അതെ, ആലീസ് തെറ്റുകാരിയാണ്...

Representative Image

നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾ... ഓർക്കുമ്പോൾ നഷ്ടബോധം തീരെയില്ല. പക്ഷേ, കുറ്റബോധം അത് തന്റെ ഓർമ്മകളെ കാർന്നുതിന്നുകയാണ്. വാർദ്ധക്യസഹജമായി എത്ര പേർക്ക് മറവിരോഗം പിടിപെടുന്നു. അതിനും തനിക്ക് യോഗമില്ല. മറവിയാണല്ലോ സകലത്തിനും മരുന്ന്, പ്രത്യേകിച്ച് ഓർമ്മകളെന്ന ജ്വരം പിടിച്ച് തീരാവേദനയിൽപ്പെട്ടവർക്ക്.

ആലീസ് പതുക്കെ കസേരയിലേക്ക് ചാഞ്ഞിരുന്നു. കണ്ണട പതുക്കെ ഊരിവെച്ചു കണ്ണുകൾ അടച്ചു. പിന്നെയും എന്തോ തൃപ്തിവരാത്ത പോലെ കണ്ണുകൾ മുറുക്കിയടയ്ക്കാൻ ശ്രമിച്ചു. ഈ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചു തുടങ്ങിയിട്ട് കൊല്ലമെത്രയായി? ഓർമകളുടെ വേലിയേറ്റങ്ങൾ ജീവിതത്തിൽ ഒരിക്കലും സ്വസ്ഥത നൽകിയിട്ടില്ല. പക്ഷേ, ചെയ്തു കൂടിയതൊക്കെ ഒരു പ്രായശ്ചിത്വമെന്ന സ്വയം വിശ്വസിക്കാൻ ശ്രമിച്ചിരുന്നു് ഇത്രയും നാൾ .എന്നിട്ടും ഒടുവിൽ?

പുതുതായി ജോലിക്ക് എത്തിയ ആൾ... അവൾ അദ്ദേഹത്തിന്റെ നാട്ടുകാരിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. ആരോടും വലിയ അടുപ്പത്തിന് പോകാത്തതാണ്, ഇതിപ്പോൾ അവൾ നീനു ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടതാണ്. സ്വയം പരിചയപ്പെടുത്തലിൽ അദ്ദേഹത്തിന്റെ സ്ഥലപ്പേര് കേട്ടപ്പോൾ അറിയാതെ ജിജ്ഞാസയേറി. എന്റെ കണ്ണുകളിൽ അതു കണ്ടിട്ടാകണം ഊരും പേരും നാളും കുടുംബപ്പേരും എല്ലാം അവൾ വിളമ്പിയത്. എല്ലാം ഒരു മൂളലോടെ കേട്ടിരുന്ന താൻ അറിയാതെ അവളുടെ ആ ചോദ്യത്തിനും മൂളിപ്പോയി.

"മേഡത്തിന്റെ ആരെങ്കിലും അവിടെയുണ്ടോ? എന്ന്"

പിന്നീടങ്ങോട്ട് ചോദ്യങ്ങളുടെ ഒരു നിരതന്നെ ആയിരുന്നു ഒന്നും പറയാൻ വയ്യായിരുന്നു. അവിടെ നിന്നും എഴുന്നേറ്റു പോകുമ്പോൾ മനസ്സിൽ പറയുന്നുണ്ടായിരുന്നു...

"അതേ മോളെ, അവിടെയാണ് എന്റെ സകലരും എന്റെ സർവ്വവും" എന്ന്,

അദ്ദേഹത്തെപ്പറ്റി ചോദിക്കണമെന്നുണ്ടായിരുന്നു.. അദ്ദേഹം എന്നു പറഞ്ഞാൽ അലൻ... ആരെന്നു പറയും. തന്റെ ആദ്യ ഭർത്താവെന്നോ?

അറിയില്ല, ഇപ്പോൾ ഒരു കുടുംബമൊക്കെയായി സ്വസ്ഥമായി കഴിയുകയായിരിക്കും. പഴയ കഥകളൊന്നും നീനു കേൾക്കാൻ കൂടി വഴിയില്ല. കാരണം അവളും കുടുംബവും അവിടെ താമസമാക്കിയിട്ട് പത്ത് വർഷമേ ആകുന്നുള്ളൂ. ആ അറിവ് ആലീസിനൊരു ധൈര്യമായിരുന്നു.

ഇപ്പോൾ തോന്നുന്നു. ഒന്നും ചോദിക്കേണ്ടിയിരുന്നില്ല. അലന്റെ തൊട്ടടുത്ത വീട്ടിൽ ആണവൾ താമസിക്കുന്നത്. അതും, താനും അലനും സ്വപ്നം കണ്ട് പണിത വീട്ടിൽ. അത് അലൻ വിറ്റിരിക്കുന്നു അയാളും ഓർമ്മകളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുകയായിരുന്നത്രേ, വിദേശത്ത് ജോലി തേടി പോയി നാലു പുത്തൻ കണ്ടപ്പോൾ തന്നെയും മക്കളെയും ഉപേക്ഷിച്ച് സുഖലോലുപതയിൽ മയങ്ങി പോയ ഭാര്യയുടെ ഓർമ്മകളിൽ നിന്ന്...

ഒക്കെ പറയുമ്പോൾ നീനുവിന്റെ വാക്കുകളിൽ നിറയെ അലനോടുള്ള സഹാനുഭൂതിയും അയാളെ വിട്ടു പോയ ഭാര്യയോടുള്ള വെറുപ്പും നിറഞ്ഞിരുന്നു. ആ വെറുപ്പ് പോലും അലന് തന്നോട് ഇല്ലായെന്നറിഞ്ഞപ്പോൾ ഒന്നും അറിയേണ്ടായിരുന്നു എന്നു തോന്നി.

അലന്റെ സഹപാഠിയായിരുന്നു താനെന്ന് പറഞ്ഞതിനാലാവണം അവളിത്രയൊക്കെ വിശദമായി പറഞ്ഞത്. വിവാഹശേഷം തമ്മിൽ കണ്ടിട്ടില്ലാത്തതുകൊണ്ട് ഒന്നുമറിഞ്ഞില്ലായിരുന്നു എന്നു പറഞ്ഞ് ആലീസ് ഒഴിഞ്ഞുമാറി.

അലൻ വേറെ വിവാഹമൊക്കെ കഴിച്ച് സന്തോഷമായി ജീവിക്കുകയായിരിക്കും എന്നു കരുതിയ തനിക്കാണ് തെറ്റിയത്. തന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു. ഇവിടെയെത്തിയതിന്റെ രണ്ടാം വർഷം താനയച്ച ‍ഡിവോഴ്സ്പെറ്റീഷൻ അനുകൂലമറുപടിയില്ലാതെ മടങ്ങിയപ്പോൾ പിന്നെ ഒന്നിനും നിന്നില്ല. നാട്ടിലേയ്ക്കുള്ള പോക്കുവരവുകൾ വേണ്ടെന്നുവെച്ചു അലന്റെ ഫോൺ വിളികൾ മെസ്സേജുകൾ കത്തുകൾ എല്ലാം അവഗണിച്ചു.

പിരിയാൻ താൻ മുൻപേ തീരുമാനിച്ചതാണ്. പക്ഷേ, രണ്ടു വർഷം ക്ഷമിച്ചു താനും അലനും ഒരുമിച്ച് കണ്ട ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അതിന്റെ സാക്ഷാത്ക്കാരത്തിന് തന്റെ രണ്ടു വർഷത്തെ അധ്വാനം ആവശ്യമായിരുന്നു.

അതിനും എത്രയോ നാളുകൾക്ക് മുൻപേ തന്റെയും അലന്റെയും സ്നേഹത്തിന്റെ അഭ്രപാളികൾക്കിടയിൽ വിള്ളലുകൾ വീണുതുടങ്ങിയിരുന്നു. ഒരു പക്ഷേ, അലൻ കാണാതെ താൻ മാത്രം മനസ്സിലാക്കിയിരുന്ന അകൽച്ചയുടെ വിള്ളലുകൾ.

സ്വയമൊരുക്കിയ തടവറയിലായിരുന്നു... നീണ്ട 25 വർഷങ്ങൾ. എല്ലാവരും തന്നെ വെറുക്കുമെന്നും തന്നോടുള്ള വാശിയിൽ അലനും മക്കളും സുഖമായി കഴിയുമെന്നും കരുതി.

