Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമൃത്യു എനിക്കു നേരെയുള്ള എന്റെ വിരൽചൂണ്ടൽ–സുസ്മേഷ് ചന്ത്രോത്ത്

susmesh-chandroth സർവകലാശാലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട, ഗവേഷണ സഹായം തടഞ്ഞുവയ്ക്കപ്പെട്ട എത്രയോ പേർ ഇപ്പോഴുമുണ്ട്. രോഹിത് വെമൂലയുടെ ആത്മഹത്യയോടെ അത്തരം പ്രശ്നങ്ങളൊന്നും അവസാനിച്ചുവെന്ന് വിശ്വസിക്കുന്നില്ല.

അസഹിഷ്ണുതയ്ക്കെതിരെ നമ്മുടെ സാഹിത്യകാരൻമാരുടെയും സാമൂഹിക പ്രവർത്തകരുടെയും പോരാട്ടം അവസാനിച്ചോ? രോഹിത് വെമൂലയുടെ ആത്മഹത്യയോടെ ദലിത് വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായോ? രോഹിത് വെമൂലയുടെ ആത്മഹത്യയും കനയ്യകുമാറിന്റെ സമരവും പ്രമേയമായി താഴേക്കിടയിലുള്ളവർ അനുഭവിക്കുന്ന പ്രശ്നത്തെക്കുറിച്ചാണ് സുസ്മേഷ് ചന്ത്രോത്ത് ‘പുലിമൃത്യു’ എന്ന പുതിയ കഥയെഴുതിയിരിക്കുന്നത്. രാഷ്ട്രീയ–സാമൂഹിക വിഷയങ്ങളെ ഇത്രയധികം ഉൾക്കൊള്ളുന്നൊരു കഥ അടുത്തകാലത്തൊന്നും മലയാളത്തിൽ വന്നിട്ടില്ല എന്നുറപ്പിച്ചു പറയാൻ സാധിക്കും. പുലിമൃത്യു എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സുസ്മേഷ് സംസാരിക്കുന്നു.

‘‘താങ്കളുടെ പുസ്തകനാമങ്ങളൊന്നും ഞാനോർക്കുന്നില്ല, എന്നുതീരെ പറയാൻ പറ്റില്ല. വായിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മറ്റോ. പക്ഷേ, നിർഭാഗ്യവശാൽ താങ്കളോടു പുച്ഛം തോന്നാനല്ലാതെ അതൊന്നും എന്നെ സഹായിച്ചില്ലെന്നതാണ് അങ്ങേയറ്റത്തെ വാസ്തവം. അതുകൊണ്ടാണ് അവയുടെ പേരുകൾ പോലും മറന്നതും. കാരണം തിരക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ നിങ്ങളെഴുതിയതൊക്കെയും ഞങ്ങളുടെ കഥകളല്ല. ഓ.. ആദ്യമേ പറയേണ്ടതായിരുന്നു. നിങ്ങളെഴുതുന്നതരം സവർണ്ണമാഹാത്മ്യത്തിൽ ഉൾപ്പെടുന്ന ഒരുവനല്ല ഞാൻ. അഥവാ എന്റെ സമുദായത്തിന്റെ കഥകളെ കണ്ടെഴുതാൻ നിങ്ങളടങ്ങുന്ന നിരവധിയാളുകളുടെ പേനയ്ക്ക് അറപ്പുമാറിയിട്ടില്ല ഇപ്പോഴും. 

ഞങ്ങളുടെ പച്ചയായ ജീവിതത്തിന് നിങ്ങളെഴുതുന്ന കഥകളിലെ കഥാപാത്രങ്ങളുടെ ആന്തരികവെളിച്ചത്തേക്കാൾ തിളക്കവും പ്രസരിപ്പുമുണ്ട്. നിർഭാഗ്യവശാൽ അതു താഴ്ത്തപ്പെടേണ്ടതോ അവമതിക്കപ്പെടേണ്ടതോ ആണെന്ന് നിങ്ങളടങ്ങുന്ന  മനുഷ്യവിഭാഗം വിചാരിക്കുന്നു. എനിക്കതിൽ പ്രതിഷേധമുണ്ട്’’

(പുലിമൃത്യു)

എനിക്കു നേരെ ഞാൻ തന്നെ വിരൽചൂണ്ടുന്ന കഥയാണ് പുലിമൃത്യു. ആനുകാലിക വിഷയങ്ങളോടു അപ്പപ്പോൾ പ്രതികരിക്കുന്ന കഥകൾ ഞാൻ പൊതുവെ എഴുതാറില്ല. അത്ര പെട്ടെന്ന് എഴുതാൻ എനിക്കു സാധിക്കില്ല. പക്ഷേ, ബംഗാളിലെ ജീവിതം എന്നെക്കൊണ്ട് ഇങ്ങനെയൊരു കഥയെഴുതിക്കുകയായിരുന്നു. 

Rohith-Vemula

രോഹിത് വെമൂലയുടെ ആത്മഹത്യയെ തുടർന്നോ, കനയ്യ കുമാറിന്റെ സമരത്തെ തുടർന്നോ മാത്രമല്ല ഇങ്ങനെയൊരു പ്രമേയം സ്വീകരിച്ചത്. ഇവർ രണ്ടുപേരും ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ബംഗാളിലെ സാധാരണക്കാരന്റെ ജീവിതം അടുത്തുനിന്നു കണ്ടതോടെയാണ് പുലിമൃത്യു എഴുതാൻ തീരുമാനിച്ചത്.

ആയിരത്തോളം രോഹിത് വെമൂലമാരെ ഇവിടെ കാണാൻ സാധിക്കും. ഭാഗ്യവശാൽ നമ്മളൊക്കെ, പ്രത്യേകിച്ച് കേരളീയരൊക്കെ ഒരുപാടു സുഖത്തിനു നടുവിലാണു ജീവിക്കുന്നത്. താഴെക്കിടയിലുള്ളവരുടെ പ്രശ്നങ്ങൾ നാം അറിയുന്നില്ല. മധ്യവർത്തി മലയാളിക്ക് സ്വന്തം സുഖസൗകര്യങ്ങളോടു മാത്രമാണല്ലോ താൽപര്യവും ആവലാതിയുമൊക്കെയുള്ളത്. എന്നാൽ ബംഗാളിലൊന്നും അങ്ങനെയല്ല. ചെറിയൊരു വിഭാഗം മാത്രമേ സുഖസൗകര്യങ്ങളോടെ ജീവിക്കുന്നുള്ളൂ. ബാക്കിയെല്ലാം വളരെ പ്രയാസപ്പെട്ടാണു ജീവിക്കുന്നത്. ബംഗാളിന്റെ വർത്തനമാകാലം ചിത്രീകരിക്കുക മാത്രമായിരുന്നില്ല ഈ കഥയുടെ ഉദ്ദേശ്യം. കനയ്യകുമാറിനെ പോലെ ഒറ്റപ്പെട്ട സമരം നയിക്കുന്നവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കൽ കൂടിയായിരുന്നു ഞാൻ ചെയ്തത്.

രോഹിത് വെമൂലയുടെ ആത്മഹത്യയും കനയ്യയുടെ സമരവുമൊക്കെ നടന്ന് ഏറെക്കഴിഞ്ഞിട്ടാണല്ലോ ഞാൻ ഈ വിഷയത്തിൽ ഒരു കഥയെഴുതിയതെന്നൊരു ചോദ്യമുണ്ടാകും. ഞാൻ നേരത്തെ പറഞ്ഞതുപോലെ ആനുകാലിക സംഭവങ്ങളിൽ അപ്പപ്പോൾ എഴുതിയോ മുദ്രാവാക്യം വിളിച്ചോ പ്രതികരിക്കാൻ എനിക്കു കഴിയില്ല. അങ്ങനെയൊരു വിഷയത്തിൽ എഴുതാൻ പേനയും കടലാസുമെടുത്ത് ഇരുന്നാലും വാക്കുകൾ എന്നെ വന്നുതൊടില്ല. പലതവണ ശ്രമിച്ചു പരാജയപ്പെട്ടതാണ്. വൻമരങ്ങൾ വീഴുമ്പോൾ, തിരുത്ത് തുടങ്ങിയ കഥകളെഴുതി എൻ.എസ്. മാധവനൊക്കെ നമ്മെ അമ്പരപ്പിച്ചിട്ടുണ്ട്. എനിക്കങ്ങനെ എഴുതാൻ സാധിക്കില്ല. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെയാണ് മിക്കതും കഥകളായി പിറക്കുന്നത്. ഹരിതമോഹനം എന്ന കഥയൊക്കെ നൂറുശതമാനം എന്റെ അനുഭവം തന്നെയായിരുന്നു. 

രോഹിത് വെമൂലയുടെ മരണവും കനയ്യയുടെ സമരവുമൊക്കെ എന്നെ വല്ലാതെ ഉലച്ചിരുന്നു. അതിനു മുൻപുതന്നെ ബംഗാളിലെ നഗരപ്രാന്തത്തിലുള്ളവരുടെ ജീവിതം കണ്ട് ഞാൻ പലപ്പോഴും അസ്വസ്ഥനായിട്ടുണ്ട്. രണ്ടുകൂടി ചേർന്നപ്പോഴാണ് പുലിമൃത്യു എന്ന കഥ ജനിച്ചത്. 

പുലിയായി വേഷം കെട്ടേണ്ടി വന്ന രാഹുൽ ഇന്ത്യയിലെ നിസ്വരുടെ പ്രതീകം തന്നെയാണ്. അയാൾ രോഹിത് വെമൂലയാണ്, കനയ്യകുമാറാണ്. ‘ നമ്മളെല്ലാം മനുഷ്യരല്ലേ, നമുക്ക് സഹനവും ക്ഷമയും വിവേകവും വേണ്ടത്ര വേണമല്ലോ. പക്ഷേ, അവരെ ബഹുമാനിക്കാൻ ഞങ്ങളെപോലെയുള്ളവരെ അവമതിക്കണമെന്ന് പറയുന്നതെനിക്കു മനസ്സിലാകുന്നില്ല’ എന്ന് രാഹുൽ പറയുന്നുണ്ട്. ഇത് അപമാനിക്കപ്പെടുന്ന ഓരോരുത്തരും ചോദിക്കുന്നതാണ്. നാം അവരുടെ ഈ പ്രശ്നങ്ങളൊന്നും കാണുന്നില്ല എന്നേയുള്ളൂ. സർവകലാശാലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട, ഗവേഷണ സഹായം തടഞ്ഞുവയ്ക്കപ്പെട്ട എത്രയോ പേർ ഇപ്പോഴുമുണ്ട്. രോഹിത് വെമൂലയുടെ ആത്മഹത്യയോടെ അത്തരം പ്രശ്നങ്ങളൊന്നും അവസാനിച്ചുവെന്ന് വിശ്വസിക്കുന്നില്ല. അത്തരക്കാരെ കാണാനൊരു ശ്രമം നടത്തിയെന്നു മാത്രമേയുള്ളൂ പുലിമൃത്യുവിൽ. 

Your Rating: