ചാമി

തുലാവർഷം ഇടതടവില്ലാതെ പെയ്തു കൊണ്ടേയിരുന്നു. ഇരുണ്ട മേഘങ്ങൾ മിന്നൽപ്പിണരുകൾ പായിക്കുകയും കലിയടങ്ങാതെ ഗർജിക്കുകയും ചെയ്തു. ചാമി ഇന്നും പള്ളിക്കുടത്തിൽ പോയില്ല. അമ്മയ്ക്ക് ദീനം കൂടുതലാണ്. ഓലപ്പുരയുടെ മുൻപിൽ നീണ്ടു നിൽക്കുന്ന ഓലനാമ്പുകളില്‍ നിന്നും ഇറ്റിറ്റു വീഴുന്ന നീർത്തുള്ളികൾ മുറ്റത്തെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീർപ്പോളകളായി മാറുന്നതും നോക്കിയവൻ ഒരു തോർത്തുമുടുത്ത് എന്തൊക്കെയോ ചിന്തയിലാണ്ടു ഉമ്മറത്ത് കുത്തിയിരുന്നു. അവന്റെ വീടിരിക്കുന്ന പറമ്പിൽ നിന്നും ഒരു നടവഴികൊണ്ടു മാത്രം വേർതിരിച്ചിരുന്ന റയില്‍വേ പാളത്തിലൂടെ ഒരു തീവണ്ടി ചൂളം മുഴക്കി കടന്നുപോയി. തീവണ്ടി കാണുമ്പോൾ ചാമിയുടെ കണ്ണുകൾ നിറയും. അവനു തന്റെ അച്ഛൻ കണ്ടപ്പനെ ഓർമ്മവരും. അച്ഛന്റെയും അമ്മയുടെയും കൈയും പിടിച്ചാണ് അവൻ പൂരം കാണാനും തിറ കാണാനും പോയിരുന്നത്. ഒരു പൂരത്തിന് അച്ഛൻ അവനു വാങ്ങി നൽകിയ ചെമപ്പ് ബലൂൺ അവന് ഓർമ്മ വന്നു. രാത്രി വീട്ടിൽ വന്ന് ഉറങ്ങിയെഴുന്നേറ്റപ്പോൾ പൊട്ടിപ്പോയ ആ ചെമപ്പ് ബലൂണിനു വേണ്ടി കരഞ്ഞപ്പോൾ തന്റെ അച്ഛൻ ഒരു ഓലപ്പീപ്പി ഉണ്ടാക്കി തന്ന് തന്നെ വിസ്മയിപ്പിച്ചത് ഓർത്ത് ആ ഏഴു വയസുകാരൻ നൊമ്പരപ്പെട്ടു. ഒരു ദിവസം കാലത്ത് മനയ്ക്കൽ പണിയ്ക്ക് പോയ അച്ഛൻ പിന്നെ തിരിച്ചു വന്നില്ല. പിറ്റേന്ന് ചാമി ഉറക്കം ഉണരുന്നത് അമ്മയുടെ നിലവിളി കേട്ടാണ്. അന്നു കൂടിയവരിൽ ആരൊക്കെയോ പറയുന്നത് കേട്ടു, മനയ്ക്കലുള്ളവർ അച്ഛനെ തച്ച് കൊന്ന് തീവണ്ടി പാളത്തിൽ വെച്ചതാണെന്ന്. കണ്ടപ്പന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ഒരു പിടി മണ്ണു വാരിയിട്ട രംഗം അവന്റെ മനസ്സിലേക്ക് ഓടി വന്നു. ആ കണ്ണുകളിൽ നിന്നു പൊഴിഞ്ഞ അശ്രുകണം ചാണകം മെഴുകിയ തറയിൽ വീണു ചിതറി. 

