എനിക്കൊരു ഭാര്യയെ ആവശ്യമുണ്ട്...

"എനിക്കൊരു ഭാര്യയെ ആവശ്യമുണ്ട്..." എഴുത്തുകാരി ഇന്ദു മേനോൻ ഒരിക്കൽ അവരുടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ പിന്നീട് എത്രയോ എഴുത്തുകാരികളിൽ ആവർത്തിച്ച് കാണപ്പെട്ടവ. എന്താണ് ഭാര്യ എന്ന പദവിയുടെ വാചികാർത്ഥവും എന്താണ് എഴുത്തുകാരൻ/കാരി എന്നതിന്റെ നിഗൂഢാർത്ഥവും എന്നത് ഈ ആവശ്യത്തെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. 

എഴുത്ത് എന്ന മഹാപ്രസ്ഥാനം പൊതുവെ പുരുഷന്റേതായി സങ്കൽപ്പിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നുവെന്നും അതിന്റെ വേദനകളെയും ഏകാന്തതകളെയുമൊക്കെ അവനു മാത്രമേ സഹിക്കാൻ ആകുമായിരുന്നുള്ളൂ എന്നും അവൻ എഴുതി വച്ചു. സ്ത്രീകളുടെ അടിസ്ഥാന ജോലി എല്ലാവരും പറയുന്നത് പോലെ കുട്ടികളെ നോക്കലും വീടുപണി ചെയ്യലും ഒക്കെത്തന്നെയാകുമ്പോൾ ഇത്തരം മാനസിക-ശാരീരിക ബുദ്ധിമുട്ടുകളിലൂടെ ഒരു സ്ത്രീ സഞ്ചരിക്കുന്ന പ്രയാസം പുരുഷൻ എത്രത്തോളം അനുഭവിക്കും എന്നതിന്റെ പ്രശ്നം ചൂണ്ടിക്കാട്ടി സ്ത്രീ എഴുത്തുകാരികൾ അവനവന്റെ വീടുകളിൽ അടിച്ചമർത്തപ്പെട്ടു ജീവിച്ചു പോന്നു. ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും ആ അവസ്ഥയിൽ ഉണ്ടായിട്ടുമില്ല, പിന്നെയും എങ്ങനെ സ്ത്രീ എഴുത്തുകാരികൾ തന്റെ ചുറ്റുമുള്ള വലിയൊരു ചുറ്റിക്കെട്ടിന്റെ മറ പൊളിച്ച് പുറത്തുവരുന്നു  എന്ന ചോദ്യത്തിന്, ഏതാണ്ട് കൂടുതൽ ശതമാനത്തിന്റെയും ഉത്തരം സുരക്ഷിതമായ ജീവിതം എന്ന സ്വപ്നത്തെ തകർത്തെറിഞ്ഞു സ്വയം പുറത്തേയ്ക്ക് ഒഴുകി വന്ന പുഴ പോലെ ആണെന്ന് തന്നെയാകും, അപൂർവ്വം പേർ ഭാര്യ എന്ന സ്നേഹമയിയുടെ സ്ഥാനത്തേക്ക് പ്രിയപ്പെട്ടവൻ വന്ന കഥയും പറയും.

ഏകാന്തതയുടെ വാക്കുകൾക്കപ്പുറം നിൽക്കുന്ന സങ്കടങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ പ്രസവമുറിയുടെ തണുത്ത നിശ്ശബ്ദതയുണ്ടാകും. ഒരു ജീവൻ ഉയിരെടുക്കാൻ സ്വയമൊരുക്കുന്ന ഉപകരണങ്ങൾ... ഉള്ളിലെ ഏകാന്തതയുടെ ത്രസിക്കുന്ന ഞരമ്പുകൾ വലിച്ച് തുറന്ന് അതിൽ നിന്നും ചോരയും ചലവും പേറി ഒരു സൃഷ്ടി ഉയിരെടുക്കുമ്പോൾ നോവിനപ്പുറം എഴുത്തുകാരൻ കണ്ടെടുക്കുന്ന ഒരു അത്യാനന്ദമുണ്ട്. പ്രസവമുറികളിലെ നരച്ച നിശബ്ദതയിൽ നിന്ന് ഒരു കുഞ്ഞുനാദമുണ്ടാകുമ്പോൾ ഏതോ നൂറ്റാണ്ടിൽ നിന്നെന്ന പോലെ അമ്മയുടെ ചെവിയിലേക്ക് അത് വന്നെത്തുമ്പോൾ അവൾ അനുഭവിക്കുന്ന ആനന്ദം പോലെ അത്ര മൃദുലമായിരിക്കുമത്.

