കുട്ടിക്കാലം മുതല്‍ക്കേ കടല്‍ അവള്‍ക്കൊരു വിസ്മയമായിരുന്നു.. എത്ര കണ്ടാലും മതി വരാത്ത വിസ്മയം...
അവധി കിട്ടുമ്പോളൊക്കെ അച്ഛന്‍റെ കയ്യില്‍ തൂങ്ങി അവള്‍ കടല്‍ തീരത്ത് പോകുമായിരുന്നു.. അവിടെ എത്ര നേരം കളിച്ചാലും അവള്‍ക്ക് കൊതി തീരില്ല.. ഇരുട്ട് വീണു തുടങ്ങുമ്പോള്‍ അച്ഛന്‍ ഒരുപാട് നിര്‍ബന്ധിച്ചാണ് അവളെ തിരിച്ചു വീട്ടിലേക്ക് കൊണ്ടു പോയിരുന്നത്..
അത്രക്ക് ഇഷ്ടമായിരുന്നു അവള്‍ക്ക് കടലിനോട്.. വളരുന്തോറും ആ ഇഷ്ടം കൂടിക്കൂടി വന്നു..
ഒരു രാത്രിയില്‍ അമ്മയോട് വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അച്ഛന്‍റെ ശരീരം പിറ്റേന്ന് കടല്‍ത്തീരത്തു നിന്ന് കിട്ടിയപ്പോളാണ് അവള്‍ക്ക് മനസ്സിലായത്, അവളെപ്പോലെ തന്നെ അച്ഛനും കടലിനെ സ്നേഹിച്ചിരുന്നു എന്ന്..
പിന്നീട് അവളെ കടല്‍ക്കരയില്‍ കൊണ്ടു പോകാന്‍ ആരുമുണ്ടായില്ല.. അമ്മയ്ക്ക് കടല്‍ എന്നു കേള്‍ക്കുന്നതേ കലിയായിരുന്നു..
കടലു കാണാനുള്ള വെമ്പല്‍ മനസ്സില്‍ അടക്കിവെച്ച് ജീവിക്കാനേ അവള്‍ക്കായുള്ളു..
പട്ടണത്തിലെ കോളജില്‍ ചേര്‍ന്നപ്പോള്‍ അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. എന്നും കടലു കാണാനുള്ള ഒരു വഴി തുറന്നു കിട്ടിയല്ലോ എന്നോര്‍ത്ത്.. അപ്പോഴേക്കും അവള്‍ കടലിനെ പ്രണയിക്കാന്‍ തുടങ്ങിയിരുന്നു..
കോളജ് വിട്ടു കഴിഞ്ഞാല്‍ കൂട്ടുകാരെയൊക്കെ ഒഴിവാക്കി അവള്‍ തനിച്ചു കടല്‍ക്കരയിലെത്തും. കടലിന്‍റെ അനന്തതയില്‍ മിഴികള്‍ പാകി ഒരുപാട് നേരം നില്‍ക്കും.. അവളുടെ കാമുകനായ കടലിനോട് പരാതികളും പരിഭവങ്ങളും പറയും.. ഒടുവില്‍ അസ്തമയ സൂര്യന്‍ കടലിനോട് ചേര്‍ന്നു കഴിയുമ്പോള്‍ മനസ്സില്ലാമനസ്സോടെ വീട്ടിലേക്ക് മടങ്ങും..
പതിവായി കോളജില്‍ നിന്നു വൈകി വരുന്നതിനാല്‍ അമ്മ അവളെ വഴക്ക് പറയും, ഒന്നും മിണ്ടാതെ അവള്‍ എല്ലാം കേട്ടു നില്‍ക്കും.. പിറ്റേന്ന് വൈകുന്നേരം കാമുകന്‍റെ മുന്‍പില്‍ മനസ്സു തുറക്കുമ്പോള്‍ എല്ലാ സങ്കടവും മാറും...
ദിവസേനയുള്ള കടല്‍ത്തീര യാത്ര പലരിലും സംശയം ജനിപ്പിച്ചു.. കൂട്ടുകാരൊക്കെ കളിയാക്കാന്‍ തുടങ്ങി.. എതോ കള്ളക്കാമുകനെ കാണാന്‍ പോവുകയാണെന്നൊക്കെ പറഞ്ഞ്.. അതിനൊന്നും അവള്‍ പ്രതികരിച്ചതേയില്ല..
ഈ കാര്യത്തെ ചൊല്ലി വീട്ടിലും പ്രശ്നങ്ങളുണ്ടായി.. അമ്മയും മറ്റു ബന്ധുക്കളും അവളെ കുറ്റപ്പെടുത്തി.. ദിവസവും തനിച്ചു കടല്‍ക്കരയില്‍ പോകുന്നത് വേറെ എന്തോ ഉദ്ദേശത്തിലാണെന്നും സത്യം പറഞ്ഞില്ലയെങ്കില്‍ പഠിത്തം നിര്‍ത്തുമെന്നും പറഞ്ഞു..
അപ്പോഴും അവളൊന്നും മിണ്ടിയില്ല...
കടലാണ് തന്‍റെ കാമുകന്‍, അവനെ കാണാനും സല്ലപിക്കാനുമാണ് താന്‍ ദിവസവും പോകുന്നത് എന്നു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല എന്ന് അവള്‍ക്കറിയാമായിരുന്നു.. അവളുടെ പ്രണയം ആരുമായും പങ്കുവെയ്ക്കാനും അവള്‍ ഇഷ്ടപ്പെട്ടില്ല..
പിറ്റേ ദിവസം ക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍ നേരെ കടല്‍ക്കരയിലേക്ക് തന്നെ പോയി.. അലയാഴിയുടെ അനന്തതയിലേക്ക് നോക്കി അവിടെയിരുന്നപ്പോള്‍ അവള്‍ക്ക് നല്ല ആശ്വാസം തോന്നി.. കടല്‍ പതുക്കെ അടുത്തേക്ക് വന്നു തിരമാലക്കൈകള്‍ നീട്ടി അവളുടെ പാദങ്ങളില്‍ തൊട്ടു.. തന്നെ കൂടെയിറങ്ങി ചെല്ലാന്‍ കടൽ വിളിക്കുന്നതു പോലെ അവള്‍ക്ക് തോന്നി..
അവള്‍ മെല്ലെ മെല്ലെ കടലിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു.. കടല്‍ അവളെ മാറോട് ചേര്‍ത്തു പുണര്‍ന്നു..
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.