Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര കവിയുന്നു; കാത്തിരിപ്പിൻ കടൽ

മനസ്സ് വെയിൽ ചായുന്ന നദിയോരത്ത് കാത്തിരിപ്പിന്റെ കടലാഴം. വരും, വരാതിരിക്കില്ലെന്നു മന്ത്രിക്കുന്നത് നദിയാകാം, വെയിലാകാം, പെയ്തുതീർന്ന മഴയാകാം. രാപകലുകളിൽ, ഋതുഭേദങ്ങളിൽ ഏകാന്തതയുടെ മണൽക്കാടു കടന്ന് അടുത്തുവരുന്ന കാലടികൾക്കു കാതോർത്ത് ദർശനമാത്രയിൽ മായുന്ന വിഷാദം. ഒരൊറ്റപ്പുണരലിൽ ലഭ്യമാകുന്ന സായൂജ്യം. അടുത്തെത്തുമെന്ന് ഉറപ്പില്ലെങ്കിലും അസാധ്യതകളുടെ ഇരുമ്പഴികൾ തകർക്കപ്പെടുമെന്ന പ്രതീക്ഷ. ജൻമത്തിലെ വസന്തമായ യൗവ്വനത്തിൽ മനസ്സുകൾ പങ്കുവയ്ക്കുന്ന പ്രണയപ്രതീക്ഷകളുടെ കഥകൾ. സുസ്മേഷ് ചന്ത്രോത്തിന്റെ ‘വെയിൽ ചായുമ്പോൾ നദിയോരം’. കഥാകൃത്തിന്റെ ആദ്യകാല കഥകളുടെ സമാഹാരം. 

കഥകളുടെ പശ്ചാത്തലം യൗവ്വനത്തിന്റെ, സാഹസികതയുടെ നദിയോരം. പുഴയുടെ ഓളങ്ങൾക്കു കാത്തിരിപ്പിന്റെ താളം. ഇതൊഴിവാക്കാനാവില്ല. ഇതൊക്കെയല്ലേ ഈ ഇത്തിരിപ്പോന്ന ജീവിതത്തിന്റെ മഴവിൽഭംഗികൾ. യൗവ്വനത്തിന്റെ സജീവത ആഘോഷിക്കുന്നവർ ഈ കഥകളിൽ അവരെത്തന്നെ കാണും. കടന്നുപോയ കാലത്തിന്റെ മാസ്മരികതയായിരിക്കും മറ്റു ചിലർക്ക്. വേഗം വേഗമെത്തണേ ആ നദിയോരത്തെന്ന് ആഗ്രഹിക്കും മറ്റുചിലർ. ഏതു പ്രായത്തിൽപ്പെട്ടവർക്കും, ഏതു കാലം പ്രതിനിധീകരിക്കുന്നവർക്കും ഒരിക്കലെങ്കിലും മുഖം തെളിഞ്ഞുകാണാം ഈ പുഴക്കണ്ണാടിയിൽ, അഥവാ 'വെയിൽ ചായുമ്പോൾ നദിയോര'ത്തെ കഥകളിൽ. 

മീര: സുസ്മേഷിന്റെ ഇഷ്ടപ്പെട്ട പെൺപേരുകളിലൊന്ന്. ‘ഞാൻ മീര’യെന്ന കഥയിൽ വളർച്ചയ്ക്കിടയിലെ കുറെയേറെ വർഷങ്ങൾ മറക്കാൻ ശ്രമിക്കുന്ന സ്ത്രീയെക്കാണാം. ബന്ദ് തലയ്ക്കുപിടിച്ച ഒരു നഗരത്തിന്റെ മൂലയിൽ ആകാശത്തിന്റെ നരച്ച വെളുപ്പിലേക്കു ജനൽതുറന്നിട്ടു നിൽക്കുന്ന മീര. എത്രയോ നന്നായി സ്നേഹിക്കുന്ന ഭർത്താവിനൊപ്പമാണു മീര. ബാല്യം മുതൽ തനിയേ കിടന്നു ശീലിച്ചതാണെങ്കിലും ഇപ്പോൾ അനിയേട്ടൻ എന്ന ഭർത്താവിന്റെ ദേഹബോധ്യമുണ്ടെങ്കിലേ മീരയ്ക്ക് ഉറങ്ങാനാവൂ. എന്നിട്ടും ചെറുപ്പത്തിന്റെ നാളുകളിലേക്കും അന്നു പരിചയപ്പെട്ട കുഞ്ഞനിയനിലേക്കും മീരയുടെ മനസ്സ് പിടിവിട്ടു പറന്നുപോകുന്നു.

ചിത്തഭ്രമത്തിന്റെ ഒരിളക്കം. അമ്മാത്തിനടുത്തു കുടിവച്ചു കിടന്ന ഒരാളാണു കുഞ്ഞൻ. ഒരിക്കൽ ഒരു നിയന്ത്രണവുമില്ലാതെ സ്നേഹിക്കാൻ അനുവദിച്ചയാൾ. ആഢ്യബ്രാഹ്മണകുടുംബാംഗമായിട്ടും കുഞ്ഞന്റെ കൂടെ പോകണമെന്നു വാശിപിടിച്ചു. കൈഞരമ്പു പോലും മുറിച്ചു. ഇപ്പോൾ അതൊന്നും ഓർക്കാൻ പാടില്ലെന്നു മീരയ്ക്കറിയാം. എന്നിട്ടും ചിലപ്പോൾ ആ പഴയ മോശം സ്കൂൾകുട്ടിയാകുന്നു. അച്ചടക്കമില്ലാത്ത കുട്ടി. 