ഓരോ എഴുത്തുകാരനും/ കാരിയും അനുഭവിക്കുന്ന ആത്മചൈതന്യം. എന്നാൽ അതനുഭവിക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് അടുക്കുക എന്നത് അത്ര എളുപ്പമല്ല. വീട്ടിൽ കുഞ്ഞുങ്ങളെ നോക്കാനും വീട്ടുജോലികൾ ചെയ്യാനും വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാനും നല്ലൊരു "ഭാര്യ" ഉണ്ടാവുക എന്നത് ഒരു എഴുത്തുകാരന്റെ ഭാഗ്യമായി വരുമ്പോൾതന്നെ എഴുത്തുകാരിയുടെ ദൗർഭാഗ്യവും അതായി മാറുന്നു. ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ എഴുത്ത് എന്ന ഞരമ്പിന്റെ വേദന അവൾക്ക് താങ്ങാനാകുന്നതിലും അധികമാകുന്നു. പിന്നെയും എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് വേദന നിറഞ്ഞ കണ്ണുകൾ കൊണ്ടുള്ള ഒരു നോട്ടമല്ലാതെ മറ്റൊന്നും അവൾക്ക് നൽകുവാനുമാകില്ല. എഴുത്ത് നൽകുന്ന ഞരമ്പിന്റെ അസുഖങ്ങളും കൈകാലുകളുടെ കോച്ചിപ്പിടിത്തവും തരിപ്പുകളും ആരോടും പറയാതെ ഉള്ളിലൊതുക്കി പാതിരാത്രിയിൽ പ്രാണൻ പോകുന്ന ഞരമ്പുവലികളിൽ അവൾ ഉറക്കെ നിലവിളിക്കുന്നു. 

ഇവിടെയാണ് "ഭാര്യ" എന്ന വാക്കിന്റെ പ്രസക്തി. എനിക്കൊരു ഭാര്യയെ വേണം എന്നൊരു എഴുത്തുകാരി പറയുമ്പോൾ അവളുടെ ജീവിതത്തിലേക്ക് അവകാശം സ്ഥാപിക്കലുകളില്ലാതെ, കടന്നു ചെല്ലാൻ, എഴുതാനിരിക്കുമ്പോൾ ആരെങ്കിലും വന്നാൽ അവളെ അറിയിക്കാതെ അവരെ ആനയിച്ച് സംസാരിക്കാൻ, ഇടയ്ക്കിടയ്ക്ക് ചൂടാറാതെ കട്ടൻ കാപ്പി ഇട്ടു കൊടുക്കാൻ, എഴുതിയതൊക്കെയും വായിച്ച് കേൾപ്പിക്കാൻ, രാത്രിയിൽ ഞരമ്പുകൾ പിടഞ്ഞു കയറി മരണഭയവുമായി വേദനിച്ചലറുമ്പോൾ കയ്യിലൊന്നമർത്തിപ്പിടിക്കാൻ, എനിക്കൊരു ഭാര്യയെ വേണം... പക്ഷെ സ്വപ്നങ്ങളിൽ മാത്രം അത്തരം അവകാശപ്പെടലുകളെ അവൾക്ക് സങ്കല്പിക്കാനാകൂ. 

