എന്ന് സ്വന്തം ഫെമിനിച്ചി...

മുഖപുസ്തകത്തിന്റെ താളുകൾക്കിടയിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍... ചിലയിടത്ത് ചിരികള്‍, ചിലയിടത്ത് കരച്ചിലുകള്‍, ചിലയിടത്ത് ആഘോഷങ്ങള്‍, ചിലയിടത്ത് ചിന്തകള്‍... ജാതി, മതം, രാഷ്ട്രീയം, സുനാമി, ആഗോളതാപനം....ലോകാവസാനം..........!!!!!!

“പെണ്ണിനെ ആകര്‍ഷിക്കാന്‍ ഈ ഒരൊറ്റ കാര്യം മതി...”

വേറൊന്നും നോക്കാതെ ഓണ്‍ലൈന്‍ ലിങ്ക് കയറി നോക്കിയെങ്കിലും പതിവുപോലെ അവര്‍ക്ക് കാഴ്ചക്കാരെ കൂട്ടാനുള്ള ഒരു ഉപാധി ആയിരുന്നു അതും..

സമയം ഏഴു മണി ആയി, ഒരു മണിക്കൂര്‍ കൂടി നോക്കാം.. എട്ടുമണിക്ക്  എഴുന്നേല്‍ക്കാം...ഫ്രീ ഡാറ്റ ഉള്ളതോണ്ട് കുറച്ച വിഡിയോകൾ കൂടി  കാണണം.. 

ഫെമിനിചികള്‍ !!!

വരികൾക്കിടയിലൂടെ എവിടെയൊക്കെയോ ഞാന്‍ ചില ട്രോളുകള്‍ കണ്ടു...ഇന്നത്തെ ട്രോള്‍ വിഷയം ഇതാണോ? കലക്കി !! ഞാന്‍ എല്ലാത്തിനും എന്റെ ലൈക്കുകൾ വാരിക്കൊടുത്തു...

ഇവളുമാർക്കൊന്നും വേറെ പണിയില്ല.. ഞാന്‍ ആത്മഗതം ചെയ്തു..

എന്റെ സാമൂഹ്യ മുഖപുസ്തക സുഹൃത്തായ സുനിതയുടെ അക്കൌണ്ടിലേക്ക് ഞാന്‍ കയറിചെന്നു..

അവിടവിടെയൊക്കെ എന്തൊക്കെയോ വിളിച്ചു പറയലുകള്‍... 

ഇന്‍ബോക്സില്‍ ശൃംഗരിക്കാൻ പോയ കുറ കോഴികളുടെ സ്ക്രീന്‍ഷോട്ടുകള്‍.... അതിലെ ചില തെറികള്‍ കണ്ടപ്പോള്‍ മലയാള ഭാഷ ഇത്രയേറെ  വളര്‍ന്നതില്‍ അഭിമാനം തോന്നി.. ഞാന്‍ ചിരിച്ചു..

ഇവനൊക്കെ ആളും തരോം നോക്കി കളിച്ച പോരെ.. മണ്ടന്മാര്‍..ഞാന്‍ ആത്മഗതം ചെയ്തു..

ഞാന്‍ അവളുടെ ഇൻബോക്സിൽ നോക്കി..

ഇന്നലെ ആണുങ്ങളെ  മുഴുവന്‍ താറടിച്ചു പോസ്റ്റ്‌ ചെയ്തപ്പോള്‍ ഞാന്‍ കലിപൂണ്ട് കൊണ്ട് അയച്ച ചില വാക്കുകള്‍..

ഇവളൊക്കെ ആണുങ്ങളെ പറ്റി എന്താ വിചാരിച്ചിരിക്കുന്നേ..കുറച്ചു കൂടിപോയെങ്കിലും കൊടുത്തത് നന്നായി.. ഇവളൊക്കെ മനസ്സിലാക്കട്ടെ ഇങ്ങനെയും ആണുങ്ങള്‍ ഉണ്ടെന്ന്..

എന്തിനു അവരെ ഒക്കെ പറയണം മുഴുവന്‍ സമയം ഓണ്‍ലൈനില്‍ കിടന്നു കളിച്ചിട്ട് ഇവളൊക്കെ ആരെ കാണിക്കാന്‍ വേണ്ടിയാ ഇതൊക്കെ  ഇടുന്നെ??

ഇവളുടെയൊക്കെ തനി സ്വഭാവം അറിയാന്‍ ഇവളുമാരുടെ ഇൻബോക്സിൽ കേറി നോക്കേണ്ടിവരും..

അവള്‍ ഓണ്‍ലൈനില്‍ തന്നെ ഉണ്ട് മറുപടി ഒന്നും വന്നിട്ടില്ല.

“ ഗുഡ് മോര്‍ണിംഗ് “ ഞാന്‍ അവള്‍ക്കു വീണ്ടും സന്ദേശം അയച്ചു..

ഓ വന്നോ .. ഞാന്‍ രാവിലെ മുതല്‍ കാത്തിരിക്കുകയായിരുന്നു..

“എന്തിനാണാവോ?? എന്റെ മെസ്സേജ് കൂടെ സ്ക്രീന്‍ ഷോട്ട് എടുത്ത് പോസ്റ്റ്‌ ചെയ്യണോ?”

അല്ല; നിങ്ങള്‍ ഇന്നലെ കൊണ്ട വികാരമില്ലേ.. ആണിന്റെ അഭിമാനത്തെ ചോദ്യം ചെയ്തപ്പോള്‍ പ്രതികരിച്ചത്.. അതിനു മറുപടി പറയാന്‍ തന്നെ..