അലന്റെ സ്നേഹത്തിന് താനർഹയല്ലെന്ന തിരിച്ചറിവാണ് തന്നെകൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. മരിക്കാൻ ഭയമായതുകൊണ്ടായിരുന്നു ഈ ഒളിച്ചോട്ടം. അതിന് ആലീസിന് അവളുടേതായ ന്യായീകരണങ്ങളുമുണ്ടായിരുന്നു. ആരും ഒരിക്കലും അറിയരുതെന്നാഗ്രഹിച്ച അവളുടേതായ ന്യായീകരണങ്ങൾ..

അവളുടെ കാരണങ്ങൾ എന്തുതന്നെ ആയാലും അവളുടെ മരണത്തോടു കൂടി അവളിൽ തന്നെ അവസാനിക്കട്ടെ!

"…പക്ഷേ, ആലീസ് നീ ഒന്ന് ഓർക്കണം നിന്നെയോർത്ത്, നിന്നെ സ്നേഹിച്ചു പോയതിന്റെ പേരിൽ ജീവിതത്തിന്റെ ഒരു നല്ല ഭാഗം മുഴുവൻ നീറിനിറി ജീവിച്ച അല്ലെങ്കിൽ ഇപ്പോഴും ജീവിക്കുന്ന അലനെ, നീ മാതൃസ്നേഹം നിഷേധിച്ച നിന്റെ പൊന്നുമക്കളെ, അവസാനമായി നിന്നെ ഒരു നോക്ക് കാണുവാൻ ആശിച്ചിട്ടും കഴിയാതെ ഈ ലോകത്തെ വിട്ടകന്നു പോയ നിന്റെ മാതാപിതാക്കളെ... കാലം നിനക്ക് മാപ്പ് തരില്ല ആലീസ്"

സ്വന്തം മനസാക്ഷി പോലും തള്ളിപ്പറയുകയാണല്ലോ ആലീസ് മെല്ലെ എഴുന്നേറ്റ് ഇടനാഴിയിലൂടെ ഇരുളിനെ കവച്ചു മാറ്റി നടന്നു. അതേ മനസ്സിൽ ഒരു കടലിരമ്പുകയാണ്. എല്ലാം മറക്കാൻ ശ്രമിച്ചു ആരുടെയും വേദനകൾ അറിഞ്ഞില്ലെന്ന് നടിക്കുവാൻ.. ഒരുപാട് ഇടങ്ങളിൽ അനാഥാലയങ്ങൾ കെട്ടിപ്പടുത്തും ഒരുപാട് പേർക്ക് അന്നദാതാവായും ഒക്കെ.

"ഒന്നും താൻ തന്റെ മക്കൾക്ക് നിഷേധിച്ച മാതൃസ്നേഹത്തിന് പകരമാവില്ല"

നടന്ന് മട്ടുപ്പാവിലെത്തിയത് അറിഞ്ഞില്ല. താഴോട്ട് നോക്കിയാൽ കാണാം പ്രകാശപൂരിതമായ ആ നഗരത്തിന് മുകളിൽ ഇരുൾ കട്ടപിടിച്ച് കിടക്കുന്നു. എന്തൊക്കെയോ മറയ്ക്കുവാനെന്ന പോലെ...

വേണമെങ്കിൽ ഇവിടം കൊണ്ട് തനിക്കെല്ലാം അവസാനിപ്പിക്കാം. പക്ഷേ അതിനിത്ര നാൾ കാത്തിരിക്കണമായിരുന്നോ? താൻ മരിച്ചുവെന്നറിഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷേ അലൻ തന്നെ കാത്തിരിക്കാതെ......

വേണ്ട, അവൾ തിരികെ നടന്നു... "കാലമിനിയും ശിക്ഷിച്ചോട്ടെ, നീറി നീറി മരിക്കുന്നതുവരെ, താനൊരുക്കമാണ്... ജീവിച്ചേ പറ്റൂ... തനിക്കു വേണ്ടി കാത്തിരിക്കുന്ന അനാഥ ബാല്യങ്ങൾക്ക് വേണ്ടി "

"അതെ, ആലീസ് തെറ്റുകാരിയാണ്"

ശരികളുടെ ലോകത്ത് നിന്നും അവളെ കല്ലെറിയരുതേ!!!

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.