നാഭിയിലെവിടെയോ ചിറകുകൾ കെട്ടിയിട്ട വെള്ളരിപ്രാവുകളെ തുറന്നുവിടുന്നതിന്റെ രസവിദ്യ ജീവിതത്തിലാദ്യമായി പരീക്ഷണവിധേയമാക്കിയത് പതിനഞ്ചിന്റെ മധ്യേയായതിനാൽ യു. പി സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒരാൺകുട്ടി എന്ന നിലയിൽ തീർത്തും നിഷ്ക്കളങ്കനായിരുന്നു. ഭംഗിയുള്ള സ്ത്രീകളെയും പെൺകുട്ടികളെയും കാണുമ്പോൾ നല്ല രസമുള്ള എന്ന പ്രായപൂർത്തിയാകാത്ത വിശേഷണം മാത്രം പ്രയോഗിക്കാനറിയാവുന്ന കേവലം സ്ക്കൂൾകുട്ടി. ഉച്ചക്ക് അകത്താക്കുന്ന ചോറിനും ചമ്മന്തിക്കുമപ്പുറം പോക്കറ്റ് മണിയുടെ വരൾച്ച പേറുന്നവർ ഒാറിസ്സാപ്ലയുടെ കിളച്ചുമറിച്ച പറമ്പുകളിൽ മുളച്ചുപൊങ്ങിയ ചക്കരക്കിഴങ്ങിന്റെ (മധുരക്കിഴങ്ങ്) തളിരിലകൾ അന്വോഷിച്ചിറങ്ങും... മണ്ണിന്റെയാഴങ്ങളിൽ കിളക്കുന്നവരുടെ ശ്രദ്ധയിൽ പെടാതെ പോയ കിഴങ്ങുകളുണ്ടാകും, നിധിപോലെ കുഴിച്ചെടുക്കുന്ന മുള പൊട്ടിയ അവറ്റകൾക്ക് ഭ്രമിപ്പിക്കുന്ന സ്വാദാണ്. നന്നായി കഴുകിയെടുത്ത് തോലുപോലും കളയാതെ വായിലിട്ട് ചവച്ച് ചരൽ മൈതാനത്തെ ചില്ലറ കളികളിലേർപ്പെട്ട് വിയർക്കുമ്പോഴേക്കും വിശ്രമസമയം തീരും. ആറാമത്തെ പിരീയഡിലായിരിക്കും മിക്കപ്പോഴും സാമൂഹ്യശാസ്ത്രത്തിന്റെ ക്ലാസ്. സ്ക്കൂളിലേക്ക് വച്ച് ഏറ്റവും സുന്ദരിയായ ടീച്ചറാണ് ഞങ്ങളെ സാമൂഹ്യം പഠിപ്പിച്ചിരുന്നത്. തടിച്ച് വെളുത്ത് ഉയരം കുറഞ്ഞ ടീച്ചറുടെ സമൃദ്ധമായ ചുരുണ്ട മുടിയിഴകളെ നോക്കി ഞാൻ നമ്മുടെ ചരിത്രപുരുഷന്മാരെ അറിഞ്ഞു. അവർ മാന്യമായി ധരിച്ചുവരാറുള്ള സാരികളിലൂടെ ഹാരപ്പൻ സംസ്കാരവും മൊസോപ്പൊട്ടോമിയൻ സംസ്കാരവും പഠിച്ചു. ടീച്ചറുടെ ചുണ്ടുകളിലെ ചുവപ്പുരാശിയും തുടുത്ത കവിളുകളും എന്നെ ഇപ്പോഴും ആറാംക്ലാസുകരാന്റെ കലാപങ്ങളില്ലാത്ത സൗന്ദര്യരുചിഭേദങ്ങളിലേക്ക് തിരികെ ക്ഷണിക്കുന്നുണ്ട്. അന്ന് ക്ലാസെടുക്കുമ്പോൾ വളരെ യാദൃശ്ചികമായിട്ടായിരുന്നു എന്റെ കണ്ണുകൾ ടീച്ചറുടെ നീരുവന്ന് തടിച്ച മേൽച്ചുണ്ടിലുള്ള നേരിയ മുറിവിൽ കൊളുത്തപ്പെട്ടത്. പിന്നീട് നോട്ടം തെറ്റിച്ചെങ്കിലും ഉള്ളിലുണ്ടായ ചിന്തകളാൽ ആ മുറിവ് ചില നിരീക്ഷണങ്ങൾക്ക് വിധേയമാകുന്നുണ്ടായിരുന്നു. ഒടുവിൽ എല്ലാവിധ സമരസപ്പെടലുകളിലും പരാജയപ്പെട്ട ഞാൻ പതിയെ എഴുന്നേറ്റു.
-സാറേ, സാറിന്റെ ചുണ്ടിനെന്താ പറ്റീത്?
