ജീവനാംശം...

അച്ഛന്‍

എസ്.പി. ഓഫിസില്‍ നിന്ന് പുറത്തേക്കിറങ്ങിയ വിശാഖന്‍, വരാന്തയിലെ ബെഞ്ചില്‍ കുറച്ചു നേരം കണ്ണുകള്‍ അടച്ചിരുന്നു... തൊണ്ട വരണ്ടു പോയിരിക്കുന്നു. കയ്യിലെ ചുരുട്ടിപ്പിടിച്ച പേപ്പറുകള്‍ വിയര്‍പ്പ് മൂലം നനഞ്ഞു തുടങ്ങിയിരിന്നു. എസ്. പിയുടെ വാക്കുകള്‍ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നതു പോലെ തോന്നി അയാള്‍ക്ക്‌....

മെഡിക്കല്‍ ലീവ് എടുത്ത് വീട്ടില്‍ നിന്നാലോ എന്നൊരു ആലോചന തോന്നിയിരിന്നു രണ്ടു ദിവസം മുന്നേ... മനസ്സിനും ശരീരത്തിനും ആകെ ഒരു അസ്വസ്ഥത... ഒന്നിനും ഒരു ശ്രദ്ധകിട്ടുന്നില്ല.

അമ്പിളിയെ വിളിച്ചു ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് വരുന്നുണ്ടെന്നും രാത്രി തങ്ങുമെന്നും അറിയിച്ചു. വൈകിട്ട്‌ ഒരു മോഷണക്കേസ് പ്രതിയെ തപ്പി പോയെങ്കിലും കിട്ടിയില്ല.. ഡ്യൂട്ടി കഴിഞ്ഞ് അഗസ്റ്റിന്‍ സാറിന്‍റെ ബൈക്കിന് ബസ്‌ സ്റ്റാന്റ് വരെ വന്നു...

“ ഉം...ഇന്ന് വീട്ടിലെക്കില്ലേ”? അഗസ്റ്റിന്‍ സാര്‍ ചോദിച്ചു..

“ ഓ..ഒന്ന് ആല്‍ത്തറ വരെ”..

“ ഉവ്വ... സാറിനെ എനിക്ക് അറിഞ്ഞൂടെ”?

ഒന്നും മിണ്ടാന്‍ പോയില്ല... അറിയാമെങ്കില്‍ എന്തിനു വെറുതെ ഒരു അധരവ്യായാമം..

അമ്പിളിയുടെ വീട്ടിലേക്ക് കുറച്ചു പച്ചക്കറിയും പലഹാരവും വാങ്ങിച്ചിരിന്നു, ഇറയത്തിരിന്നു പഠിക്കുകയായിരിന്ന അവളുടെ മകള്‍ എന്നെ കണ്ടപ്പോള്‍ തന്നെ പുസ്തകം മടക്കി അകത്തേക്ക് കയറിപ്പോയി... അമ്മയുടെ ജാരനോടുള്ള വെറുപ്പ്‌... എല്ലാവര്‍ക്കും കണ്ണുകള്‍ ഉള്ളതല്ലെ, എല്ലാവര്‍ക്കും കാതുകള്‍ ഉള്ളതല്ലെ....അവള്‍ക്കും പ്രായം ആയി വരികയല്ലേ...

ഭക്ഷണം കഴിച്ച് ഒരു സിഗരറ്റ് വലിച്ചു കൊണ്ട് ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി നില്‍ക്കേ, അമ്പിളി മുടിയും വാരിക്കെട്ടി മുറിയില്‍ കയറി കതകു ചാരി...

“മോള്‍ കിടന്നോ”?

“ഉം” അവള്‍ മൂളി..

“ചന്ദ്രനോ”? 

“വന്നതറിഞ്ഞു... മോള് പറഞ്ഞു കാണും”

“ഒന്നും കഴിച്ചു കാണില്ല അല്ലെ”?

“അത് സാര്‍ വന്നാ പതിവുള്ളതല്ലേ.. കഞ്ഞീം കുടിക്കൂല്ല മരുന്നും കഴിക്കൂല്ല”...

“ഉം”..

ഈറന്‍ ഇറ്റ മുടി വിശാഖന്‍റെ നെഞ്ചിലേക്ക് വിടര്‍ത്തിയിട്ടു കൊണ്ട് അമ്പിളി അയാളുടെ കഴുത്തിലേക്കു മുഖം അമര്‍ത്തി...

“വേണ്ടടി.. മനസ്സിന് ഒരു സുഖമില്ല... ഒന്നുറങ്ങണം”..

“എന്തു പറ്റി സാറേ”?

“ഓ ഒന്നുമില്ല”..

കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഒരു സിഗരറ്റ് കൂടി കൊളുത്തി ജനലിലൂടെ അയാള്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിന്നു...

എങ്ങും നിശബ്ദത ആണ്... തിരക്കുകള്‍ ഒഴിഞ്ഞു മനുഷ്യര്‍ തന്നെത്തന്നെ തിരിഞ്ഞു നോക്കുന്നത് ഇത് പോലുള്ള രാത്രികളില്‍ ആണ്... തീര്‍ത്തും ഒറ്റയ്ക്കാവുമ്പോ...

“കുട്ടികളെ കാണാന്‍ പോയിരിന്നോ”? അമ്പിളി ചോദിച്ചു.

“ഇല്ല”

“അതെന്താ..സാറേ.. പിള്ളാരെന്തു വിചാരിക്കും”?

ഒന്നും മിണ്ടാതെ വീണ്ടും ഇരുട്ടിലേക്ക് നോക്കി നിന്നു...

കുട്ടികള്‍ എന്തു വിചാരിക്കാന്‍.. നിങ്ങളുടെ അച്ഛന്‍ മരിച്ചു പോയെന്നു അവരോടു നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറഞ്ഞു കൊടുക്കുന്ന ഒരമ്മയാണ് അവര്‍ക്കുള്ളത്... എന്‍റെ മക്കള്‍ എന്നെ കണ്ടാല്‍ ചിരിക്കാതായിരിക്കുന്നു ഇപ്പോള്‍...

അമ്മയുടെ അകന്ന ഒരു കുടുംബമായിരിന്നു സുലോചനയുടേത്, എന്‍റെ അമ്മ മുന്‍കൈ എടുത്തതു കൊണ്ട് മാത്രം ആണ് ആ ബന്ധത്തിന് ഞാന്‍ വഴങ്ങിയത്... പക്ഷേ, അത് ഒരിക്കലും സമരസപ്പെട്ടു പോകാന്‍ പറ്റാത്ത രീതിയിലുള്ള വലിയ വിള്ളലുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. പ്രധാനപ്രശ്നം അമ്മ തന്നെയായിരിന്നു... സുലോചനയും അമ്മയും തമ്മില്‍ നേര്‍ക്കുനേര്‍ കണ്ടാല്‍ വഴക്കുറപ്പാണ്. അങ്ങനെ ഏറിയ പങ്കും അവള്‍ അവളുടെ വീട്ടില്‍ തന്നെയായി നില്‍പ്പ്. രണ്ടു കൂട്ടരെയും തള്ളാന്‍ പറ്റാതെ ഞാന്‍ കുഴങ്ങി. കുട്ടികള്‍ ആയതോടെ വിഷയങ്ങള്‍ അവസാനിക്കുമെന്നു കരുതി. പക്ഷേ, ഒരിക്കല്‍ പോലും അവളെ കുടുംബത്തില്‍ കയറ്റാന്‍ അമ്മ തയാറായില്ല, അവരുടെ മരണം വരെയും. ഇതിനിടെ ഞാനും സുലോചനയും തമ്മില്‍ ഏറെ അകന്നു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ കുടുംബക്കാര്‍ അകറ്റിയിരിന്നു എന്ന് പറയുന്നതാവും ശരി. അങ്ങനെ അഞ്ച് വർഷം മുന്‍പ് വിവാഹ മോചനം നേടി ഞങ്ങള്‍ പിരിഞ്ഞു. സുലോചന കളക്ടറേറ്റ് ജീവനക്കാരനായ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിച്ചു അവളുടെ നാട്ടില്‍ നിന്നും പോയി....

ചെറുപ്പത്തിലേ അച്ഛന്‍ എന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയതാണ്... പിന്നീട് ഇതുവരെ അച്ഛനെക്കുറിച്ച് ഒരു വിവരവും ഇല്ല... അതിനും ബന്ധുക്കള്‍ അമ്മയെ കുറ്റപ്പെടുത്തുന്നത് കേള്‍ക്കമായിരിന്നു. അച്ഛനില്ലാത്തവന്‍ എന്ന വിളിയും അടക്കം പറച്ചിലും എന്നെ തെല്ലൊന്നുമല്ല ഉള്‍വലിച്ചിട്ടുള്ളത്. ഒരു കുടുംബം ആകുമ്പോ എല്ലാം ശരിയാകുമെന്ന് കരുതി പക്ഷേ അവിടെയും തോറ്റു. സുലോചനയുമായി പിരിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അമ്മ കിടപ്പായി.. വൈകാതെ അമ്മയും പോയി... പിന്നെ തീര്‍ത്തും ഒറ്റയ്ക്ക്.... ഇടയ്ക്ക് വല്ലപ്പോഴും വീട്ടില്‍ പോകും... മുഴുവന്‍ സമയവും സ്റ്റേഷനില്‍ തന്നെ എന്ന് പറയാം....

ഇപ്പൊ കുറച്ചു നാളുകളായി മക്കളെ കാണാറേയില്ല.. ഒന്നാമത് അത്ര ദൂരം പോകണം... രണ്ടാമത് അമ്പിളിയുമായുള്ള ബന്ധം സുലോചന കുട്ടികളോട് പറഞ്ഞെന്നു തോന്നുന്നു... അവര്‍ക്ക് പഴയ സ്നേഹം ഒന്നുമില്ല ഇപ്പൊ... മാത്രമല്ല എനിക്കാകട്ടെ ഒരു കുറ്റബോധവും...

“ചന്ദ്രന്‍റെ മരുന്ന് തീര്‍ന്നോ”?

അമ്പിളി ഉറങ്ങീന്നു തോന്നുന്നു... നിലപ്പുറത്തുന്നു വീണ് അപകടം സംഭവിച്ച് ചന്ദ്രന്‍ കിടപ്പിലയപ്പോ, നഷ്ടപരിഹാരകേസുമായി ബന്ധപ്പെട്ടാണ് അമ്പിളിയെ പരിചയപ്പെട്ടത്‌... ഇവിടെ അടുത്ത് അവള്‍ക്കു ഒരു കടയില്‍ ജോലിയും വാങ്ങിക്കൊടുത്തു. ആ ബന്ധം വളര്‍ന്ന്, മനസ്സും ശരീരവും തമ്മില്‍ അടുത്തു. ഇപ്പോള്‍ ഇടയ്ക്ക് അവളെ കാണാന്‍ വരും. ചന്ദ്രന് അറിയാം, തന്‍റെ ഭാര്യ വേറൊരാളുടെ കൂടെ അന്തിയുറങ്ങുന്നത്. കിടപ്പിലായിപ്പോയ അവന്‍ ശബ്ദമില്ലാതെ കരയുന്നതും, ഞാന്‍ കൊടുത്ത കാശിന് വാങ്ങിച്ച മരുന്ന് ഇറക്കാതെ തുപ്പുന്നതും മറ്റും അമ്പിളി പറയാറുണ്ട്‌...

അന്തികൂട്ട് വേണമെന്ന് വെച്ചിട്ടല്ല... സുലോചനയുടെ അകന്ന ബന്ധു ആണ് അമ്പിളി എന്ന ഒറ്റക്കാരണം മാത്രമായിരിന്നു അതിനു പിന്നില്‍... ഒരുതരം വാശി....

വിളിച്ചിട്ട് വരാം എന്നു പറഞ്ഞു രാവിലെ അവിടുന്നിറങ്ങി. അന്നും പതിവ് പോലെ സ്റ്റേഷനില്‍ പിടിപ്പതു പണിയായിരിന്നു... രാത്രി ഏറെ വൈകിയത് കൊണ്ട് സ്റ്റേഷനില്‍ തന്നെ കിടന്നുറങ്ങി. രാവിലെ എസ്. ഐ. ഫോണിലേക്ക് വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. എസ്.പി. ഓഫിസില്‍ അത്യവശ്യമായി എത്തണമത്രേ... അതായിരിന്നു മെസ്സേജ്...

