രംഗം 1
പാത്തു അന്റെ കല്യാണം ഒറപ്പിച്ചെന്നു കേട്ടല്ലോ, ചെക്കന്റെ ഫോട്ടോ എവിടെ? ജാനു ഏടത്തിന്റെ ചോദ്യം കേട്ടിട്ട് പാത്തൂന്റെ മുഖം നാണം കൊണ്ടു ചുവന്നു. ചെക്കന്റെ ഫോട്ടോ കണ്ടയുടനെ ചിരിച്ചു കൊണ്ട് ജാനു പറഞ്ഞു, ഈ ചെക്കനെ പട്ട ട്രൗസർ ഇടുന്ന കാലത്തെ എനിക്കറിയാം. ന്റെ കൂടെ അടയ്ക്ക പൊളിക്കാനൊക്കെ വന്നിട്ടുണ്ട്! പാത്തു ഒന്നമ്പരന്നു ആൺകുട്ടികൾ ഈ പണിക്കൊക്കെ പോകോ? എന്തിന്റെ സൂക്കേടായിരുന്നു മൂപ്പർക്ക് ? ആളെ കൊണ്ട് പറയിപ്പിക്കാൻ.
രംഗം 2
(ഒരു കല്യാണ വീട്)
പാത്തു, അന്റെ ചെക്കന്റെ ഫോട്ടോ ഫേസ്ബുക്കില് കണ്ടിട്ടോ, ഞമ്മളെ പി സി ബ്രോദേഴ്സിലെ കിളിയല്ലേ ??? ഇതു കേട്ടയുടനെ പാത്തൂന്റെ മനസില് ഒരു കൊള്ളിയാൻ മിന്നി. ഗൾഫിലെ മൂപ്പര് ഇവിടത്തെ ബസിലെ കിളിയോ? ഏയ് അല്ലാ. ഓരെന്തൊക്കെയോ പറയാ. പൊട്ടത്തികൾ!
ഇത്തവണയും പാത്തൂന്റെ മുഖം ചുവന്നു പക്ഷേ ദേഷ്യം കൊണ്ടാണെന്നു മാത്രം. നിലം ചവിട്ടിക്കുലുക്കി പെൺകൂട്ടത്തിലേക്കു പാത്തു പാഞ്ഞടുത്തു. ന്റെ മൂപ്പര് ഗൾഫിലാ അല്ലാണ്ടെ ഇവിടത്തെ ബസിലെ കിളിയല്ല... പാത്തൂന്റെ ഈ മറുപടിക്ക് പെൺകൂട്ടം മറുപടി പറഞ്ഞത് കഴിഞ്ഞ മാസത്തെ ഏറ്റവും നല്ല ബസിനു യുവ സമിതിയുടെ അവാർഡ് കിട്ടിയതിന്റെ fb പോസ്റ്റാണ്. അതിൽ പാത്തൂന്റെ മൂപ്പരെ അന്വേഷിച്ചു കണ്ടെത്താൻ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
രംഗം 3
(സ്വന്തം വീട്)
ഈ രംഗത്തിലെ വില്ലൻ സ്വന്തം മാമൻ ! വിഷയം ചെക്കൻ പ്ലസ് ടു പഠിച്ചിട്ടില്ല. രണ്ടു മാസം ചെക്കന്റെ നാട്ടിൽ സിഐഡി പണി നടത്തി കിട്ടിയ അറിവാണ്. പ്ലസ് ടു പഠിച്ചില്ലെങ്കിൽ അപ്പോൾ ചെക്കൻ പത്താം തരം ആണ്. പത്താം ക്ലാസിനു ഡിഗ്രിക്കാരി പെൺകുട്ടിയെ കെട്ടിച്ചു കൊടുക്കുകയോ? അസംഭവ്യം. മാമന്റെ നിഗമനം കേട്ടയുടനെ പാത്തൂന് പുളിച്ച നാല് വർത്തമാനമാണ് പറയാൻ തോന്നിയത്. ഈ കണ്ടുപിടിത്തമൊക്കെ കല്യാണമുറപ്പിക്കുന്നതിനു മുൻപേ പറഞ്ഞു കൂടായിരുന്നോ? ഇതിപ്പോൾ മനുഷ്യന് ആശയും തന്നിട്ട് കല്യാണം മുടക്കാൻ വന്നിരിക്കുന്നു. അല്ലേലും കല്യാണമുടക്കികൾ സ്വന്തം ബന്ധുക്കാർ തന്നെയാണ്.
രംഗം 4
(ഭാര്യയുടെയും കുടുംബക്കാരന്റെയും ഇടയിലേക്ക് പാത്തൂന്റെ ഉപ്പാന്റെ മാസ് എൻട്രി)
ന്റെ മോൾടെ ചെക്കൻ ചെറുപ്പത്തിലേ ബാപ്പ മരിച്ച കുട്ടിയാണ് അതുകൊണ്ട് അവനു ചെറുപ്പത്തിലേ പണിക്കു പോകേണ്ടി വന്നു ഉമ്മാനെ സഹായിക്കാൻ, കൂട്ടത്തിൽ പഠിക്കുകയും ചെയ്തു. പെട്ടെന്ന് ജോലി കിട്ടാൻ വേണ്ടിയാണു പത്തു കഴിഞ്ഞു ഡിപ്ലോമ എടുത്തത്. പിന്നെ പ്ലസ്ടു എഴുതിയെടുക്കുകയും ചെയ്തു. ഇപ്പൊ ദുബായിൽ അന്തസ്സായി ജോലിയെടുക്കുന്നു. കുടുംബം മാന്യമായി ജീവിക്കുന്നു. കഷ്ടപ്പാട് അറിഞ്ഞു വളർന്നവനായതു കൊണ്ട് ലീവിന് വന്നാൽ അറിയുന്നവരുടെ കൂടെ പണിക്കു പോകും. കുടുംബം നയിക്കുന്ന മൂത്ത മക്കൾക്ക് ഒരിക്കലും വെറുതെയിരിക്കാനാകില്ല. ഈ ചെക്കനൊരിക്കലും ന്റെ മോളെ പട്ടിണിക്കിടില്ലാന്നു എനിക്കുറപ്പുണ്ട്. ഈ ഉറപ്പു മതി കല്യാണം നടത്താൻ.
പിന്നെ ഇങ്ങളെല്ലാരോടും ഒരു കാര്യേ പറയാനുള്ളു, ഇനിയെങ്കിലും കല്യാണ ചെക്കന്മാർക്ക് എന്തെങ്കിലും കുറ്റമുണ്ടോ എന്നന്വേഷിക്കുന്നതിനു പകരം ആ ചെക്കന് എന്തൊക്കെ നല്ലതുണ്ടെന്നു അന്വേഷിക്കി. കുറ്റങ്ങൾ കണ്ടുപിടിക്കാനുള്ള തിരക്കിൽ കാണുന്നതെല്ലാം തെറ്റായി തോന്നും. അതിനു പിന്നിലെ ശരിയാരും കാണണമെന്നില്ല !
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.