ഉറക്കെയാണ് ചോദിച്ചത്.
ക്ലാസ് പൊടുന്നനെ നിശ്ശബ്ദമായി.
ടീച്ചർ ഭംഗിയായി ചിരിച്ചു.
-വീണതാ, ബാത്റൂമിൽ.
അത്രയും പറഞ്ഞ് അവർ അൽപം ധൃതിയിൽ വീണ്ടും പുസ്തകത്താളുകളിലേക്ക് തിരിച്ചെത്തി. ആറാംക്ലാസുകാരന്റെ നയപരമായ ചോദ്യവും ഒരധ്യാപികയുടെ പക്വതയാർന്ന ഉത്തരവും തമ്മിൽ പൊരുത്തക്കേടുകൾക്ക് സാധ്യതയില്ലാത്തതിനാൽ ആ ഭാഗം ഏറെക്കുറെ അവിടെയവസാനിച്ചുവെന്നാണ് കരുതിയത്.
ആയിടക്കാണ് കാൽപ്പന്തുകളിയുടെ ഉച്ചകിറുക്ക് ഞങ്ങളെ വല്ലാതെ ലഹരിപിടിപ്പിച്ചുതുടങ്ങിയത്. അന്നൊക്കെ പി.ടി പിരീയഡിൽ മാഷ് ഗ്രൗണ്ടിൽ നിരത്തിനിർത്തി രണ്ട് പ്രാവശ്യം തട്ടാൻ തരുന്ന റേഷൻവിഹിതത്തിൽ ഒതുങ്ങും ഞങ്ങളുടെ ഫുട്ബോൾ കളി. ആ നിരാശ തീർക്കുന്നത് അലി കൊണ്ടുവരുന്ന കെട്ടുപന്തുകൊണ്ടുള്ള ഉച്ചക്കളിയിലൂടെയാണ്. ഫുട്ബോൾ തലയ്ക്ക് പിടിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. പഴയ സിമന്റ് ചാക്കിനുള്ളിൽ തുണികളും കടലാസും കുത്തിനിറച്ച് ഉരുട്ടി, കട്ടിയുള്ള നൂലുകൊണ്ട് കട്ടവച്ച് കെട്ടി അലി അടിപൊളി പന്തുകൾ നിമിഷനേരങ്ങൾ കൊണ്ടുണ്ടാക്കും. പിന്നീട് സാമൂഹ്യംടീച്ചർ ചുണ്ടോരത്ത് മറ്റൊരു മുറിവുമായി കടന്നുവന്നത് അത്തരത്തിലുള്ള കാൽപ്പന്ത് കളിക്കിടെ കരിങ്കൽച്ചീളുകൾ കടിച്ചെടുത്ത നഖത്തിന്റെ വേദനയിൽ പിടഞ്ഞിരുന്ന ദിവസത്തിലാണ്. പക്ഷേ ഒറ്റനോട്ടത്തിനപ്പുറത്തേക്ക് അതിന്മേൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കാലിന്റെ വേദന തീരെ അനുവദിച്ചില്ല എന്നുമാത്രം. പഠനവും കളികളും വേദനകളുമായി കാക്കൊല്ല പരീക്ഷയും അരക്കൊല്ല പരീക്ഷയും കടന്നുപോയി. അരക്കൊല്ല പരീക്ഷയുടെ വെക്കേഷൻ കഴിഞ്ഞ് വെള്ളനൂല് കൊണ്ട് വരിഞ്ഞുകെട്ടിയ ഉത്തരക്കടലാസുകളുമായി അതേ ടീച്ചർ എത്തിയപ്പോൾ ഞങ്ങളുടെ നെഞ്ചിടിപ്പേറി. ഒാരോരുത്തരുടേയും പേര് വിളിച്ച് മാർക്ക് ഉറക്കെ പറഞ്ഞുകൊണ്ട് അവർ അവ വിതരണം ചെയ്യാൻ തുടങ്ങി. എത്ര നന്നായി പരീക്ഷയെഴുതിയാലും ഉത്തരക്കടലാസ് കിട്ടാനാകുമ്പോൾ തോൽക്കുമോ എന്ന നിശബ്ദഭയം ഉള്ളിലെവിടെയോ എന്നും നുരഞ്ഞുപൊങ്ങാറുണ്ട്. അതുവരെ ടെൻഷനടിച്ചിരുന്ന എനിക്ക് മോശമല്ലാത്ത മാർക്കുണ്ടെന്നറിഞ്ഞപ്പോഴാണ് ശ്വാസം നേരെയായത്. മാർക്കുള്ളവരെ പ്രകീർത്തിച്ചും മാർക്ക് കുറഞ്ഞവരെ ഉപദേശിച്ചും ക്ലാസ്സിലുടനീളം നടക്കുന്ന ടീച്ചറുടെ ചുണ്ടിൽ ഞാൻ പൊടുന്നനെ ഒരിക്കൽക്കൂടി മുറിവ് കണ്ടുപിടിച്ചു. ഇത്തവണ കീഴ്ച്ചുണ്ടിന്റെ ഇടത്തേയോരത്താണ്. നേർത്ത ചോരയുടുപ്പിന്റെ പശിമയോടെ. ടീച്ചർ പിന്നെയും വീണിരിക്കുന്നു! ബുദ്ധിരാക്ഷസനെപ്പോലെ ഞാൻ ഒരു കാര്യം സ്ഥിരീകരിച്ചു.-ടീച്ചറുടെ വീട്ടിലെ ബാത്റൂമിൽ നല്ല വഴുക്കലുണ്ട്, ഉറപ്പ്. ഇത്തവണ എന്തായാലും ചോദിക്കണം. ഇങ്ങനെ വീണ് വീണ് വേറെ വല്ലതും പറ്റിയാലോ? സാമൂഹ്യം ആര് പഠിപ്പിക്കും? മാത്രമല്ല ടീച്ചറുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്ന പ്രേരണയും കൂടിയുണ്ടാകാൻ തുടങ്ങിയപ്പോൾ ഞാൻ പിന്നെ വൈകിയില്ല.
സാറിന്നും വീണല്ലേ?
ഞാൻ പോലുമറിയാതെ അൽപം വേദന എന്റെ വാക്കുകളിലേക്ക് എവിടെനിന്നോ കയറിക്കൂടി. ടീച്ചർ കെട്ടിയിട്ടതുപോലെ നിന്നു. അവർ പഴയതുപോലെ ചിരിച്ചില്ല. വലിഞ്ഞുമുറുകിയ മുഖവുമായി എന്നെ തുറിച്ചുനോക്കി. ടീച്ചർ അതിനെക്കുറിച്ച് മറ്റൊന്നും പറയാതെയായപ്പോൾ എനിക്കും നിരാശയായി. പിരീയഡ് കഴിഞ്ഞ് ക്ലാസിൽ നിന്നിറങ്ങുമ്പോൾ അവർ എന്നെ പുറത്തേക്ക് വിളിപ്പിച്ചു. സിമന്റ് തേക്കാത്ത ചെങ്കല്ലുകളുടെ ഛേദിച്ച ഹൃദയതലങ്ങളിലൂടെ വിരലോടിച്ച് നെറ്റിചുളിച്ച് നിന്ന എന്റെ ശിരസ്സിൽ വാത്സല്യത്തോടെ തലോടി.
ക്ലാസിൽ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത്ട്ടോ...
അത്രമാത്രമേ പറഞ്ഞുള്ളൂ.., സാമാന്യം അച്ചടക്കബോധമുള്ള കുട്ടി എന്ന നിലയിൽ എന്നെ നിയന്ത്രിക്കാൻ ആ വാക്കുകൾ ധാരാളമായിരുന്നു. പിന്നീട് എന്തുകൊണ്ടോ എന്റെ ശ്രദ്ധ അത്തരമൊരു കണ്ടെത്തലിനായി വ്യാകുലപ്പെട്ടില്ല. സ്നേഹമുള്ള കുട്ടിയാണെന്ന് ധരിപ്പിക്കാനുള്ള വ്യഗ്രത ഉള്ളിലുണ്ടായതുമില്ല. കാലം പതിയെ ആറാംക്ലാസുകാരനെ യു.പിയിൽ നിന്നും ഹൈസ്ക്കൂളിലേക്കും അവിടെ നിന്ന് കോളജുകളിലേക്കും പിന്നീട് ജീവിതത്തിലേക്കും പറിച്ചുനട്ടു.
ഇപ്പോൾ തെല്ല് അപകർഷത്തോടെയും ജാള്യത്തോടെയുമാണ് ഇൗ കാര്യങ്ങൾ ഒാർക്കുന്നത്, കാരണം ചുണ്ടുകളിൽ മാത്രം മുറിവുണ്ടാക്കുന്ന ഒരു വീഴ്ചയും ലോകത്തിൽ സംഭവിക്കുന്നില്ല എന്ന് പരാഗണസജ്ജമായിക്കഴിഞ്ഞ മനുഷ്യജീവി എന്ന നിലയിൽ ഞാൻ മനസ്സിലാക്കുന്നു.
അപ്പോൾ പിന്നെ അന്ന് ടീച്ചറുടെ ചുണ്ടോരങ്ങളിൽ കനം വച്ചിരുന്ന മുറിപ്പാടുകൾക്ക് എന്ത് ചരിത്രമായിരിക്കും പറയാനുണ്ടാകുക?
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം