ആഴിയിലെ മരുഭൂമികള്‍....

ഏഴാം ദിവസമായ ഇന്ന് എന്‍റെ മരണം അവര്‍ സ്ഥിരീകരിക്കും... സര്‍ക്കാര്‍ കാര്യങ്ങള്‍ എല്ലാം പതിയെ ആണെങ്കിലും ഒരാഴ്ച ആയ സ്ഥിതിക്ക് ഇന്ന് അതുണ്ടാവും....

സൂര്യപ്രകാശം കണ്ണുകളിലേക്കു അടിച്ചു കയറിയപ്പോഴാണ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്, അതോ ബോധം തെളിഞ്ഞതോ... അറിയില്ല....

എന്തായാലും തനിച്ചായിട്ട് ഇന്നേക്ക് ഏഴാമത്തെ പുലര്‍ച്ചയാണ്...

ക്ഷീണം കാരണം കണ്ണ് തുറക്കാനേ വയ്യ... തലയിലെ മുറിവ് ഉണങ്ങിയിട്ടില്ല... ഇടത്തെ കാല്‍ മുട്ടിനു താഴേക്കു മരവിച്ചു തന്നെ ഇപ്പോഴും.... ഇന്നലത്തെ രാത്രിയില്‍ ആഞ്ഞു വീശിയ കാറ്റില്‍ മരണത്തെ പുല്‍കാന്‍ തയാറായെങ്കിലും അന്നത്തെ രാത്രിയിലെ പോലെ മരണത്തിന് എന്നെ വേണ്ടായിരിന്നു... ഞാന്‍ തയ്യാറായിരിന്നു എല്ലാ വിധത്തിലും..

നിങ്ങള്‍ ഒരിക്കലും ഇതിനെ ഒരു ആത്മഹത്യയെന്നോ, ഒളിച്ചോട്ടം എന്നോ കരുതരുത്... ഒരിക്കലും എന്‍റെ കാര്യത്തില്‍ അങ്ങനല്ല... സാധാരണ ജീവിതത്തില്‍ പ്രതീക്ഷകള്‍ ഇല്ലാതാവുമ്പോഴാണ് ആളുകള്‍ മരണത്തെ വരിക്കുന്നത് പക്ഷേ എന്‍റെ കാര്യത്തില്‍ അങ്ങനല്ല... എന്‍റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുന്നു ഇപ്പോള്‍...!!

വെയില്‍ കടുത്തു തുടങ്ങി.... വല്ലാത്ത ദാഹം... മുഖത്തെയും കൈകാലുകളിലെയും തൊലി വരണ്ടു പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു... ആയാസപ്പെട്ട്‌ കൈയ്യുയര്‍ത്തി നോക്കി, വിരലുകളെല്ലാം കോച്ചി വിളറി വെളുത്തിരിക്കുന്നു.... ക്ഷീണം, അതിന്‍റെ എല്ലാ അതിരുകളും കഴിഞ്ഞിരിക്കുന്നു..

കടല്‍പ്രാവുകളെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു, അവറ്റകളെ കണ്ടിരുന്നെങ്കില്‍ ഒരു രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഏതെങ്കിലും കര ഉറപ്പാണ്... ഏതൊരു നാവികന്‍റെയും അവസാന പ്രതീക്ഷയാണ് പ്രാവുകള്‍.... ഇല്ല ഒന്നുപോലും ആകാശത്ത്....

വെയിലേറ്റു കണ്ണ് മഞ്ഞളിക്കുന്നു... ഇനി നീളത്തില്‍ പൊളിഞ്ഞു കീറിയ ഈ മരക്കഷണത്തില്‍ വെയിലാറും വരെ കമിഴ്ന്നു കിടക്കണം.... ചെറിയ തിരകളും കാറ്റും എന്നെ ഉള്‍ക്കടലിലേക്ക് എത്തിച്ചു കഴിഞ്ഞു... ഇനി ഒരു തിരിച്ചുപോക്ക് അസാധ്യം..

എന്താണ് ആ രാത്രി സംഭവിച്ചത് എന്ന് എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും തെളിഞ്ഞു വരുന്നില്ല. ഇരുട്ടില്‍ നിന്നുള്ള കുര്യന്‍റെ അലര്‍ച്ച ആണ് ആദ്യം കാതില്‍ മുഴങ്ങുന്നത്... ഏഴരയോടെ ഭക്ഷണം കഴിച്ച് അവുതേട്ടനെയും മണിയേയും സ്രാങ്കിന്‍റെ പണി ഏല്‍പ്പിച്ചിട്ട് കുറച്ചു നേരം ഞങ്ങള്‍ ചീട്ടു കളിച്ചു... രാവിലെ ഹാര്‍ബറില്‍ എത്തിയാല്‍ ഉള്ള അദ്ധ്വാനം ഓര്‍മിപ്പിച്ചു കൊണ്ട് കുര്യന്‍ കയറിക്കിടന്നു... ബാക്കിയുള്ളവരും അതോടെ കളി മതിയാക്കി...

ശാന്തമായ ഒരു രാത്രിയായിരിന്നു അത്.. പക്ഷേ, എനിക്ക് മാത്രം ഉറക്കം വന്നില്ല. കണ്ണടക്കുമ്പോള്‍ മൂത്ത മകള്‍ രാജിയുടെ മകന്‍റെ മുഖം ആണ് ഓര്‍മ്മ വന്നത്... പാവം ഈ ഏഴു വയസ്സില്‍ എന്‍റെ കൊച്ചുമോന്‍ എത്രത്തോളം വേദന തിന്നു കാണും.. എന്‍റെ കുഞ്ഞ് ശ്വാസം കിട്ടാതെ ആശുപത്രി കട്ടിലില്‍ കിടന്നു പിടയുന്നത് കണ്ടു വിളിക്കാത്ത ദൈവങ്ങളില്ല... അവനെ താഴെ വയ്ക്കാതെയാണ് ഞങ്ങള്‍ വളര്‍ത്തിയത്, പക്ഷേ വിധി....

ഓപ്പറേഷന്‍ നടത്താന്‍ ആശുപത്രിക്കാര്‍ ചോദിച്ച തുക കണ്ടെത്താനായിട്ട് പണയത്തിലിരിക്കുന്ന ആധാരം ഒന്ന് പുതുക്കി വയ്ക്കാനായി ബാങ്കിലെ മാനജരോട് ചോദിച്ചപ്പോള്‍, കുടിശിഖ ബാധ്യതയും, പലിശയും അടച്ചു തീര്‍ത്താല്‍ നോക്കാമെന്ന് അയാള്‍ പറഞ്ഞു... അത് തന്നെ വലിയൊരു തുക വരും... ഇളയ മകള്‍ അനിതയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ കിട്ടാതിരുന്നതു കാരണം ഈ വര്‍ഷം തയ്യല്‍ക്കടയിലേതും, ട്യുഷന്‍ എടുത്തും സ്വരുക്കൂട്ടിയതുമെല്ലാം ഇപ്പോഴേ അപ്പുവിന്‍റെ ആശുപത്രിക്കാര്യങ്ങള്‍ക്ക് വേണ്ടി ചിലവാക്കി കഴിഞ്ഞു.. സ്ത്രീധനത്തിന്‍റെ പേരില്‍ രാജി ഭര്‍തൃവീട്ടുകാരുടെ ദ്രോഹം സഹിക്കാതെ ഇറങ്ങിപ്പോരുകയായിരിന്നു ഒരു ദിവസം. സുരേഷ് ആണെങ്കിൽ ഇപ്പോള്‍ അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാറില്ല.... അടുത്ത ദിവസം ഏതാണ്ട് ചില ടെസ്റ്റുകള്‍ ഉണ്ടത്രേ അപ്പൂന്...

അങ്ങനെയാണ് വയ്യെങ്കിലും, മോളുടെ എതിര്‍പ്പ് അവഗണിച്ച് പഴയ സുഹൃത്ത് കുര്യനെ നിര്‍ബന്ധിച്ച് വശപ്പെടുത്തി അവന്‍റെ മേരിമാതയില്‍ ഒരു കൂപ്പിന് കയറിയത്.... എനിക്കൊരു സഹായം ആകട്ടെയെന്നു അവനും കരുതിക്കാണും...

  

അങ്ങനെ എന്തൊക്കെയോ ആലോചിച്ചു എപ്പഴോ ഞാനുറങ്ങി...

ഭയങ്കരമായ എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്... നല്ല മഴയും കാറ്റും.... സ്വപ്നം ആണോ യാഥാര്‍ത്ഥ്യമാണോ എന്ന് ശങ്കിച്ചു നില്‍ക്കെ കുര്യന്‍റെ അലര്‍ച്ച കാതില്‍ മുഴങ്ങി ഒപ്പം ഞങ്ങളുടെ ബോട്ട് നടുവേ പിളരുന്നതിന്‍റെ ഭയാനക ശബ്ദവും... ആരോ എടുത്തെറിഞ്ഞ പോലെ തെറിച്ചു വെള്ളത്തില്‍ വീണു. പൊളിഞ്ഞു മറിഞ്ഞ ബോട്ടിന്‍റെ പകുതിയുടെ അടിയിലൂടെ നീന്തി മുകളിലെത്തി.. ശക്തമായ ഒരു മിന്നൽ... ഞാന്‍ ചുറ്റും നോക്കി... ഇല്ല ഒന്നും കാണാനില്ല... ബോട്ടിന്‍റെ മറുപകുതി കടലില്‍ താണ് കഴിഞ്ഞു.. ഒന്നും വ്യക്തമല്ല വീണ്ടും കൂറ്റാകൂരിരുട്ടും മഴയും കാറ്റും.. എന്തിലോ കൈ തടഞ്ഞു... ബോട്ടിന്‍റെ മേല്‍ത്തട്ടില്‍ നിന്ന് ഇളകിത്തെറിച്ച വലിയൊരു പലകയായിരിന്നു അത്... അതില്‍ കെട്ടുപിണഞ്ഞു കിടന്നിരുന്ന കയറില്‍ കൈകള്‍ കുരുക്കി കിടന്നു..തിരകള്‍ എന്നെ അമ്മാനമാടുകയായിരിന്നു... തലയുടെ ഒരു വശം മരവിച്ച പോലെ... ഇടയ്ക്കിടെ നെറ്റിയില്‍ ശക്തമായ വേദന... ചുറ്റിലും നോക്കി അലറി വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല....

ആകാശത്തിനും കടലിനും ഇടയില്‍ ഒരു മരപ്പലകയും കുറച്ചു കയറും പിന്നെ ഞാനും... കാറ്റിലും മഴയിലും തകര്‍ന്നതാണോ ബോട്ട്... അതോ വല്ല കപ്പലും... ഒന്നും അറിയില്ല...

ജോണിയും, കുര്യനും.... എവിടെ അവരെല്ലാം....

മണിയുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസമേ ആയുള്ളൂ... പാവം...

അവുതേട്ടന്‍....അറിയില്ല ദൈവമേ, അറിയില്ല.... ഉറക്കെ കരയുകയായിരിന്നു ആദ്യ ദിനങ്ങളില്‍.... പിന്നെപ്പിന്നെ മനസ്സ് ശാന്തമായി... നീലജലത്തിന്നു മുകളിലൂടെ തെന്നിനീങ്ങുന്ന പലകയില്‍ ഇരുകൈകളും കയറിനാല്‍ ബന്ധിച്ച് അങ്ങനെ എങ്ങോട്ടെന്നില്ലാതെ ഞാന്‍ ഒഴുകി നീങ്ങി....

രാത്രിയും പകലുകളും മാറി മാറി വന്നു... പക്ഷേ എന്നെത്തേടി ആരും വന്നില്ല... ഇപ്പോള്‍ എനിക്ക് വിശപ്പും ദാഹവുമില്ല... ബോധാബോധ സഞ്ചാരത്തിന്നിടയില്‍ വിശപ്പും ദാഹവും മറന്നു മനസ്സ് ചില ചിന്തകളിലേക്ക് വീണിരിക്കുന്നു...

അങ്ങനെ ഇത് എഴാം ദിവസം... പലകയില്‍ അള്ളിപ്പിടിച്ച് കിടക്കവേ ഞാന്‍ ഇന്നലെയെടുത്ത എന്‍റെ തീരുമാനം ഒന്ന് കൂടി ഉറപ്പിച്ചു...

ഇന്ന് എന്‍റെ മരണം നാട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടാവണം... ഇതിനകം ഒരു ലക്ഷം രൂപയെങ്കിലും കളക്ടറുടെ തല്‍ക്കാല ദുരിതാശ്വാസസഹായ നിധിയില്‍ നിന്ന് അനിമോള്‍ക്ക് കിട്ടിക്കാണും... ഇനി ഒരാഴ്ച കൂടി കഴിഞ്ഞാല്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കും... ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് നാട്ടില്‍ ഒരു സ്ഥിരം ആക്ഷന്‍ കൗണ്‍സില്‍ ഉണ്ട്... അത് ചിലപ്പോ അഞ്ചു ലക്ഷത്തില്‍ കുറയാതെ കാണും... അതിനു ഞാന്‍ മരിക്കണം ജീവനോടെ തിരിച്ചു ചെന്നാല്‍ ആ വഴിയും അടയും.. ആരേലും തിരഞ്ഞു വരുന്നതിനു മുന്‍പ് മരണത്തെ പുല്‍കിയാല്‍ ആ തുക എന്‍റെ കൊച്ചുമോന്‍റെ ഹൃദയത്തിനു നല്‍കാം...

അങ്ങനെ എഴാം ദിനം സന്ധ്യയായി ...

പതിനാറാം വയസ്സ് മുതല്‍ ഞാന്‍ കണ്ട കടല്‍ അല്ല ഇത്.... എന്‍റെ ഈ അമ്പത്തിയെട്ടാമത്തെ നാളുകളില്‍ കടല്‍ ഒരു മരുഭൂമി ആയി മാറിയിരിക്കുന്നു... വഴി തെറ്റി മരുഭൂമിയിലൂടെ രാപകലില്ലാതെ നടന്നു തളര്‍ന്നു, തീ പറക്കുന്ന മണ്ണില്‍ വീണു മണ്ണോടു മണ്ണായ ഒരു പഥികനായി ഞാനും മാറിയിരിക്കുന്നു.... 

എന്‍റെ ജീവന്‍റെ വില എനിക്കിപ്പോള്‍ നന്നായറിയാം.... ഇനിയെന്താണ് ജീവിതത്തില്‍ ബാക്കിയുള്ളത് കാണാനും അറിയാനും... ഒന്നുമില്ല.

കാണാത്ത, തുഴയാത്ത കടലില്ല... ഒന്നിന് പിറകെ ഒന്നായി എന്നെ മൂടിയ ഇരുണ്ട കാര്‍മേഘങ്ങളെ ഞാന്‍ തോല്‍പ്പിച്ചില്ലേ... ഇനിയൊന്നും ബാക്കിയില്ല.

  

ഇതൊരിക്കലും ഒരു ആത്മഹത്യയാണെന്ന് നിങ്ങള്‍ പറയരുത്.... ഒരു സമര്‍പ്പണമാണിത്, വീട്ടാനാവാത്ത ചില കടങ്ങള്‍ തീര്‍ക്കാനുള്ള ഒരു അവസരം ഞാനും ഉപയോഗപ്പെടുത്തുന്നു അത്രേയുള്ളൂ......

കടലിന്‍റെ മക്കള്‍ ഒരിക്കലും മുങ്ങിമരിക്കില്ല....

അതിനായി ചില മുന്നൊരുക്കങ്ങള്‍ വേണം... അത് പൂര്‍ത്തിയായിരിക്കുന്നു...

രാത്രിയില്‍ പൂര്‍ണ്ണമായ അന്ധകാരത്തില്‍ മരപ്പലക തള്ളി മാറ്റി മുന്നോട്ടു നീന്തുക... നീന്തി നീന്തി അവശനാവുമ്പോ പൂര്‍ണ്ണ ശ്വാസം എടുത്ത് നേരെ കടലിന്‍റെ അഗാധതയിലേക്ക് ഊളയിടുക... എത്ര ആഴത്തിലേക്ക് നീന്താനാവുമോ അത്ര ആഴത്തിലേക്ക്..... അങ്ങനെ താഴേക്കു നീന്തി നീന്തി ഹൃദയം പൊട്ടാറാകുമ്പോള്‍ നമ്മള്‍ ചുറ്റും ഒരു വെളിച്ചത്തിനായി പരതും. അത് പ്രത്യാശയാണ്, ആ വെളിച്ചം ഇല്ലാതിരിക്കാനാണ് ഞാന്‍ രാത്രിയിലെ ഇരുട്ട് തിരഞ്ഞെടുത്തത്... ചുറ്റും ഇരുട്ടാവുമ്പോള്‍ നിന്‍റെ ലക്ഷ്യം തെറ്റും... അങ്ങനെ നീ കൂടുതല്‍ ആഴത്തിലേക്ക് നീന്തും.. അപ്പോള്‍ ആഴിയിലെ ഉപ്പുരസം കലര്‍ന്ന ജലം നിന്‍റെ ദാഹമകറ്റും...അത്  നിന്നെ ഉന്മാദത്തിലാറാടിക്കും. അത് നിന്‍റെ സ്വപ്നങ്ങളെ ഉണര്‍ത്തും, ആ സ്വപ്‌നങ്ങള്‍ നിന്നെ കൈപിടിച്ച് നിന്‍റെ തീരത്തെത്തിക്കും, അവസാനമായി....

അങ്ങനെ ഞാന്‍ വീണ്ടും മരുഭൂമിയിലെ യാത്രികനായി മാറും...

ജീവിതസമസ്യയില്‍ ദാഹിച്ചു വീണു പോയ... ആഴിയിലെ മരുഭൂമിയില്‍ തീ പറക്കുന്ന മണ്ണില്‍ മരിക്കാതെ മരിച്ച് മണ്ണോടു മണ്ണായ ജീവിതം...

എട്ടാം ദിനം.. പ്രഭാതകിരണങ്ങള്‍ പ്രതിഫലിക്കുന്ന കടല്‍ത്തിരകളുടെ മേലെ, മെല്ലെ തെന്നിനീങ്ങുന്ന അയാളുടെ മരപ്പലകയില്‍ രണ്ടു കടല്‍പ്രാവുകള്‍ വന്നിരുന്ന് കൊക്കില്‍ കുരുങ്ങിയ മീനുകളെ ഭക്ഷണമാക്കാന്‍ തുടങ്ങി...

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.