"ഈശ്വരാ ... ഭഗവാനെ... അച്ഛമ്മക്കും അച്ചച്ചനും നല്ലത് വരുത്തണേ "..
ഞാന്‍ ഉറക്കെ നിലവിളക്കിന് മുന്നിൽ ഇരുന്ന് പ്രാര്‍ത്ഥിച്ചു. അച്ഛമ്മ കോഴികള്‍ക്ക് അരി ഇട്ട് കൊടുക്കുകയായിരുന്നു ..
"അപ്പൊ നിനക്ക് നല്ലത് വരാൻ പ്രാര്‍ത്ഥിക്കണ്ടേ " -അച്ചമ്മ വിട്ടു പോയത് ഓർമിപ്പിച്ചു.
"അത് ഞാൻ ആദ്യം തന്നെ പ്രാര്‍ത്ഥിച്ചല്ലോ " - ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
പെട്ടെന്ന് അവിടേക്ക് പൂവന്‍ വന്നു.. തീറ്റ കണ്ടിട്ടുള്ള വരവാണ് വല്യ ചിറക് വിരിച്ച് കൊ ക്കൊ ക്കൊ എന്നു പറഞ്ഞ് എല്ലാരേം കൊത്താന്‍ പുറകെ പാഞ്ഞു പൂവൻ.. പാവം മറ്റു കോഴികള്‍ പേടിച്ച് ദൂരേയ്ക്ക് ഓടി പോയി എല്ലാര്‍ക്കും ഉള്ള തീറ്റ ഒറ്റയ്ക്ക് തിന്നു തീർത്തു പൂവൻ ... ദുഷ്ടന്‍ ..
വല്യ ചിറകും കൊക്കും ഒക്കെ കണ്ടപ്പോ പാവം മറ്റു കോഴികൾ പേടിച്ചു കാണും എനിക്ക് പേടി ഒന്നും തോന്നിയില്ല.. ഞാന്‍ വല്യ ഒരു കല്ല് എടുത്ത് പൂവന്‍റെ തലയ്ക്കിട്ട് എറിഞ്ഞു. പൂവന്‍ ഒഴിഞ്ഞു മാറി. ഞാൻ പിന്നേം കല്ലെടുത്ത് തുരുതുരാ എറിയാൻ തുടങ്ങി പൂവന്റെ മട്ടുമാറി.
അവൻ ഉറക്കെ കൊക്കികൊണ്ട് എന്നെ കൊത്താനായി പാഞ്ഞടുത്തു. ഞാൻ അച്ഛമ്മയുടെ അടുത്തേക്ക് ഓടി .. അച്ചമ്മയെ അവനു പേടിയാണ്
കാലം അങ്ങിനെ കുറേ കടന്നു പോയി ..
ഏതൊക്കെ കുപ്പായം ഇട്ടു വന്നാലും പൂവന് എന്നെ തിരിച്ചറിയാം ..
ഏതു വാതിലിലൂടെ പുറത്തിറങ്ങിയാലും പൂവൻ എന്നെ കാണും ..
എന്നെ കണ്ടാൽ പുറകെ ഓടും ..
പിന്നെ പിന്നെ പൂവനെ കണ്ടാൽ - പൂവൻ ഓടിച്ചില്ല എങ്കിലും ഞാൻ ഓട്ടം തുടങ്ങി. ഒരുപാട് തീറ്റ ഒക്കെ കഴിച്ച് പൂവൻ തടിച്ചു തടിച്ചു വന്നു. പൂവനെ പേടിച്ച് ഓടി ഓടി ഞാൻ മെലിഞ്ഞു മെലിഞ്ഞ് വന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടിൽ പൂജ ഉണ്ടായി. കയ്യിൽ അരിയും പൂവും തന്ന് പ്രാർഥിക്കാൻ പറഞ്ഞു അച്ചച്ചൻ.
" എന്താ പ്രാര്‍ത്ഥിക്യാ, എനിക്ക് നല്ലത് വരാൻ പറയട്ടെ "
"നിനക്ക് ഇഷ്ടം ഉള്ളത് പ്രാര്‍ത്ഥിച്ചോ.. അത് നടക്കും " -അച്ചമ്മ പറഞ്ഞു തന്നു .
പെട്ടെന്ന് എനിക്ക് പൂവനെ ഓർമ വന്നു.
"ഈശ്വരാ.. ഭഗവാനെ .. പൂവൻ എവിടേക്ക് എങ്കിലും പോണേ.. "
കുറച്ചു ദിവസം കഴിഞ്ഞ് താഴെ വീട്ടിൽ കിണറ്റിൻ കരയിൽ എല്ലാരും കൂടി നിൽക്കുന്നു. ഞാൻ ചെന്ന് നോക്കി.. ഒരു വല്യ കൊട്ടയിൽ പൂവൻ കിടന്നുറങ്ങുന്നു.
അച്ചമ്മ അതിനെ പിടിക്കാൻ പോവുന്നത് കണ്ടപ്പോ ഞാൻ അലറി
"അത് കൊത്തും " "അത് ചത്തെടാ.. ഇനി കൊത്തൂല "
ഞാൻ പതുക്കെ പൂവന്റെ കണ്ണിലേക്ക് നോക്കി.. ഇല്ല... അതെന്നെ നോക്കുന്നില്ല.
"ഹേയ് " ..
ഞാൻ സന്തോഷത്തോടെ ആർത്തു വിളിച്ചു. ദൈവം എന്റെ പ്രാർത്ഥനകേട്ടു.
"കോഴി എങ്ങട്ടാ പോയെ "
"ചത്ത് പോയി " -അച്ഛമ്മ പറഞ്ഞു
"അതന്നെ.. എന്നിട്ട് എവിടെക്കാ പോയെ "
അച്ചമ്മ :- "സ്വർഗത്തിൽ പോയി " .
"ഞാൻ ചത്ത് പോവോ " - എന്‍റെ സംശയം തീര്‍ന്നില്ല
കൊറേ കഴിയുമ്പോ എല്ലാരും ചത്തു പോവും . -അച്ഛമ്മ ദേഷ്യത്തോടെ പറഞ്ഞു
"അപ്പൊ ഞാൻ സ്വർഗത്തിൽ പോവോ "
അച്ചമ്മ :- "നീയും സ്വർഗത്തിൽ പോവും "
"അപ്പൊ പൂവൻ അവിടെ ഉണ്ടാവൂലെ " .. ഞാൻ പേടിയോടെ ചോദിച്ചു .. അച്ചമ്മ ഉറക്കെ ചിരിച്ചു ..
ഞാന്‍ വീണ്ടും പ്രാര്‍ത്ഥന തുടങ്ങി "ഈശ്വരാ ഭഗവാനെ ... പൂവന്‍ സ്വര്‍ഗത്തീന്നും ചത്തു പോണേ ..."
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.