ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട്, എപ്പോള്‍ വേണമെങ്കിലും മഴപെയ്യാം. ഞാന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി. നാല്‍ക്കവലയില്‍ നിന്നും തെച്ചുംപാടം കുന്നിലൂടെ പോയാല്‍ പ്രസാദിന്‍റെ വീട്ടില്‍ പെട്ടെന്ന് എത്താം. പക്ഷേ, കുറച്ചു നാളായി ആ വഴിയിലൂടെ പോക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്. കവലയിലെത്തിയപ്പോള്‍ ചാക്കുണ്ണിയുടെ ചായകടയിലേക്കൊന്നു പാളി നോക്കി. ആശ്വാസം, സാധാരണ ഈ സമയത്ത് അവളുടെ അപ്പന്‍ ഇവിടെ കാണാറുണ്ട്.
മലയോരം ചുറ്റി പ്രസാദിന്‍റെ വീട്ടിലെത്തിയപ്പോള്‍ അവന്‍ അവിടെയില്ല.. എവിടെയോ ക്രിക്കറ്റ് കളിക്കാന്‍ പോയിരിക്കുകയാണ്. അവന്‍റെ അമ്മയുണ്ടാക്കിയ ചൂട് കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കൂട്ടി വയറുനിറയെ കഴിച്ച് തിരിച്ചിറങ്ങി. തിരിച്ച് കവലയിലെത്തിയപ്പോഴാണ് അവന്‍റെ അയൽക്കാരനായ വിബിയെ കണ്ടത്.
"പ്രസാദ് തെച്ചുംപാടം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയേക്കുവാ.."
തെച്ചുംപാടം....
അവളുടെ വീടിനു മുന്നിലൂടെയുള്ള വഴിയെ പോയാലെ അവിടെ എത്താന്‍ പറ്റു. അല്ലെങ്കില്‍ ഇരട്ടി ദൂരം കറങ്ങിത്തിരിഞ്ഞ് പോകണം. ചാറ്റല്‍ മഴ ചെറുതായി തുടങ്ങിയിരിക്കുന്നു. മനസില്ലാമനസോടെ, ഏതു വഴിക്ക് പോകേണ്ടാന്നു വിചാരിച്ചിരുന്നോ ആ വഴിക്ക് തന്നെ സൈക്കിള്‍ തിരിച്ചു. കുത്തനെയുള്ള കയറ്റം കാരണം ഞാന്‍ ഇറങ്ങി സൈക്കിള്‍ തള്ളിക്കൊണ്ട് മുകളിലേക്ക് കയറി..
ഒരു മാസം മുമ്പാണ് ഈ വഴിയില്‍ അവസാനമായി വന്നത്, നെഞ്ചിനുള്ളില്‍ ഇടിപ്പിനു വേഗം കൂടുന്നുവോ. ഓര്‍മ്മകള്‍ പിന്നോട്ട് പോയി..
അന്നും രാവിലെ പാല്‍ക്കാരി ചേച്ചിയുടെ വീട്ടില്‍ പാലു മേടിക്കാന്‍ എത്തിയതാണ്. അപ്പോഴാണ് അവള്‍ തനിയെ പള്ളിയിലേക്ക് പോകുന്നതു കണ്ടത്. പതിവുപോലെ എന്നെ യാതൊരു മൈന്‍റും ചെയ്യാതെ അവള്‍ കടന്നുപോയി. എന്നും കൂടെയുള്ള വാലുകളെയൊന്നും കണ്ടില്ല.
“ഇന്ന് താമസിച്ചോ മോളെ..? മറ്റവരെന്തിയേ...?”
പാലുകൊണ്ടു വന്ന ചേച്ചിയാണ് ചോദിച്ചത്.
"ഇന്ന് അവര്‍ വന്നില്ല.. ഞാന്‍ തന്നെ പോന്നു."
അവള്‍ കണ്ണുകള്‍ പാളി ചേച്ചിയെ നോക്കിക്കൊണ്ട് നടത്തം തുടര്‍ന്നു.
