അന്ന് അവൾ പതിവിലും താമസിച്ചു പോയി. തന്റെ കുഞ്ഞോമന കാത്തിരിക്കുകയായിരിക്കും എന്ന ആധി അവളുടെ മുഖത്ത് പ്രകടമായിരുന്നു. സാധാരണ അവൾ ആയിരുന്നു കാത്തിരിക്കാറുള്ളത്. ഓഫിസിൽ നിന്നും എങ്ങനെയൊക്കെയോ ഓടികിതച്ച് ഫ്ളാറ്റ് സമുച്ചയത്തിന്റെ മുന്നിലെത്തി. ഇനി ലിഫ്റ്റ്. ആരും അവിടില്ലെന്ന് കണ്ടപ്പോൾ ആശ്വാസമായി. സാധാരണ നാലു മണി കഴിഞ്ഞാൽ ഒരു ജനാവലി തന്നെ കാണും.
അന്ന് എല്ലാം കൊണ്ടും കാര്യങ്ങൾ വിപരീതമായി നടക്കുന്നുവല്ലോ എന്നവളോർത്തു....
ലിഫ്റ്റിൽ കയറി അഞ്ചാം നില അമർത്തി... വാതിൽ അടയുമ്പോൾ അവൾ കണ്ടു... ആരോ ഓടി വരുന്നു ലിഫ്റ്റിൽ കയറുവാൻ. അവൾ ലിഫ്റ്റ് അടയാതെയിരിക്കാൻ കൈ നീട്ടി... നന്ദി പറഞ്ഞുകൊണ്ട് കയറിവന്ന ആ യുവാവിന്റെയും അവളുടെയും കണ്ണുകളിൽ കണ്ടത് ഒരേ തിളക്കം.
ഓർമ്മകൾ പിന്നോട്ട് പോയി നിന്നത് സ്കൂൾ കാലഘട്ടത്തിൽ... അവിടെ അന്യോന്യം പറയാതെ പോയ പ്രണയങ്ങളിൽപെട്ട ഒരു പ്രണയം.... ഒരു വാക്കിലോ നോട്ടത്തിലോ പ്രണയം പറയാതെ പ്രണയിച്ചവർ... അന്യോന്യം പിടികൊടുക്കാതെ തമ്മിൽ നോക്കിയതും എല്ലാം അവർ ഓർത്തുകാണണം... അല്ലെങ്കിൽ ആ കണ്ണുകളിൽ തിളക്കം വർദ്ധിക്കില്ലായിരുന്നു... ജീവിതം രണ്ടു വഴിയിലേക്ക് കടത്തിവിട്ടപ്പോളും അവർ ഒന്നും പറഞ്ഞില്ല... ഇന്നും അവർ മിണ്ടിയില്ല എന്നത്തേയും പോലെ...
ലിഫ്റ്റ് അഞ്ചാം നിലയിൽ എത്തി... ഒരേ നിലയിൽ താമസിച്ചിട്ട് എന്തേ ഇത്രയും നാൾ തമ്മിൽ കണ്ടുമുട്ടിയില്ല എന്ന് അവർ മനസ്സുകൊണ്ട് ചോദിച്ചു... ഒരു പുഞ്ചിരി സമ്മാനിച്ച് ഇരുവരും അവരുടെ ലോകത്തേക്ക് നടന്നുനീങ്ങി...
കാലം അങ്ങനെയാണ്... ചില കാര്യങ്ങൾ നമുക്കു വേണ്ടി കാത്തുവയ്ക്കും... അല്ലെങ്കിൽ അവൾ ഒരു അനാഥാലയത്തിൽ നിന്ന് ഒരു കുഞ്ഞോമനയെ മാത്രം ജീവിതത്തിലേക്ക് ക്ഷണിക്കില്ലായിരുന്നു... അവൻ അവന്റെ ഏകാന്തതയെ പ്രണയിച്ചു ജീവിക്കില്ലായിരുന്നു....
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.