നാരായണി ഇടയ്ക്കിടയ്ക്ക് ഞരുങ്ങുന്നുണ്ട്. അസുഖം കലശലാണ്. ഇടയ്ക്കിടയ്ക്ക് നാരായണിയുടെ നിലവിളി കേൾക്കുമ്പോൾ ചാമിക്ക് പേടിയാകും. വടക്കേലെ ഏലിയാമ്മച്ചി മാത്രമേ ആ പുരയിൽ ശപിക്കപ്പെട്ടവരെ പോലെ കാലം തള്ളുന്ന ആ രണ്ടു ജന്മങ്ങളെ തിരിഞ്ഞു നോക്കിയിരുന്നുള്ളൂ. എന്നും കാലത്ത് കൊടുക്കുന്ന ഒരു പൊതിച്ചോറിലായിരുന്നു ആ രണ്ട് വയറുകൾ കഴിഞ്ഞു കൂടിയിരുന്നത്. പ്രാരാബ്ധങ്ങൾക്കിടയിലും ഏലിയാമ്മച്ചി ഒരു പൊതി ചോറും കുടിക്കാൻ വെള്ളവും ആ നിലം പൊത്താറായി നിൽക്കുന്ന ഓലപ്പുരയിൽ കൊണ്ടെത്തിക്കാൻ മറന്നിരുന്നില്ല. ‘‘വെള്ളം. വെള്ളം’’. നാരായണിയുടെ വിളിയുടെ ശക്തി കൂടി. കുടത്തിൽ നിന്നുമെടുത്ത ഒരു ഗ്ലാസ് വെള്ളം ചാമി നാരായണിയുടെ ചുണ്ടിലേയ്ക്ക് അടുപ്പിക്കുമ്പോൾ അവൾ വെള്ളം കുടിയ്ക്കാതെ പുറത്തേക്കു തുപ്പുന്നുണ്ടായിരുന്നു. 

അച്ഛന്റെ മരണത്തോടെയാണ് ചാമിയുടെ ജീവിതത്തിലെ അവ്യക്തതകൾക്ക് തുടക്കമായത്. പലരും അവനെ കള്ളന്റെ മോൻ എന്നു വിളിക്കുന്നത് അവൻ തിരിച്ചറിഞ്ഞു. കൂട്ടകാർ അവനെ കളിക്കുമ്പോൾ മാറ്റി നിർത്തിയിരുന്നത് പലപ്പോഴും കരച്ചിലുകളിലാണ് അവനെ കൊണ്ടെത്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവനു കൂട്ടുകാരും കുറവായിരുന്നു. രാത്രികളിൽ അവന് ഭയവും സുരക്ഷിതത്വത്തിനു കുറവും അനുഭവപ്പെട്ടു. രാത്രികളിലെ പട്ടികളുടെ നിർത്താതെയുള്ള കുരയും വാതിലിലെ മുട്ടും ചാമിയെ വല്ലാതെ ഭയപ്പെടുത്തി. അത് കുട്ടികളെ തട്ടിയെടുക്കാൻ വരുന്ന ചുടലമാടൻ ആണെന്ന് അവൻ വിശ്വസിച്ചു. തന്റെ ഉള്ളിലെ ഭയം അറിയിക്കുവാനായി അവൻ നാരായണിയെ കെട്ടിപ്പിടിക്കും. അമ്മയുടെ തലയിണയുടെ അടിയില്‍ വച്ചിരിക്കുന്ന വെട്ടുകത്തി മാത്രമായിരുന്നു അവന്റെ ധൈര്യം. കൂടെ കളിച്ചിരുന്ന അടുത്ത വീട്ടിലെ കുട്ടികൾ പറഞ്ഞ് അവന് അറിയാം ചുടലമാടന് ഇരുമ്പിനെ പേടിയാണ്. ഇരുമ്പിന്റെ തണുപ്പടിച്ചാൽ ചുടലമാടന്റെ ദേഹം പൊള്ളിപ്പോകും. ഉറക്കത്തിലും അവൻ നാരായണിയെ വിടാതെ കെട്ടിപ്പിടിച്ചു. അവർ അനാഥത്വം എന്ന ചോദ്യത്തിന്റെ അതിജീവനത്തിനായി നിലനിൽപിനുള്ള സമരം ആരംഭിച്ചു. നാരായണിയും പാടത്ത് പണിക്ക് പോകാൻ തുടങ്ങി. മാടമ്പിത്തത്തിന്റെ  കടുത്ത ഉത്തരവ് കറുത്തമേഘമായി അവർക്കു മുകളിൽ ഉരുണ്ടു കൂടി. ‘‘കള്ളന്റെ പെണ്ണിനു പണിയില്ല’’. നാരായണിക്ക് ജോലി ചെയ്യുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ആ നാളുകളിലാണ് ആഹാരം കഴിക്കുമ്പോഴാണ് വയറ്റിലുണ്ടാകുന്ന കത്തൽ മാറുന്നത് എന്ന് ചാമി മനസ്സിലാ ക്കുന്നത്. തങ്ങൾക്കുണ്ടാകുന്ന അവഗണനയും അവഹേളനവും നാരായണി ദുഃഖത്തോടെ മനസ്സിലാക്കുമ്പോൾ അതൊന്നും അറിയാതെ ചാമി ഒഴിഞ്ഞ വയറുമായി തളർന്നുറങ്ങുന്നുണ്ടായിരുന്നു. പിന്നീട് നാരായണിയുടെ പുരയുടെ വാതിൽ രാത്രികളിൽ തുറക്കപ്പെട്ടു പലപ്പോഴും പലർക്കായും. 

പള്ളിക്കൂടത്തിൽ പോകുമ്പോഴും കടയിൽ സാധനം വാങ്ങാൻ പോകുമ്പോഴും ഇപ്പോഴവനെ ആരും കള്ളന്റെ ചെക്കൻ എന്നു വിളിക്കുന്നത് കേൾക്കാറില്ല. നാരായണിയുടെ ചെക്കൻ എന്നേ അവൻ കേൾക്കാറുണ്ടായിരുന്നുള്ളൂ. അതിൽ അവൻ മനസ്സു കൊണ്ടു സന്തോഷിച്ചു. ആ വാക്കുകളിലെ പരിഹാസം കലർന്ന ദ്വന്ദ്വാർത്ഥം മനസ്സിലാക്കുവാനുള്ള പാകത ആ കു‍ഞ്ഞു മനസ്സിനുണ്ടായിരുന്നില്ല. അവനും അത് ഏറ്റു പറഞ്ഞു തുടങ്ങി ‘‘നാരായണിയുടെ മോനാ’’. നാരായണിയുടെ വീട്ടിൽ വന്നു പോകുന്നവർക്ക് നേരവും കാലവും ഇല്ലാതായി. ചാമിക്ക് പരിചിതരും അപരിചിതരും നാരായണിയെ കാണാൻ അവിടെ വന്നു പോയി. അതെന്തിനായിരുന്നുവെന്ന് മാത്രം അവനു മനസിലായില്ല. വിശപ്പറിയാതെ അവന്റെ നാളുകൾ കടന്നുപോയി. അങ്ങനെയിരിക്കേയാണ് നാരായണിക്ക് ഒരു ദിവസം ഒരു പനി വന്നത്. കൂടെ ഛർദിയും. നാരായണി ഛർദിച്ചത് മുഴുവൻ ചോരയായിരുന്നു. അതോടെ നാരായണി കിടപ്പിലായി. നാരായണിയെ തേടിയെത്തിയവർ നിരാശരായി മടങ്ങിപ്പോയി. ആരും അവളുടെ ദീനത്തെക്കുറിച്ചു മാത്രം തിരക്കിയില്ല. നാരായണിയുടെ വീട്ടിലെ അടുപ്പു വീണ്ടും അണഞ്ഞു. ആകെ സഹായത്തിനെത്തിയത് വടക്കേലെ ഏലിയാമ്മച്ചി മാത്രം. നാട്ടിലെ വൈദ്യനെ കൊണ്ടു വന്നു കാണിച്ചു. നാരായണിക്കു ഒരു തരം വിഷപ്പനിയെന്നായിരുന്നു വൈദ്യന്റെ കണ്ടെത്തൽ. വൈദ്യൻ തന്ന കഷായവും മരുന്നും മുടങ്ങാതെ ഏലിയാമ്മച്ചി കൊടുത്തിട്ടും നാരായണി കിടക്കവിട്ടെഴുന്നേറ്റില്ല. ചാമിയുടെ മേൽ നിർഭാഗ്യത്തിന്റെ കാർമേഘം വീണ്ടും ഉരുണ്ടുകൂടി. 