“രാജസ്ഥാനിലെ ഹരിയാര്‍ എന്ന ഗ്രാമത്തില്‍ നിന്നും നിങ്ങളുടെ അച്ഛന്‍റെ ബോഡി കിട്ടിയിട്ടുണ്ട്”..!! എസ്.പി. അദ്ദേഹത്തിന്‍റെ കയ്യിലിരുന്ന രേഖകളും ഫോട്ടോയും മറ്റും കൈമാറി. ഫോട്ടോയില്‍ കാണുന്ന ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. വീട്ടില്‍ ഒരു ഫോട്ടോ പോലും അമ്മ സൂക്ഷിച്ചിട്ടില്ല. ഏഴോ എട്ടോ വയസുള്ളപ്പോള്‍ കണ്ടതാണ്. മരിച്ചു രണ്ടു ദിവസം കഴിഞ്ഞാണത്രേ ബോഡി കിട്ടിയത്, മുറിയിലെ പെട്ടിയില്‍ നാട്ടിലെ അഡ്രസ്സ് ഉണ്ടായിരുന്നത്രേ...!! 

ആ നാട്ടിലെ സ്റ്റേഷനില്‍ നിന്ന് പൊലീസ് എസ്.പി. ഓഫീസുമായി ബന്ധപ്പെടുകയായിരിന്നു...

“എന്തായാലും താന്‍ അവിടം വരെ പോയി വേണ്ടത് ചെയ്യ്.. അധികം പബ്ലിസിറ്റി കൊടുക്കണ്ട... സി.ഐ.യെ ഞാന്‍ വിളിച്ചു പറഞ്ഞോളാം.

എസ്. പി. ഓഫിസിന് പുറത്തെ റോഡിലൂടെ ഹോണ്‍ മുഴക്കി പാഞ്ഞു പോകുന്ന വാഹനങ്ങളിലേക്ക് അലക്ഷ്യമായി കണ്ണുനട്ട് കൊണ്ട് വരാന്തയിലെ ബെഞ്ചില്‍ ഞാനിരിന്നു. എന്തായാലും അവിടം വരെ പോകണം.

ആരെയെങ്കിലും കൂടെ കൂട്ടിപോകാന്‍ മോഹനന്‍ അമ്മാവന്‍ നിര്‍ബന്ധിച്ചെങ്കിലും, ഒറ്റയ്ക്ക് തിരിച്ചു, ഇത്രയും കാലം ഒറ്റയ്ക്കയിരുന്നില്ലേ.. ഇനി ഇതിനായിട്ട് എന്തിനാ....

പോകുമ്പോ അമ്മാവന്‍ എവിടെ നിന്നോ തരപ്പെടുത്തി തന്ന അച്ഛന്‍റെ ഒരു പഴയ ഫോട്ടോയും കൂടെ കരുതി....

ജയ്സല്‍മീറില്‍ നിന്നും ഒരു ജീപ്പില്‍ സ്ഥലം പിടിച്ച് റാംഗഡ് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ട്, അവിടന്ന് ഒരു പി.സി. യും ഒന്നിച്ച് ഫലോദി പോലീസ് സ്റ്റേഷനിലേക്ക് യാത്രയായി.. അവിടെ അടുത്തുള്ള ജനറല്‍ ഹോസ്പിറ്റലില്‍ ആണ് ബോഡി സൂക്ഷിച്ചിരിക്കുന്നത്... ഇന്‍സ്പെക്ടര്‍ കൂടെ വന്നു, ബോഡി ഇൻക്വസ്റ്റ് അല്ലെ... ഫ്രീസറിന്‍റെ വലിപ്പ് തുറന്നു ഒന്നേ നോക്കിയുള്ളൂ. ഫോട്ടോയില്‍ ഉള്ള, എന്‍റെ മനസ്സില്‍ ഉള്ള മുഖവുമായി ഒരു സാമ്യവും തോന്നിയില്ല....

പക്ഷേ, അദ്ദേഹം താമസിച്ചിരുന്ന ഹരിയാര്‍ എന്ന ഗ്രാമത്തിലെ ഒറ്റമുറി വീട്ടിലെ കയറുകട്ടിലിന്‍റെ അടിയില്‍ നിന്നു കിട്ടിയ ഇരുമ്പു പെട്ടിയില്‍ ഉണ്ടായിരുന്ന ഞങ്ങളുടെ മൂവരുടെയും ഫോട്ടോ എസ്.ഐ. തന്നു. അതില്‍ നിന്നും അമ്മയുടെ മുഖം കീറി മാറ്റിയിരിന്നു... പക്ഷേ, എനിക്ക് എന്നെ മനസ്സിലായി... അച്ഛനെയും...

വെള്ളത്തില്‍ വീണു ശ്വാസം മുട്ടിയാണ് മരിച്ചതത്രേ.. കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു അച്ഛന്‍. ഒറ്റമുറിയോട് ചേര്‍ന്ന ആലയില്‍ കത്തി ഉണ്ടാക്കി വിറ്റും, കൃഷിക്കും മറ്റു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഉള്ള പണിയായുധങ്ങളും മറ്റും നിര്‍മിച്ചു കൊടുത്തും കഴിഞ്ഞു കൂടുകയായിരിന്നു... ഏതു നാട്ടുകാരന്‍ ആണെന്നോ, ഭാഷക്കാരനെന്നോ ആര്‍ക്കുമറിയില്ലായിരിന്നു.... ആരോടും മിണ്ടാറില്ലായിരിന്നു അദ്ദേഹം...

മൃതദേഹത്തിനു നല്ല പഴക്കം ഉള്ളതു കൊണ്ട് അവിടെത്തന്നെ കര്‍മ്മങ്ങള്‍ ചെയ്യുവായിരിക്കും നല്ലത് എന്ന് പൊലീസുകാര്‍ ഉപദേശിച്ചു...

അങ്ങനെ എല്ലാം കഴിഞ്ഞു... പത്തു മുപ്പതു കൊല്ലം ഈ ഊഷരമായ മണ്ണും ഇവിടുത്തെ പൊടിക്കാറ്റും ഏല്‍പ്പിച്ച വാര്‍ദ്ധക്യവും, പെട്ടിയില്‍ ഒരു അഡ്രസ്സ് മാത്രം എഴുതിവച്ചുകൊണ്ട്, പറയാനുള്ളതെല്ലാം മനസ്സിലൊതുക്കി ആലയിലെ തീയില്‍ സ്വന്തം മനസ്സിനെ ഉരുക്കി അടിച്ച് അച്ഛന്‍ രാകി മിനുക്കുകയായിരിന്നു, രാപകലില്ലാതെ...

ഇത്രയ്ക്ക് ദേഷ്യമായിരിന്നോ അച്ഛന് അമ്മയോട്? അതിനു തക്ക എന്തു തെറ്റാവും അമ്മ ചെയ്തിട്ടുണ്ടാവുക?

ചന്ദ്രന്‍

പുത്തൂര്‍ക്കാവ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടിയതില്‍ പിന്നെ അമ്പിളിയെ കാണാന്‍ പോകുന്നത് കുറഞ്ഞു. എന്നാലും മാസാമാസം അവള്‍ക്കു ഒരു മണിഓര്‍ഡര്‍ അയച്ചു കൊടുക്കാറുണ്ടായിരിന്നു... ഒരിക്കല്‍ രാത്രിയില്‍ അവള്‍ വിളിച്ചിരിന്നു, ചന്ദ്രന് തീരെ വയ്യെന്നും മറ്റും പറഞ്ഞ്. അന്നു തിരക്കായതിനാല്‍ പോകാന്‍ പറ്റിയില്ല. പിറ്റേന്ന് അവിടെയെത്തിയപ്പോ എല്ലാം കഴിഞ്ഞിരിന്നു.

