കാലം

Representative Image

ധനു മാസത്തെ തണുത്ത പ്രഭാതം എന്നെ ഉറങ്ങാൻ അനുവദിക്കുന്നില്ല. എഴുന്നേറ്റ ഞാൻ വാച്ചിൽ നോക്കി, സമയം 5.50. ഇന്നെന്റെ എഴുപതാം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ ഞാൻ അമ്പലത്തിൽ പോകണമെന്ന് അമ്മക്ക് നിർബന്ധമായിരുന്നു, ഇന്നേവരെ പിറന്നാൾ ദിനത്തിലെ ക്ഷേത്ര ദർശനം ഞാൻ മുടക്കിയിട്ടുമില്ല. 

പണ്ട് പിറന്നാളിന് തണുപ്പ് കാരണം പുതച്ചുറങ്ങുമായിരുന്ന എന്നെ എഴുന്നേൽപ്പിച്ചു തലയിൽ എണ്ണ തേച്ചു തന്നു കുളിക്കാൻ പറഞ്ഞു വിടുന്ന അമ്മയുടെ മുഖം എന്റെ മനസ്സിൽ വന്നു. എന്റെ ചെറുപ്പത്തിൽ അച്ഛൻ ജോലിക്കായി സിലോണിലും സിംഗപ്പൂരിലും ഒക്കെ ആയിരുന്നപ്പോൾ അച്ഛന്റെ സ്നേഹം കൂടി പകർന്നു നൽകിയ പാവം അമ്മ. എനിക്ക് അമ്മയെ വലിയ ഇഷ്ടമായിരുന്നു, അമ്മക്ക് എന്നെയും. എപ്പോഴും എന്തെങ്കിലും ജോലി ചെയ്യുന്ന, സാരി തലപ്പുകൊണ്ട് മുഖം തുടക്കുന്ന അമ്മയുടെ മുഖമാണ് എന്റെ മനസ്സിൽ ഇപ്പോഴും, അമ്മയുടെ ഒരു ഫോട്ടോ പോലും എന്റെ കയ്യിൽ ഇല്ല, എന്നാലും ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.

ഓർമകളെ തടസ്സപ്പെടുത്തികൊണ്ട് അലാറം അടിച്ചു. നല്ല തണുപ്പുണ്ട്. എന്നാലും ഇന്ന് അമ്പലത്തിൽ പോകണം. അമ്മയുടെ ഈ ഒരു ആഗ്രഹമെങ്കിലും ഞാൻ സാധിച്ചു കൊടുക്കും. പല്ലു തേച്ചു കുളിച്ചു. കൊച്ചുമകന്റെ കൈ കൊണ്ട് തന്ന വെള്ള നിറമുള്ള ഷർട്ടും മുണ്ടും ധരിച്ചു ഞാൻ മുറിക്ക് പുറത്തിറങ്ങി. ഇവിടെയുള്ളവർ ആരും എന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു കാണില്ല. അറിഞ്ഞിട്ടെന്തിനാ... ഞാൻ പതുക്കെ പുറത്തിറങ്ങി നടന്നു. അമ്പലത്തിൽ പോയി തൊഴുതു നിന്നു. എന്താണ് പ്രാർഥിക്കേണ്ടത് എന്നു പോലും ആദ്യം സംശയിച്ചു. 

ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കാൻ കഴിയണം, അവസാനത്തെ ആഗ്രഹം ഭഗവാനോട് പറഞ്ഞു ഞാൻ പുറത്തിറങ്ങി. മണ്ഡലകാലമാണ്, ശബരിമലക്ക് പോകുന്ന അയ്യപ്പന്മാർ അമ്പലത്തിൽ തൊഴാൻ വന്നിട്ടുണ്ട്. അച്ഛനുമൊത്തു ഒരിക്കൽ ശബരിമലക്ക് പോയതിന്റെ ചെറിയ ഓർമയുണ്ട്. അച്ഛനുമൊത്തുള്ള ഓർമകൾക്ക് എന്നും വലിപ്പം കുറവായിരുന്നു.

സിലോണിൽ നിന്നും സിംഗപ്പൂരിൽ നിന്നും വല്ലപ്പോഴും ഫോൺ വിളിക്കുന്ന, സുഖവിവരവും പഠിത്തവും അന്വേഷിക്കുന്ന അച്ഛൻ. അമ്മയുടെ മടിയിൽ കിടന്ന് അച്ഛന്റെ കത്ത് വായിക്കുന്നതും ഓർമയിലുണ്ട്. ഒടുവിൽ അമ്മയെ തനിച്ചാക്കി ഗൾഫിലേക്ക് പോയ ഞാൻ രണ്ടുകൊല്ലം കഴിഞ്ഞു അച്ഛനോട് ഇനി ജോലി ഒന്നും ചെയ്യണ്ട, തിരിച്ചു നാട്ടിലേക്ക് പൊക്കൊളു എന്ന് ഫോൺ ചെയ്തു പറഞ്ഞപ്പോൾ, അച്ഛൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു.

നാട്ടിലെത്തി കുറച്ച് നാളുകൾക്ക് ശേഷം അച്ഛന് വയ്യാതായി ആശുപത്രിയിൽ ആണെന്നും എന്നെ കാണാൻ ആഗ്രഹം ഉണ്ടെന്നും അറിഞ്ഞു ഞാൻ നാട്ടിലേക്ക് തിരിച്ചു. എന്നാൽ എന്നെ കാണാൻ കൂട്ടാക്കാതെ അച്ഛൻ പോയി. അന്ന് ഞാൻ വിഷമിച്ചുവോ എന്നു പോലും എനിക്ക് അറിയില്ല. കാരണം അച്ഛന്റെ സാന്നിധ്യം കത്തിലൂടെയും ഫോണിലൂടെയും മാത്രം അറിഞ്ഞത് കൊണ്ടാകാം. ഏറെ വേദനിപ്പിച്ചതും കരയിപ്പിച്ചതും അമ്മയുടെ മരണമാണ്.

ഓരോന്ന് ഓർത്തു ഞാൻ തിരിച്ചെത്തി ഗേറ്റ് തുറന്ന് അകത്തു കയറി. പുറത്ത് ഒരു കാറുണ്ട്. വിഷ്ണു വന്നിട്ടുണ്ടാകും. ഹാളിൽ ആരെയും കണ്ടില്ല. ഞാൻ ഡൈനിങ്ങ് ഹാളിലേക്ക് നടന്നു. വിഷ്ണുവിന്റെ മകൾ ഓടി വന്നു കെട്ടിപിടിച്ചു ഹാപ്പി ബര്ത്ഡേ അപ്പൂപ്പാ എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. പെട്ടെന്ന് ഹാപ്പി ബർത്ഡേ പാടി എല്ലാവരും മുന്നോട്ട് വന്നു. അപ്പോഴാണ് ഡൈനിങ്ങ് ഹാളിലെ കേക്ക് ഞാൻ കണ്ടത്. അമ്മയുടെ മരണത്തിനു ശേഷം ആദ്യമായി ആഘോഷിക്കുന്ന പിറന്നാൾ. അതും എന്റെ സമപ്രായക്കാരോടൊപ്പം. എന്നെ എന്റെ മകൻ ഈ ശരണാലയത്തിൽ ആക്കിയിട്ട് 8 മാസം ആകുന്നു. 

ഞാൻ അവനെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. കാരണം സ്വന്തം അച്ഛനെ ഞാൻ സ്‌നേഹിച്ചിട്ടില്ല. അദ്ദേഹം ആഗ്രഹിച്ച സമയത്തു പോലും എനിക്ക് അടുത്തുണ്ടാകുവാൻ കഴിഞ്ഞിട്ടില്ല. എന്റെ തെറ്റിന് ദൈവം എന്നെ ശിക്ഷിച്ചു. എന്റെ മകൻ ചെയ്ത തെറ്റിന് അവന്റെ മകൻ അവനെ ശിക്ഷിക്കാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അവരോടൊപ്പം ചേർന്നു...   

Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.