Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്രി

ബി.മുരളി
story-b.murali വര: മാർട്ടിൻ പി.സി

കഥാകൃത്ത് രാവിലെ ലുങ്കിയുമുടുത്ത് വള്ളിച്ചെരുപ്പുമിട്ട് പാലുവാങ്ങിക്കാന്‍ ഇറങ്ങി. ഉള്ളൂരില്‍ പാല്‍ക്കട റോഡില്‍ നാല് ആക്രിക്കടകള്‍ ഉണ്ട്. ഫ്ലീറ്റ് സ്ട്രീറ്റ് എന്നൊക്കെ പറയുന്നതുപോല, ആക്രി സ്ട്രീറ്റ് എന്നു റോഡിനു പേരിട്ടാലോ എന്ന് ആര്‍ട്ടിസ്റ്റിനു തോന്നി.

പാല്‍ക്കടയ്ക്കടുത്തുതന്നെയാണ് പ്രധാന ആക്രിക്കട. പെറുക്കുന്ന ആക്രിസാമഗ്രികള്‍ മുഴുവനായി വാങ്ങും. കട തുറന്നിട്ടില്ല. മുതലാളി വന്നിട്ടില്ല. പത്തുപതിനഞ്ച് ആക്രിപെറുക്കുകാര്‍ ഖനന വസ്തുക്കള്‍ തരംതിരിക്കുന്നു. തുറക്കുമ്പോള്‍ത്തന്നെ കൊടുക്കണം. ധനം വാങ്ങണം. പിന്നെ അടുത്ത സമാഹരണ യജ്ഞത്തിനിറങ്ങണം.

പാല്‍ വാങ്ങിയിട്ട് ആര്‍ട്ടിസ്റ്റ് ആക്രിക്കാരെ നോക്കി. ജീവിതം പഠിക്കണമല്ലോ! എന്തൊക്കെയോ വിചിത്ര വസ്തുക്കള്‍ പുറത്തെടുത്ത് അവര്‍ അടുക്കിപ്പെറുക്കുന്നുണ്ട്. ഒരഞ്ചു മിനിറ്റ് അവര്‍ക്കിടയില്‍ നിന്ന് നിരീക്ഷണം നടത്തവേ, പെട്ടെന്നു കഥാകൃത്തിനു വിവേകം ഉണര്‍ന്നു. തന്നെത്തന്നെയും ഒന്നു നിരീക്ഷിച്ചു. റോഡില്‍ക്കൂടി വാഹനങ്ങള്‍ നീങ്ങുകയാണ്. അതിലുള്ളവര്‍ തന്നെയും ഒരു ആക്രി പെറുക്കുകാരനായി അംഗീകരിച്ചു കളയുമല്ലോ. വിവേകം വന്നാല്‍ ഉടന്‍ അതു പ്രാവര്‍ത്തികമാക്കുകയാണ് ബുദ്ധിയുടെ ലക്ഷണം. കണ്ടവര്‍ കണ്ടു. ഇനിയാരും കാണേണ്ട. പാലുമായി കലാകാരന്‍ മുങ്ങി. 

കണ്ടവര്‍ പിന്നീട് ഏതെങ്കിലും സാംസ്കാരിക സദസില്‍ വച്ചു കഥാകൃത്തിനെ കണ്ടാല്‍ ചോദിക്കുമായിരിക്കും,‘‘താങ്കള്‍ ആക്രി പെറുക്കല്‍ നിര്‍ത്തി കഥയെഴുത്തു തുടങ്ങിയോ? മറ്റേതല്ലേ മെച്ചം?’’

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം