നീലക്കൊടുവേലി

അരപ്പട്ടിണിയും മനസ്സ് നിറയെ സ്വപ്നങ്ങളുമായി ഒരു ബാല്യം. റേഷൻ കിട്ടുന്ന തുച്ഛമായ അരി കിഴികെട്ടി അരിക്കലത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക്. ഇന്നത്തെ അരിഭക്ഷണം അമ്മ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ചോറ് എന്നത് സ്വപ്നം മാത്രം. ഈ കിഴി എടുത്തിട്ട് വേണം നാളെ അരിക്കലത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്കിടാൻ. കഞ്ഞിവെള്ളം വയറു നിറയെ മോന്താൻ കിട്ടും. ഈ പതിവിൽ വീട്ടിലുള്ള ആർക്കും തന്നെ എതിരഭിപ്രായം ഉള്ളതായി കണ്ടിട്ടില്ല.

ഇന്ന് സ്കൂൾ ഇല്ലല്ലോ. ക്ലാസ്സുള്ളപ്പോൾ മാഷ് പറയുന്നതു വിഴുങ്ങി വിഴുങ്ങി വിശപ്പിനെ മറക്കുന്നു. ഈ ശനിയും ഞായറും കൂടി സ്കൂൾ ഉണ്ടായിരുന്നെങ്കിൽ....! വിജയനോരോന്ന് വെറുതെ ചിന്തിച്ചുകൊണ്ട് ചാണകം മെഴുകിയ തിണ്ണയിലെ പടിയിലിരുന്ന് പുറത്തേക്കു മിഴികളയച്ചുകൊണ്ടിരുന്നു. ‘‘എന്താ കുട്ടാ, ഈ ആലോചിച്ച് കൂട്ടുന്നത്’’– അമ്മ. കുട്ടനെന്നേ അമ്മ വിളിക്കൂ. അതിന്റെ കാരണം ഇതുവരെയും വിജയന് മനസിലാക്കാൻ പറ്റിയിട്ടില്ല. ‘‘ഒന്നൂല്ലമ്മേ....ഞാൻ െവറുതെയിങ്ങനെ...’’ വിജയൻ നേർത്ത ശബ്ദത്തിലൊതുക്കി മറുപടി. ‘‘അമ്മേ, പടീറ്റയിലെ അമ്പഴത്തേന്ന് കായ വല്ലതും വീണിട്ടുണ്ടോന്ന് നോക്കിയിട്ടു വരാം, അമ്മയ്ക്ക് വേണോ’. ചോദ്യവും പുറപ്പെടലുമെല്ലാം എളുപ്പം കഴിഞ്ഞു. മകൻ ഓടിയകലുന്നതു നോക്കി അമ്മ നിന്നു. മൂന്നുനാലു തുള്ളി കണ്ണുനീര് ആ തറയ്ക്കും കിട്ടി. കുട്ടന്റെ ഒട്ടിയ വയറ് കാണുമ്പോൾ അമ്മയ്ക്കാന്തലാണ്. 

‘‘വല്ലതും കിട്ടിയോ വിജയാ’’

തിരിഞ്ഞു നോക്കുമ്പോൾ വടക്കേതിലെ ശിവൻകുട്ടി. ഇവനെന്തിനാ ഓടിയിങ്ങോട്ട് വന്നത്. ഇനി അവനും പങ്ക് കൊടുക്കണമല്ലോ. വിജയൻ ശിവൻകുട്ടിയെ നോക്കി വെളുക്കെ ചിരിച്ചു. രണ്ടാളും കൂടെ അടർന്നു വീണ പഴുത്ത അമ്പഴങ്ങകൾ പെറുക്കിക്കൂട്ടി. അവധി ദിവസങ്ങളിലെ വിശപ്പടക്കലിന് അയൽവീടുകളിലെ മരങ്ങൾ കനിയണമെന്നായിട്ടുണ്ട്. 

‘‘ഇന്നു രാവിലെയും വീട്ടിലൊന്നുമില്ലായിരുന്നല്ലേ വിജയാ’’ തന്റെ ഒട്ടിയ വയറു തടവിക്കൊണ്ട് ശിവൻകുട്ടി ചോദിച്ചു.

‘‘ഉം.....’’ വിജയൻ മൂളി.

‘‘ഈ അറുതിയൊക്കെ മാറാനൊരു വഴിയുണ്ട്. നീയെന്റെ കൂടെ നില്‍ക്കാമോ വി‍ജയാ’’–

ശിവൻകുട്ടി പ്രതീക്ഷയോടെ വിജയനെ നോക്കി.

‘‘എന്താ സംഭവം കേൾക്കട്ടെ’’ വിജയൻ പറഞ്ഞു.

കഴിഞ്ഞ ഓണത്തിന് അമ്മൂമ്മയെ കാണാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു തന്നതാണ്. ഈ അറുതിക്കുള്ള പോംവഴിയാണ് ‘‘നീലക്കൊടുവേലി’’.

വിജയൻ അതിശയത്തോടെ ശിവൻകുട്ടിയെ നോക്കി. ‘‘നീലക്കൊടുവേലിയോ... അതെന്താ സാധനം?’’

‘‘എനിക്കുമറിയില്ല’’ ശിവൻകുട്ടി തുടർന്നു. ‘‘പക്ഷേ ഒന്നറിയാം. നീലക്കൊടുവേലി ഉള്ളിടത്ത് ഐശ്വര്യമായിരിക്കും. അപ്പോൾ പട്ടിണി കാണില്ലല്ലോ’’.

‘‘നിന്റെ അമ്മൂമ്മയുടെ കൈയിലുണ്ടോ കൊടുവേലി’’ വിജയൻ തന്റെ സംശയം ചോദിക്കാതിരുന്നില്ല. 

‘‘അമ്മൂമ്മയുടെ കയ്യിലില്ല, പക്ഷേ, എങ്ങനെ കിട്ടുമെന്ന് പറഞ്ഞു തന്നിട്ടുണ്ട്.’’ ശിവൻകുട്ടി വിജയനോട് ആ രഹസ്യം പറഞ്ഞു. 

‘‘ഇതത്ര എളുപ്പമല്ലല്ലോ ശിവൻകുട്ടീ’’

പട്ടിണി മാറണമെങ്കിൽ എളുപ്പം പറ്റുമോ.... ഇത്തിരി മെനക്കെടണം’’

‘‘ഇന്നെന്തായാലും പറ്റില്ല... അടുത്തയാഴ്ച നമുക്കു നോക്കാം ശിവൻകുട്ടീ.....’’

‘‘നീ വരുമല്ലോ അല്ലേ... അവസാനം പറ്റിക്കരുത്’’

ഒരാഴ്ചയ്ക്ക് ഒരു വർഷത്തെ ദൈർഘ്യമുള്ളതായി വിജയനു തോന്നി. അങ്ങനെ വെള്ളിയാഴ്ചയായി. ശിവൻകുട്ടി രാവിലെയും ഓർമ്മിപ്പിച്ചു. ‘‘നീ കാണുമല്ലോ അല്ലേ വിജയാ....’’

പട്ടിണി മാറുമെങ്കിൽ ഞാനുണ്ടാവും ശിവൻകുട്ടീ.....’’ വിജയൻ വാക്കു കൊടുത്തു. 

‘‘സന്ധ്യയ്ക്കു ആ കലുങ്കിനടുത്തേക്ക് വാ.... അപ്പോൾ പറയാം ബാക്കി’’. ശിവൻകുട്ടി നടന്നകന്നു. സന്ധ്യ മയങ്ങുന്നു. അപ്പൻ വരാറായിട്ടില്ല ഇനിയും. അമ്മയുടെ അനുവാദം വാങ്ങി വിജയൻ കലുങ്കിനെ ലക്ഷ്യമാക്കി നടന്നു. 

‘‘വേഗം വരണേ കുട്ടാ’’.

ഈ അമ്മയുടെ ഒരു കാര്യം. അമ്മയ്ക്ക് പേടിയാണ്, പട്ടിണി മാറുമ്പോൾ പറയാം ഈ നേരത്ത് എവിടെയാ പോയതെന്ന്.

ശിവൻകുട്ടി നേരത്തെ തന്നെ കലുങ്കിൽ ഇടം പിടിച്ചല്ലോ. കൂടെ ആരാ ഉള്ളത്?

തെക്കേതിലെ ഷാജിയാണല്ലോ. അവനും കൊടുക്കണമല്ലോ. ശിവൻകുട്ടിയുടെ കയ്യിൽ ഒരു ഉപ്പനുണ്ടായിരുന്നു. 

‘‘ഇതിനെ എവിടെ നിന്ന് ഒപ്പിച്ചു’’ വിജയൻ ശിവൻകുട്ടിയെ അൽപം ആരാധനയോടെ നോക്കി. 

‘‘ഷാജി വാഴനാര് ഒപ്പിച്ചിട്ടുണ്ട്. നീയിതിന്റെ കാലൊന്ന് കെട്ടിക്കേ വിജയാ.’’

വിജയൻ ഉപ്പന്റെ കാലുകൾ കൂട്ടിക്കെട്ടി. അതിനുശേഷം മൂന്നുപേരും കൂടി അതിനെ കലുങ്കിന്റെ ഒരറ്റത്ത് വച്ചു. കെട്ടിയിട്ട ഉപ്പന്റെ കെട്ടറുക്കാൻ ഇണ ഉപ്പൻ വനത്തിൽ നിന്നും നീലക്കൊടുവേലിയും കൊണ്ടുവരുമെന്നാണ് അമ്മൂമ്മ പറഞ്ഞത്. കെട്ടറുത്തു കഴിയുമ്പോൾ ഉപ്പനെ ഓടിച്ചിട്ടു നീലക്കൊടുവേലി കൈക്കലാക്കണം. 

‘‘ആരാ രാത്രിയിൽ കാവലിരിക്കുക... അപ്പൻ വന്നാൽപ്പിന്നെ ഇറങ്ങാൻ സമ്മതിക്കില്ല’’

‘‘ഇന്ന് ഷാജി ഇരുന്നോളും. നീ വിഷമിക്കണ്ട വിജയാ’’ ശിവൻകുട്ടി പറഞ്ഞു. 

കിഴക്ക് വെള്ള കീറുന്നതിനുമുമ്പേ വിജയനും ശിവൻകുട്ടിയും കലുങ്കിനടുത്തേയ്ക്കോടി.

ഷാജിയവിടെ വിഷണ്ണനായി നിൽപുണ്ട്. 

‘‘എന്തു പറ്റി ഷാജീ....ശിവൻകുട്ടി ചോദിച്ചു. 

‘‘നീയും നിന്റെ ഒരു നീലക്കൊടുവേലിയും....’’

‘‘എന്തു പറ്റി ഷാജീ.... ഇണ ഉപ്പൻ വന്നില്ലേ?’’

‘‘നീയെന്നെക്കൊണ്ടൊന്നും പറയിക്കരുത്... മേലിൽ ഈ വക കാര്യങ്ങളും പറഞ്ഞ് എന്റടുത്തേക്ക് വരരുത്’’.

ശിവന്‍കുട്ടി മുഖത്തടിയേറ്റതു പോലെ നിന്നു പോയി. 

‘‘നമുക്കിതിനെയിനി അഴിച്ചു വിടാം.... ഇതിനെ കെട്ടിയിട്ടതു മുതൽ എനിക്കൊരു സമാധാനവുമില്ലായിരുന്നു.’’

വിജയനതിന്റെ കാലിലെ കെട്ടുകളഴിച്ച് ദൂരേയ്ക്ക് പറത്തിവിട്ടു. ഈ പട്ടിണിയൊക്കെ മാറുമ്പോൾ മാറട്ടെ...

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.