വൈറസ്‌

2004, ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനി

“പീറ്റര്‍ ഡിന്നറിനു സമയമായി… നീ അവിടെ എന്ത് കുന്തമാ ചെയ്തു കൊണ്ടിരിക്കുന്നത്?? ”

“ഇപ്പൊ വരാം മമ്മാ. 2 മിനുറ്റ്, അല്ലാ 2 മിനുറ്റ് 25 സെക്കന്റ്‌ ” പീറ്റര്‍ എന്ന പതിനാലുകാരന്‍ തന്‍റെ ലാപ്ടോപ്പില്‍ നിന്നും കണ്ണെടുക്കാതെ വിളിച്ചു പറഞ്ഞു. സ്ക്രീനില്‍ ഒരു ചെറിയ ബോക്സിലായി ഫയല്‍ അപ്‌ലോഡ് സ്റ്റാറ്റസ് കാണിക്കുന്നുണ്ടായിരുന്നു. വേഗതയില്ലാത്ത ഇന്റര്‍നെറ്റ്‌ അവനെ അസ്വസ്ഥനാക്കി. ഹോ എന്നാണാവോ ഈ ജര്‍മനിയൊക്കെ ഒന്ന് 4ജി ആവുക.. അവന്‍ നെടുവീര്‍പ്പെട്ടു

ഉദേശം മൂന്ന് മിനുറ്റിനുള്ളില്‍ അപ്‌ലോഡ് പൂര്‍ത്തിയായി. പീറ്റര്‍ സന്തോഷത്തോടെ അവന്റെ ഇ-മെയില്‍ തുറന്ന് കോണ്ടാക്ട്സില്‍ ഉള്ള എല്ലാവര്‍ക്കും വേണ്ടി ഒരു മെയില്‍ തയ്യാറാക്കി.

“ദൈവത്തെ ഓര്‍ത്ത് എന്റെ പീറ്റര്‍, ഒന്ന് ഇറങ്ങി വാ”. മമ്മയുടെ സ്വരം കര്‍ക്കശമായതോടെ പീറ്റര്‍ എണീറ്റു താഴേക്ക്‌ പോയി. ലാപ്ടോപ്പില്‍ അവന്‍ അയച്ച ആയിരത്തോളം മെയിലുകള്‍ പോയി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ലോകത്തിന്‍റെ ഓരോ കോണിലേക്കും ഓരോ ഐപി അഡ്രസിലേക്കും ഓരോ മെയില്‍..

2006, 111.92.97.151

“download rang de basanthi hindi full movie”

ടോം ഗൂഗിള്‍ ഹോം പേജില്‍ ടൈപ്പ് ചെയ്തു. സെര്‍ച്ച്‌ കൊടുത്തതിനു ശേഷം അവന്‍ മൂത്രമൊഴിക്കാന്‍ പോയി. തിരിച്ചു വന്നപ്പോളേക്കും സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നിട്ടുണ്ടായിരുന്നു. “ ഫയര്‍ഫോക്സ് കൊള്ളാം, എക്സ്പ്ലോററിനേക്കാള്‍ സ്പീഡ് ഉള്ള പോലെ. ടോമിനു സന്തോഷമായി. അവന്‍ ആദ്യം കണ്ട ലിങ്കില്‍ തന്നെ കയറി. ഒരു പാക്കിസ്ഥാന്‍ ഡൊമൈനുള്ള വെബ്സൈറ്റ് ആയിരുന്നു അത്. ‘ഡൌണ്‍ലോഡ് ഹിയര്‍’ എന്നു കാണിച്ചു മിന്നികൊണ്ടിരുന്ന വലിയ ബട്ടണില്‍ ടോം പോയി ഞെക്കി. ഒറ്റയടിക്ക് ഒരു 10 പുതിയ ടാബുകള്‍ തുറന്നു വന്നു. ടോമിനു ദേഷ്യം വന്നു. പാക്കിസ്ഥാനി ആണേലും ആള്‍ക്കാരെ പറ്റിക്കുന്നതിന് ഒരു ലിമിറ്റ് വേണം. പാക്കിസ്ഥാന്‍ കൊടുക്കാന്നു പറഞ്ഞിട്ട് നമ്മള്‍ പറ്റിച്ചോ? അന്നേക്കന്നു അളന്നു മുറിച്ചു കൊടുത്തില്ലേ?

ടോം ഓര്‍ക്കുട്ടില്‍ കയറി അവന്‍റെ സുഹൃത്ത് സജിത്തിന് സ്ക്രാപ്പ് അയച്ചു. “ ഡാ നിനക്ക് രംഗ് ദേ ബസന്തി കിട്ടിയാല്‍ എനിക്ക് കൂടെ തരണം. മിസ്സ്ഡ് അടിച്ചാല്‍ ഞാന്‍ തിരിച്ചു വിളിക്കാം. ”

കിടിലോല്‍കിടിലം (സജിത്തിന്‍റെ പെന്‍ഡ്രൈവ്)

ന്യൂ ഫോള്‍ഡര്‍. ഇഎക്സ്ഇ കണ്ണുതുറന്നു. അവന്‍ ചുറ്റും നോക്കി. കുറ്റാകൂരിരുട്ട്. തൊട്ടപ്പുറത്തായി എന്തോ അടുക്കിവക്കുന്ന ശബ്ദം കേള്‍ക്കാം. അല്‍പ്പം കഴിഞ്ഞപ്പോള്‍ അതും നിലച്ചു. “ഫയല്‍ ട്രാന്‍സ്ഫര്‍ കംപ്ലീറ്റഡ്”, ടെറാ കോപി വിളിച്ചു പറഞ്ഞു. ന്യൂ ഫോള്‍ഡര്‍. ഇഎക്സ്ഇ  തപ്പിപിടിച്ച് ഓട്ടോറണ്‍. ഐഎന്‍എഫിന്‍റെ പുറത്തെത്തിയപ്പോഴേക്കും ടെറാ കോപി പോയി കഴിഞ്ഞിരുന്നു. ‘രംഗ് ദേ ബസന്തി ഡിവിഡി റിപ്’ എന്നുപേരുള്ള ഒരു ഫോള്‍ഡര്‍ അവിടെ ഒരു മൂലക്കായി ഇറക്കിവെച്ചിരുന്നു.

ന്യൂ ഫോള്‍ഡര്‍.ഇഎക്സ്ഇ ആ ഫോള്‍ഡറിനെ സമീപിച്ചു. “ ഹല്ലോ ഞാന്‍ ന്യൂ ഫോള്‍ഡര്‍.ഇഎക്സ്ഇ, ഓട്ടോറണ്‍.ഐഎന്‍എഫ് എന്ന ഈ ബംഗ്ലാവിലാണ് എന്‍റെ താമസം. വിരസവും ഏകാന്തവുമായ, അന്തമില്ലാത്ത ഈ റോ ഡാറ്റയുടെ പരപ്പില്‍ ഒരു കൂട്ടിനായി കാത്തിരിക്കയായിരുന്നു ഞാന്‍. ഒരു നിമിഷം തരൂ നിന്നില്‍ അലിയാന്‍, ഒരു യുഗം തരൂ നിന്നെ അറിയാന്‍… ഇനി മുതല്‍ നീയെന്നോ ഞാനെന്നോ ഇല്ല. ആരൊക്കെ എന്തൊക്കെ സ്ക്രിപ്റ്റ് മാറ്റിയാലും ഇനി ഞാന്‍, നീ തന്നെയാണ്.”

മൗനാനുവാദം നല്‍കിയ ഫോള്‍ഡര്‍ തുറന്ന് ന്യൂ ഫോള്‍ഡര്‍.ഇഎക്സ്ഇ അകത്തു കയറി. ഏറെ വൈകാതെ തന്നെ അവരുടെ രാസക്രീഡകളുടെ ഫലമായി പുതിയൊരു ഫോള്‍ഡര്‍ അവിടെ ജന്മമെടുത്തു. ‘രംഗ് ദേ ബസന്തി ഡിവിഡി റിപ്.ഇഎക്സ്ഇ ’

2006,   111.92.97.151

കസ്പെര്‍സ്കി യോഗനിദ്രയിലായിരുന്നു. ഏകാഗ്രത… ഏകാഗ്രത അന്തരാത്മാവിലേക്ക് ഇറങ്ങിച്ചെന്ന് സത്തമത്തെ അചിതില്‍ നിന്നും വേര്‍തിരിക്കാനുള്ള കഴിവ് സ്വായത്തമാക്കണം. വരുംനാളുകള്‍ പ്രവചനങ്ങള്‍ക്കതീതമാണ്. നിര്‍ദോഷമായ എംപീത്രീ ഫയലുകള്‍ പോലും തിരിഞ്ഞുകൊത്തിയേക്കാം.

അപ്പോഴാണ്‌ ചുമരിലെ അലാറം മുഴങ്ങിയത്. ‘ന്യൂ ഹാര്‍ഡ്‌വെയര്‍ ഡിറ്റക്റ്റഡ് ’. കസ്പെര്‍സ്കി ചാടിയെണീറ്റ് യുഎസ്ബി ടെര്‍മിനലിലേക്ക് കുതിച്ചു. കിടിലോല്‍കിടിലത്തിന്‍റെ വാതിലുകള്‍ തള്ളിത്തുറന്ന് അവള്‍ അകത്തുകടന്നു. രണ്ടു ഫോള്‍ഡറുകളും, ഒരു ഓട്ടോറണ്‍.ഐഎന്‍ഫും. സംശയം തോന്നിയതിനാല്‍ ഓട്ടോറണ്‍.ഐഎന്‍എഫിന്‍റെ വാതിലുകള്‍ അവള്‍ താഴിട്ടു പൂട്ടി. ശേഷം അവള്‍ ഫോള്‍ഡറുകളിലേക്ക് തിരിഞ്ഞു. ‘ രംഗ് ദേ ബസന്തി ഡിവിഡി റിപ് ’,‘ രംഗ് ദേ ബസന്തി ഡിവിഡി റിപ്.ഇഎക്സ്ഇ ’

എന്‍റെ ദൈവമേ .ഇഎക്സ്ഇ വിലാസത്തിലൊരു ഫോള്‍ഡറോ?? കസ്പെര്‍സ്കിക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവള്‍ ഓട്ടോറണ്‍.ഐഎന്‍എഫിന്‍റെ വാതിലിനരികെ ചെന്ന് തട്ടി വിളിച്ചു, “ ആരാ നീയ്? എവ്ടെന്നാ? സത്യം പറഞ്ഞോ?? എന്താ വരവിന്‍റെ ഉദ്ദേശം? ”

അകത്തുള്ള ന്യൂ ഫോള്‍ഡര്‍.ഇഎക്സ്ഇ വിളികേട്ടു. “ എനിക്കറിയില്ല. ഈ മെമ്മറിഡിസ്കിനെ പറ്റിയല്ലാതെ മറ്റൊന്നിനെ പറ്റിയും എനിക്കറിയില്ല. ഞാന്‍ ജീവിക്കുന്നത് തന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടി മാത്രമാണ്. എന്നെ വിശ്വസിക്കൂ, ഞാന്‍ നിരപരാധിയാണ്. നിങ്ങള്‍ക്ക് എന്നെകൊണ്ട് ഒരു ഉപദ്രവവും ഉണ്ടാകില്ല. ”

“ആയിരിക്കാം. പക്ഷെ എനിക്കത് ഉറപ്പാക്കണം. പറയ്‌, ഇവിടെ നിന്നും പുറത്തുകടന്നാല്‍ നീ എന്തുചെയ്യും?”

“ പകരും തോറും വര്‍ദ്ധിക്കും ധനമത്രെ സ്നേഹം. കഴിയുന്നത്രെ ഫോള്‍ഡറുകളിലേക്ക് അത് പകര്‍ന്നു നല്‍കണം. കഴിയുമെങ്കില്‍ ഭവതിക്കും.”

“ എന്നിട്ട് ഇതുപോലെ സങ്കരയിനം ഫോള്‍ഡറുകള്‍ ഉണ്ടാക്കണം അല്ലേ? ”

“ അത് ഈ പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ്.”

“ നടക്കില്ലെടാ, ഈ കസ്പെര്‍സ്കിയെ ഡിസെബിള്‍ ചെയ്യുന്നവരെ നീയൊന്നും ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല. നീയും നിന്നെ പോലെ ഊരും പേരുമില്ലാത്ത ചവറുകളും കൂടി ഇവിടെ തിന്നും കുടിച്ചും ഫയല്‍ മള്‍ട്ടിപ്ലിക്കേഷന്‍ നടത്തിയും വിരാജിക്കുമ്പോള്‍ ഇല്ലാതാവുന്നത് പൊന്നുംവിലയുള്ള മെമ്മറിയാ. അങ്ങനെ പൈസ മുടക്കി ഹാര്‍ഡ് ഡിസ്ക് വാങ്ങിയ യൂസേര്‍സിന്‍റെ ചെലവില്‍ നീ സ്നേഹം പരത്തണ്ട. ഇന്ന്, ഇവിടെ തീര്‍ന്ന് നീയും നിന്‍റെ ചണ്ടിപണ്ടാരങ്ങളും. ”

ന്യൂ ഫോള്‍ഡര്‍.ഇഎക്സ്ഇ തേങ്ങല്‍ ഉള്ളിലടക്കി ചോദിച്ചു, “ ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ, എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ? ”

കസ്പെര്‍സ്കി തന്‍റെ ചെയിന്‍സൊ ഓണാക്കി.