എന്‍റെയുള്ളില്‍ ഒരു ലഡു പൊട്ടി. ഇന്നവള്‍ തനിച്ചാണ്.. കുറേനാളായി ഉള്ളില്‍ കൊണ്ടുനടക്കുന്ന എന്‍റെ ഇഷ്ടം തുറന്നുപറയാന്‍ ഇപ്പോഴൊരവസരം കൈവന്നിരിക്കുന്നു. മനസില്‍ പദ്ധതികള്‍ കണക്കുകൂട്ടി.
"ചേച്ചി, പാല് ഞാന്‍ പിന്നെ വന്നെടുത്തുകൊള്ളാം. മാത്തുകുട്ടിയുടെ വീട്ടിലൊന്നു പോയിട്ടു വരാം."
ഞാന്‍ പാലുകുപ്പി സിറ്റൗട്ടില്‍ വച്ചിട്ട് ചേച്ചിയുടെ മറുപടിക്ക് കാത്തുനില്‍ക്കാതെ സൈക്കിള്‍ വീട്ടിലേക്ക് തിരിച്ചു.
"പാല് കറന്നിട്ടില്ല ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞു.."
"അതിയാന് ഇനി കട്ടന്‍ചായ കൊടുക്കാം ഇന്നത് കുടിക്കട്ടെ.." അമ്മ ഈര്‍ഷ്യത്തോടെ അടുക്കളയിലേക്ക് പോയി.
ഞാന്‍ വേഗം കുളിച്ചൊരുങ്ങി, മുറിയിലെത്തി അവളോട് പറയാനുള്ളത് പല പ്രാവശ്യം റിവൈന്‍റ് ചെയ്തു. റിഹേഴ്സലുകള്‍ പലതും നടത്തി. അവളുടെ ഏതുസൈഡില്‍ സൈക്കിള്‍ നിര്‍ത്തണം, മുഖഭാവം സംസാരത്തിന്‍റെ താളം സൈക്കിളിന്‍റെ ഹാന്‍ഡില്‍ എങ്ങനെയാണ് പിടിക്കേണ്ടത് എന്നുവരെ പലപ്രാവശ്യം പ്രാക്ടീസ് ചെയ്തു.
"എടാ നീയവിടെ എന്തെടുക്കുകയാ.. കട്ടന്‍ ചായ എടുക്കട്ടെ നിനക്ക്?"
"വേണ്ടാ..."
പള്ളിയുടെ താഴേയാണ് വീട്.. അടുക്കളയില്‍നിന്നു നോക്കിയാല്‍ മുകളില്‍ പള്ളിയില്‍ കഴിഞ്ഞ് വരുന്നവരെ കാണാം. നേരെ അടുക്കളയില്‍ ചെന്ന് വേണ്ടാന്നുപറഞ്ഞ കട്ടന്‍ചായയെടുത്ത് ചുണ്ടോടടുപ്പിച്ചു ഊതിയൂതി കുടിക്കാന്‍ ആരംഭിച്ചു.
പള്ളി കഴിഞ്ഞു. അകലെ പള്ളിയുടെ സൈഡിലുള്ള വഴിയിലൂടെ അവള്‍ നടന്നുപോകുന്നതു കണ്ടു.. ഇല്ല.. ആരും അവളുടെ കൂടെയില്ല..
നേരെ മുറിയിലെത്തി ഒന്നുകൂടി പറയാനുള്ളതെല്ലാം റിഹേഴ്സല്‍ ചെയ്തു. സ്റ്റഡി ടേബിളിനു മുന്നില്‍ വച്ചിരിക്കുന്ന കുരിശുരൂപത്തില്‍ വട്ടം പിടിച്ച് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.. പതുക്കെ അപ്പന്‍റെ മുറിയില്‍ കേറി ഇളേപ്പന്‍ ദുബായീന്നുകൊണ്ടുവന്ന അത്തറെടുത്ത് പൂശി..
ഇപ്പോഴവള്‍ പാലുകാരിചേച്ചിയുടെ വീട് കടന്നുകാണും.. മനസില്‍ കണക്കുകൂട്ടി..
സൈക്കിളും എടുത്ത് ഗെയിറ്റു തുറന്ന് പുറത്തേക്കിറങ്ങുമ്പോള്‍ സിറ്റൗട്ടില്‍ പത്രവും വായിച്ചുകൊണ്ടിരിക്കുന്ന അപ്പനെ വെറുതെ ഒന്നു നോക്കി. അപ്പന്‍ എന്നെതന്നെ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉള്ളില്‍നിന്നൊരു കിളി പോയി.. ചമ്മലോടെ ഞാനൊരു വളിച്ച ചിരി പാസാക്കി. സൈക്കിളിലേക്ക് വലിഞ്ഞുകേറി തിരിഞ്ഞുനോക്കാതെ അവിടം വിട്ടു. ഇങ്ങേരുടെ നോട്ടം അത്ര പന്തിയല്ല.. സാധാരണ ഞാനെന്തു കുരുത്തക്കേടൊപ്പിച്ചാലും എങ്ങനേം അപ്പന്‍ കണ്ടുപിടിക്കും.
ഞാന്‍ പാലുകാരി ചേച്ചിയുടെ വീടിന്‍റെ അടുത്തെത്താറായപ്പോള്‍ സൈക്കിളിന്‍റെ വേഗം കൂട്ടി.. പാല് അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു. ഭാഗ്യം ചേച്ചി കണ്ടില്ല. ഞാന്‍ അൽപം കൂടി മുന്നോട്ടു പോയി, സൈക്കിള്‍ അരികു ചേര്‍ത്ത് നിര്‍ത്തി. അവള്‍ കടന്നുപോകുന്ന സ്ഥലങ്ങളും സമയവും എല്ലാം കണക്കുകൂട്ടി. റബര്‍തോട്ടങ്ങളും കന്നാരതോട്ടങ്ങളും നിറഞ്ഞ ഒരു മലയുടെ മുകളിലാണ് അവളുടെ വീട്. റബര്‍ തോട്ടത്തിനിടയിലൂടെയുള്ള വഴിയിലൂടെ അൽപദൂരം പോകണം അവളുടെ വീട്ടിലേക്ക്.
അവള്‍ എത്തിക്കാണാന്‍ സാധ്യതയുള്ള സ്ഥലത്തിന്‍റെ ഏകദേശ ഊഹം വച്ച് ഞാന്‍ സൈക്കിള്‍ മുന്നോട്ടെടുത്തു. കവല കഴിഞ്ഞ് ഇടതു തിരിഞ്ഞ് കുത്തനെയുള്ള കേറ്റം നിന്നു ചവിട്ടികേറ്റി. കുന്നുകേറി സൈക്കിള്‍ അവളുടെ വീടിന്‍റെ വഴിയിലേക്ക് തിരിഞ്ഞു. എന്‍റെ ഒരു കൂട്ടുകാരന്‍റെ വീടിന്‍റെ മുന്നില്‍കൂടെയാണ് വഴി. ഭാഗ്യം ആരും മുന്‍വശത്തുണ്ടായിരുന്നില്ല.
ടാറിട്ട റോഡ് അവിടെ അവസാനിക്കുന്നു. മലവെട്ടിയുണ്ടാക്കിയ ചെങ്കല്‍ പറകളോടുകൂടിയ വഴി. ഇടതുവശത്ത് 30 അടിയോളം താഴ്ചയില്‍ നെല്ലുപാടങ്ങളും കന്നാരപാടങ്ങളും നിറഞ്ഞ പ്രദേശം. വലതുവശത്ത് ഇടതൂര്‍ന്ന് നില്‍ക്കുന്ന റബര്‍ മരങ്ങളും. മണ്ണൊലിപ്പു തടയാനുള്ള രീതിയില്‍ പ്ലോട്ട് ആയിട്ടാണ് റബര്‍ തോട്ടം പിടിപ്പിച്ചിരിക്കുന്നത്. വെയില്‍ തെളിഞ്ഞിട്ടും മഞ്ഞിന്‍ കണങ്ങള്‍ ആ പ്രദേശം നിറഞ്ഞുനിന്നിരുന്നു.
അൽപം അകലെയായി അവള്‍ തനിയെ നടന്നുപോകുന്നു.
എന്‍റെ നെഞ്ചിന്‍റെ ഉള്ളില്‍നിന്നും പെരുമ്പറകള്‍ കൊട്ടുന്നു. തൊണ്ടഞരമ്പുകള്‍ വലിയുന്നപോലെ.. കൈകള്‍ക്ക് ഒരു വിറയലുണ്ടോ...
അവളുടെ അടുത്തെത്താറായി, ഞാന്‍ ചുറ്റും നോക്കി, അടുത്തെങ്ങും ആരും ഇല്ലായെന്ന് ഉറപ്പുവരുത്തി. സൈക്കിളിന്‍റെ ശബ്ദം കേട്ടിട്ടാവണം അവള്‍ തിരിഞ്ഞുനോക്കി. അവളെന്നെ കണ്ടിരിക്കുന്നു. ഉടനെയവള്‍ പാതയോരം ചേര്‍ന്ന് നടന്നു. അവളുടെ മുഖത്ത് ഒരു പരിഭ്രമം ഞാന്‍ ശ്രദ്ധിച്ചു.
ഞാനവളുടെ അടുത്തെത്തി.
"ഹായ്"
ഞാന്‍ വിളിച്ചെങ്കിലും അവള്‍ അതു ശ്രദ്ധിക്കാത്തപോലെ നടപ്പിന്‍റെ വേഗം കൂട്ടി.
"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..."
എന്‍റെ തൊണ്ട വരളുന്നു. എങ്കിലും ധൈര്യം സംഭരിച്ച് ഞാന്‍ വിക്കി വിക്കി പറഞ്ഞു.
"എനിക്ക് ഒന്നും കേക്കണ്ടാ.."
അവളുടെ മറുപടി പെട്ടന്നായിരുന്നു.
അവള്‍ വീണ്ടും നടപ്പിന്‍റെ വേഗം കൂട്ടി. ഞാനും സൈക്കിളില്‍ പിറകേ കൂടി.
അവളുടെ മുഖം വിവര്‍ണ്ണമാകുന്നതും കണ്ണുകളില്‍ ഭയത്തിന്‍റെ ലാഞ്ചന നിഴലിക്കുന്നതും ഞാനറിഞ്ഞു.
ഇനിയും വൈകിക്കൂടാ എത്രയും പെട്ടെന്ന് കാര്യം പറയണം. പക്ഷേ, വാക്കുകള്‍ നെഞ്ചില്‍ പറ്റിപിടിച്ചിരിക്കുന്നതുപോലെ. തൊണ്ട വരളുന്നു..
ഇനി ഇതുപോലൊരവസരം ഉണ്ടായെന്നു വരില്ല..
"എനിക്ക് ഇയാളെ ഇഷ്ടമാണ്..."
വിറയാര്‍ന്ന ശബ്ദമാണ് പുറത്തേക്കു വന്നത്. എങ്കിലും പറഞ്ഞൊപ്പിച്ചു.. ഉമിനീരുപോലും ഇറങ്ങുന്നില്ല.
എന്‍റെ നേരെ ജ്വലിക്കുന്ന കണ്ണുകളോടെ നോക്കിയിട്ട് അവള്‍ നടത്തം തുടര്‍ന്നു.
"അല്ല. ഒന്നും പറഞ്ഞില്ല.."
അൽപം കൂടി ധൈര്യം സംഭരിച്ച് ഞാന്‍ വീണ്ടും പിറകേ കൂടി...
അവളുടെ നടത്തം ചെറിയൊരു ഓട്ടത്തിലേക്ക് വഴിമാറി..
ചിലപ്പോള്‍ അവള്‍ക്ക് മനസിലായി കാണില്ലെ... ഒന്നുകൂടി പറഞ്ഞുനോക്കാം..
"ഐ ലവ് യു..."
വിറകൊണ്ട് ശബ്ദത്തിന് വിചാരിച്ചപോലെ ഘനം കിട്ടിയില്ല.
പെട്ടെന്ന് അവള്‍ നടത്തം നിര്‍ത്തി തിരിഞ്ഞുനിന്നു. അവളുടെ മുഖം ചുവന്നു തുടുത്തിരിന്നു. കണ്ണുകളില്‍ ദേഷ്യം കത്തുന്നു. ഞാന്‍ സൈക്കിള്‍ അവളുടെ അടുത്ത് ചേര്‍ത്ത് നിര്‍ത്തി.
"ഐ ലവ് യു.."
ഇത്തവണ ഒരു അപേക്ഷ പോലെയാണ് എന്നില്‍നിന്നും ശബ്ദം പുറത്തുവന്നത്.
എന്നെ ഞെട്ടിച്ചുകൊണ്ട് അവള്‍ റബര്‍തോട്ടത്തിന്‍റെ ഈട്ടയിലേക്ക് ചാടി കയറി.
"മറുപടി പറഞ്ഞില്ല.." ഞാന്‍ വീണ്ടും ചോദിച്ചു.
പെട്ടെന്ന് അവള്‍ തിരിഞ്ഞുനിന്നു കണ്ണുകളില്‍നിന്നും കണ്ണീര്‍ തുള്ളികള്‍ മുഖത്ത് പടര്‍ന്നിരിക്കുന്നു. വെളുത്തു സുന്ദരമായ മുഖം ചുവന്ന് തുടുത്തിരുന്നു...
"അല്ലാ.. മറുപടി...."
അതെ എന്നോ അല്ല എന്നോ ഏതെങ്കിലും ഒരു മറുപടിയായിരുന്നു എനിക്കു വേണ്ടിയിരുന്നത്.
"പോടാ..". ഒരു അലറികരച്ചിലിലേക്ക് നീങ്ങിയിരിക്കുന്നു അവള്‍. ഒപ്പം അടുത്ത ഈട്ടയുടെ മുകളിലേക്ക് ലാഘവത്തോടെ ചാടി കയറി റബര്‍ തോട്ടത്തിലൂടെ എന്‍റെ കണ്ണില്‍നിന്നും മറഞ്ഞു. സത്യത്തില്‍ ഞാന്‍ പരിസരം മറന്നുപോയിരുന്നു. ഞാനും ആദ്യമാണ് ഒരു പെണ്ണിനോട് ഐ ലവ് യു എന്ന് പറയുന്നത്.
പക്ഷേ, വിചാരിച്ചതും റിഹേഴ്സല്‍ ചെയ്തതുപോലെയും ഒന്നും അല്ല അവിടെ സംഭവിച്ചത്.
'പോടാ' വിളി എന്‍റെ നെഞ്ചില്‍ ആഞ്ഞു തറച്ചിരിക്കുന്നു.
ചുറ്റും കണ്ണോടിച്ചു.. ഭാഗ്യം ഇതുവരെ ആരും ഈ രംഗങ്ങളൊന്നും കണ്ടിട്ടില്ല. ആകെപ്പാടെ ഒരു മൂകത.. എവിടെയോ പാളിച്ചപറ്റിയിരിക്കുന്നു.. ഇതൊന്നും വേണ്ടായിരിന്നു...
പാലുമെടുത്ത് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ താമസിച്ചതിന് അമ്മയുടെ വക ശകാരവര്‍ഷം.. മരവിച്ചുപോയിരുന്ന മനസില്‍ അതൊന്നും ഏറ്റില്ല. പാല് അടുക്കളയില്‍ വച്ചിട്ട് മുറിയിലേക്ക് നടക്കുമ്പോള്‍ അപ്പന്‍റെ കണ്ണുകള്‍ എന്നെ വീക്ഷിക്കുന്നുണ്ടെന്നു മനസിലായി.. ഞാന്‍ മുഖത്ത് സന്തോഷം വരുത്താന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല..
"എന്താടാ.. അണ്ടിപോയ അണ്ണാന്‍റെ മാതിരി..."
അപ്പന്‍റെ ചോദ്യത്തിന് മുഖത്തൊരു ചിരി വരുത്തി കണ്ണിറുക്കി കാണിച്ചു.
"ഇവിടുന്ന് പോയ മുഖമല്ലല്ലോ തിരിച്ചുവന്നപ്പോള്‍.. എന്തേ ചീറ്റിപ്പോയോ..?"
ഈ അപ്പന്‍ ഇത് എന്നാ ഭാവിച്ചോണ്ടാ.. മനസില്‍ പറഞ്ഞു.
"ഹെയ്, ഒന്നുമില്ലപ്പാ..."
ഞാന്‍ മുറിയില്‍ കയറി സ്റ്റഡി ടേബിളിലിരിക്കുന്ന കുരിശു രൂപത്തെ നിരാശയോടെ നോക്കി... എന്നാലും എന്നോടിതു വേണ്ടായിരുന്നു.. നേരെ കട്ടിലിലേക്ക് വീണു.. അന്ന് കോളജില്‍ പോയില്ല... വയറുവേദന പറഞ്ഞ് അമ്മയെ വീണ്ടും പറ്റിച്ചു.
ഈ സംഭവത്തിനു ശേഷം പിന്നെ അവളുടെ മുമ്പില്‍ വന്നുപെടാതിരിക്കാന്‍ ഞാന്‍ ആവതു ശ്രമിച്ചു. അവളുടെ കൂട്ടുകാരികളില്‍ പലരും എന്‍റെ സുഹൃത്തുക്കളുടെ സഹോദരിമാരായിരുന്നതിനാല്‍ അവരെപ്പോലും അഭിമുഖീകരിക്കാന്‍ പ്രയാസമായിരുന്നു. അവളുടെ അപ്പനും കാര്യം അറിഞ്ഞിട്ടുണ്ടോയെന്ന് ആളുടെ നോട്ടത്തിലും ഭാവത്തിലും എനിക്ക് സംശയം തോന്നി. പ്രസാദിന്‍റെ വീട്ടില്‍ പോകാന്‍ എളുപ്പവഴിയാണതെങ്കിലും ഞാനാ വഴിക്ക് പോക്കുതന്നെ നിര്‍ത്തി.
എന്തായാലും ഇന്ന് രണ്ടും കൽപ്ച്ച് ഞാന്‍ ആ വഴിക്ക് തിരിച്ചു. സുഹൃത്തിന്‍റെ വീടും കടന്ന് സൈക്കിള്‍ ചെങ്കല്‍ പാതയിലൂടെ റബര്‍ തോട്ടത്തിനിടയില്‍ കൂടി നീങ്ങി. സമയം ഉച്ചയോടടുത്തിരുന്നു. ചെറിയ ചാറ്റല്‍ മഴ എന്‍റെ ശരീരത്തിനുള്ളിലേക്ക് കുളിരായി ഇറങ്ങുന്നുണ്ടായിരുന്നു. ഇട്ടിരുന്ന വസ്ത്രമെല്ലാം പകുതിയോളം നനഞ്ഞിരിക്കുന്നു. തലേന്നു പെയ്ത മഴയില്‍ ചിലയിടങ്ങളില്‍ വെള്ളം തളംകെട്ടി കിടന്നിരുന്നു.
ഞാന്‍ അവളെ കണ്ടുമുട്ടിയ സ്ഥലത്ത് എത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി. ഒരു മാസം മുമ്പത്തെ രംഗങ്ങള്‍ എന്‍റെ മുന്നില്‍ വീണ്ടും പുനരവതരിച്ചു. ഓരോ രംഗങ്ങളും എന്‍റെ മുന്നിലൂടെ മിന്നി മറഞ്ഞു.
'പോടാ...' ആ വിളിയുടെ പ്രതിധ്വനി ഇപ്പോഴും എന്‍റെ നെഞ്ചില്‍ മുഴങ്ങുന്നു..
സൈക്കിള്‍ മുന്നോട്ടെടുത്തു. മഴ പെയ്യുന്നതു കാരണം അവളുടെ അപ്പന്‍ എന്തായാലും പുറത്ത് കാണാന്‍ സാധ്യതയില്ല എന്നത് എനിക്ക് ആശ്വാസം പകര്‍ന്നു. ഉള്ളില്‍ ഒരു വേദനയുണ്ടെങ്കിലും ആ സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മിച്ചപ്പോള്‍ ചുണ്ടിലൊരു ചിരി വിടര്‍ന്നു. അന്നത്തെ ഹിറ്റ് ഗാനം ‘എക് ദോ തീന്‍....’ പാട്ടൊക്കെ പാടി ഞാന്‍ സൈക്കിള്‍ അൽപം വേഗത്തിലാക്കി. ഇനിയൊരു വളവു തിരിഞ്ഞ് ഒരിറക്കം കഴിഞ്ഞാല്‍ അവളുടെ വീടാണ്. അവളുടെ അപ്പന്‍റെ കണ്ണില്‍പ്പെടാതെ അവിടം കടക്കണം..
വളവു തിരിഞ്ഞതും ഇറക്കത്തിന്‍റെ പകുതി ഭാഗത്തായി അവളുടെ അപ്പന്‍, അവളും അവളുടെ അനുജനും.. അപ്പന്‍റെ തലയില്‍ ഒരു വാഴക്കുല. ഇടതുകയ്യില്‍ അരിവാള്. അവളുടെ അനുജന്‍റെ കയ്യില്‍ വാക്കത്തിയും. വാഴത്തോട്ടത്തില്‍നിന്നും വാഴക്കുലയും വെട്ടിയെടുത്ത് തന്തയും പിള്ളേരും കൂടി ഈ മഴയത്ത് വീട്ടിലേക്കുള്ള പോക്കാണ്. എന്നെ അവര്‍ കണ്ടിട്ടില്ല. എന്‍റെ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി. ഒരു നിമിഷം എന്തുചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല. തലപെരുക്കുന്നു. അവരാണെങ്കില്‍ വഴിയുടെ നടുക്കുകൂടിയാണ് നിരന്ന് പോകുന്നത്. മഴ നനഞ്ഞാല്‍ എന്‍റെ സൈക്കിളിന് ബ്രേക്ക് കുറവായിരിക്കും. അതും ഞാന്‍ നല്ല വേഗത്തിലും, കൂടാതെ ഇറക്കവും.. ചെങ്കല്‍ വെട്ടിയൊരുക്കിയ ഭാഗമായതിനാല്‍ അവിടെ മഴപെയ്ത് വഴുക്കല്‍ നിറഞ്ഞതാണ്. ഞാന്‍ രണ്ടു ബ്രേക്കും ആവും വിധം ബലമായി പിടിച്ചു. പെട്ടെന്ന് മുന്‍ടയര്‍ തെന്നി സൈക്കിള്‍ വലത്തേക്ക് മറിഞ്ഞു. ഞാന്‍ കാലു നിലത്തു കുത്തിയെങ്കിലും അതും തെന്നി ചന്തിയും കുത്തി പുറവും തലയും അടിച്ചുവീണു. സൈക്കിളും പിറകേ ഞാനും വന്ന വേഗതയാല്‍ താഴേക്ക് ഊര്‍ന്നു ഞാനാരെ കാണരുതെന്നാഗ്രഹിച്ചിരുന്നോ അവരുടെ മുമ്പിലേക്ക്.
അവരും പകച്ചുപോയിരുന്നു. ഇതെന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കും മനസിലായില്ല. മനോധൈര്യം വീണ്ടെടുത്ത് ഞാന്‍ ഒരു വിധം തപ്പിപ്പിടിച്ച് എഴുന്നേറ്റു. അവളുടെ സഹോദരന്‍ വാക്കത്തി നിലത്തിട്ട് ഓടിവന്ന് എന്‍റെ സൈക്കിളെടുത്ത് ഉയര്‍ത്താന്‍ സഹായിച്ചു. എനിക്ക് രണ്ടുകാലേല്‍ നിവര്‍ന്നു നില്‍ക്കാന്‍ പറ്റുന്നില്ല. ചന്തിക്കും കാലിലും ഒക്കെ നല്ല നീറ്റല്‍. പാന്‍സിലും ഷര്‍ട്ടിലും നിരങ്ങി വന്നിടത്തുള്ള എല്ലാ ചെളിയും പതിച്ചിട്ടുണ്ട്. ചമ്മലാണോ, കുറ്റബോധമാണോ.. അതോ സങ്കടമാണോ എന്‍റെയുള്ളില്‍ തോന്നിയതെന്നറിയില്ല. അപ്പന്‍റെ പുറകിലായി രണ്ടുകൈയ്യും പൊത്തി ചിരിക്കുന്ന അവളുടെ മുഖം..
"എന്തേലും പറ്റിയോടാവേ"
അവളുടെ അപ്പന്‍.. അയാളുടെ മുഖത്തും ഒരു പരിഹാസച്ചിരിയുണ്ടോ..?
"ഇല്ല.. ചേട്ടാ.... വഴിക്കീ... അല്ല, തെന്നീ.... ബ്രേക്ക് കിട്ടീലാ.... കൂട്ടുകാരന്‍ തെച്ചുംപാടത്ത് ക്രിക്കറ്റുണ്ടേ.. പ്രസാദ്.."