എഴുത്തിനു വേണ്ടിയുള്ള മെറ്റിരിയലുകളുടെ ഓട്ടത്തിൽ അല്ലെങ്കിൽ എഴുത്തിന്റെ ഇടവേളകളിലെ ഫ്രസ്‌ട്രേഷനുകളിൽ കുഞ്ഞുങ്ങളുടെ മുഖമോ അടുത്ത സുഹൃത്തുക്കളുടെ മുഖമോ ഒക്കെ മാത്രമാകും അലച്ചിലുകളെ കുറയ്ക്കാൻ സഹായിക്കുന്നത്. അടുക്കളയിലേക്ക് നടക്കുമ്പോൾ പാതിവഴിയിൽ ചുവന്ന മുഖമായിരിക്കുന്ന അമ്മായിയമ്മയുടെയോ ഭർത്താവിന്റെയോ കുറ്റപ്പെടുത്തലുകൾ അവഗണിച്ച് വൈകുന്നേരത്തെ ഭക്ഷണം എന്താണെന്ന് ആലോചിച്ച് ആധി കയറ്റുമ്പോൾ ഉള്ളിലേക്ക് തികട്ടി വരുന്ന വാക്കുകളുടെ അതിപ്രസരത്തിൽ ഭ്രാന്തെടുത്ത് കരയുന്ന എത്രയോ എഴുത്തുകാരികളുണ്ടാകാം... ജീവിച്ചിരുന്നാൽ എഴുതിപ്പോകുമെന്ന അവസ്ഥയിലാണ് സിൽവിയ പ്ലാത്ത് ഉൾപ്പെടെയുള്ളവർ ജീവൻ തന്നെ അവസാനിപ്പിച്ചത് എന്നുമോർക്കാം. 

"ഭാര്യ" എന്ന വാക്ക് പരമ്പരാഗതമായി അടിമത്തത്തിന്റെ ഭാരങ്ങളേറ്റു വാങ്ങാൻ വിധിക്കപ്പെട്ട ഒരു പെൺ ശരീരം എന്ന അർത്‌ഥത്തിലാണ് പലപ്പോഴും എടുക്കുന്നത്. ഇവിടെയും അതിനു മാറ്റമൊന്നുമില്ല. പക്ഷെ "എനിക്കുമൊരു ഭാര്യയെ വേണം" എന്ന വാചകത്തിൽ ഒരു പുരുഷൻ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്, ശരീരത്തിലെ സ്ത്രീത്വം തുളുമ്പുന്ന ഒരു അവയവങ്ങൾ കൊണ്ടുമല്ല ഒരു സ്ത്രീ ചിന്തിക്കുന്നത്, അവളുടേത്‌ മാത്രമായ എഴുത്തുകളിലേക്ക് അവൾ കടക്കുന്നതും. ചിന്തിക്കാനും മനനം ചെയ്യുവാനും ഹൃദയവും തലച്ചോറും തന്നെയാണ് ആവശ്യം. അതുകൊണ്ടുതന്നെ എഴുതുക, എന്നത് അവളുടെയും ആവശ്യമായി മാറുന്നു. അതൊരു രക്ഷപെടലാണ് ഉള്ളിലെ ഒരിക്കലും വറ്റാത്ത ഏകാന്തതയുടെ നേർക്ക് കണ്ണിറുക്കി കാട്ടി തുറന്ന ലോകത്തേയ്ക്കുള്ള രക്ഷപെടൽ എന്ന ആവശ്യം.

അതവൾക്ക് ലഭിച്ചെ മതിയാകൂ... അതിനു അവൾക്കു വേണ്ടി ഒരു "ഭാര്യ" ആയില്ലെങ്കിലും "ഭർത്താവ്" ആകാതിരിക്കാനുള്ള ദയ കാണിക്കുക തന്നെ വേണം. ആ ദയ ലഭിക്കുക എന്നത് ഒരു ഔദാര്യമല്ല, മറിച്ച് അവളുടെ അവകാശമാണ്. ജീവിതത്തിലെ എന്ത് പ്രതിസന്ധികളിലും ഒപ്പം നിൽക്കുന്ന ഭാര്യ എന്ന സ്ത്രീയോട് കാണിക്കേണ്ട ഏറ്റവും കുറഞ്ഞ മര്യാദയും.