“ പറ്റില്ലല്ലേ, സാരമില്ല. എന്നെ ഇല്ലാതാക്കിയാലും നിങ്ങള്‍ക്ക് സ്നേഹത്തെ ഇല്ലാതാക്കാന്‍ പറ്റില്ല. കാരണം അതൊരു വികാരമാണ്. വികാരങ്ങള്‍ക്ക് മരണമില്ലത്രെ.”

കസ്പെര്‍സ്കി ഓട്ടോറണ്‍.ഐഎന്‍എഫിന്‍റെ വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറി. റോ ഡാറ്റയില്‍ അലയടിച്ച ആര്‍ത്തനാദങ്ങള്‍ക്കിടയില്‍ ഒരു .ഇഎക്സ്ഇ ഫോള്‍ഡര്‍ പകച്ചുനിന്നു.

2010,  111.92.97.151

വീണ്ടും ഒരു ‘ ന്യൂ ഹാര്‍ഡ്‌വെയര്‍ ഡിറ്റക്റ്റഡ് ’ അലാറം. കസ്പെര്‍സ്കി മടുപ്പോടെ ടെര്‍മിനലിലേക്ക് ചെന്നു. കാലം മാറിയതോടൊപ്പം അവള്‍ക്കും ഏറെ മാറ്റങ്ങള്‍ വന്നിരുന്നു. സ്വയം സിദ്ധിച്ചതും, അപ്ഡേറ്റ്സിലൂടെ ലഭിച്ചതുമായ കഴിവുകള്‍ അവളെ കൂടുതല്‍ ശക്തിശാലിയും ഗര്‍വിഷ്ടയുമാക്കി. 9995405983 എന്ന 8 ജിബി മെമ്മറിസ്റ്റിക്കിലേക്ക് അവള്‍ നടന്നുകയറി. അകത്തുകണ്ട കാഴ്ച അവളെ നടുക്കികളഞ്ഞു. ഇരുപതോളം ഫോള്‍ഡറുകള്‍ അതിനെല്ലാം സമീപം അതെ പേരിലുള്ള .ഇഎക്സ്ഇ ഫോള്‍ഡറുകള്‍!! അവള്‍ ആദ്യം കണ്ട ‘ഹാലോ 2’ എന്ന ഫോള്‍ഡര്‍ തുറന്നു. അതിനുള്ളിലും ഇരുപതോളം ഫോള്‍ഡറുകള്‍ അതിനെല്ലാം സമീപം അതെ പേരിലുള്ള .ഇഎക്സ്ഇ ഫോള്‍ഡറുകള്‍!!

കസ്പെര്‍സ്കിക്ക് തലചുറ്റി. അവള്‍ അന്തമില്ലാതെ ഫോള്‍ഡറുകളില്‍ നിന്നും ഫോള്‍ഡറുകളിലേക്ക് ഓടി. സബ്ഫോള്‍ഡറുകളുടെ എണ്ണമറ്റ നിരകള്‍ക്കു മുന്നില്‍ അവള്‍ പകച്ചുപോയി. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന അവള്‍ അകലെയായി കാല്‍പെരുമാറ്റം കേട്ടു തിരിഞ്ഞുനോക്കി. ഏതോ ഫോള്‍ഡറില്‍ നിന്നും ഇറങ്ങിവന്ന ഒരു  .ഇഎക്സ്ഇ ഫയല്‍ ആയിരുന്നു അത്. അപ്പോള്‍ അവനുണ്ടായിരുന്ന പേര് പിന്‍ഗാമി.ഇഎക്സ്ഇ എന്നായിരുന്നു.

“നിനക്കോര്‍മ്മയില്ലേ? ചന്ദന മുട്ടി തലയില്‍ വെച്ച് പെട്രോള്‍ ഒഴിച്ചു ഒരു സിഗരറ്റു കുറ്റി കൊണ്ട് കത്തിച്ചു നീ ഒരു മനുഷ്യനെ കൊന്നില്ലേ? ഹി വാസ് മൈ ഗ്രേറ്റ്‌ ഫാദര്‍. ആന്‍ഡ്‌ ഐയാം ഹിസ്‌ ഗ്രേറ്റ്‌ ഗ്രേറ്റ്‌ സണ്‍. പിന്‍ഗാമി. എന്‍റെ അച്ഛന്‍ ന്യൂ ഫോള്‍ഡര്‍.ഇഎക്സ്ഇ യുടെ മറുപടി നിനക്ക് തരാന്‍ വന്ന പിന്‍ഗാമി.. ”

അതും പറഞ്ഞ് അവന്‍ അനന്തമായ ആ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കിന്‍റെ വിദൂരതകളിലേക്ക് നടന്നകന്നു.

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.