പുതിയ വർഷം കടന്നു വരുമ്പോൾ സാഹിത്യലോകത്ത് കഴിഞ്ഞ വർഷം സംഭവിച്ച ഏറ്റവും വലിയ മാറ്റത്തെക്കുറിച്ച് പറയുന്നത് നന്നായിരിക്കും. 2016 നെ ഏറ്റവുമധികം ഉത്സാഹഭരിതമാക്കി നിലനിർത്തിയത് കഥാ-നോവൽ സാഹിത്യമായിരുന്നുവെന്നു പറയാം. നോവലുകൾ പുസ്തക രൂപത്തിലും കഥകൾ ആഴ്ചപ്പതിപ്പുകളിലും ചർച്ചയ്ക്കുള്ള സാധ്യതകൾ തേടി. ഈ സന്ദർഭത്തിൽ കഥാലോകത്തേയ്ക്ക് വഴികൾ തുറന്നിട്ട ചിലരെയൊക്കെ ഓർക്കുന്ന കൂട്ടത്തിൽ സർഗ്ഗാത്മകതയുടെ താളങ്ങളില്ലാത്ത അലസമായ വൈകുന്നേരങ്ങളിൽ എഴുത്തിന്റെ മുട്ടൻ ഭ്രാന്തുകൾക്കിടയിൽ സ്വയമലയുകയും പറ്റുന്നിടത്തോളം എഴുത്തിൽ തുടരുകയും ഒടുവിൽ പെട്ടെന്നൊരുനാൾ ശരീരത്തിന്റെ അസുഖങ്ങൾക്ക് വഴങ്ങി ലോകം തന്നെ വിട്ടൊഴിഞ്ഞ ഗീതാ ഹിരണ്യനെയും ഓർക്കണം.
അധ്യാപകർ എഴുത്തുകാരായി തന്നെയാണ് ജനിക്കുന്നത്. ഒരു കുന്നോളം കുഞ്ഞുങ്ങൾക്കായി വായിക്കുമ്പോൾ അതിലിത്തിരി ആത്മാവിനെയും തൊട്ട് സ്വയം സാഹിത്യ രൂപത്തിൽ എഴുതാനാകുന്നവരാണ് മിക്ക അധ്യാപകരും, പ്രത്യേകിച്ച് സാഹിത്യം കൈകാര്യം ചെയ്യുന്ന അധ്യാപകർ. ഗീതാ ഹിരണ്യനും അത്തരം ഒരു അധ്യാപികയായിരുന്നു. കേരളത്തിൽ നിരവധി കലാലയങ്ങളിൽ അവർ ജോലി നോക്കിയിട്ടുമുണ്ട്, പക്ഷെ അധ്യാപനവും എഴുത്തും പാതിവഴിയിൽ നിർത്തി എഴുത്തുകാരി അർബുദ രോഗം ബാധിച്ച് യാത്രയായപ്പോൾ അവർക്ക് 45 വയസ്സ് മാത്രമായിരുന്നു പ്രായം.
മരിക്കാൻ തയ്യാറാകേണ്ടിയിരുന്ന പ്രായമേ ആയിരുന്നില്ല ഏതെങ്കിലും ആത്മസംഘർഷങ്ങളുടെ എഴുത്തുപുരകളിൽ അവർ തനിച്ചിരുന്നപ്പോൾ എപ്പോഴോ ആകാം അർബുദമെന്ന മഹാവ്യാധി എഴുത്തുകാരിയെ കടന്നു പിടിച്ചിട്ടുണ്ടാവുക. ജീവിത സാഹചര്യം കൊണ്ട് ഒരുപക്ഷെ സന്തോഷത്തിലാണെങ്കിൽ പോലും കഥാപാത്രങ്ങളുടെ, എഴുത്തിന്റെ ഒക്കെ ആത്മരോഷത്തിൽ സ്വയം എഴുത്തുകാരി അവരായി മാറപ്പെടുമ്പോൾ ഒരുപക്ഷെ കഥാപാത്രം അനുഭവിക്കുന്ന സംഘർഷത്തിന്റെ എല്ലാ ശതമാനവും എഴുത്തുകാരിയും അനുഭവിക്കേണ്ടി വരുന്നു. അർബുദത്തിന് കൃത്യമായ കാരണങ്ങളില്ലെങ്കിലും മാനസിക സംഘർഷങ്ങൾ ഫിയർ ഫാക്റ്ററുകളാണെന്നു വൈദ്യശാസ്ത്രം പറയുന്നുണ്ട്. വെറുമൊരു കാരണം എന്ന് നിരത്താം എന്ന് മാത്രം.