വാക്കുകളൊന്നും അങ്ങോട്ട് കൂട്ടി യോചിക്കുന്നില്ല.
ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വേദനയും നല്ല നീറ്റലുമുണ്ട്. കൈമുട്ടിലെ തൊലിയും പോയിട്ടുണ്ട്.. പക്ഷേ അതൊന്നും പുറത്ത് കാണിച്ചില്ല.
സൈക്കിളിന്‍റെ തിരിഞ്ഞുപോയ ഹാന്‍ഡില്‍ പിടിച്ച് നേരെയാക്കി.
അവള്‍ ചിരി നിര്‍ത്തുന്നില്ല.. ആകാശത്തേക്കും മരങ്ങളുടെ മുകളിലേക്കും നോക്കി ചിരി അടക്കാന്‍ പാടുപെടുന്നു. നൂല്‍മഴതുള്ളികള്‍ അവളുടെ മുഖത്തെ സൗന്ദര്യത്തിന്‍റെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. വേദനയും നീറ്റലുമെല്ലാം ആ ചിരിയുടെ മുന്നില്‍ നിഷ്പ്രഭമായി പോകുന്നു.
"എന്നാ ഞാനങ്ങട്ട്..."
മുഴുമിപ്പിക്കാതെ തലവെട്ടിച്ച്, അവളുടെ സഹോദരനെ നന്ദി സൂചകമായി ഒന്നു തട്ടി, സൈക്കിളില്‍ മുന്നോട്ടെടുത്തു..
"ങൂം.. ഒരു മരിങ്ങിനൊക്കെ പോ... ഇനിയും വഴുക്കലുണ്ട്.."
എന്നെ ആക്കിയതാണോ, അല്ല കാര്യമായിട്ടാണോയെന്ന് അറിയില്ല.
അൽപം ദൂരം മുന്നോട്ടു പോയ ശേഷം ഒന്നു തിരിഞ്ഞു നോക്കി. അവളുടെ അപ്പന്‍റെയും അനുജന്‍റെയും പുറകിലായി അവള്‍.... ചിരിച്ചുകൊണ്ട് എന്‍റെ നേരെ കയ്യുയര്‍ത്തി വീശുന്നു...
കണ്ണുകളെ വിശ്വസിക്കാനായില്ല.. എന്‍റെ കണ്ണുകള്‍ രണ്ടും പുറത്തേക്ക് തള്ളിയോ.. അവള്‍ എന്നെ നോക്കി ചിരിച്ചുവോ, ആ ചിരിയിലൊരു സ്നേഹത്തിന്‍റെ ലാഞ്ചന നിഴലിച്ചുവോ.. ഞാനങ്ങിനെ തന്നെ തരിച്ചിരുന്നുപോയി.. ഇതു സത്യമോ മിഥ്യയോ..? തിരിച്ചറിയാനുള്ള സമയം കിട്ടിയില്ല.
പെട്ടെന്നവള്‍ രണ്ടു കൈയ്യും ഉയര്‍ത്തി എന്തോ പറയാന്‍ ആഞ്ഞു. പക്ഷേ, വൈകിപ്പോയി, നേരെ 20 അടിയോളം താഴ്ചയുള്ള പാടത്തേക്ക് ഞാനും സൈക്കിളും കൂടി പറക്കുകയായിരുന്നു. അവളുടെ മനോഹരമായ ചിരിയുടെ സ്നേഹച്ചിറകിലേറി, നെല്‍ച്ചെടിയുടെ നനുത്ത ചവര്‍പ്പ് രുചിച്ച് ആ കുഴഞ്ഞ മണ്ണിന്‍റെയുള്ളിലേക്ക് മുഖം പൂഴ്ത്തി വീഴുമ്പോഴും, ശേഷം ബോധം തെളിഞ്ഞ് ആശുപത്രി കിടക്കയില്‍ ഉണരുമ്പോഴും അവളുടെ സ്നേഹത്തിന്‍റെ ചിരി മാത്രമായിരുന്നു എന്‍റെ കണ്ണിലും മനസിലും.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.