കണ്ണാടി

കുറേ നാളുകൾക്ക് ശേഷമാണ് അയാൾകണ്ണാടിയിൽ നോക്കിയത്.. വർത്തമാനകാലത്തിന്റെ പുഴുക്കുത്തേറ്റ് വികൃതമായ മുഖം... അയാൾക്ക് വെറുപ്പ് തോന്നി.. പെട്ടെന്ന് മുഖം മാഞ്ഞു പോയി.. 

''മോനേ അപ്പൂ.. ''

കുസൃതിയോടെ ഒളിച്ചിരിക്കുന്ന അഞ്ചു വയസ്സുകാരനെ ഭക്ഷണം കഴിപ്പിക്കാനായി തിരഞ്ഞു വരുന്ന അമ്മ. അമ്മ അടുത്തെത്തിയപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിയകലുന്ന അമ്മയുടെ അപ്പുക്കുട്ടന്‍. അമ്മയുടെ മുഖം കണ്ണാടിയിൽ തെളിഞ്ഞപ്പോൾ അയാൾക്ക് പ്രസന്നത കൈവന്നു..

അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടക്കുന്ന അഞ്ചു വയസ്സുകാരന്റെ ലോകം .. നിറയെ വർണ്ണക്കാഴ്ചകൾ മാത്രം.. ഉത്സവങ്ങൾ, വർണ്ണ ബലൂണുകൾ, അങ്ങനെയങ്ങനെ..

കണ്ണിമയ്ക്കാതെ നോക്കി നിൽക്കവേ അപ്പു വളർന്ന് വലുതായി.. പൊടി മീശ മുളച്ചു തുടങ്ങുന്ന പതിനഞ്ചുകാരൻ.. മുഖക്കുരുവിന്റെ ഭംഗി, കൗമാരത്തിന്‍റെ കൗതുകം നിറഞ്ഞ കണ്ണുകള്‍.

പിന്നെയും അമ്മയുടെ മുഖം തെളിഞ്ഞു വന്നു.. ആശുപത്രി കിടക്കയിൽ കിടക്കുന്ന അമ്മയുടെ ക്ഷീണിച്ച മുഖം.. ഇളയ സഹോദരങ്ങളെ പതിനഞ്ചുകാരന്റെ കയ്യിൽ ഏൽപിക്കുന്ന അമ്മ.. പതിയെ അമ്മയുടെ കണ്ണുകൾ നിശ്ചലമായി.. വെള്ളയിൽ പൊതിഞ്ഞ അമ്മയുടെ ശരീരം..

വാവിട്ടു കരയുന്ന സഹോദരങ്ങളെ തന്നിലേയ്ക്ക് ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുന്ന പതിനഞ്ചുകാരൻ.

പിന്നെ അവന്റെ ലോകത്തിൽ വർണ്ണങ്ങളില്ലായിരുന്നു.. നിറം മങ്ങിയ കാഴ്ചകൾ.. വിശന്നു കരയുന്ന കൂടപ്പിറപ്പുകളുടെ മുഖം. അവരുടെ വിശപ്പ് മാറ്റാൻ പഠനം നിർത്തി കൂലിപ്പണിക്ക് പോകാൻ തുടങ്ങിയ വല്യേട്ടൻ..

ചിത്രം പിന്നെയും മാറി.. 

സഹോദരങ്ങളെ എല്ലാവരെയും ഒരു നിലയിലാക്കിയിട്ടും പ്രാരാബ്ധം ഒഴിയാത്തവൻ.. ആവശ്യങ്ങളുടെ തീർത്താൽ തീരാത്ത നീണ്ട പട്ടിക.. അതിനു മുൻപിൽ നിസ്സഹായനായി നിൽക്കുന്ന അയാൾ... മറ്റുള്ളവർക്കു വേണ്ടി ജീവിച്ചപ്പോൾ സ്വന്തം ജീവിതം മറന്നു പോയവൻ.ആർക്കും വേണ്ടാത്ത കറിവേപ്പിലയാകാൻ തുടങ്ങുന്നവൻ..

വീണ്ടും കാഴ്ച മാറി.. 

വാർദ്ധക്യത്തിന്റെ അവശതയോടെ വിദൂരതയിൽ കണ്ണും നട്ടിരിക്കുന്ന അയാൾ... മുകളിലെ വലിയ ബോർഡിൽ എഴുതിയിരിക്കുന്നു...

അഗതി മന്ദിരം.

ആ കാഴ്ച കാണാൻ ഇഷ്ടമില്ലാതെ അയാൾ കണ്ണുകൾ ഇറുകെയടച്ചു.

കണ്ണാടി എറിഞ്ഞുടയ്ക്കാനായി കയ്യിലെടുത്തു.. 

തനിക്കായി കാലം കാത്തുവെച്ചത് മാറ്റാനാവില്ലല്ലോ എന്നു ബോധ്യം വന്നപ്പോൾ അത് യഥാസ്ഥാനത്തു വെച്ച് തിരിഞ്ഞു നടന്നു..

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.