“ഓഹോ !! എന്താണ് പറയാന്‍.. നിങ്ങളൊക്കെ നാല് ലൈക്‌ കിട്ടാന്‍ ഇങ്ങനെ ഷോ കാണിച്ചു കാട്ടിക്കൂട്ടുന്ന തരംതാണ ഏര്‍പ്പാടിന് എന്ത് വിശദീകരണം.. ഞാന്‍ അതൊക്കെ ഇന്നലേ വിട്ടു..”

ഞാന്‍ വിട്ടീട്ടില്ല സുഹൃത്തേ.. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം.. അവള്‍ പറഞ്ഞു 

“ശെരി പറയു കേള്‍ക്കട്ടെ” 

നിന്നെ പോലെ എന്റെ സ്റ്റാറ്റസ് കണ്ട ഓരോ പുരുഷനും രോഷം കൊള്ളാന്‍ വേണ്ടി തന്നെയാ ഞാന്‍ അങ്ങനൊക്കെ എഴുതിയത്...

എന്നെ പോലെ പലരുടെ അടുത്തു എന്തും പറഞ്ഞു ചെല്ലാം എന്ന ചിന്ത നിങ്ങള്‍ പുരുഷന്മാര്‍ക്ക്  ഉണ്ടാവരുത്.. സ്ത്രീയെ സംശയ ദൃഷ്ടിയോടെ നോക്കുന്ന വൃത്തികെട്ട ചിന്താഗതി മാറണമെങ്കില്‍ നിങ്ങള്‍ ഞങ്ങളെ ബഹുമാനിക്കാന്‍ പഠിക്കണം... അത് നിങ്ങള്‍ തരാത്തിടത്തോളം കാലം  ഞങ്ങള്‍ ഇങ്ങനെ പ്രതികരിച്ചു കൊണ്ടിരിക്കും...

“ഹ്മം സമ്മതിച്ചു, കഴിഞ്ഞോ, താനൊക്കെ വിചാരിച്ചാല്‍ ഇതൊന്നും മാറില്ല, ആദ്യം നല്ല രീതിയില്‍ നടക്കാന്‍ ശ്രമിക്കു, വെറുതെ കണ്ട ആള്‍ക്കാരെ ഒക്കെ ഫ്രണ്ട് ആക്കി വച്ചിട്ടും അസമയത്ത് ഓണ്‍ലൈനില്‍ വരുന്നതുകൊണ്ടുമൊക്കെ അല്ലെ  ഇതൊക്കെ ഉണ്ടാവുന്നത്, സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച്  ഉപയോഗിക്കണം , അപ്പൊ തനിക്കു ഈ പ്രശ്നമൊന്നും ഉണ്ടാവില്ല..

താന്‍ ആദ്യം നല്ലൊരു പെൺകുട്ടിയാവടോ, അപ്പൊ ഈ കോഴികള്‍ ഒന്നും തന്റെ പിന്നാലെ വരില്ല” 

എന്റെ വാക്കുകള്‍ കുറിക്കു കൊണ്ടെന്നു തോന്നുന്നു, കുറച്ചുനേരം അവളുടെ മറുപടി ഒന്നും കണ്ടില്ല..

“എനിക്ക് ഓഫീസില്‍ പോവാന്‍ സമയമായി..  മേലാല്‍ ഇത്തരം പോസ്റ്റുകള്‍ ചെയ്താല്‍ ഇനി തന്നോടുള്ള ഈ സുഹൃത്ബന്ധവും ഉണ്ടാവില്ല ... ഒരു ഫെമിനിച്ചി വന്നിരിക്കുന്നു...” ഇത്രേം പറഞ്ഞു മൊബൈല്‍ തിരിച്ചു വയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും  അവളുടെ മറുപടി എത്തി..മനസ്സില്ലാമനസ്സോടെ ഞാന്‍ മെസ്സേജ് തുറന്നു നോക്കി..

“സുഹൃത്തേ, നിങ്ങള്‍ പറഞ്ഞതാവാം ശെരി.. എന്നാലും നിങ്ങള്‍ പറഞ്ഞ രീതിയില്‍ ആരോടും പ്രതികരിക്കാതെ നല്ല കുട്ടിയായി മുഖപുസ്തകം  ഉപയോഗിക്കുന്ന നിങ്ങളുടെ  പെങ്ങള്‍ കുറച്ച ദിവസം മുൻപ് എന്നോട്  സംസാരിച്ചിരുന്നു..താങ്കള്‍ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ടാണ് എന്നോട് അവള്‍ മനസ്സ് തുറന്നത്.  അവള്‍ തുടര്‍ന്നു.. 

നിങ്ങളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഉള്ള മാന്യന്മാരായി വ്യാഖ്യാനിക്കുന്ന ചില മാതൃകാ പുരുഷന്മാര്‍ അവള്‍ക്കു അയച്ചുകൊടുത്ത സന്ദേശങ്ങളും ചിത്രങ്ങളും ഞാന്‍ ഇതോടൊപ്പം അയക്കുന്നു....കാണുക... പ്രതികരിക്കാന്‍ കഴിയാത്ത തന്റെ സഹോദരിയെ കുറിച്ചോർത്ത് അഭിമാനിക്കുക...

എന്റെ സൗഹൃദം വേണ്ടാത്ത താങ്കളെ ഇനി കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതല്ല.. ഗുഡ് ബൈ !!! 

എന്ന് സ്വന്തം- 

ഫെമിനിച്ചി