ഞായറാഴ്ച കുര്‍ബാനയ്ക്ക് ചാമിയുടെ പുരയുടെ മുൻപിലെ വഴിയിലൂടെയാണ് പലരും പോയതെങ്കിലും. ചാമിയുടെ അമ്മയെ വിളിച്ചുള്ള കരച്ചിൽ ആരും കേട്ടില്ല. നാരായണിയുടെ കണ്ണുകൾ പുറത്തേക്കു തുറിച്ചിരുന്നു. നാവിൽ പല്ലുകടിച്ച് വായിൽ നിന്നു രക്തം കവിളിലൂടെ ഒഴുകി നിലത്തു തുള്ളിയായി വീഴുന്നുണ്ടായിരുന്നു. ചാമിയുടെ വിളി അവൾ കേട്ടില്ല. ഏലിയാമ്മച്ചി വന്നു കണ്ട ശേഷമാണ് നാരായണി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ വിവരം നാട്ടുകാർ അറിയുന്നത്. ചാമി ഉമ്മറത്തിരുന്നു കരഞ്ഞുകൊണ്ടേയിരുന്നു. അധികം ഒന്നും ഇല്ല ആറോ ഏഴോ പേർ മരണമറിഞ്ഞു വന്നു. ചാമി ഇന്നു വരെ കണ്ടിട്ടില്ലാത്ത അവന്റെ ഒരമ്മാവനും എങ്ങു നിന്നോ വന്നു. ചടങ്ങുകൾ ഒന്നും ഉണ്ടായില്ല ചത്ത നായയെ കുഴിച്ചിടുന്നതു പോലെ അവളെ കുഴിയിലിട്ടു മൂടി. ചാമിയെ ഒന്നു നോക്കുക പോലും ചെയ്യാതെ അവന്റെ അമ്മാവൻ അവിടെ നിന്ന് ഇറങ്ങിപ്പോയി. എല്ലാവരും പിരിഞ്ഞു. നിറകണ്ണുകളോടെ നിസ്സഹായയായി ഏലിയാമ്മച്ചിയും അവിടെ നിന്നും ഇറങ്ങി. നാരായണിയെ കുഴിച്ചു മൂടിയതിനു സമീപം ചാമി മാത്രം കരഞ്ഞു കൊണ്ടേയിരുന്നു. മൂടിക്കെട്ടിനിന്ന കാർമേഘം മിന്നൽ പിണരുകൾ വീശി അട്ടഹാസത്തോടെ മഴയായി ആർത്തിരമ്പിക്കൊണ്ട് മണ്ണിലേക്ക് പതിച്ചു. അന്നത്തെ രാത്രിയിൽ ആ പുരയിടത്തിൽ ഭയന്നു വിറച്ച് അമ്മയെ ഉറക്കെ വിളിച്ചുകൊണ്ട് ചാമി കരഞ്ഞു. കാറ്റും മഴയും ഇടിയും ആ ചെറിയ ശബ്ദത്തെ പുറത്തു കേൾക്കാനാവാത്ത വിധം മറച്ചു പിടിച്ചു. 

പിറ്റേന്നു കാലത്ത് സൂര്യൻ മറ നീക്കി പുറത്തേക്ക് വരുമ്പോള്‍ പ്രകൃതി, ഇന്നലെ പെയ്ത മഴയുടെ ആലസ്യത്തിൽ നിന്നു വിട്ടുണരാതെ വ്രീളാവിവശയായി തലകുനിച്ചു നിന്നു. ഇലകളിൽ നിന്നും ജലകണങ്ങൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. രാത്രിയെങ്ങോ അവസാനിച്ച മഴയുടെ ശക്തിയിൽ ചാമിയുടെ ഓലപ്പുരയുടെ പിൻഭാഗം നിലംപൊത്തി കിടന്നു. ആരും അങ്ങോട്ട് വന്നതുമില്ല നോക്കിയതുമില്ല. ഉള്ള പ്രാരാബ്ധങ്ങളുടെ മുകളിൽ വീണ്ടും ഒരു ഭാരമെടുത്ത് വെയ്ക്കണ്ടാ എന്നു കരുതിയാണോ എന്തോ എന്നും കാലത്തു തന്നെ വരാറുള്ള ഏലിയാമ്മച്ചിയും അന്ന് അവിടേക്കു വന്നില്ല. തലേന്നാൾ നാരായണിയെ അടക്കം ചെയ്ത കുഴിമാടത്തിനു മുകളിൽ ചെളിവെള്ളം കെട്ടിക്കിടന്നു. അവിടേയ്ക്ക് നോക്കിക്കൊണ്ട് ചാമി പുരയുടെ ഉമ്മറത്ത് ഒറ്റയ്ക്കിരുന്നു. അവൻ പനിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു. ഏറെ നേരം ഒരേയിരുപ്പിൽ ഇരുന്ന ശേഷം വിശപ്പിന്റെ കാഠിന്യം കൊണ്ടവൻ പുരയുടെ മുന്നിലെ നടവഴിയിലൂടെ ചന്തയ്ക്ക് പോകുന്നവരോടൊപ്പം എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കവലയിലേക്ക് ഇറങ്ങി നടന്നു. 

ചന്ത നേരമായതുകൊണ്ട് കവലയിൽ നല്ല തിരക്കായിരുന്നു. നാരായണിയുടെ മോനെ ആരെങ്കിലും തിരിച്ചറിയും എന്ന് അവൻ കരുതി. പ്രത്യാശയോടെ ആ കണ്ണുകൾ പരിചിതമായ ഒരു മുഖത്തിനു വേണ്ടി തിരഞ്ഞു. അവിടെ ആരും തന്നെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പലഹാരങ്ങളുടെ മണം അവസാനം ചായക്കടയുടെ മുൻപിലാണ് എത്തിച്ചത്. ചില്ലലമാരയിൽ പലതരം പലഹാരങ്ങൾ. ചായക്കടക്കാരനെ ചാമി തിരിച്ചറിഞ്ഞു. പണ്ട് പലപ്പോഴും വീട്ടിൽ പലഹാരപ്പൊതികളുമായി വരാറുണ്ടായിരുന്ന മാമൻ. ചാമിയുടെ മനസ്സ് നിറഞ്ഞു. അവൻ ചിരിച്ചു. പക്ഷേ ചായക്കടക്കാരൻ മാമൻ അവനെ തിരിച്ചറിഞ്ഞില്ല. അവൻ അടുക്കലേക്ക് ചെന്നപ്പോൾ അയാൾ അവനെ ആട്ടിയോടിക്കുകയാണ് ചെയ്തത്. അപ്പോഴേക്കും അവൻ വിശന്നു തളർന്നിരുന്നു, പനി കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു. കടയുടെ മുൻപിലെ എച്ചിൽ കൂനയില്‍ നിന്ന് കുറേ നായ്ക്കൾ ഇലകൾ നക്കി തുടയ്ക്കുന്നുണ്ടായിരുന്നു. അവന്റെ വയറു വല്ലാതെ വേദനിച്ചു. ആരോ ഒരാൾ ഇല മടക്കി എച്ചിൽ കൂനയിലേക്ക് എറിഞ്ഞപ്പോൾ അതു കഴിക്കാനായി അവൻ ഓടിച്ചെന്നു. തങ്ങളുടെ അധികാരപരിധിയിലേക്ക് പുതിയ ഒരാളുടെ കടന്നുവരവ് ഇഷ്ടപ്പെടാതെ നായ്ക്കൾ അവനു നേരേ കുരച്ചു കൊണ്ട് പാഞ്ഞടുത്തു. അവനു നായ്ക്കളെ ഭയമായിരുന്നു. അവൻ കരഞ്ഞു കൊണ്ട് തിരിഞ്ഞോടി. അവൻ കടയുടെ മുന്നിൽ നിന്നു ഒരൽപം ഭക്ഷണത്തിനായി ആ കുഞ്ഞു കൈകൾ കൊണ്ട് സ്വന്തം വയറുപൊത്തി ഏങ്ങിയേങ്ങി കരഞ്ഞു. 

നാട്ടുകാർ അവനെ ശ്രദ്ധിച്ചു തുടങ്ങിയതോടെ ചായക്കടക്കാരനും പരുങ്ങലിലായി. ‘‘കടന്നു പോടാ’’ എന്നൊരു ആക്രോശവും മുഖത്തേക്ക് ഒരു ഗ്ലാസ് ചൂടു വെള്ളവും ആണ് അവന് കിട്ടിയത്. പൊള്ളിയ മുഖവും കത്തുന്ന വയറുമായി നിലവിളിയോടെ അവൻ തിരിഞ്ഞോടി. എങ്ങോട്ടെന്നില്ലാതെ മനസ്സുപ്പൊട്ടി കരഞ്ഞു കൊണ്ട് അവൻ ഓടി. മുന്നിൽ‌ കണ്ട പടിക്കെട്ടുകൾ കിതച്ചു കൊണ്ട് ഏങ്ങലോടെ അവൻ കയറിയെത്തിയത് പള്ളിയുടെ തിരുമുറ്റത്തേയ്ക്കായിരുന്നു. അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി. ബോധമറ്റു അവൻ മണ്ണിലേക്ക് വീണു. ആരൊക്കെയോ അവന്റെ അടുത്തേക്ക് ഓടിയെത്തി. ദിവസങ്ങൾ കടന്നുപോയത് അവൻ അറിഞ്ഞില്ല. നാൾക്കുനാൾ അവന്റെ പനി മൂർച്ഛിച്ചു വന്നു. ഉറക്കത്തിൽ പലപ്പോഴും അവൻ അച്ഛനെയും അമ്മയെയും വിളിച്ചു കരഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ അവൻ കണ്ണുകൾ തുറന്നു. അപ്പോഴവന്റെ മുൻപിൽ സ്നേഹത്തിന്റെയും വിശുദ്ധിയുടേതുമായ വെളുത്ത വസ്ത്രം ധരിച്ച ഒരാൾ പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ തൊട്ടു പിന്നി ലായ് അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവർ അവനെ വാരിയെടുക്കാനായി കൈകൾ നീട്ടി. സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അവനും അവർക്കു നേരേ തന്റെ കുഞ്ഞു കൈകൾ നീട്ടി.  

Malayalam Short StoriesMalayalam literature interviews,Malayalam Poems      

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.