അയാളും അവളും

കൈകൾ കൂപ്പികൊണ്ടായിരുന്നു അയാളതു പറഞ്ഞത് "മാഡം ഞാൻ അവളെ വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ടു പോവുകയാണ്. ഞങ്ങളുടെ കുഞ്ഞുങ്ങൾ, അവർ അവളെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്."

അയാളുടെ ശബ്ദത്തിലെ ഇടർച്ചയും കണ്ണുകളിലെ നിസഹായതയും മനസ്സിലാവാഞ്ഞിട്ടല്ല എന്തെങ്കിലും പറയാമെന്ന് വച്ചാൽ ഒരിക്കലും കരഞ്ഞു കണ്ടിട്ടില്ലാത്ത അയാളുടെ മുൻപിൽ ചിലപ്പോൾ ഞാനറിയാതെ കരഞ്ഞു പോയാലോ എന്നു കരുതിയാണ് ഞാൻ മിണ്ടാതെ നിന്നത്.

എവിടെയൊക്കെയോ ചികിത്സിച്ചിട്ടും ഭേദമാകാത്ത പനിയുമായാണ് അവളെയും കൊണ്ട് അയാൾ വരുന്നത്. വളരെ ദൂരെ ഹരിയാനയിലെ ഒരു കുഗ്രാമത്തിൽ നിന്നും വന്ന അവളുടെയും അയാളുടെയും പേര് എനിക്കോർത്തെടുക്കുവാൻ കഴിയുന്നില്ലെങ്കിലും ഇന്നും അവരെ മറക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ചില കാഴ്ചകളങ്ങനെയാണ് എന്നും മനസ്സിനെ കുത്തിനോവിച്ചു കൊണ്ടിരിക്കും.

കൊണ്ടു വന്ന ദിവസം തന്നെ മനസ്സിലായി പനിമൂർച്ഛിച്ച് ശരീരത്തെ മുഴുവൻ അണുബാധ കീഴടക്കിയിരിക്കുന്നു. ബോധമുണ്ടെന്നേയുള്ളൂ ഏതു നിമിഷവും സ്ഥിതി മോശമായേക്കാം. വലിയ ലോക പരിചയവും വിദ്യാഭ്യാസവും ഒന്നുമില്ലെങ്കിലും ഏതോ വ്യാജ ഡോക്ടറുടെ ചികിത്സാപിഴവു കൊണ്ട് ഗുരുതരമായ അവൾക്ക് ഏതെങ്കിലും നല്ല ഹോസ്പിറ്റലിലെ ചികിത്സയാവശ്യമാണെന്ന തിരിച്ചറിവാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി ഭാര്യയെ ചികിത്സിക്കാൻ അയാൾക്ക് പ്രേരണയായത്.

കുടുംബത്തിലെ കെടാവിളക്കായി, തന്റെ 3 കുഞ്ഞുങ്ങളുടെ അമ്മയായി അവളെ തിരിച്ച് പഴയതുപോലെ കൊണ്ടു പോകാമെന്നുള്ള പ്രതീക്ഷ, അത് എല്ലാവരെയും പോലെ അയാൾക്കുമുണ്ടായിരുന്നു. ഒരു പക്ഷേ എല്ലാവരേക്കാളും അധികമായി.

26 വയസ്സിൽ കൂടുതലില്ല അവൾക്ക്, കൊണ്ടുവന്നതിന്റെ പിറ്റേന്നു തന്നെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. കെട്ടിവച്ച കാശിന്റെ മൂല്യം ചികിത്സയുടെ പല പേരുകളിൽ കുറഞ്ഞതല്ലാതെ അവളുടെ നിലയ്ക്ക് മാറ്റമൊന്നും വന്നില്ല. അതോടെ അയാളും ആശങ്കയിലായി.

