Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജലക്ഷ്മി- ജീവിക്കാന്‍ മറന്നുപോയവള്‍

rajalekshmi ദീപ്തമായ കഥകള്‍ കൊണ്ട്, രചനകള്‍ കൊണ്ട് മലയാളത്തില്‍ സ്ഥാനം ഉറപ്പിച്ച് അകാലത്തിൽ വിടപറഞ്ഞ കഥാകാരി....

അമ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.

നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ മലയാളസാഹിത്യം ഒരു നിമിഷം അന്ധാളിച്ചുനിന്നു. കാരണം ദീപ്തമായ കഥകള്‍ കൊണ്ട്, രചനകള്‍ കൊണ്ട് മലയാളത്തില്‍ അതിനകം രാജലക്ഷ്മി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

1959 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് അവര്‍ക്കായിരുന്നു. മലയാളം അവരെ സ്‌നേഹിച്ചിരുന്നു. പക്ഷേ ഒരു സ്‌നേഹങ്ങളുടെയും മറുവിളിക്ക് നില്ക്കാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവല്‍ പിന്‍വലിക്കുകയും പിന്നീട് അത് കത്തിച്ചുകളയുകയും ചെയ്തുകൊണ്ട് രാജലക്ഷ്മി കടന്നുപോയി. മുന്നില്‍ വഴികളുണ്ടായിരുന്നിട്ടും ഒരു നിഴലായി ഒതുങ്ങിപ്പോകാന്‍ തീരുമാനിച്ചുകൊണ്ട്.
 ഒരു വഴിയും കുറെ നിഴലുകളും, ഞാനെന്ന ഭാവം എന്നിവയായിരുന്നു രാജലക്ഷ്മിയുടെ മറ്റ് നോവലുകള്‍.

ജീവിതാനുഭവങ്ങളായിരുന്നു രാജലക്ഷമിയുടെ രചനകളുടെ ഉപദാനം. സ്വന്തം ജീവിതവും കണ്ടുമുട്ടുന്നവരുടെ ജീവിതവും കലര്‍പ്പില്ലാത്ത രചനയുടെ സമ്പാദ്യവും സമ്പത്തുമായിരുന്നു അവര്‍ക്ക്. രാജലക്ഷ്മിയുടെ പല കഥകളിലൂടെയും കടന്നുപോകുമ്പോള്‍ അവിടെയെല്ലാം കഥാകാരിയുടെ ജീവിതവുമായികൂടിയുള്ള ചേർച്ച നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. സ്വയം ജീവിക്കാന്‍ മറന്നുപോകുന്നവരും മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരും. രാജലക്ഷ്മിയുടെ കഥാപ്രപഞ്ചത്തിന്റെ പൊതുസ്വഭാവം അതാണ്.
 


രാജലക്ഷ്മിയുടെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായി നിരൂപകര്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന മകള്‍ ഇതിലേക്കുള്ള സ്പഷ്ടമായ ഉദാഹരണമാണ്. ആദര്‍ശങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന അച്ഛനും നിസ്സഹായയും ദുര്‍ബലയുമായ അമ്മയും പറക്കമുറ്റാത്ത കൂടെപ്പിറപ്പുകളും. അതിനിടയില്‍ കുടുംബത്തിലെ ഏക ഏണിംങ് മെംബര്‍ ആയതിന്റെ പേരില്‍ സ്വന്തമായുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതെ  പോകുകയും ചെയ്യുന്നവള്‍. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോടുള്ള കടമവീട്ടലാണ് തന്റെ ജീവിതമെന്ന് ധരിച്ചുവശായവള്‍..

സമാനമായ രീതിയിലാണ് രാജലക്ഷ്മിയുടെ പരാജിത, ഒരധ്യാപിക ജനിക്കുന്നു തുടങ്ങിയ കഥകളും കടന്നുപോകുന്നത്. ഒരുപക്ഷേ ഇക്കാലത്തെ ഒരു വായനാസമൂഹത്തിന് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതായിരിക്കാം ഈ നായികമാരുടെ ഹൃദയ നൊമ്പരങ്ങളും മാനസികഭാവങ്ങളും. കാരണം ആത്മാവബോധത്തിന്റെയും സ്വപ്രത്യയസ്ഥൈര്യത്തിന്റെയും മുഖമുദ്രകള്‍ പേറുന്ന ഇന്നിന്റെ പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കാന്‍ വിമുഖത ഉള്ളവരാണ്. അവര്‍ക്ക് തങ്ങളുടെ ജീവിതം മറ്റെന്തിനെക്കാളുമേറെ പ്രിയപ്പെട്ടതുമാണ്.

പക്ഷേ 1950കളിലെ സാമൂഹികവ്യവസ്ഥയും കുടുംബപശ്ചാത്തലവും ജീവിതമനോഭാവവും ഇതില്‍ നിന്നും തുലോം വ്യത്യസ്തമായിരുന്നു. കുടുംബത്തിന് വേണ്ടി എരിഞ്ഞുതീരുന്ന  കഥാനായികമാര്‍ ചുറ്റുപാടുകളില്‍ വളരെ സുപരിചിതരായിരുന്നു. വെട്ടൂര്‍ രാമന്‍നായരുടെ ജീവിക്കാന്‍ മറന്നുപോയ സ്ത്രീയെപോലെയുള്ളവര്‍ അപൂര്‍വ്വമായ കാഴ്ചയുമായിരുന്നില്ല. അതുകൊണ്ടാണ് രാജലക്ഷ്മിയുടെ മകള്‍ എന്ന കഥയെക്കുറിച്ച് നിരൂപകയായ ഡോഎം ലീലാവതി ഇങ്ങനെ അത്ഭുതപ്പെട്ടത്.

"ആ കഥ ഞാന്‍ പല തവണ വായിച്ചു. ഓരോതവണയും അതിലെ ചില രംഗങ്ങള്‍ക്ക് എന്റെ അന്നത്തെ ജീവിതത്തോടുള്ള അസാധാരണമായ സാദൃശ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ആരാണീ രാജലക്ഷ്മിയെന്ന് ഞാന്‍ അമ്പരന്നു. എന്നെ അറിയുന്ന വല്ലവരുമാണോ എന്ന് സംശയിച്ചു."

അതെ, അതാണ് കാര്യം. കൂടെപ്പിറപ്പുകളോടുള്ള സ്‌നേഹത്തിന്റെയും കര്‍ത്തവ്യത്തിന്റെയും പേരില്‍ ഏറെക്കാലത്തേക്ക് ഏകാകിയായി ജീവിക്കുക എന്നത് നമ്മുടെ നാട്ടില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളുടെ അനുഭവമായിരുന്നില്ല. അതുകൊണ്ടാണ് രാജലക്ഷ്മിയുടെ കഥകളെ സ്വന്തം ജീവിതമായികൂടി കണ്ട് വായനക്കാര്‍ സ്വീകരിച്ചത്. സ്വന്തം ജീവിതം ഇങ്ങനെ കടപ്പാടിന്റെയും കുടുംബസ്‌നേഹത്തിന്റെയും പേരില്‍ നഷ്ടപ്പെടുത്തിയവരായിരുന്നു രാജലക്ഷ്മിയുടെ എല്ലാ നായികമാരും.

പക്ഷേ നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചുള്ള വ്യാധിയും ആധിയും അവരുടെ നെഞ്ചിലുണ്ടായിരുന്നു. ഇനിയും വിടര്‍ന്നുനില്ക്കുന്ന സ്വപ്നങ്ങളുമുണ്ടായിരുന്നു. ഒരു പുരുഷന്റെ സ്‌നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കരവലയത്തിലൊതുങ്ങാന്‍ ആഗ്രഹിക്കുന്നവര്‍.. അവന്റെ മക്കളെ പ്രസവിച്ചു വളര്‍ത്താന്‍ കൊതിക്കുന്നവര്‍. മറുഭാഗത്തു നിന്ന് (പുരുഷപക്ഷം) ഒരു വാക്ക് കൂടി കേട്ടിരുന്നുവെങ്കില്‍ കീഴടങ്ങാന്‍ തയ്യാറുള്ളവര്‍ (മകള്‍) കുട്ടികളെ നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. എനിക്കില്ലാത്ത ആണ്‍കുട്ടികളുടെ പേരില്‍. എനിക്കിനി ഒരിക്കലും ഉണ്ടാവുകയില്ലാത്ത ആണ്‍കുട്ടികളുടെ പേരില്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു (ഒരധ്യാപിക ജനിക്കുന്നു).

ഇതാണ് ഈ കഥാപാത്രങ്ങളുടെ പൊതു മാനസികഭാവം. അനിഷേധ്യമായ വിധിയുടെ തീരുമാനം കൊണ്ട് ദുരന്തകഥാപാത്രങ്ങളായി മാറുകയാണ് ഇവരോരുത്തരും. നീരജ ചക്രവര്‍ത്തി (ആത്മഹത്യ), ഇന്ദിര (ഒരധ്യാപിക ജനിക്കുന്നു) മണിക്കുട്ടി (ഒരു വഴിയും കുറെ നിഴലുകളും) ലീല (ചരിത്രം ആവര്‍ത്തിച്ചില്ല) എന്നിവയെല്ലാം ഇവിടെ ഓര്‍മ്മവരുന്നു. ജീവിക്കുന്നതിനെക്കാള്‍ എളുപ്പം മരിക്കുന്നതാണെന്ന് കരുതുന്നവര്‍ കൂടിയാണിവര്‍. അതോ ജീവിതമേല്പിച്ച എല്ലാ സംഘര്‍ഷങ്ങളെയും അതിജീവിക്കാനുള്ള എളുപ്പമാര്‍ഗ്ഗം ആത്മഹത്യയാണെന്ന് തെറ്റായി മനസ്സിലാക്കിയവരോ?

സ്വന്തം ജീവിതത്തിലെന്നപോലെ കഥാപാത്രങ്ങളെയും ആത്മഹത്യയുടെ ഇരുണ്ട ഗര്‍ത്തങ്ങളിലേക്കാണ് രാജലക്ഷ്മി കൂട്ടിക്കൊണ്ടുപോയത്. ഞാനെന്ന ഭാവത്തിലെ തങ്കത്തെപോലെയുള്ളവര്‍ കൈക്കൊണ്ട നടപടി അതായിരുന്നു.
 
കാലം എത്ര കഴിഞ്ഞാലും ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും ഉള്ള കഥകള്‍ക്ക് വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയും എന്നതിന് തെളിവുകൂടിയാണ് രാജലക്ഷ്മിയുടെ കഥകള്‍. സാമൂഹ്യചുറ്റുപാടുകളോ ജീവിതനിലവാരമോ മാറിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ മാനസികഭാവങ്ങള്‍ക്ക് മാറ്റമൊന്നുമില്ലെന്ന് അവ വീണ്ടും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.