ഒന്നിച്ചു നനഞ്ഞ മഴകൾ

അവന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ആരംഭിക്കുമ്പോള്‍ എല്ലാം സാധാരണ പോലെയായിരുന്നു. ആകാശത്ത് ഒരു മേഘം പോലും പെയ്യാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നില്ല. എന്നാൽ കുറെ മുന്നോട്ടുപോയപ്പോള്‍ മുഖത്തേയ്ക്ക് ഒരിറ്റുതുള്ളിപോലെ എന്തോ വീണു. 

വഴിയാത്രയ്ക്കിടയില്‍ എന്തായിരിക്കാം അതെന്ന് ആകാംക്ഷയോടെ മുഖമുയര്‍ത്തിനോക്കിയപ്പോള്‍ കണ്ടു മാനം പെയ്തുതുടങ്ങിയിരിക്കുന്നു. എത്ര പെട്ടെന്നാണ് അന്തരീക്ഷം മഴയിലേക്ക് ചേക്കേറിയിരിക്കുന്നത്. കുറച്ചുമുമ്പുവരെ ആകാശം എത്രയോ പ്രസന്നമായിരുന്നു. എത്ര പെട്ടെന്നാണ് ഭാവം മാറിയിരിക്കുന്നത്. ചില മനുഷ്യരെപ്പോലെ പ്രകൃതിയെയും ഇപ്പോള്‍ വിശ്വസിക്കാന്‍ കഴിയാത്തതുപോലെ.

"മഴ പെയ്യുമെന്ന് തോന്നുന്നുവല്ലോ'' അവന്‍ ബൈക്കിന് വേഗം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നി. മഴ നനയാതെ ഒരിടത്താവളമെങ്കിലും അവന്‍ ആഗ്രഹിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നു. ലക്ഷ്യത്തിലെത്താന്‍ ഇനിയും ഏറെ ദൂരം ഉണ്ടായിരുന്നു. 

പക്ഷേ എന്തോ മനസ്സില്‍ ഈ മഴ നനയണമെന്ന് തോന്നല്‍. ഈ മഴയോട് വലിയൊരു സ്‌നേഹം നിറയുന്നു. പണ്ടെന്നോ ഉണ്ടായിരുന്നത്.. ജീവിതത്തിന്റെ വെയിലുകളില്‍ എവിടെ വച്ചോ തോര്‍ന്നുപോയത്.. അതെ തീര്‍ച്ചയായും ഞാന്‍ മഴയെ സ്‌നേഹിക്കുന്നു. 

ആദ്യകാലത്ത് എഴുതിയ കഥയുടെ പേര് മഴത്തുള്ളിയുടെ ഗ്രാമം എന്നായിരുന്നുവെന്നും ഏതോ ഓര്‍മ്മക്കാറ്റില്‍ ഞാന്‍ തിരിച്ചറിയുന്നു. മഴയെന്റെ ജീവിതത്തിലെ നന്മകളെ പുറത്തുകൊണ്ടുവരുന്നതുപോലെ. മഴ എന്നെ ഒരേസമയം വിരഹിയും പ്രണയിയും സങ്കടക്കാരനും സന്തുഷ്ടനുമെല്ലാം ആക്കുന്നു. ഈ മഴയെനിക്ക് നനയണം. ഈ മഴയെന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മഴയാകുന്നതുപോലെ. ഇനിയൊരിക്കലും ഇത്തരമൊരു മഴയുണ്ടാവണമെന്നില്ല. അതുകൊണ്ട് ഈ മഴയെ എനിക്ക് നഷ്ടപ്പെടുത്താനാവില്ല.. 

കുറെ നാളുകള്‍ക്ക് മുമ്പ് ഒരു സഹപ്രവര്‍ത്തകനൊപ്പം വയനാടന്‍ ചുരത്തിലൂടെ അവന്റെ ബൈക്കിന് പിന്നിലിരുന്ന് മഴ നനഞ്ഞ് പോയത് ഓര്‍മ്മിക്കുന്നു. അയാള്‍ വെറുമൊരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നു. നെഞ്ചോട് ചേര്‍ത്തുവയ്ക്കാന്‍ ഞങ്ങള്‍ക്കിടയില്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ആ മഴയാത്ര എത്രയധികമാണ് എന്നെ സമ്പന്നനാക്കിയത്. അങ്ങനെയെങ്കില്‍ ഞാന്‍ പ്രപഞ്ചത്തില്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന ഇവനൊപ്പമുള്ള ഈ മഴയാത്ര എന്നെ എത്രയധികമായി സന്തുഷ്ടനാക്കുകയില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു,

''വേണ്ട ഈ മഴ നമുക്ക് നനയാം..'' മനസ്സില്‍ അങ്ങനെ പലവട്ടം ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. അവന്റെ ബൈക്കിന് പിന്നിലിരുന്ന് ഇങ്ങനെയൊരു മഴയാത്ര.. ഒരുമിച്ചുണ്ടായിരുന്ന വര്‍ഷങ്ങളിലൊന്നിലും അത്തരമൊരു സാധ്യത ഉണ്ടായിരുന്നുമില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ആര്‍ക്കാണ് മഴ നനയാന്‍ സന്നദ്ധത..ആഗ്രഹം..

പകര്‍ച്ചപ്പനികളുടെയും നാനാതരം പനികളുടെയും കാലത്ത് മഴയ്ക്ക് നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നവരായിരിക്കുന്നു എല്ലാവരും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നേരെ. എത്ര കുട്ടികള്‍ ഇന്ന് മഴ നനയുന്നുണ്ടാവും. പണ്ട് മഴപെയ്യുമ്പോള്‍ ഓട് മേഞ്ഞ വീടിന്റെ ഇറയത്ത് നിന്ന് കുളിച്ചിരുന്ന കാലമോര്‍മ്മിക്കുന്നു. അത്തരമൊരു ആനുകൂല്യം വീടു നൽകിയിരുന്നു. ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ കൊള്ളാത്ത ദിവസമുണ്ടായിരുന്നോ? അന്ന് നമുക്ക് എവിടെയായിരുന്നു ഇത്രയധികം പനികള്‍? 

മഴ നനയാത്ത വീടുപോലും ഉണ്ടായിരുന്നില്ല അന്ന്. തഴപ്പായ്ക്കരികില്‍ മഴത്തുള്ളികളെ ശേഖരിക്കാന്‍ ഓട്ടുപാത്രം വച്ചുകിടന്നുറങ്ങിയിരുന്ന കാലമുണ്ടായിരുന്നു. മഴയുടെ താളം ആദ്യമായി മനസ്സില്‍ അരങ്ങേറിയത് അന്നായിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടല്‍. വേണമെങ്കില്‍ കാണണമെന്ന് തോന്നുമ്പോഴൊക്കെ കണ്ടുമുട്ടാമായിരുന്നിട്ടും അവസരങ്ങള്‍ ഒത്തുവരുന്നില്ലായിരുന്നു. അല്ലെങ്കില്‍ അങ്ങനെ തോന്നുമ്പോഴൊക്കെ ചെന്നുകാണാന്‍ പറ്റിയ ജീവിതാവസ്ഥയിലുമായിരുന്നില്ല ഞങ്ങള്‍. പക്ഷേ മനസ്സില്‍ എന്നും അവന്‍ മഴനൂല്‍ പോലെ പെയ്യുന്നുണ്ടായിരുന്നു. ഇക്കാലമത്രയും ദിനത്തില്‍ ഒരുവട്ടം പോലും അവനെക്കുറിച്ചോര്‍മ്മിക്കാതെ കിടന്നുറങ്ങിയിട്ടില്ല എന്ന് പറഞ്ഞാല്‍ അവന്‍ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല, പക്ഷേ സത്യമതായിരുന്നു.

പ്രാര്‍ത്ഥനയ്ക്കായി മെഴുകുതിരികള്‍ കൊളുത്തുമ്പോള്‍.. അവന്റെ ഗന്ധമുള്ള കാറ്റ് കടന്നുപോകുമ്പോള്‍.. കിടക്കയില്‍ ഉറക്കം വരാതെ തിരിഞ്ഞുമറിയുമ്പോള്‍... മഴപോലെ പെയ്യുന്ന ഷവറിന് കീഴെ നിൽക്കുമ്പോള്‍.. ഒരുമിച്ചുണ്ടായിരുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന ഒരു പാട്ട് കേള്‍ക്കുമ്പോള്‍.. അപ്പോഴൊക്കെ മനസ്സില്‍ അവന്‍കടന്നുവരും..അവനിപ്പോള്‍  എന്തുചെയ്യുകയായിരിക്കും.. അവന് സന്തോഷമുണ്ടായിരിക്കുമോ..

മഴ ഒരു സാധ്യതയാണെന്ന് അപ്പോള്‍ മനസ്സ് പറഞ്ഞു. എന്തിലേക്കെല്ലാമോ തുറക്കുന്ന മഴയുടെ ജാലകങ്ങള്‍. മഴയുടെ കണ്ണിലൂടെ കാണുമ്പോള്‍ എല്ലാം നല്ലതുപോലെ അനുഭവപ്പെടുന്നു. കാഴ്ചകള്‍ വ്യക്തമാകുന്നു. ഓര്‍മ്മകള്‍ക്ക് പത്തരമാറ്റിന്റെ തിളക്കം.

സ്‌നേഹത്തിന്റെ പ്രവാഹമാണ് ഓരോ മഴയും. സ്‌നേഹമുള്ളവരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു ഘടകം അതിനുണ്ട്. സാധ്യതകള്‍ ഇല്ലാതിരിക്കുമ്പോഴും കുറെക്കൂടി സ്‌നേഹത്തില്‍ നിറയ്ക്കുവാന്‍ ഓരോ ബന്ധങ്ങള്‍ക്കിടയിലും മഴപെയ്യുന്നു. ഒരു മഴപ്പെയ്ത്തിന്റെ അഭാവമാണെന്ന് തോന്നുന്നു നമ്മുടെ ബന്ധങ്ങളെയെല്ലാം വരണ്ടതാക്കിമാറ്റുന്നത്. ഇത്തിരിയൊക്കെ മഴക്കനവുകള്‍ ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് വലിയ പരിക്കുകളൊന്നും കൂടാതെ ഈ ലോകത്ത് ജീവിക്കാനാവുമെന്നും തോന്നുന്നു.

മഴയ്ക്ക് സ്‌നേഹത്തിന്റെ കുളിരുണ്ട്..സൗഹൃദത്തിന്റെ നനവുണ്ട്..പ്രണയത്തിന്റെ മഴവില്ലുണ്ട്..രതിയുടെ ആനന്ദമുണ്ട്... ഓരോ മഴയ്ക്കുശേഷവും ഓരോ മഴവില്ല് തെളിയുന്നുണ്ട് ആകാശത്ത്.. മഴ നമുക്ക് പ്രതീക്ഷ നല്കുന്നുണ്ട്.. ഭൂമിയെ ഫലമണിയിക്കാനുള്ള ദൈവത്തിന്റെ സ്വപ്നമാണെന്ന് തോന്നുന്നു മഴ.. മഴയില്ലായിരുന്നുവെങ്കില്‍ ഒരു തളിരിലയുടെ പോലും പച്ചപ്പില്ലാതെ ഭൂമി എത്രയോ വരണ്ടുപോകുമായിരുന്നു.  

തീര്‍ച്ചയായും മഴ നമ്മെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട്. അത് മനുഷ്യരെ നിഷ്പക്ഷതയോടെ കാണുവാന്‍ പ്രേരിപ്പിക്കുന്നു. ദുഷ്ടന്റെയും ശിഷ്ടന്റെയും മേല്‍ ഒരേ പോലെ പെയ്യുന്ന മഴ. മഴ ആരെയും അകറ്റിനിര്‍ത്തുന്നില്ല. ആരെയും ഒറ്റപ്പെടുത്തുന്നുമില്ല. വരണ്ട ഭൂമിയെ നനയ്ക്കാതെ അത് മടങ്ങിപ്പോകുന്നുമില്ല. 

മഴ ഏതൊന്നിനെയും ക്ലോസപ്പ് ഷോട്ടില്‍ തീവ്രമാക്കുന്നു. പ്രണയത്തെയും വിരഹത്തെയും സൗഹൃദത്തെയും കാത്തിരിപ്പിനെയും എല്ലാം. സന്തോഷത്തെയും സങ്കടങ്ങളെയും എല്ലാം. വെള്ളിത്തിരയില്‍ പെയ്യുന്ന മഴയുടെ ഭാവങ്ങള്‍ എത്ര തീക്ഷണമാണ്. ഒറ്റപ്പെടലായും വിരഹമായും തീരാദു:ഖമായും ആ മഴകള്‍ പെയ്തുതോരുന്നതേയില്ല.

മഴയിലൂടെ നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ഞാന്‍ കരയുന്നത് ആരും അറിയില്ലല്ലോ എന്നെഴുതിയ ലോകത്തെ ഒരുപാട് ചിരിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത ചാര്‍ലി ചാപ്ലിന്‍! മഴ നമ്മുടെ സങ്കടങ്ങള്‍ക്കെന്നും മറ പിടിക്കുന്നു.

'' നമുക്ക് വണ്ടി ഇവിടെ സൈഡിലെവിടെയെങ്കിലും ഒതുക്കിനിര്‍ത്താം. ഈ പ്രായത്തില്‍ മഴ  കൊള്ളുന്നത്..'' ബൈക്ക് വഴിയിലെവിടെയെങ്കിലും നിര്‍ത്താമെന്ന് അവന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അതെ മഴ നനയാനും ചില പ്രായങ്ങളൊക്കെയുണ്ടെന്ന് അവന്‍ വിചാരിക്കുന്നുണ്ടാവാം.

മിഡില്‍ ഏജ് ഒരാളുടെ  മനസ്സിന്റെ ചങ്ങാത്തങ്ങളെയും വിലക്കുന്ന പ്രായമാണോ? അയാളുടെ ഉള്ളിലെ കാൽപനികതയെയും അപഹരിക്കുന്ന ഏറ്റവും ദു:ഖപൂരിത പ്രായം? അറിയില്ല.. പക്ഷേ ഒന്ന് പറയാന്‍ നിര്‍ബന്ധിതനാകുന്നു. എന്റെ ഹൃദയത്തിലെന്നും മഴയുണ്ടായിരുന്നു. പ്രണയത്തിന്റെ മഴ..സൗഹൃദത്തിന്റെ മഴ.. ഏതുപ്രായത്തിലും പെയ്യാവുന്ന മഴകള്‍.. ഒരു മഴക്ക് നേരെയും വാതില്‍ അടയ്ക്കാന്‍ കഴിയാത്തവിധം ദുര്‍ബലനാകുന്നു ഞാന്‍.. 

നിരപ്പലകകള്‍ വീഴ്ത്തിയ കടകൾക്കു മുമ്പില്‍ വണ്ടി നിര്‍ത്തി അതിന്റെ മേല്‍ക്കൂരയ്ക്ക് കീഴിലേക്ക് ഞങ്ങള്‍ ഓടിക്കയറി. ഓരോ ഇടങ്ങളിലും പെയ്യുന്ന മഴകള്‍ വ്യത്യസ്തമാണെന്ന് തോന്നി. ചാഞ്ഞുപെയ്യുന്ന മഴ.. ചെരിഞ്ഞുപെയ്യുന്ന മഴ.. മഴകളെ ഇങ്ങനെ വേര്‍തിരിച്ചത് ആരാണ്. കവയിത്രി റോസ്‌മേരിയാണോ? 

"ഇപ്പോള്‍ മഴ പോലും വില്ലേജ് തിരിഞ്ഞും കര തിരിഞ്ഞുമാണ് പെയ്യുന്നത്..'' കടക്കാരന്‍ മഴയെ അപഗ്രഥിക്കാന്‍ ശ്രമിക്കുകയാണ്. അയാളുടെ  ആ നിഗമനം ശരിയുമാണ്. കിലോമീറ്ററുകള്‍ക്കകലെയൊന്നും പോകണമെന്നില്ല ഏതാനും ചുവടുകളുടെ വ്യത്യാസത്തില്‍ തന്നെ മഴ പെയ്യാതെയും പെയ്തുമിരിക്കുന്ന കാലമാണിത്. 

മഴവഴികളില്‍ ഒരുമിച്ച് നടന്നുനീങ്ങാന്‍ സ്‌നേഹത്തിന്റെ ഒരു കുടകള്‍ പോലും നമ്മുടെ കൈയിലില്ലാത്ത കാലം കൂടിയാണിത്. പണ്ടൊക്കെ ഒരു കുടമതിയായിരുന്നു, എത്ര പേരെയും ചേര്‍ത്തുപിടിച്ച് മഴയിലൂടെ നടന്നുനീങ്ങാന്‍. ഇന്നാവട്ടെ നടത്തത്തിന്റെ സാധ്യതകള്‍ കുറഞ്ഞുതുടങ്ങിയിരിക്കുന്ന കാലത്ത് അങ്ങനെയൊരു സ്വപ്നത്തിനും മങ്ങലേറ്റിരിക്കുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ കുടകള്‍ ആരാണ് ഉപയോഗിക്കുന്നത്? കുറച്ച് സ്‌കൂള്‍ കുട്ടികള്‍.. കുറെ ഉദ്യോഗസ്ഥകള്‍.. തൊഴില്‍രഹിതരായ സ്ത്രീകള്‍.. കുടകള്‍ ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം എത്രയോ കുറഞ്ഞുപോയിരിക്കുന്നു. 

'ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടോ എന്നോര്‍മ്മയില്ല മഴ അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല നീഎനിക്ക് അയച്ചുതന്ന ദിവസം. കൈയില്‍ കിട്ടിയപ്പോള്‍ മുതല്‍ മഴ പെയ്തുതുടങ്ങി. ഫ്‌ളാറ്റില്‍ ചെന്നുകഴിഞ്ഞിട്ട് വായിക്കാമെന്നാണ് വിചാരിച്ചത്. മഴ പെയ്യുന്നതുകൊണ്ട് ഡ്യൂട്ടികഴിഞ്ഞ് ഓഫീസിലിരുന്ന് വായിച്ചുതുടങ്ങി. അത് വായിച്ചവസാനിപ്പിച്ച് കഴിഞ്ഞപ്പോഴാണ് മഴ തോര്‍ന്നത്..'  മഴ പെയ്യുന്നത് കണ്ടുനിൽക്കെ സുഹൃത്തിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങി.  

അതുകേള്‍ക്കവെ മഴയിലേക്കൊന്ന് നീട്ടിക്കൂവണമെന്ന് തോന്നി. എഴുതിയ വരികള്‍.. കൊടുത്ത സ്‌നേഹം ഒന്നുംവെറുതെയാകുന്നില്ല.. ഒരു മഴ എവിടെയോ കാത്തുനിൽക്കുന്നുണ്ട് നമ്മെ നനയ്ക്കാന്‍.. നിന്നുകൊടുക്കുകയേ വേണ്ടൂ.. കുതറിയോടാതിരുന്നാല്‍ മതി. അത് നമ്മെ കൂറെക്കൂടി ശുദ്ധി ചെയ്ത് കടന്നുപോകും.

പെയ്യുന്ന മഴയുടെ താളം ശ്രദ്ധിക്കൂ.. അത് നമ്മുടെ ഹൃദയങ്ങളെ തരളിതമാക്കുന്നുണ്ട്.. ഇനിയും ശ്രദ്ധിച്ചാല്‍ അത് നമ്മോട് എന്തോ പറയുന്നുമുണ്ട്.. ശക്തമായ ഒരു തുമ്മലുണ്ടായത് അപ്പോഴാണ്. പിന്നെ തുടര്‍ച്ചയായ തുമ്മലുകള്‍..

'മഴ അബദ്ധമായോ'' എന്ന് അവന്റെ സംശയം. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മഴ നനയുന്നത്! അതാവാം. മഴ തോര്‍ന്നപ്പോള്‍ വീണ്ടും യാത്ര. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടായിരുന്നു. അവന്റെ താമസസ്ഥലമെത്തിയപ്പോഴേക്കും ശരീരത്തില്‍ ചൂട് നിറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് പനി പിടിച്ചത്. വെറുതെയല്ല ഇന്നത്തെ കാലത്ത് ആരും മഴ കൊള്ളാത്തത്. പെയ്തു തീര്‍ന്ന മഴകളെക്കാള്‍ എത്രയധികമുണ്ടാവും പെയ്യാതെ പോകുന്ന മഴകള്‍...

രാത്രിയില്‍ ഉടല്‍ ഒരു തീക്കുണ്ഡം പോലെ  എരിയുന്നുണ്ടെന്ന് തോന്നി. പക്ഷേ കുളിരുള്ള ഏതോ ഒരു കരം അണച്ചുപിടിച്ചിട്ടുള്ളതുപോലെ. നനവിന്റെ മാറത്ത് മുഖം ചേര്‍ത്തുവച്ചിരിക്കുന്നതുപോലെ. പൂര്‍ണ്ണമായും ഉറങ്ങിയിട്ടില്ല എന്നത് സത്യം. പക്ഷേ അത്രയും ശാന്തത ഹൃദയത്തില്‍ അതിന് മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല.

ആരുടേതാണീ കൈകള്‍.. ആരുടേതാണീ മുഖം.... മഴയുടേതായിരിക്കുമോ?

മഴയേ,..മഴയേ..