ഗീതാ ഹിരണ്യൻ എന്ന എഴുത്തുകാരിയ്ക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി കേരളം സാഹിത്യ അക്കാദമി വരുടെ പേരിൽ മരണാനന്തരം ഏർപ്പെടുത്തിയ എൻഡൊവ്മെന്റ് തന്നെയാണ്. ഒരു എഴുത്തുകാരിയ്ക്ക് മരണാനന്തരം സർക്കാരിൽ നിന്ന് ലഭിക്കാവുന്ന മനോഹരമായ സമ്മാനം.
"ഭൂമി
കറങ്ങിത്തിരിഞ്ഞുതിരിഞ്ഞു പിന്നെടെനിക്ക്
കറുത്ത വാവുകളെ കൊണ്ടു വന്നു
കുന്നുമണി കിണ്ണത്തില്‍
ഇപ്പോള്‍ പകുതിപങ്ക് ആഴെലിന്റെ ചവര്‍പ്പ്
കണ്ണീരിന്റെ ഉപ്പ്."....
കഥാകൃത്ത് മാത്രമായിരുന്നില്ല ഗീതാ ഹിരണ്യൻ ജീവിതത്തെ കവിതയോളം കൊണ്ടെത്തിച്ച കവിയുമായിരുന്നു. കാൻസർ ബാധിതയായി കീമോ തെറാപ്പിയുടെ ഫലമായി മുടി മുഴുവൻ നഷ്ടപ്പെട്ടു മരണത്തെ സ്നേഹിച്ചു തുടങ്ങിയ ഗീത ടീച്ചർ ജീവിതത്തിന്റെ നിത്യ സത്യത്തെ കവിതകളിൽ കണ്ടെത്തിയെന്ന് മനസ്സിലാക്കാക്കി തരുന്നു. ഒരുപാതിയിൽ ആനന്ദവും പ്രിയമുള്ളതും നൽകുന്ന അതെ ജീവിതം മറുപാതിയിൽ നൽകുന്ന ആയാലും കണ്ണുനീരും... അതും സ്വീകരിയ്ക്കാതെ തരമില്ല എന്ന് എഴുത്തുകാരി എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
"ഇന്നു
സ്വപ്നങളുടെ ലോകം
എന്നെ വിട്ടു പോയോ?
ഒരു സ്വപ്നവും
കൊരുത്തു വരുന്നില്ല ", ചിലപ്പോഴൊക്കെ ജീവിതത്തിന്റെ നൈരന്തര്യത്തെ കുറിച്ചോർത്ത് സ്വാഭാവികമായി വിങ്ങിപ്പൊട്ടിയ ഒരു സാധാരണ സ്ത്രീയായും ചിലപ്പോൾ മരണത്തെ നേരിടാൻ സ്വയം പ്രേരിപ്പിക്കുന്ന അസാധാരണ ശക്തിയായും അവർ മാറി. സ്വയം ചിരിക്കാൻ ശ്രമിക്കുന്നതിനൊപ്പം ഒപ്പമുള്ളവരെ ചിരിപ്പിക്കാനും പലപ്പോഴും അവർ മടി കാട്ടിയില്ല.
"ചിലരൊക്കെ പറയാറുണ്ടല്ലോ ഞാന്‍ ഗല്ഫിലാരുന്നു എന്നൊക്കെ .എനിക്ക് ഞാന്‍ രണ്ടു വർഷം ആസ്പത്രിയിലാരുന്നു എന്നാണു മേനി "" എന്ന തരത്തിൽ തന്റെ ആശുപത്രി വാസത്തെ പോലും അവർ നിസ്സാരവത്കരിക്കാറുണ്ടായിരുന്നു. അല്ലെങ്കിലും മരണം കണ്മുന്നിൽ കാണുമ്പോൾ പലപ്പോഴും ജീവിതത്തെ ഏറ്റവുമധികം നാമൊക്കെ നിസ്സാരവത്കരിയ്ക്കാൻ പലപ്പോഴും ശ്രമിക്കുന്നവരാണ്.
"ജനലരുകില്‍ ഉയര്‍ന്ന തലയിണകളില്‍
തല താങ്ങി ഞാന്‍
ചുവര്‍കണ്ണാടിയില്‍ എന്‍റെ നിഴല്‍
ചിറകു പോയപോല്‍
ഉടല്‍ ചുങ്ങി തല വിങ്ങി "... കവിതകൾ തുടരുന്നു...
ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം,അസംഘടിത എന്നീ ചെറുകഥകളിലൂടെയാണ് മലയാള ചെറുകഥാ സാഹിത്യത്തിൽ ഗീതാ ഹിരണ്യൻ എന്ന പേര് എഴുതി ചേർക്കപ്പെട്ടത്. സങ്കീർണമായ ഒരു കാലത്തിൽ നിന്ന് കൊണ്ട് സ്വന്തം സ്വത്വം പോലും ഒരു ബാധ്യതയായി തോന്നിയ എഴുത്തുകാിയായിരുന്നോ ഗീതാ ഹിരണ്യൻ? ഒരേ സമയം സ്വന്തം സ്വത്വത്തിലെ ഒന്നുമില്ലായ്മയെ പരിഹസിക്കുകയും അതെ കുറിച്ചോർത്ത് വേദനിക്കുകയും ചെയ്യുന്നുണ്ട് അവർ. പക്ഷെ എഴുത്തിന്റെ ഇടയിലെ നർമ്മബോധത്തിന്റെ വെളിച്ചം എല്ലാ കഥകളിലും കാണാനാകും. കാരണം നർമ്മം എഴുത്തുകാരിയ്ക്ക് ഉള്ളിൽ ഉറഞ്ഞു പോയ ഒരു അവസ്ഥ തന്നെയായിരുന്നു എന്ന് കരുതാം.
ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല. 'ഒരു ജന്മ സത്യം' എന്ന കഥ ഒരു വീട്ടുജോലിക്കാരിയുടെ ആത്മഗതങ്ങളെ കുറിച്ചാണ് പറയുന്നത്, 'അകത്തും പുറത്തും' എന്ന കഥയില്‍ മൃഗശാല കാണാന്‍ പോകുന്ന കോണ്‍വെന്റ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുഗമിക്കുന്ന ഡില്‍വിയ എന്ന സ്ത്രീയുടെ വിചാരങ്ങളുമാണ്, 'ഹൃദയ പരമാര്‍ത്ഥിയില്‍ ' ഒരു നവ വധുവിന്റേയും, 'വാനപ്രസ്ഥ'ത്തില്‍ ഏകാന്ത വാസത്തിന്നു വിധിക്കപ്പെട്ട ഒരു വല്യമ്മയാണ് ആത്മവിചാരം നടത്തുന്നത്.. അങ്ങനെ ഗീതയുടെ കഥകൾ എടുത്തു നോക്കിയാൽ സ്ത്രീ കഥാപാത്രങ്ങളുടെ ആത്മവിചാരങ്ങൾ പ്രാധാന്യത്തോടെ ചെയ്തിരിക്കുന്നത് കാണാനാകും.
ഉറക്കെ പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ, ഉള്ളിൽ ഒരു കടലിനെ ഒളിപ്പിച്ചാലും പ്രശ്നങ്ങളില്ലല്ലോ എന്ന ആന്തരിക ധ്വനിയായിരിക്കാം മനഃപൂർവ്വമല്ലെങ്കിൽ കൂടി എഴുത്തുകാരിയെ കൊണ്ട് നിരന്തരമായി ഇത്തരമൊരു രീതിയിലേക്ക് അടുപ്പിച്ചത്. പെണ്ണെഴുത്തിന്റെ വിപുല രാഷ്ട്രീയ ബോധത്തിന്റെ സുഖമുള്ള ലേഖനങ്ങളും ഗീത ഹിരണ്യൻ എഴുതിയിട്ടുണ്ട്. 2002 ജനുവരി 2 നു കാന്‍സര്‍ രോഗ ബാധിതയായി തൃശൂരില്‍ വച്ച് ആന്തരിക്കുമ്പോൾ ഗീതയുടെ അവസാന പുസ്തകം "ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം " എഴുതി പൂർത്തിയാക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ, പിന്നീട് മരണാനന്തരമാണ് അത് പ്രസിദ്ധപ്പെടുത്തിയത്.
ഇന്നും കഥാസാഹിത്യ ചരിത്രമെടുത്താൽ, കവിയും ലേഖികയും ഒക്കെ ആയിരിക്കുമ്പോഴും ഗീതയുടെ പേര് ഏറെ സുഗന്ധം പടർത്തി അവിടെ നിൽപ്പുണ്ടാകും. ഒരുപക്ഷെ നേരത്തെ പോകുകയും വിടർന്നു പോവുകയും ചെയ്ത ഒരു പനിനീർ പുഷ്പത്തെ പോലെ ഗന്ധം മാത്രം ബാക്കി നിർത്തി അടുത്ത പിറവിയും തിരഞ്ഞ് ഒരു കഥാകാരിയുടെ ആത്മാവ് അവരുടെ കഥകളിലൊക്കെയും ഒളിച്ചും ഇരിപ്പുണ്ടാകും.