തക്കാളി ചുവപ്പുള്ള സാരിയും മൂന്നു പെണ്ണുങ്ങളും!

Representative Image

1

ഒന്നാമത്തെ പെണ്ണ്!

അന്ന് വീണയുടെ മുപ്പത്തിരണ്ടാമത്തെ പിറന്നാളായിരുന്നു. അവളുടെ ഭർത്താവ് സേതു നൽകിയ വൈരകമ്മലുകൾ കാതിലിട്ടു അയാളുടെ മാറിലുരുമ്മി അവൾ കൊഞ്ചി-“എന്നാലും പിറന്നാളായിട്ടു സേതു എന്നെ വിട്ടു പോവുന്നല്ലോ?”

വീണയുടെ സുന്ദരമായ മുഖമുയർത്തി നെറ്റിയിൽ ചുംബിച്ചു സേതു പറഞ്ഞു-  “ കോൺഫറൻസ് അല്ലെ മോളെ? പോവാതിരുന്നാൽ ജോലി തകരാറിലാകും. അല്ലെങ്കിൽ തന്നെ മുടിഞ്ഞ കോമ്പറ്റിഷൻ ഉള്ള ഫീൽഡ് ആണ്.. നീ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കു.. രണ്ടു ദിവസം കഴിഞ്ഞു ഞാൻ വന്നിട്ട് നമുക്ക് ആഘോഷിക്കാം.”

അയാൾ അവളോട് യാത്ര പറഞ്ഞിറങ്ങി ...

സേതു പോയ ഉടനെ വീണ കുളിമുറിയിൽ കയറി വിശാലമായി കുളിച്ചു. അലമാരയിൽ നിന്നും തക്കാളി ചുവപ്പുള്ള സാരി എടുത്തണിഞ്ഞു . വിലകൂടിയ പെർഫ്യും പൂശി.. ചുണ്ടിൽ സാരിക്ക് ചേർന്ന ലിപ്സ്റ്റിക്ക് പുരട്ടി. തോളൊപ്പമുള്ള സമൃദ്ധമായ മുടിവിടർത്തിയിട്ടു... കണ്ണാടിയിൽ നോക്കിയപ്പോൾ താൻ എന്നത്തേക്കാളും സുന്ദരിയായതായി അവൾക്കു തോന്നി. അല്ലെങ്കിൽ തന്നെ മനസിന്റെ സന്തോഷമാണ് എല്ലാ സ്ത്രീകളുടെയും സൗന്ദര്യ രഹസ്യം.

ഹാൻഡ് ബാഗ് കൈയിലെടുത്തു, വിവാഹം കഴിഞ്ഞ ആദ്യത്തെ പിറന്നാളിന് സേതു നൽകിയ വെളുത്ത സാന്റോ കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വീണ സ്റ്റീരിയോ ഓൺ ചെയ്‌തു..

“ I am coming, I am coming baby…“ ബോബിയുടെ ശബ്ദത്തിൽ ഗാനം കാറിനുള്ളിൽ മുഴങ്ങി... ശബ്ദം താഴ്ത്തി വെച്ച് സീറ്റ് ബെൽറ്റ് മുറുക്കിയപ്പോൾ വിനയന്റെ ഫോൺ...

അവന്റെ പ്രണയവും തന്നിൽ വലിഞ്ഞു മുറുകുകയാണ്. അവൾ വശ്യമായി ചിരിച്ചുകൊണ്ട് ഫോണിലൂടെ പാടി.. “ I am coming, I am coming baby.”

2

രണ്ടാമത്തെ പെണ്ണ് !

“ഇനിയെന്ന് കാണും നമ്മൾ

തിരമാല മെല്ലെ ചൊല്ലി ..”

വീണകുഞ്ഞിന്റെ വീട്ടിലെ നിലം തുടച്ചുകൊണ്ട് റേഡിയോയിൽ കേൾക്കുന്ന പാട്ടു കേട്ട്, കൂടെ മൂളുകയായിരുന്നു മറിയ.

വീണകുഞ്ഞിന് പാട്ടു വലിയ ഇഷ്ടമാണ്.. മറിയക്കും. മറിയ ഏഴാം ക്ലാസ്സു വരെയേ പഠിച്ചുള്ളൂ. പക്ഷേ, അത്രയും ക്ലാസ്സുകളിൽ പഠിത്തത്തിൽ പിറകോട്ടു പോയെങ്കിലും പാട്ടിൽ അവൾ ഒന്നാം സ്ഥാനക്കാരിയായിരുന്നു. പിന്നെ പ്രാരാബ്ദ്ധകാലത്തിനിടയിൽ പാട്ടുമറന്നു.

പെയിന്റ് പണിക്കാരനായ ഭർത്താവു മുകളിൽ നിന്ന് വീണ് പരുക്കേറ്റു കിടപ്പിലായപ്പോൾ ആണ് മറിയ വീട്ടു പണിക്കിറങ്ങിയത്. ഒരു മകളെ അവൾക്കുള്ളു. പഠിക്കാൻ മിടുക്കിയായതു കൊണ്ട് നഗരത്തിലെ കോളജ് ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നു. അവളെ കേൾപ്പിക്കാൻ മറിയ പാട്ടുകൾ പാടും. ഇടക്ക് “കഭി കഭി” എന്ന ഹിന്ദി ഗാനവും. ' അമ്മ ഹിന്ദി പാട്ടും പഠിച്ചല്ലോ” എന്നവൾ കളിയാക്കും ..

മറിയ പാത്രങ്ങൾ കഴുകി തുടങ്ങിയപ്പോൾ അടുത്ത ഗാനം തുടങ്ങി. “സന്യാസിനി ..” ഇന്ന് വീണകുഞ്ഞു അപ്പടി സങ്കടഗാനമാണല്ലോ കേൾക്കുന്നതെന്നോർത്തു മറിയ ജോലി തുടർന്നു.

പണി കഴിഞ്ഞു, വിയർത്തൊട്ടിയ മഞ്ഞ നൈറ്റി മാറ്റി, കഴിഞ്ഞ തവണ വീണ കൊടുത്ത കറുത്ത സാരി ചുറ്റി കൊണ്ടിരിക്കുമ്പോൾ വീണ വന്നു അവളുടെ നേരെ ഒരു സാരി നീട്ടി –“ഇതു ഒന്ന് കത്തിച്ചേക്കു “

സാരി കണ്ടതും മറിയ ശരിക്കു ഞെട്ടി. തക്കാളി നിറത്തിലെ പുതു പുത്തൻ പട്ടു സാരി .. ”അയ്യോ കുഞ്ഞേ എന്ത് നല്ല സാരി… ഇതുഞാൻ എടുത്തോട്ടെ !” മടിച്ചു മടിച്ചാണെങ്കിലും മറിയ ചോദിച്ചു

“ഉം. പക്ഷേ, ഇവിടേക്ക് ഇതുടുത്തു  വന്നു പോവരുത്”- വലിയ തൃപ്തിയില്ലാതെ വീണ പറഞ്ഞു ..

കൈയിലുള്ള മഞ്ഞ പ്ലാസ്റ്റിക് കവറിലേക്ക് സാരി തിരുകി വെച്ച് മറിയ വീണയോടു യാത്ര പറയാൻ ചെന്നപ്പോൾ റേഡിയോയിൽ പാട്ടു – “ തേച്ചല്ലോ.. പെണ്ണെ തേച്ചല്ലോ ..”

“ ഇതു എന്തൊരു പാട്ട് എന്റെ കുഞ്ഞേ” മറിയ ചിരിച്ചു. വീണ ദേഷ്യത്തോടെ റേഡിയോ ഓഫ് ചെയ്തു, പിന്നാലെ കയ്യിലിരുന്ന
മൊബൈലും കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.

ഇന്നു വീണ കുഞ്ഞിന് എന്തു പറ്റി എന്നാലോചിച്ചു മറിയ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ചെന്നിട്ടു വേണം മകൾക്കു ഹോസ്റ്റലിലേക്ക്പോവാൻ.. അവൾക്കു ഈ സാരി കൊടുക്കാം. പണക്കാരായ നല്ല ചില കൂട്ടുകാരുടെ വസ്ത്രങ്ങൾ അണിഞ്ഞാണ് അവളുടെ നടപ്പ്... ഒന്നിനും അവൾ തന്നെ ബുദ്ധിമുട്ടിക്കാറില്ല.

ഉച്ച സമയമായതിനാൽ ബസിൽ തിരക്കില്ല. മറിയ കവർ സൈഡിൽ വെച്ച് സീറ്റിലേക്ക് ചാരിയിരുന്നു. തുറന്നിരുന്ന കവറിലൂടെ തക്കാളി ചുവപ്പുള്ള സാരി പുറത്തു കാണാം. മുന്നിലുള്ള കണ്ണാടിയിലൂടെ മറിയ സ്വന്തം മുഖത്തേക്ക് നോക്കി. ആകെ കറുത്ത്കരുവാളിച്ച മുഖം.

മകൾക്കു കുറച്ചു കൂടെ നിറമുണ്ട്.. ഈ സാരി ചേരും. ക്ഷീണം കൊണ്ട് അവർ കണ്ണടച്ചു ചാരിയിരുന്നു..

3

മൂന്നാമത്തെ പെണ്ണ്!

അവളെ നമുക്ക് “അനാമിക “എന്ന് വിളിക്കാം. ഇങ്ങിനെയുള്ള പെൺകുട്ടികൾക്ക് പേര് ഉണ്ടാവാറില്ല.. അവരെ വാങ്ങുന്നവർ അവർക്കിഷ്ടമുള്ള പേരുകൾ അവർക്കു നൽകും ..

നഗരത്തിലേക്കുള്ള ബസിൽ കയറി ഇരുന്നപ്പോൾ അവളുടെ മൊബൈൽ ശബ്‌ദിച്ചു. അവൾ ബാഗിൽ നിന്നും വില കൂടിയ മൊബൈൽപുറത്തെടുത്തു. അതിൽ തെളിഞ്ഞ ചിത്രം കണ്ടു അനാമിക ചിരിച്ചു.. “ ശരി നാളെ ഞാൻ വരാം. എന്താ ..? തക്കാളിചുവപ്പോ..നോക്കട്ടെ...” അൽപ്പം അങ്കലാപ്പോടെ അവൾ ഫോൺ വെച്ചു.

അയാൾ ഒരു പ്രത്യേക തരക്കാരൻ ആണ്. ഓരോ പ്രാവശ്യം വിളിക്കുമ്പോഴും ഓരോ നിറങ്ങൾ പറയും. ഹോസ്റ്റലിലെ തന്റെ വിലകുറഞ്ഞ തുകൽ പെട്ടിയിൽ തക്കാളി നിറത്തിലുള്ള വസ്ത്രങ്ങൾ അവൾ മനസ് കൊണ്ട് തിരഞ്ഞു... കഴിഞ്ഞ തവണ അയാൾ തന്ന പണം കൊണ്ട് വാങ്ങിയ മെറൂൺ നിറത്തിലെ ചുരിദാറിടാം എന്ന് തീരുമാനിച്ചു സീറ്റിലേക്ക് അമർന്നിരുന്നപ്പോഴാണ് അവളാ കവർകണ്ടത്. അത് കൈയിലെടുത്തു തുറന്നപ്പോൾ, കവനുള്ളിൽ തക്കാളി ചുവപ്പിലെ സാരിയും അമ്മയുടെ വിയർപ്പ് മണക്കുന്ന മഞ്ഞ നൈറ്റിയും..

4

പിന്നെ അയാൾ..

അവളെ കാത്തു അയാൾ ഹോട്ടൽ റൂമിലിരുന്നു . തക്കാളി ചുവപ്പിലെ സാരിയിൽ അവൾ സുന്ദരിയാവും തീർച്ച...

കാളിങ് ബെൽ അടിച്ചപ്പോൾ അയാൾ വാതിൽ തുറന്നു. നീണ്ട ചുരുണ്ട മുടി പിന്നി മുന്നിലേക്കിട്ടു നിറയെ മുല്ല പൂ ചൂടി സാരിയിൽ അവൾ..

അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടക്കുമ്പോൾ ഫോൺ ശബ്‌ദിച്ചു. നോക്കിയപ്പോൾ വീണയുടെ അന്നേ ദിവസത്തെ പന്ത്രണ്ടാമത്തെ മിസ് കാൾ. അയാൾ സ്വയം ചിരിച്ചു. എല്ലാ ഭർത്താക്കന്മാരുള്ള സ്ത്രീകളെയും പോലെ അവളും ആദ്യം പതിവ്രത ചമഞ്ഞു. പിന്നെ പൂച്ച കുഞ്ഞിനെ പോലെ ഉരുമ്മി... ഇപ്പോൾ പ്രണയപ്പനിയും.

മൊബൈൽ ഓഫ് ചെയ്തു അയാൾ വീണ്ടും അനാമികയിലേക്കു  തിരിഞ്ഞു.. അപ്പോഴാണ് ആ  സാരി അയാൾക്ക്‌ പരിചിതമായി തോന്നിയത്.. വീണക്ക് അവളുടെ പിറന്നാളിന് സമ്മാനിച്ച അതെ സാരി.. അന്ന് വീണ ബലം പ്രയോഗിച്ചപ്പോൾ അവളുടെ നീണ്ട വിരലുകൾ കൊണ്ട് അതിൽ ചെറിയ കീറലുകൾ പറ്റിയത് അയാൾ തിരിച്ചറിഞ്ഞു. കാമുകൻ ഹോട്ടൽ റൂമിലേക്ക് വിളിക്കുന്നത് ചുമ്മാ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാൻ എന്ന് കരുതിയോ അവൾ? അല്ലെങ്കിലും വിലയ്ക്ക് വാങ്ങാൻ ഇതു പോലുള്ള കിളികൾ ഉള്ളപ്പോൾ ഭർത്താക്കന്മാരുള്ളവർ ഒരു നേരത്തെ നേരമ്പോക്കിന് മതി.. ഒരുത്തിക്കു സമ്മാനങ്ങളും മറ്റവൾക്കു പണവും എന്ന വ്യത്യാസം മാത്രം.

ബൂമറാങ് പോലെ ആ സാരി തന്നിലേക്ക് തിരിച്ചെത്തിയല്ലോ എന്ന ചിന്തയിൽ നിന്നും വിനയനുണർന്നപ്പോൾ തക്കാളി ചുവപ്പിലെ സാരി താഴെ നിലത്തു കിടന്നിരുന്നു. യാതൊരു പോറലുകളും കൂടാതെ...

Malayalam Short StoriesMalayalam literature interviews,Malayalam Poems  

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.