ചന്ദ്രന്‍റെ മരണം അമ്പിളിയെ വല്ലാതെ തളര്‍ത്തിയെന്നു തോന്നുന്നു... അവള്‍ ജീവിച്ചതg തന്നെ അയാള്‍ക്ക് വേണ്ടിയായിരിന്നു. അവള്‍ക്കു പെട്ടന്ന് പ്രായമായ പോലെ..

“ചാരുവിനെ ആരുടെയെങ്കിലും കയ്യിലേല്‍പ്പിക്കണം”

സമയമാവുമ്പോ എന്തെങ്കിലും വഴിയുണ്ടാക്കാം എന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ചു...

സുലോചന ഏതോ സീരിയലിലോ മറ്റോ അഭിനയിക്കാന്‍ പോകുന്നുണ്ട് എന്ന് കറ്റായിക്കലെ അമ്പു പറഞ്ഞു... അവളുടെ ഭര്‍ത്താവു എന്തോ അസുഖം വന്നു കിടപ്പിലാണെന്നും. കുട്ടികള്‍ മുതിര്‍ന്ന് കോളജിലൊക്കെ എത്തിയിരിക്കുന്നു. മാസാമാസം ജീവനാശം എന്ന പേരില്‍ അയക്കുന്ന ഒരു തുക, അതിന്‍റെ പേരില്‍ മാത്രം നില നില്‍ക്കുന്ന ഒരു ബന്ധം..

കാലം മുന്നോട്ട് പായുകയാണ്... എല്ലാം മാറുകയാണ്...

അമ്പിളിക്ക് കുറെ നാളായി കഴുത്തും, നടുവും അനക്കാന്‍ വയ്യാത്ത വേദനയാണ്... ഒരു ദിവസം അമ്പിളിയെ ഡോക്ടറെ കാണിച്ചിട്ട് തിരികെ  കൊണ്ട് വന്നു കിടത്തിയിട്ട്, ഒന്ന് മേല്‍ കഴുകി വന്നപ്പോ ചാരു, അമ്പിളിയുടെ മകള്‍ ഭക്ഷണം വിളമ്പി തന്നു...കഴിച്ചു കഴിഞ്ഞതിനു ശേഷം പതിവ് പോലെ മുറിയില്‍ ഒരു സിഗരറ്റും വലിച്ചു ഇരുട്ടിലേക്ക് നോക്കി നില്‍ക്കെ ചാരു വന്ന് വാതിലില്‍ തട്ടി...

“അമ്മ ഉറങ്ങി” 

“ഉം”

അവള്‍ അകത്തു കയറി മാറിയിട്ട തുണിയൊക്കെ എടുത്ത് പുറത്തേക്ക് കൊണ്ടു പോയി ഇട്ടിട്ട് തിരികെ വന്ന് ബെഡ് ഷീറ്റ് കുടഞ്ഞു വിരിച്ച് കൊണ്ട് ഭിത്തിയില്‍ ചാരി നിന്നു...

“നീ കിടന്നോ”

ഞാന്‍ ഒരു സിഗരറ്റിനു കൂടി തീ കൊടുത്ത് കൊണ്ട് പറഞ്ഞു... പുറത്ത് ചെറിയ പിശറന്‍ കാറ്റ്...

“വെള്ളം വേണോ”?

നേര്‍ത്ത ശബ്ദത്തില്‍ ചാരു ചോദിച്ചു.. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഗ്ലാസില്‍ വെള്ളവുമായി തൊട്ടരികെ അവള്‍... ഞാന്‍ പരിഭ്രമത്തോടെ അവളെ നോക്കി..

“എന്നെ ഇഷ്ടമല്ലേ സാറിന്”?

“ചാരു” എന്‍റെ ശബ്ദം പതറി..

അവള്‍ നിശബ്ദം ഗ്ലാസ്‌ മേശപ്പുറത്തേക്ക് വച്ചിട്ട് എന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി...

“ഞാന്‍ കാണുന്നുണ്ട്, സാറ് ഈ വീടിനു വേണ്ടി കഷ്ടപ്പെടുന്നത്”..

