സമയമെത്രയായിട്ടുണ്ടാകും.. പകൽവെളിച്ചം കണ്ടിട്ട് കാലം എത്രയായി... ജീവിതം നാലു ചുമരുകൾക്കുള്ളിൽ അടച്ചിടപ്പെടുന്നു, ആരോ എപ്പോഴൊക്കെയോ വരുന്നു.. അവരുടെ ശരീരത്തിന്റെ ദാഹം തീർത്തു കടന്നു പോകുന്നു.. ഒരു ദിവസം എത്ര പേരു വരും. പോകും അറിയില്ല.. ആരു വന്നാലും ചുണ്ടിലെ ചിരി മായരുത്, അവർക്കു മുഷിപ്പ് തോന്നരുത്.. ഇതെല്ലം കർശന നിയമങ്ങളാണ്.. നിയമങ്ങൾ ഒരിക്കലും തെറ്റരുത്..
കവിതാ.... നീട്ടിയുള്ള വിളിയാണ് അവളെ ചിന്തയുടെ ലോകത്തു നിന്നും ഉണർത്തിയത്, അവൾ ഗോവണിയിറങ്ങി താഴേക്ക് ചെന്നു. അവിടെ ഉണ്ടാകും ആരെങ്കിലും. ചന്തയിൽ പണ്ട് മാടിനെ വിലപേശുന്നത് കുട്ടിക്കാലത്തു അച്ഛന്റെ കൂടെ കണ്ടിട്ടുണ്ട്.. അത് പോലെ തന്നെ.. കുറെ പേരെ കണ്ടു വരുന്നവൻ അവനു വേണ്ടതിനെ തിരഞ്ഞെടുക്കും.. ആവശ്യം കഴിയുമ്പോൾ തിരിച്ചു പോകും.. ആരു വന്നാലും നാം ദൈവത്തെപ്പോലെ കാണണം..
കവിത പടിയിറങ്ങി താഴെ വന്നു.. കുറെ പേരു കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നു. കൂട്ടുകാരെ ഒക്കെ അവർ അംഗോപാംഗം അളവെടുക്കുന്നു, വില പറയുന്നു.. വില പേശുന്നു.. അവർ അവളുടെ അടുത്തേക്കും വന്നു.. അടുത്തുവന്ന ആളെ കണ്ടു കവിത ഒരു നിമിഷം പ്രജ്ഞയറ്റവളെ പോലെ നിന്നു.. അതെ,, അത് വരുൺ ആയിരുന്നു.. വർഷങ്ങൾക്കു മുന്നേ അവളുടെ ജീവിതമായിരുന്നു വരുൺ..
ആ .. കവിത.. എന്തൊക്കെ ഉണ്ട് വിശേഷം.. അവളുടെ ചൊടിയിൽ പതുക്കെ വിരലുകൾ അമർത്തി വരുൺ ചോദിച്ചു..
നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ കവിത മുഖം താഴ്ത്തി..
ഇന്ന് എന്റെ സെലക്ഷൻ നീ തന്നെയാണ്.. കവിത.. എന്തൊക്കെയായാലും നീ ഒരിക്കൽ എന്റെയായിരുന്നല്ലോ..
അവന്റെ വഷളൻ ചിരി അവിടെ മുഴങ്ങി..
ഒരു കരച്ചിൽ കവിതയുടെ കണ്ണുകളിൽ വന്നു നീറി.. നെഞ്ചിൽ എവിടെയോ ഒരു കല്ലെടുത്തുവച്ച പോലെ.. അകലെ എവിടെ നിന്നോ ഒരു വൃദ്ധൻ അവളെ വിളിക്കുന്നു. കാലങ്ങൾക്കും മുന്നേ..
കവിതാ.. പോകരുത് മോളെ.. അമ്മയില്ലാതെ നിന്നെ വളർത്തി ഇത്രയുമാക്കിയത് ഞാനല്ലേ.. നോക്കൂ.. എനിക്ക് ഒന്നെഴുന്നേറ്റു നിൽക്കാറായാൽ പിന്നെ... പിന്നെ നീ നിൽക്കണ്ട... കണ്ണുനീർ വരണ്ടുണങ്ങി പിടിച്ച കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ടുന്ന വൃദ്ധൻ.. തന്റെ അച്ഛൻ.. കുഞ്ഞിലേ അമ്മ മരിച്ച തനിക്കു വേണ്ടി മാത്രം ഒരു ജന്മം ഹോമിച്ച അച്ഛൻ.. അവളുടെ കണ്ണിൽ ഗ്രാമത്തിലെ ചെറിയ വീടും, എഴുന്നേൽക്കാനാകാത്ത അച്ഛനും നിറഞ്ഞു നിന്നു.. പോകല്ലേ എന്ന അച്ഛന്റെ യാചന മറന്നു ഗ്രാമത്തിലെ ചോരുന്ന കൂരയിൽ അച്ഛനെ ഒറ്റക്കാക്കി വരുണിന്റെ കൂടെ ഇറങ്ങി പോയ കാലം..
ജീവിതത്തെ തോൽപ്പിക്കുകയായിരുന്നു... വരുണിന്റെ കൂടെ... അകലെ അച്ഛൻ ഒരു സഹായമില്ലാതെ കഷ്ടപ്പെടുന്നു എന്ന് രാധമ്മ വിളിച്ചു പറഞ്ഞപ്പോൾ അത്രയ്ക്ക് സഹാനുഭൂതിയുണ്ടെങ്കിൽ നിങ്ങൾ ഭാര്യ ആയിക്കോളൂ എന്ന് പറഞ്ഞത് പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിൽ ഇരുന്നു.. ബ്ലഡി മേരി സിപ് എടുത്തുകൊണ്ടായിരുന്നു. വരുൺ പറഞ്ഞത് ജീവിതം ആഘോഷിക്കാനാണ് എന്നാണ്.. അവന്റെ കൂട്ടുകാരുടെ കൂടെ ചിലവാക്കുന്ന ദിവസങ്ങൾക്കവൻ താൻ പോലുമറിയാതെ പണം വാങ്ങുന്നു എന്ന് എപ്പോഴാണറിഞ്ഞത്... അറിയില്ല.. അറിഞ്ഞപ്പോഴും അവനെ കുറ്റം പറഞ്ഞില്ല.. മദിപ്പിക്കുന്ന ജീവിതം ഉന്മത്തയാക്കിയിരുന്നു.. അച്ഛന്റെ മരണം പട്ടിണി കിടന്നായിരുന്നു എന്ന് പറയാൻ രാധമ്മ പിന്നെയും വിളിച്ചു.. രാധമ്മ കൊടുക്കുന്ന ഭക്ഷണം അച്ഛൻ നിരസിച്ചിരുന്നു.. ഒരു മകൾക്കു വേണ്ടാത്ത തന്നെ ഇനി ആർക്കും വേണ്ട എന്ന തീരുമാനത്തിൽ അച്ഛൻ ഒരു തരത്തിൽ ജീവിതം അവസാനിപ്പിച്ചു എന്നതാണ് ശരി.. അന്നും കരഞ്ഞില്ല.. ഒരു ജന്മം നിനക്കായി ജീവിച്ച അച്ഛനെ പട്ടിണിക്കിട്ടു കൊന്ന പാപം നീ എവിടെ കളയും എന്ന രാധമ്മയുടെ ചോദ്യത്തിന്റെ അർഥം മനസ്സിലാകുന്നത് ഇവിടെ അടച്ച മുറികളിൽ ഉരുകിത്തീർന്നപ്പോഴാണ് ..
എപ്പോഴോ. കൂടെ ഒരു പുതിയ കൂട്ടുകാരി വന്നപ്പോൾ ആണ് വരുൺ തന്നെ ഇവിടെ വിറ്റിട്ടു പോയത്.. അന്നു വരെ തന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് കരുതിയവർ പലരും പിന്നീടും വന്നിരുന്നു ഇവിടെ തന്നെ.. പക്ഷേ, അവർക്കു തന്നെ മടുത്തു.. പുതിയ മേച്ചിൽപുറം തേടുന്ന മൃഗങ്ങൾ..
കവിത.. വരൂ.. പലപ്പോഴും പഴയ ഓർമകൾക്ക് മധുരം കൂടും.. അതാണ് നിന്നെ ഞാൻ ഇന്ന് സെലക്ട് ചെയ്തത്.. നിനക്കും ഓർമിക്കാലോ.. നമ്മുടെ മധുവിധു കാലങ്ങൾ.. വരുണിന്റെ ചുണ്ടുകൾ കവിതയുടെ കവിളിൽ അമർന്നു. കൈകൾ അവളുടെ ശരീരത്തിൽ അറപ്പുളവാക്കുന്ന പാമ്പിനെ പോലെ ഇഴയാൻ തുടങ്ങി..
ഒരു വൃദ്ധരോദനം അവളെ വേട്ടയാടാൻ തുടങ്ങി.. അച്ഛനോട് ചെയ്ത തെറ്റിൽ അവൾ ഉരുകിയിറങ്ങി..എല്ലാത്തിനും തുടക്കം ഇവനാണ്.. അവൾ അവളെ മറന്നു.. ആവാഹിക്കപെട്ട ശക്തികൾ അവളിൽ ഉണരാൻ തുടങ്ങി..
ഒരു നിമിഷം.. ഒരു അലർച്ചയോടെ വരുൺ കാലുകൾ അടുപ്പിച്ചു കുനിഞ്ഞിരുന്നപ്പോഴാണ് കവിതയുടെ കാലുകൾ വരുണിന്റെ ജനനേന്ദ്രിയം തകർത്തത് അവർ കണ്ടത്.. ആയുധം കൈയ്യിലില്ലാത്ത അവൾ വരുണിനെ താഴേക്ക് മറിച്ചിട്ടു.. അവളുടെ പല്ലുകൾ അവന്റെ കഴുത്തിൽ അമർന്നു.. അലറിക്കരഞ്ഞ അവന്റെ അവസാന പിടച്ചിലും നിന്നതിനു ശേഷമേ അവൾ അവന്റെ കഴുത്തിലെ കടി അയച്ചുള്ളൂ.. വേശ്യയുടെ അന്തപുരങ്ങളിൽ അവളുടെ പ്രതികാരത്തിന്റെ അലർച്ച മുഴങ്ങി.. രക്തപാനം ചെയ്ത യക്ഷിയെപോലെ അവൾ അവനെ പക തീരാതെ ചവിട്ടി. അപ്പോൾ കണികാ ഗൃഹത്തിലെ നിയമങ്ങൾ ചെന്നായ്ക്കളെ പോലെ അവളെ കടിച്ചു കീറാൻ തുടങ്ങി. അവരുടെ ദണ്ഡനങ്ങൾ അവളിൽ സുഖമുള്ള വേദനയായി.. അവളുടെ ശ്വാസം നിലയ്ക്കാൻ തുടങ്ങി.. അച്ഛന്റെ നിഴൽ അവൾക്കു കൂട്ടായി വന്നു...
വേദനിക്കുന്നുണ്ടോ എന്റെ കുട്ടിക്ക്,,, കരയണ്ട കെട്ടോ.. അച്ഛൻ കൂടെയുണ്ടല്ലോ.. അവൾ അദൃശ്യമായ കരങ്ങളിൽ മുറുക്കെ പിടിച്ചു..
അച്ഛാ, മാപ്പ്.. ഇതിനാണ് ഞാൻ ഇത്രകാലം മരിക്കാതിരുന്നത്.. ഞാൻ ചെയ്ത തെറ്റുകൾ മാപ്പില്ലാത്തതാണ്.. എന്നാലും അടുത്ത ജന്മം നിന്റെ മകളായി എന്നെ സ്വീകരിക്കണം.. അച്ഛന്റെ മകളായി എനിക്ക് മതിയായില്ല.. ശരീരം നഷ്‌ടമായ രണ്ടാത്മാക്കൾ ഒരച്ഛനും മകളുമായി ഇന്നും ഗ്രാമത്തിലെ ചോരുന്ന കുടിലിൽ ഉണ്ട്.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.