ബന്ദ് ആഘോഷിക്കുന്ന നഗരത്തിലെ മുറിക്കുള്ളിൽ മീര സാഹോദര്യം സ്ഥാപിക്കുകയാണ്; ഒരു ബോൺസായ് മരവുമായി. മീരയുടെ കന്യാവിഭ്രാന്തികളിലെ  മരത്തെക്കുറിച്ചു കേട്ട അനിയേട്ടൻ സമ്മാനിച്ച മരം. ആ മരവും വളർച്ചയ്ക്കിടയിലെ കുറേയേറെ വർഷങ്ങൾ മറക്കാൻ ശ്രമിക്കുന്നു.കമ്പിയിട്ടു വരിഞ്ഞും അമർത്തിവച്ചും മുറിച്ചും ഉത്സാഹിയായ ഏതോ മനുഷ്യൻ വളർത്തിക്കൊണ്ടുവന്ന മരം. ബന്ദിയാക്കപ്പെട്ട മന്ത്രിയുടെ തടവറദിനങ്ങൾ തുടരുന്നതു മീര അറിയുന്നു; കഴിഞ്ഞ കാലത്തിലേക്കും ആദ്യപ്രണയത്തിലേക്കും ഊളിയിടുന്ന സ്വന്തം മനസ്സിനെ നിയന്ത്രിക്കാനാവുന്നില്ലെന്നും. മീരയുടെ മനസ്സും ബന്ദിയാക്കപ്പെട്ടിരിക്കുന്നു; ഒരിക്കൽ കൂടെപ്പോകണമെന്നു ശഠിച്ച കുഞ്ഞനുമായി; അയാളുടെ ഓർമകളുമായി. പ്രണയത്തിന്റെ വെയിൽ ചായുന്ന കഴിഞ്ഞകാലത്തിന്റെ നദിയോരത്തേക്കു പോകാൻ വെമ്പുന്ന മീര. 

വെയിൽ ചായുമ്പോൾ നദിയോരം എന്ന കഥയിൽ ഫാക്ടറി തൊഴിലാളിയും പിന്നീടു ബസ് കണ്ടക്ടറുമായ ഹരിഹരനും കാത്തിരിക്കുന്നു; പ്രായത്തിൽ ഏറെ ഇളയതും സമ്പന്ന കുടുംബാംഗവുമായ കോയ്മയ്ക്കു വേണ്ടി. മധ്യവയസ്കനാണു ഹരി. പ്രായത്തിന്റെ കൂടുതൽ. ഒറ്റപ്പെട്ടവൻ ചുമക്കുന്ന കുരിശിന്റെ നിഴൽ. കൂടാരമില്ലാത്തവന്റെ മരുഭൂമിയിലെ യാത്ര. ജാതകമോ മാമ്മോദിസാ വെള്ളമോ വീഴാത്ത ജൻമം. കോയ്മ എന്ന ചെറുപെൺകുട്ടിക്ക് എങ്ങനെ സ്നേഹിക്കാനാവും ഹരിയെ. 

ഹരി ഒരിക്കൽ പറഞ്ഞു: നിനക്കു തിന്നാൻ നീ വിയർക്കണം. നിനക്കു ജീവിക്കാനുള്ള അവകാശം അപ്പോൾ മാത്രമാണ്. 

ഹരീ, നിന്നെ സ്നേഹിക്കുമ്പോൾ ഞാൻ വിയർക്കുന്നു. എന്റെ വിയർപ്പിൽനിന്നുതിരുന്ന ഉപ്പുകണങ്ങൾ വിളഞ്ഞ് ഉപ്പുപാറകൾ പ്രത്യക്ഷപ്പെടും. അതിൽ രക്തം കൊണ്ട് എന്റെ വിയർപ്പിനെ നിനക്കു ഞാൻ സാക്ഷ്യപ്പെടുത്തും. സമ്പന്നയാണ് എന്ന കാരണത്താൽ നീയെന്നെ ഉപേക്ഷിക്കരുതേ. അത്രമേൽ ഹൃദ്യമായി നിന്നെ ഞാൻ എന്നിൽ കാത്തുവച്ചിരിക്കുന്നു. 

ജീവിതത്തിന്റെ പ്രണയപ്രകാശം തേടി, ബിരുദവും നേടി ഹരി വീണ്ടും എത്തിയിരിക്കുന്നു കോയ്മയുടെ നഗരത്തിൽ. എന്തു തീരുമാനമെടുക്കും കോയ്മ ? 

മകൾ ഓടിപ്പോകാതിരിക്കാൻ കാവൽ നിൽക്കുന്ന മാതാപിതാക്കൾ. അവൾ വരും എന്നുറപ്പിച്ചു പറയുന്നു ഹരി.

അയാൾ ജനാലകൾ തുറന്നുവച്ചു. ദൂരെ പുഴയിൽ ചങ്ങാടം ഇളകിയാൽ അതു ബന്ധിച്ചിരിക്കുന്ന ഇരുമ്പുകമ്പിയുടെ മുരൾച്ച ഇവിടെ അറിയാനാവും. 

ഹരിഹരൻ കാതോർത്തു; രാപകലുകളോളം...

Your Rating: