"കൃത്യമായി ഇന്ന പുസ്തകത്തിനോട് ഇഷ്ടമെന്ന് വെളിപ്പെടുത്താനാകില്ല. ഇഷ്ടമുള്ളവ പലതുമുണ്ട്. പക്ഷേ വായന കഴിയുമ്പോൾ ആ പുസ്തകത്തിൽ നിന്ന് അടർന്നു മാറി സ്വതന്ത്രനായത് ശേഷം മാത്രം അടുത്ത വായനയിലേയ്ക്ക്"... പറയുന്നത് സംസ്ഥാനം കണ്ട കരുത്തരായ നേതാക്കളിൽ ഒരാളാണ്.. കരുത്തൻ എന്നതിന് പല അർത്ഥങ്ങളുണ്ട്. മാനസികമായും ആത്മീയമായും ശക്തിമാനായ നേതാവാണ് സൈമൺ ബ്രിട്ടോ. പന്ത്രാണ്ടാമത്തെ കേരള നിയമസഭയിൽ 2006 മുതൽ 2011 വരെ എംഎൽഎ ആയി ഇരുന്നിരുന്ന വ്യക്തി. നാമനിർദ്ദേശം ചെയ്യപ്പെട്ടു നിയമസഭയിൽ എത്തിയെങ്കിലും കറയറ്റ രാഷ്ട്രീയക്കാരൻ. സൈദ്ധാന്തിക കമ്യൂണിസ്റ്റ്.
ഇക്കഴിഞ്ഞ മാസങ്ങളിൽ നാലര മാസം നീണ്ടു നിന്ന ഭാരത സഞ്ചാരത്തെ കുറിച്ചുള്ള പുസ്തക രചന ആരംഭിക്കാൻ തുടങ്ങുകയാണ് അദ്ദേഹം. ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന പുസ്തകം "മഞ്ഞുപെയ്യുന്ന ചരിത്രാങ്കം" ഉടൻ തന്നെ പുസ്തകമാകും. "ചന്ദ്രന്റെ മാളിക" എന്ന അടുത്ത നോവലും ഉടൻ പ്രസിദ്ധീകരിക്കും. ഒന്നിലൊതുങ്ങാത്ത തന്റെ പുസ്തക പ്രണയത്തെ കുറിച്ച് സൈമൺ ബ്രിട്ടോ
മഹാഭാഗവതവും ബൈബിളും ഖുറാനും എല്ലാം വായനയിൽ ഉണ്ടായിരുന്നിട്ടുണ്ട്. ഖുറാൻ അൽപ്പം ബുദ്ധിമുട്ടായി തോന്നിയിരുന്നു. എങ്കിലും എല്ലാം താൽപ്പര്യമുള്ളവ തന്നെയാണ്. വായന പരന്നു കിടക്കുന്നത് തന്നെയാണ്. വീട് നിറയെ വായന വളർത്തിയ പുസ്തകങ്ങളുണ്ട്. അൽബേനിയൻ എഴുത്തുകാരനായ ഇസ്മയിൽ കടരെയുടെ "Brocken April " വായനയിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഭൂതകാലം ഇന്നുകളെ സ്വാധീനിക്കുന്നതിനെ കുറിച്ചുള്ള ഒരു നോവലായിരുന്നു അത്.

മലയാളത്തിലേയ്ക്ക് വന്നാൽ അടുത്ത് വായിച്ചതിൽ വച്ച് ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് ജയമോഹന്റെ "നൂറു സിംഹാസനങ്ങൾ" എന്ന നോവലാണ്. മനുഷ്യർ എന്ന വാക്കിൽ നിന്നും ഏറെ സ്വയം പിന്നോക്കം നില്ക്കുന്ന "മനുഷ്യരുടെ" തന്നെ കഥയാണിതും. ദലിതവത്കരണമൊക്കെ വാർത്തയാകുന്ന നാട്ടിൽ ആ നോവലിന് ഏറെ പ്രസക്തിയുമുണ്ട്. അവഗണനയ്ക്കും വംശീയതയ്ക്കും ഇരയാകുന്ന ചില മനുഷ്യർ ഇന്നും നാട്ടിൽ ജീവിച്ചിരിപ്പുണ്ട് എന്ന് ഈ നോവൽ ഓർമ്മിപ്പിക്കും.
ദസ്തേവ്സ്കിയെ കൂടുതൽ വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ വായനകൾ ഏറെ ആസ്വദിക്കാറുമുണ്ട്. ദസ്തേവ്സ്കിയുടെ രചനകളിൽ ഏറെ മികച്ചു നിൽക്കുന്നത് കാരമസോവ് സഹോദരന്മാർ ആണെന്നാണ് തോന്നിയിട്ടുള്ളത്. വിശ്വാസം, ഐഹിക ലോകം, ആത്മീയത എല്ലാം നിരന്തരം ചർച്ച ചെയ്യുന്ന ഒരു നോവലാണിത്. യശ്പാൽ രണ്ടു വോള്യം ആക്കി എഴുതിയ ജൂട്ടാസച്ഛ് എന്ന നോവൽ വായിക്കാൻ ഏറെ ഇഷ്ടമാണ്. ഇന്ത്യൻ വിഭജനവുമായി ബന്ധപ്പെട്ട കഥയാണു ഇതിലുള്ളത്. മാത്രമല്ല ബംഗാളി നോവലുകൾ ഏറെ ഇഷ്ടമാണ്, അതിൽ തന്നെ ബിമൽ മിത്രയെ നന്നായി വായിക്കാറുണ്ട്. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നത് ലോകപ്രശസ്ത എഴുത്തുകാരനായ ഒര്‍ഹാന്‍ പാമുഖ്ന്റെ എഴുത്തുകളാണ്. എന്തുവായിച്ചാലും അത് വായിക്കുന്ന സമയത്ത് പൂർണമായും അതിൽ മുഴുകുകയും വായന കഴിഞ്ഞാൽ അതിൽ തടഞ്ഞു നില്ക്കാതെ അടുത്തതിലേയ്ക്ക് കടക്കുകയുമാണ് ചെയ്യുക.