കാശിനു വേണ്ടി ഒരു വഴിയുമില്ലാതെ അയാൾ പലർക്കു മുൻപിലും കൈകൂപ്പിയിരുന്നിരിക്കാം. ആ ശ്രമങ്ങളൊന്നും പാഴായിപ്പോയില്ല ഡൽഹിയിലെ ചില വലിയ കോപ്പറേറ്റ് ഹോസ്പിറ്റലുകളിൽ ഒരു ചെറിയ നിശ്ചിത അനുപാതത്തിൽ BPL രോഗികളെ സൗജന്യമായി ചികിത്സിക്കണമെന്നുണ്ട്. അത് പലപ്പോഴും സത്യസന്ധമായി നടക്കാറില്ലെങ്കിൽ കൂടി. ബാക്കി തുക കെട്ടിവയ്ക്കാൻ അയാൾക്ക് ആവില്ലായെന്ന ബോധ്യമുള്ളതിനാലാവണം ആശുപത്രി മാനേജ്മെന്റ് ഒടുവിൽ അവളെ BPL ഗണത്തിലേയ്ക്ക് മാറ്റിയത്. അത് അയാൾക്ക് വലിയൊരു പിടിവള്ളി ആയിരുന്നു.

അവൾ ഒടുവിൽ കണ്ണുകൾ തുറന്നു. കൃത്രിമ ശ്വാസം നൽകുന്ന വെന്റിലേറ്ററിൽ നിന്നും അവളെ മാറ്റി. അവൾ അയാളോട് സംസാരിച്ചു. കുഞ്ഞുങ്ങളുടെ കാര്യം തിരക്കി. ഏററവും ഇളയ കുഞ്ഞ് മുലപ്പാൽ കുടിക്കുന്ന പ്രായമാണെന്നാണവൾ എന്നോട് പറഞ്ഞത്. അതിനെ ഇപ്പോൾ നോക്കുന്നത് അയാളുടെ സഹോദരിയാണെന്ന് പിന്നീടയാൾ പറഞ്ഞു ഞാൻ അറിഞ്ഞു.

പ്രതീക്ഷയുടെ പുതുനാമ്പുകൾ കണ്ട് അയാൾ സന്തോഷിച്ചിരിക്കണം. പക്ഷേ രണ്ടു ദിവസമേ ആ സന്തോഷത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. തക്ക സമയത്ത് കണ്ടു പിടിച്ച് ചികിത്സിക്കാൻ കഴിയാതെ ഇരുന്ന അണുബാധയവളെ വിട്ടു പോകാൻ മടിക്കുന്നതു പോലെ.

പെട്ടെന്നാണ് അവളുടെ നില വീണ്ടും വഷളായത്. വീണ്ടും വെന്റിലേറ്ററിൽ. പ്രതീക്ഷിക്കാൻ വകയൊന്നുമില്ല.

"ഇപ്പോൾ എങ്ങനെയുണ്ട് രോഗിക്ക് " എന്ന് ഐസിയുവിലെ രോഗികളെ കാണുവാൻ വരുന്ന വേണ്ടപ്പെട്ടവർ ചോദിച്ചാൽ ഞങ്ങളാരും കൃത്യമായി ഒന്നുമങ്ങനെ വിട്ടു പറയില്ല കാരണം 'ഓരോ രോഗിയുടെയും അവസ്ഥ ഒരു ഞാണിൻമേൽ കളിയാണെന്ന് അനുഭവങ്ങളിൽ നിന്ന് ഞങ്ങൾക്ക് അറിയാം. വിജയിച്ചു തിരിച്ചു വരുന്നുവെന്ന തോന്നലിലുളവാകുന്ന ആഹ്ലാദാരവങ്ങൾക്കിടയിലാകും പെട്ടെന്ന്...... ആ വലിയ വീഴ്ച.

അണുബാധയുടെ ഏറ്റവും അത്യാസന്ന ഘട്ടത്തിലായ അവളെ ഇനി തിരിച്ചു കൊണ്ടു വരാനാവില്ലായെന്ന ഡോക്ടറുടെ വാക്കുകൾ അയാളെ വല്ലാതെ തളർത്തിയിട്ടുണ്ടാകും. ആ നിരാശയിലാവണം അയാളവളെ തിരിച്ചു കൊണ്ടു പോകാൻ തീരുമാനിച്ചത്. "ഇവിടെ കിടന്നാലും അവൾ ഉറപ്പായി മരിക്കുമല്ലോ. പിന്നെ എന്തിനിവിടെ കിടത്തണം. മരിക്കുന്നതിന് മുൻപ് ഞങ്ങളുടെ മക്കളുടെ അടുത്തേക്ക്, ഞങ്ങളുടെ നാട്ടിലേയ്ക്ക് തിരികെ പൊയ്ക്കോട്ടെ " അയാൾ ദൈന്യതയോടെ അപേക്ഷിക്കുകയായിരുന്നു. 

ഞാൻ പോയി ഒരു ജൂനിയർ ഡോക്ടറെ കൂട്ടികൊണ്ടു വന്നു. അവർ അയാളോട് പറഞ്ഞു വെന്റിലേറ്റർ മാറ്റിയാൽ ആ നിമിഷമവൾ മരിക്കുമെന്ന്. മറുപടിയൊന്നും പറയാതെ കുനിഞ്ഞ ശിരസ്സോടെ അയാളിറങ്ങിപ്പോയി.

പിറ്റേദിവസം അവൾ മരിച്ചു. ഞാൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. അവളുടെ മരണം സ്ഥിരീകരിച്ചതായി അറിയിക്കാൻ ഡോക്ടർമാർ അയാളെ വിളിച്ചു വരുത്തി. കാണാനും അധികമാരുമുണ്ടായിരുന്നില്ല. ഫോർമാലിറ്റികളൊക്കെ പൂർത്തിയാക്കി വൃത്തിയാക്കി ഞങ്ങളവളെ വെള്ളപുതപ്പിൽ പൊതിഞ്ഞു.

അവളുടെ റിപ്പോർട്ടുകളും ബാക്കി പേപ്പറുകളുമൊക്കെ കൈമാറുമ്പോൾ ഒരിക്കലും കരഞ്ഞ് ഞാൻ കണ്ടിട്ടില്ലാത്ത അയാൾ വിതുമ്പുന്നുണ്ടായിരുന്നു.

"കരയരുത്, സാരമില്ല " എന്ന എന്റെ ആശ്വാസവാക്കിന് "ഇനി ഞാൻ എന്ത് ചെയ്യുമെന്നു "പറഞ്ഞുള്ള പൊട്ടിക്കരച്ചിലായിരുന്നു മറുപടി

"ധൈര്യം കൈവിടരുത് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നിങ്ങൾ ജീവിക്കണം, അവരെ നന്നായി വളർത്തണം" എത്ര മാത്രം അയാൾക്കത് മനസ്സിലായെന്നറിയില്ല അതുകേട്ടു തല കുലുക്കികൊണ്ട് അയാൾ കണ്ണുകൾ തുടച്ചു. അവളെയും കൊണ്ട് പോകുന്നതിനു മുൻപ് കൈകൂപ്പി നന്ദി പറഞ്ഞ അയാൾക്ക് മുൻപിൽ മൂകയായി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.

വടക്കേന്ത്യയിൽ വ്യാജ ചികിത്സയും വ്യാജ ഡോക്ടർമാരും ഒരു പുതിയ കാര്യല്ല. പനിയുടെയും വേദനയുടെയും ഏതെങ്കിലും രണ്ട് മൂന്ന് മരുന്നുകളുടെ പേര് ഇംഗ്ലീഷിൽ എഴുതാനറിയാവുന്ന ആർക്കും ഇവിടെ ഡോക്ടറാകാം. ഈ ചൂഷണത്തിനിരയാക്കുന്നത് പണവും വിദ്യാഭ്യാസവുമില്ലാത്ത പാവങ്ങളായതിനാൽ രോഗിയുടെ ജീവൻ നഷ്ടപ്പെട്ടാലും ആരും പരാതിപ്പെടുന്നതുമില്ല. എല്ലാം അറിയുന്നവർ അറിഞ്ഞ ഭാവം നടിക്കുന്നതുമില്ല

അവളും അവരുടെ ഇരയായിരുന്നു.... അവൾ മാത്രമല്ല അയാളും അവരുടെ ഒന്നുമറിയാത്ത മൂന്നു കുഞ്ഞുങ്ങളും....

**** **** ****

Malayalam Short StoriesMalayalam literature interviews,Malayalam Poems      


മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.