതകുലജാതനുമായ ശ്രീരാമൻ, നൈഷധനും കടത്തുകാരനുമായ ഗുഹന്റെ ആതിഥ്യം സ്വീകരിച്ച്, ഗുഹനെ കെട്ടിപ്പുണർന്ന് അനുഗ്രഹിക്കുമ്പോൾ അയിത്തമില്ലാത്ത ചാതുർവർണ്യമില്ലാത്ത ഒരു രാമരാജ്യമായിരുന്നു പുരാതന ഭാരതം എന്നു നമുക്കു ആത്മാഭിമാനത്തോടെ ഓർക്കാം.