സ്നേഹപൂർവ്വം ഭാര്യയ്ക്ക്

ഉച്ചസ്ഥായിയിൽ അലറി കൊണ്ടിരുന്ന മൊബൈൽ ഫോൺ എടുക്കാനായി അയാൾ മേശയുടെ അടുത്തേക്ക് നടന്നു. ഫോൺ കയ്യിലെടുത്തതും അതു കട്ടായതും ഒരുമിച്ചായിരുന്നു. ഫോണിലെ വാൾപേപ്പർ കണ്ടതും അയാളുടെ മസ്തിഷ്കത്തിൽ ഓർമ്മകളുടെ മുന്തിരിവള്ളികൾ പടരാൻ തുടങ്ങി. 

‘‘നീ എത്ര സുന്ദരിയാണ് മീരാ ഈ ഫോട്ടോയിൽ.... നിന്റെ അഴക് ഇപ്പോഴും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു... എന്റെ സിരകളിലെ ലഹരിയാണ് നീ’’ അയാളുടെ കല്യാണ ഫോട്ടോ നോക്കി അയാളൊരു ആത്മഗതം നടത്തി ഫോണുമായി സോഫയില്‍ വന്നിരുന്നു. 

‘‘നിനക്ക് ഓർമ്മയുണ്ടോ മീരാ നിന്നെ ഞാൻ പെണ്ണ് കാണാൻ വന്ന ആ ദിനം? നിന്നെ കണ്ട ആ മാത്രയിൽ തന്നെ എന്റെ ഹൃദയം നിന്നിലേക്ക് പ്രയാണം നടത്താൻ വെമ്പുകയായിരുന്നു. ജമന്തി നിറമുള്ള സാരിയുടുത്ത് കണ്ണുകൾ തറയിലല്ലാതെ നോക്കില്ലെന്ന ഭാവത്തിൽ ആചാരമെന്നോണം കുപ്പി ഗ്ലാസിൽ ചായ നീ തന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. രണ്ടു തവണ അന്നു ഞാൻ നിന്റെ പേര് ചോദിച്ചു നീ പറഞ്ഞില്ല ഒടുവിൽ നിന്റെ അച്ഛനാണ് നിന്റെ പേര് പറഞ്ഞു തന്നത്. പേര് അറിയാത്തത് കൊണ്ടല്ല അന്നു ചോദിച്ചത് നിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടിയായിരുന്നു. ഒറ്റപ്പെട്ട മാൻപേട പോലെ നിന്റെ കണ്ണുകളിൽ ഭയം വ്യാപിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. നിന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിധി നിശ്ചയിക്കുന്ന ഒരു ശത്രുവായാണ് അന്നു നീ എന്നെ കണ്ടത്. യാത്ര പറഞ്ഞുകൊണ്ട് ഞാനന്ന് അവിടെ നിന്നിറങ്ങുമ്പോൾ ജനാല വിടവിലൂടെ നീ എത്തിനോക്കിയത് ഞാൻ കണ്ടില്ലെന്ന് നീ വിചാരിച്ചോ? നിന്റെ അഴകിൽ മതിഭ്രമം പിടിച്ച എന്റെ കണ്ണുകൾക്ക് നീ ഒഴികെ ബാക്കിയെല്ലാം മിഥ്യയായിരുന്നു. 

ഒടുവിൽ കരഞ്ഞ കണ്ണുകളോടെ എന്റെ താലിക്കു നീ തല കുനിച്ചപ്പോൾ ഒരിറ്റു കണ്ണീർ എന്റെമേൽ പതിച്ചപ്പോൾ നിന്റെ കരം പിടിച്ചിനിയൊരിക്കലും നിന്നെ കരയിക്കില്ലെന്ന വാക്ക് ഞാൻ തന്നപ്പോൾ, തൂവാല കൊണ്ട് ആ കണ്ണീർ ഞാൻ തുടച്ചപ്പോൾ, ഒരു പൊട്ടി പെണ്ണിനെ പോലെ നീയന്ന് ചിരിച്ചത് ഞാൻ ഇപ്പോഴും മറന്നിട്ടില്ല മീരാ.

നമ്മൾ മധുവിധു ആഘോഷിച്ച പോണ്ടിച്ചേരിയിലെ ആ കടപ്പുറവും ആ വീടും നീ ഓർക്കുന്നുണ്ടോ മീരാ. ബീച്ചിലെ ലൈറ്റ് ഹൗസിന് മുകളിൽ ഇരു കൈകൾ വിടർത്തിപ്പിടിച്ചു ഞാൻ ടൈറ്റാനിക്കിലെ ജാക്കായും നീ റോസ്സായും നിന്നപ്പോൾ എന്റെ കൈകൾ മുറുക്കിപ്പിടിച്ച് കൊണ്ട് നീ ചോദിച്ചില്ലേ നിന്നെ വിട്ടു ഞാൻ പോകുമോയെന്ന്, ദൈവത്തിനല്ലാതെ വേറെയൊരുവനും നമ്മളെ പിരിക്കാനാവില്ലെന്നു ഞാനും അന്നുത്തരം നൽകി. അന്ന് നീ എന്റെ ചുണ്ടിൽ സമ്മാനിച്ച ചുടുചുംബനം വൈദ്യുത തരംഗങ്ങളായി ദേ ഇപ്പോഴും എന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ്. 

നിന്റെ ജന്മദിനവും എന്റെ ജന്മദിനവും നമ്മുടെ വിവാഹ വാർഷികവും നമ്മൾ ഉത്സവമാക്കി ആഘോഷിച്ചു. ഒഴിവു ദിവസങ്ങളിലെ യാത്രകൾ, റിലീസ് ചിത്രങ്ങൾ, ഇടയ്ക്കൊക്കെ മുന്തിയ ഹോട്ടലുകളിൽ നിന്ന് ഡിന്നർ അങ്ങനെയങ്ങനെ ജീവിതം നമ്മൾ ആഘോഷപരമായി കൊണ്ടാടി.

പിന്നെ എപ്പോഴാണ് മീരാ നമ്മുടെ ബന്ധത്തിന് വിള്ളൽ വരുന്നത്? എന്നിലെ പുരുഷനെ നീ ചോദ്യം ചെയ്തപ്പോൾ എന്റെ കരം നിന്റെ കവിളിൽ പതിഞ്ഞ അന്നോ?... ശരിയാണ് മീര എനിക്കൊരിക്കലും ഒരു കുഞ്ഞിനെ നിനക്ക് നൽകാൻ കഴിയില്ല അത് ഞാൻ സമ്മതിക്കുന്നു. കുഞ്ഞിനെ ദത്തെടുക്കാം അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻസെമിനഷൻ നടത്താമെന്ന് പരിഹാരമായി ഞാൻ വന്നപ്പോൾ മീര നീ അല്ലേ പറഞ്ഞത് അതൊന്നും വേണ്ട ഏട്ടന്റെ സ്നേഹവും കരുതലും മാത്രം നിനക്ക് മതിയെന്ന്. അത് നീ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞിരുന്നു മീര. നിന്നോടുള്ള സ്നേഹവും വിശ്വാസവും എനിക്കിരട്ടിയായി. അത് നീ മുതലെടുക്കുമെന്ന് കരുതിയില്ല മീര.

എന്തിനാണ് നീ സുരേഷിനെ പരിചയപ്പെട്ടത്? എന്തിനാണ് അവനുമായി നീ? അപ്പൊ എന്റെ സ്നേഹം കരുതൽ എന്നൊക്കെ നീ അന്ന് പറഞ്ഞത്? വഞ്ചിക്കുകയായിരുന്നല്ലേ എന്നെ?’’

അയാളുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ വീണ്ടും അടിച്ചു. അയാൾ ഫോൺ എടുത്തു.

‘‘ഹലോ’’

‘‘മീര?’’

‘‘ഞാൻ മീരയുടെ ഭർത്താവാണ്... ആരാ?’’

‘‘ഞാൻ മീരയുടെ കൂടെ ജോലി ചെയ്യുന്നതാണ്... രണ്ട് ദിവസമായി അവളെ ഓഫീസിലേക്ക് കണ്ടില്ല?’’

‘‘മീരയ്ക്ക് തീരെ സുഖമില്ല’’

‘‘ആണോ....എന്നാൽ ഫോൺ ഒന്ന് അവൾക്ക് കൊടുക്കാമോ?’’

‘‘ശരി’’ അയാൾ ഫോണുമായി നടന്നു. ഫ്രി‍ഡ്ജ് തുറന്ന് അതിന്റെ അകത്തേക്ക് അയാളൊന്നു നോക്കി. 

‘‘മീര ഉറങ്ങുകയാണ്’’

‘‘എന്നാൽ പിന്നെ വിളിക്കാം’’ അവർ ഫോൺ കട്ട് ചെയ്തു. 

‘‘അതെ മീരയെ എന്നെന്നേക്കുമായി ഞാൻ ഉറക്കി’’ അയാൾ കൈയ്യിലിരുന്ന ഫോൺ നിലത്തുടച്ചു കൊണ്ട് പറഞ്ഞു. 

Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.