അഭിസാരികയുടെ ഭര്‍ത്താവ്‌

ഗ്രാമസഭ. കുടുംബകോടതിയിലേയ്ക്ക് അവര്‍ ഒരു യുവാവിനെ പിടിച്ചുകൊണ്ടു വന്നു. വിചാരണ തുടങ്ങും മുന്‍പേ അയാള്‍ തല കുനിച്ചിരിക്കുന്നതെന്തിന്‌?

" ഇയാളെ ഇവിടെ ഹാജരാക്കിയിരിക്കുന്നത്‌? "

"ഇയാള്‍ വിവാഹിതനായത് കഴിഞ്ഞ മാസമാണ്‌. പക്ഷേ, ഭാര്യയാകട്ടെ, ഇപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്‌. വിവാഹത്തിന് മുന്‍പു തന്നെ ഇവര്‍.."

കാര്യക്കാരന്‍ കുറ്റമാരോപിക്കപ്പെട്ടയാള്‍ക്കു നേരെ തിരിഞ്ഞു.

"ഈ പറഞ്ഞത് ശരിയാണോ?"

"മുഴുവനുമല്ല"

"നിങ്ങള്‍ക്ക് സ്ത്രീയേ നേരത്തെ പരിചയമുണ്ടോ?"

"ഉണ്ട്‌"

"അപ്പോള്‍ തെറ്റ് സമ്മതിക്കുന്നു?"

മറുപടിയില്ല.

"വിവാഹത്തിനു മുന്‍പുതന്നെ വധുവുമായി ബന്ധം പുലര്‍ത്തി. അവള്‍ ഗര്‍ഭിണിയായി. നിഷേധിക്കുന്നുവോ?"

മറുപടിയില്ല.

അലറി ചോദിച്ചു,

"നിഷേധിക്കുന്നുവോ?"

"...അതെന്റെ.. കുട്ടിയല്ല.."

സദസ്സിലാകെ മൗനം.

പിന്നെ അത് അടക്കം പറച്ചിലായി.

ഒടുവില്‍ പരിഹാസച്ചിരിയായി.

"നിങ്ങളുടെ ഭാര്യ ഒരു മോശപ്പെട്ടവള്‍ ആയിരുന്നു എന്നു വേണം കരുതാന്‍."

അയാള്‍ അല്ലെന്നു തലയാട്ടി.

"ശരി. നിങ്ങളെ വെറുതെ വിടുന്നു. വിവരം നിങ്ങളോട് ഒളിച്ചു വെച്ചാണ്‌ ഈ വിവാഹം നടത്തിയതെന്ന് അനുമാനിക്കുന്നു. ആയതിനാല്‍...."

"..ഞാന്‍ അറിഞ്ഞ്‌ കൊണ്ടാണ്..."

ഒരു നിമിഷം. കാര്യക്കാരന്‍ സ്തബ്ദനായി. അയാള്‍ ധൃതിപെട്ടു സേവകര്‍ക്ക് എന്തോ നിര്‍ദ്ദേശം നല്‍കി. 

അവര്‍ മുഖ്യപുരോഹിതനെ വിളിച്ചു കൊണ്ടു വന്നു.

വിചാരണ തുടര്‍ന്നു.

"നിങ്ങള്‍ എന്താണ് പറഞ്ഞതെന്ന് ബോധ്യമുണ്ടോ? ഇതിന്‌ കൂട്ടുനിന്നതാണ് വലിയ കുറ്റം " 

"ഞാന്‍ അറിഞ്ഞു കൊണ്ടാണ്."

അടക്കം പറച്ചിലുകള്‍ക്ക് ശക്തിയേറി. പുരുഷന്മാര്‍ ആര്‍ത്ത്ചിരിച്ചു. സ്ത്രീകള്‍ പുച്ഛത്തോടെ നോക്കി. ചിലര്‍ പതുക്കെ പറഞ്ഞു. ചിലര്‍ കൂകി വിളിച്ചു - ഷണ്ഡന്‍, ആണത്തം ഇല്ലാത്തവന്‍, ഭാര്യയെ കൂട്ടികൊടുത്തവന്‍. അയാള്‍ക്ക് നേരെ ചീഞ്ഞ മുട്ടയെറിഞ്ഞു. കല്ലുമെറിഞ്ഞു.

"ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കരുത്‌. തിരുത്തി പറഞ്ഞാല്‍ നിങ്ങളെ വെറുതെ വിടുക മാത്രമല്ല, അവളെ ശിക്ഷിക്കുകയും ചെയ്യാം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് മാത്രമാകും ശിക്ഷ. അപമാനം മാത്രം തരുന്ന അവളെ നിങ്ങള്‍ക്കിനി എന്തിന്?"

"..അല്ല.. "

"സമൂഹം നിങ്ങളുടെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പും. വംശത്തിനു തന്നെ ഇതു കളങ്കമാകും. അവര്‍ നിങ്ങളുടെ വഴിയില്‍ നായ്ക്കളെ അഴിച്ചു വിടും. യാചകരും അറച്ച്‌ മാറി നില്‍ക്കും"

"എനിക്കു പരാതിയില്ല"

"ഭ്രാന്ത്!! മുഴുഭ്രാന്ത്!! ആരിവിടെ, ഈ നപുംസകത്തെ പിടിച്ചുകെട്ടൂ. സ്വന്തം സ്ത്രീയുടെ ഉദരത്തില്‍ മറ്റൊരു ജീവന്‍ വളരുന്നു എന്നറിഞ്ഞിട്ടും വിധേയനായിരിക്കുന്ന ഈ നികൃഷ്‌ടജീവിയെ സൂര്യനസ്തമിക്കുന്ന വരെ ചാട്ടവാറിനടിക്കാനും, ശേഷം കഴുതപ്പുറത്ത് കെട്ടിയിരുത്തി നാട്‌ കടത്താനും ഇതിനാല്‍ ഉത്തരവിടുന്നു."   

അയാള്‍ ഭയന്നില്ല.

ആത്മാവിന്‌ മുറിവേല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നറിഞ്ഞപ്പോള്‍ പുരോഹിതന്‌ കലിയിളകി.

"ഇത്‌ കൂടി കേട്ടോളൂ, നിന്റെ ഈ മകന്‍, അവന്‍ അവിശ്വാസത്തിന്റെ സന്തതിയാണ്. അവനും വഞ്ചിക്കപ്പെടും. ആര്‍ക്കു വേണ്ടി നിലകൊണ്ടുവോ അവര്‍ തന്നെ അവന്റെ രക്തം ചീന്തും"

താടി തടവിക്കൊണ്ട്‌ പാതിരി പിന്നെയും വിഷം നിറച്ചു.

"തെറ്റ് തിരുത്താന്‍ ഒരവസരം കൂടി. ഒരൊറ്റ വാക്ക്. 

ആ അഴിഞ്ഞാട്ടക്കാരിയുടെ കഴുത്തറക്കാനുള്ള കത്തി നിന്റെ കയ്യില്‍ തന്നെ വെച്ചു തരാം."      

അയാള്‍ മുഖമുയര്‍ത്തി, ആദ്യമായി, പുഞ്ചിരിച്ചു.

ഭടന്മാര്‍ അയാളെ വലിച്ചിഴച്ച് കൊണ്ടു പോയി.  

നിസാന്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ചയാണ്‌.

തെരുവുകളില്‍ ആകെ ബഹളം. കയറോവില്‍ നിന്നുപോലും ജൂതന്മാര്‍ എത്തിയിരിക്കുന്നു. ദേവാലയങ്ങളില്‍ സാബത്ത് കൊടുക്കുന്ന മുഴക്കം. കുതിരതോലില്‍ മുള്ള് തറച്ച ചാട്ട പൊങ്ങി പായും മുന്‍പേ, അയാള്‍ അടക്കം പറഞ്ഞത് അവര്‍ കേട്ടിരിക്കില്ല.

"കാലം നിങ്ങളോട് ക്ഷമിക്കട്ടെ, സ്ത്രീകളില്‍ വെച്ച്‌ ഏറ്റവും അനുഗ്രഹീതയായവളെ നിങ്ങള്‍ നിഷേധിച്ചിരിക്കുന്നു."

Malayalam Short StoriesMalayalam literature interviews,Malayalam Poems      

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.