മുലപ്പാൽ

Representative Image

ഒരിക്കലെങ്കിലും ഒരു സ്ത്രീയുടെ മുലകുടിക്കണം. അതായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം. കേൾക്കുമ്പോൾ നെറ്റിചുളിയുന്നുണ്ടെങ്കിൽ  നിങ്ങളിവനെയൊന്നറിയണം. 

അമ്മയുടെ മുലക്കണ്ണുകളിൽ ഇവന്റെ ചുണ്ടു തൊട്ടിട്ടില്ല, മുലപ്പാലിന്റെ രുചി ഇവന്റെ നാവിനറിയില്ല. തല്ലു കൂടിയും, തെണ്ടിത്തിന്നും ഈ തെരുവിൽ വളർന്നതിനോടൊപ്പം അവന്റെ മനസ്സിലെ ആഗ്രഹവും വളർന്നു. തെരുവോരത്തെ പാർക്കിലിരുന്നു കുഞ്ഞിനു മുലകൊടുക്കുന്ന അമ്മമാരെ അവൻ കൊതിയോടെ നോക്കിനിന്നു. അവരാരും അവനെ അടുത്തേയ്ക്കു വിളിച്ചില്ല.

എങ്കിലും മുലകുടിക്കാനുള്ള ശ്രമം ആ അഞ്ചുവയസുകാരൻ ഉപേക്ഷിച്ചില്ല... അപ്പുറത്തു കിടന്നുറങ്ങിയ പട്ടിയുടെ, വഴിവക്കിൽ നിന്ന    പശുവിന്റെയൊക്കെ മുലക്കണ്ണുകളിലേക്ക് അവന്റെ ചുണ്ടുകൾ നീണ്ടു. അവിടെയും അവനു തോൽവിയായിരുന്നു, പട്ടിയവനെ കടിച്ചോടിച്ചു,  പശു അവനെ തൊഴിച്ചു വീഴ്ത്തി.. തെണ്ടിചെക്കനെന്നു പറഞ്ഞു കൂവി ആളുകളവനെ കല്ലെറിഞ്ഞോടിച്ചു.

ഓടിത്തളർന്ന അവൻ ഇരുട്ടിന്റെ മറവിൽ ഒരുവളെക്കണ്ടു, മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചിരുന്ന അവൾ അലസമായിരുന്നു തന്റെ കുഞ്ഞിന് പാലുകൊടുക്കുന്നു. നിന്റെ കയ്യിൽ എത്രയുണ്ട് അവന്റെയാഗ്രഹം കേട്ടപ്പോൾ അവൾ ചോദിച്ചു. കയ്യിലൊന്നുമില്ലെന്നറിഞ്ഞപ്പോൾ   അവളുമവനെ കയ്യൊഴിഞ്ഞു.

ഇരന്നും മോഷ്ടിച്ചും അവൻ കുറച്ചു പണമുണ്ടാക്കി..  അതുമായി അവൻ വീണ്ടും അവളുടെയടുത്തെത്തി. കയ്യിലുണ്ടായിരുന്ന പണം മുഴുവൻ അവളുടെ നേരെ നീട്ടി. മാറിലിരുന്ന കുഞ്ഞിനെ നിലത്തുകിടത്തി അവളവനെ മടിയിലിരുത്തി. മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾക്കിടയിലൂടെ   അവനവളുടെ മുലക്കണ്ണുകളിലേക്ക് ചുണ്ടുകൾ ചേർത്തു.   

"എന്റെ കയ്യിലുമുണ്ടെടീ പണം, എനിക്കും താടീ" എന്നു പറഞ്ഞു വന്നവനോട് "തൊട്ടുപോകരുത്, ഇനിമുതൽ ഇതെന്റെ അമ്മയാണ് എന്നു പറയുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ കുഞ്ഞിനേയും മാറത്തടുക്കി അവളുടെ കൈപിടിച്ചു നടക്കുമ്പോൾ   ആ കുഞ്ഞുകാലുകൾ തളർന്നിരുന്നില്ല.

വർഷങ്ങൾക്കിപ്പുറത്തും തന്റെമാറിൽവീണു കരഞ്ഞ തന്റെ കുഞ്ഞുപെങ്ങളെ സമാധാനിപ്പിച്ചു ഭർത്താവിന്റെ വീട്ടിലേയ്ക്കയക്കുമ്പോൾ  അവന്റെ കണ്ണിലും അശ്രുക്കൾ നിറഞ്ഞിരുന്നു. 

എങ്കിലും എല്ലാ വിഷമവും മറക്കാൻ ആ അമ്മയുടെ നെഞ്ചിലെ ചൂട് അവിടെത്തന്നെയുണ്ടായിരുന്നു...

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.