ഇന്നു കർക്കടകവാവ്. മൺമറഞ്ഞുപോയവരുടെ ആത്മാക്കൾക്കു വേണ്ടി ബലിതർപ്പണം നടത്തുന്നതിനു വിശേഷപ്പെട്ട ദിവസം. മരിച്ചുപോയവരുടെ ആത്മാക്കൾക്കു വേണ്ടി ബലിതർപ്പണം ചെയ്യേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് എന്നു തന്നെയാണു രാമായണം നൽകുന്ന ഉത്തരം.
രാമായണത്തിൽ ബലിതർപ്പണം നടത്തുന്ന സന്ദർഭങ്ങൾ പലതവണയുണ്ട്. പിതാവായ ദശരഥമഹാരാജാവ് മരിച്ച വിവരം രാമൻ അറിയുന്നതു വനവാസത്തിനിടെയാണ്. വിവരമറിഞ്ഞ ഉടൻ ഗംഗാനദിയുടെ തീരത്ത് അച്ഛനു വേണ്ടി രാമൻ ബലികർമങ്ങൾ ചെയ്യുന്നു.
സഹോദരനായ ജടായു മരിച്ചു എന്നറിഞ്ഞപ്പോൾ സമ്പാതി എന്ന പക്ഷിശ്രേഷ്ഠൻ സഹോദരന്റെ ആത്മാവിനു വേണ്ടി തർപ്പണം ചെയ്യുന്നതായി കിഷ്കിന്ധാകാണ്ഡത്തിൽ വിവരിക്കുന്നുണ്ട്. സാക്ഷാൽ രാവണന്റെ വധത്തിനു ശേഷം അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി അനുജനായ വിഭീഷണൻ ലങ്കയിൽ ബലികർമങ്ങൾ നടത്തുന്നതായി യുദ്ധകാണ്ഡത്തിലും പറയുന്നു.
വനവാസത്തിനിടെ, പിതാവിന്റെ ഓർമയ്ക്കു മുൻപിൽ രാമൻ ബലിതർപ്പണം ചെയ്യുന്ന സന്ദർഭം തുഞ്ചത്താചാര്യൻ വിവരിക്കുന്നത് ഇങ്ങനെ:
‘‘മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ
പിണ്ഡം മധുസഹിതേംഗുദീസൽഫല പിണ്യാകനിർമിതാന്നം കൊണ്ടുവച്ചിതു
യാതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരം നൽക പിതൃക്കൾക്കുമെന്നല്ലോ’’ എന്ന്.
ഓടപ്പിണ്ണാക്കിൽ തേൻ ചേർത്തുണ്ടാക്കിയ അന്നം കൊണ്ടാണു രാമൻ ദശരഥനു വേണ്ടി ബലിയിടുന്നത്. നാം എന്താണോ കഴിക്കുന്നത്, അതു തന്നെ പിതൃക്കൾക്കും നൽകുക എന്നതാണു സങ്കൽപം.
മരിച്ചുപോയവർക്കു വേണ്ടി ബലിതർപ്പണം തുടങ്ങിയ ആചാരങ്ങൾ ചെയ്യേണ്ടതു ഉറ്റവരുടെ കടമ തന്നെയാണെന്നു രാമകഥ സൂചിപ്പിക്കുന്നു. നാം ഈ ലോകത്ത് അനുഭവിക്കുന്ന ഭക്ഷണം ഉൾപ്പെടെയുള്ള സുഖഭോഗങ്ങൾക്ക്, മരിച്ചുപോയ നമ്മുടെ പൂർവികരോടു കടപ്പെട്ടിരിക്കുന്നു എന്ന തത്വമാണിതിനു പിന്നിൽ. നമ്മുടെ സൗഭാഗ്യങ്ങൾക്കു പൂർവികരോടു മനസാ നന്ദി പറയുക എന്ന തത്വം തന്നെയാണു രാമായണം നമ്മെ ഓർമിപ്പിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.