മരുപ്പച്ച 

വീശി അടിച്ച ചൂട് കാറ്റിൽ മുഖത്തു പറ്റിപ്പിടിച്ച മണൽത്തരികൾ കൈകൊണ്ടു തട്ടി കളഞ്ഞ അയാൾ പിന്നിലേക്ക് ചാരി ഇരുന്നു കണ്ണുകളടച്ചു. വിമാനത്താവളത്തിൽ നിന്നും നേരിട്ട് ജോലി സ്ഥലത്തേക്ക് പോകേണ്ടി വന്നതിനാൽ യാത്രാക്ഷീണം മൂലം കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു ... 

നീണ്ട മരുഭൂമിയിലൂടെ മുന്നോട്ടു നീങ്ങികൊണ്ടിരുന്ന വാഹനത്തിലെ അയാളുടെ ഹൃദയം പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു !!!

മരുഭൂമിയും, ആഴകടലും പിന്നിട്ടു മലയോര ഗ്രാമത്തിലെ പുതുതായി നിർമിച്ച ബംഗ്ലാവിൽ എത്തിച്ചേർന്ന ഹൃദയത്തിൽ നിന്നും വിയർപ്പു തുള്ളികൾക്കൊപ്പം രക്തതുള്ളികളും ഒഴുകുന്നുണ്ടായിരുന്നു...!

മണിമാളികയുടെ മട്ടുപ്പാവിൽ നെഞ്ചോടു ചേർന്നു നിന്ന സഹധർമിണിയും പുതുവീട്ടിലെ വലിയ മുറികൾക്ക് വൈവിധ്യം നിറഞ്ഞ പേരുകൾ തിരയുന്ന മക്കളും മനസ്സിലൂടെ കടന്നു പോയി. 

കിടപ്പു മുറിക്കു "കിളിക്കൂട് ", ഊണ് മുറിക്കു "ഊട്ടുപുര", അടുക്കളക്ക് "അമ്മവീട്" എന്നും പേരുകൾ നൽകിയ കുട്ടികളുടെ നർമബോധത്തെ അഭിനന്ദിച്ചപ്പോളും "അമ്മവീട്ടിൽ " ഒതുങ്ങി പോയ കരി പുരണ്ട അവരുടെ അമ്മയുടെ ജീവിതം നെഞ്ചിൽ ഒരു വിങ്ങൽ സൃഷ്ടിക്കാതിരുന്നില്ല..!

എല്ലാ അമ്മമാർക്കും അവകാശപ്പെട്ട 'അമ്മവീടി' നൊപ്പം ഈ അച്ഛനായി കരുതിയ ശുചിമുറികൾക്ക് പേര് കണ്ടെത്തുവാൻ അവർക്ക് സാധിച്ചില്ല..!

ലേബർ ക്യാമ്പിലെ നീണ്ട ഇടനാഴിയിൽ അഞ്ചുപേരോടു മത്സരിച്ചു ശുചിമുറിയിൽ ഇടം നേടി എടുക്കുന്ന തന്റെ വാശി ആയിരിക്കാം തന്റെ മണി മാളികയിൽ അഞ്ചോളം ശുചിമുറികൾ മാർബിളിൽ തീർക്കാൻ പ്രേരിപ്പിച്ചത്, എങ്കിലും അനുഭവയോഗം തലവരയിൽ ചേർത്തിട്ടില്ലാത്തതിനാൽ ആവാം ദിവസങ്ങൾക്കു ശേഷം വീണ്ടും ഈ മരുഭൂമിയിൽ എത്തിപെട്ടത്. 

"ഭായി സാബ്, ഇഥർ സെ ഖാന, പീന, ഹം സബ് കുച്ച് കർകെ ജായേഗാ, ആഗെ പാനി നഹി മിലേഗാ" (സഹോദര, ഇവിടുന്നു ഭക്ഷണം, വെള്ളം, പ്രാഥമിക കൃത്യങ്ങൾ ആവാം, മുന്നോട്ടുള്ള യാത്രയിൽ വെള്ളം ലഭിക്കില്ല) വണ്ടിയുടെ സാരഥി ആയ പാകിസ്താനി സഹോദരന്റെ അറബി ചുവയുള്ള വാക്കുകൾ അയാളെ ചിന്തകളിൽ നിന്നും ഉണർത്തി...

ഈന്തപനകൾ നിറഞ്ഞ മരുപ്പച്ചയിൽ പൂഴിമണലിൽ ഇരുന്നു ചിലർ ഭക്ഷണം ആരംഭിച്ചു, പ്രാഥമിക കൃത്യങ്ങൾക്കായി പലരും ചെറിയ കുറ്റിച്ചെടികൾക്ക് ഇടയിലേക്ക് നീങ്ങി..!!!

പൊട്ടി തുടങ്ങിയ പാട്ടയിൽ വെള്ളം ശേഖരിക്കുമ്പോൾ മകന്റെ നമ്പറിൽ നിന്നും വിളി വന്നു. വിമാനം ഇറങ്ങിയിട്ട് ഇതുവരെ വിളിക്കാത്തതിനാൽ ആവാം, തിരികെ വിളിക്കുമ്പോൾ അയാൾ മനസ്സിൽ ഓർത്തു. 

"പപ്പാ, പേര് കിട്ടി... പപ്പയുടെ പ്രിയപ്പെട്ട ശുചിമുറികൾക്കു നല്ലൊരു പേര് കിട്ടി, 

"മരുപ്പച്ച "

ആഹ്ലാദത്തോടെ അവൻ പറഞ്ഞു നിറുത്തി. 

ആത്മാവിന്റെ വേദന അടിവയറിലേക്കും വ്യാപിച്ചപ്പോൾ സംസാരം നിറുത്തി ഫോൺ പോക്കറ്റിലാക്കി അയാൾ പാട്ടയിൽ വെള്ളം നിറയ്ക്കുന്നത് തുടർന്നു. 

വക്കു പൊട്ടി തുടങ്ങിയ പാട്ടയിലെ വെള്ളവുമായി 'മരുപ്പച്ചയിലെ' ഈന്ത പനകളുടെ മറവിൽ പൂഴി മണലിൽ  ഇരിക്കുമ്പോൾ തന്റെ മണിമാളികയിലെ മാർബിളിൽ തീർത്ത "മരുപ്പച്ച" മനസ്സിൽ വേദനയായി നിറഞ്ഞു..

തന്റെ പ്രിയ പുത്രൻ വീട്ടിലെ മുറികൾക്ക് നൽകിയ നാമം അന്വർഥമാക്കിയ അയാളുടെ വക്ക് പൊട്ടിയ പാട്ടയിൽ നിന്നും വെള്ളം പുറത്തേക്കു ഒഴുകിത്തുടങ്ങി..... !!

അപ്പോൾ അതിലേറെ കണ്ണുനീർ ആ കണ്ണിൽ നിന്നും പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. 

Malayalam Short StoriesMalayalam literature interviews,Malayalam Poems               

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.