രാത്രിയുടെ ഏതോ യാമത്തില്‍, അപ്പുറത്ത് എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടാണ് ചാരു എന്‍റെ തോളില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റത്...ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല എനിക്ക്...

രാവിലെ തന്നെ ഇറങ്ങിയെങ്കിലും. അമ്പിളി ഉണര്‍ന്നിട്ടില്ലായിരിന്നു...

“അമ്മ ഉറങ്ങുകയാ”.. ചാരു ഉമ്മറത്തേക്കിറങ്ങി വന്നു...

ഒന്നും പറയാതെ ധൃതിയില്‍ അവിടെ നിന്ന് നടന്നകന്നു.....

അന്നുച്ചയ്ക്ക്‌ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാ ഫോണില്‍ ഒരു മെസ്സേജ് വന്നത്.. മെസ്സേജ് കണ്ടപ്പോള്‍ തന്നെ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം പകുതിക്ക് നിര്‍ത്തി, അഗസ്റ്റിന്‍ സാറിന്‍റെ ബൈക്ക് വാങ്ങി ജനറല്‍ ആശുപത്രിയിലേക്ക് കുതിക്കുകയായിരിന്നു...

ഐ.സി.യു. വിന്‍റെ വാതില്‍ക്കലെ ബെഞ്ചില്‍ ഫോണില്‍ ആരോടോ സംസാരിച്ചു കൊണ്ട് ചാരു ഇരിപ്പുണ്ട്, കൂടെ പരിചയമില്ലാത്ത ഒരാളും...

“ചാരു... അമ്പിളി”..? പരിഭ്രമത്തോടെ ഞാന്‍ ചോദിച്ചു..

അവള്‍ ഒന്നും മിണ്ടിയില്ല... നേരെ നോക്കാതെ തല താഴ്ത്തിയിരിന്നു... കൂടെയുള്ള ആള്‍ എന്നെ പതിയെ മാറ്റി നിര്‍ത്തി പറഞ്ഞു..

“വിഷം കുടിക്കുകയായിരിന്നു. വെളുപ്പിനോ മറ്റോ ആണ്. ഒന്നും പറയാറായിട്ടില്ല”..

പരിചയമുള്ള പോലീസുകാരന്‍ ആയിരിന്നു അവിടെ ഉണ്ടായിരുന്നത്..

“ചാന്‍സ് ഇല്ല സാറേ... വെളുപ്പിനോ മറ്റോ ആണ്”..

ഞാന്‍ തല താഴ്ത്തി...

“സാര്‍ പേടിക്കണ്ട.. കത്തും തെളിവും ഒന്നൂല്ല... ഞങ്ങള്‍ അരിച്ചു പെറുക്കി” അയാള്‍ ചിരിച്ചു..

അന്ന് വൈകിട്ട് നാല് മണിയോടെ അമ്പിളി മരിച്ചു.

“എന്തിനാ നീ അവള്‍ക്ക് വിഷം കൊടുത്തത്”?

വിശാഖന്‍റെ നെഞ്ചിലെ രോമങ്ങള്‍ക്കിടയിലൂടെ ഓടിക്കൊണ്ടിരുന്ന ചാരുവിന്‍റെ വിരലുകള്‍ പെട്ടന്ന് നിശ്ചലമായി... അമ്പിളിയുടെ മരണം കഴിഞ്ഞ് ആദ്യമായി ചാരുവിനെ ഒറ്റയ്ക്കു കിട്ടിയ ഒരു രാത്രിയിലായിരിന്നു അത്..

കുറെ നേരം കട്ടിലില്‍ നിശബ്ദയായി ഇരുന്ന ചാരു, എഴുന്നേറ്റ് ജനല്‍ മലര്‍ക്കെ തുറന്നു. പുറത്തെ നിലാവ് മുറിയിലേക്ക് ഒഴുകിയിറങ്ങി....

“എന്‍റെ അച്ഛന്‍.. നിങ്ങള്‍ ഇവിടെ വരുന്ന ഓരോ ദിവസവും കരഞ്ഞു തളര്‍ന്നാണ് ഉറങ്ങിയിരുന്നത്... ഗതികെട്ട് പോയ ഒരു ജീവിതം. പിടഞ്ഞു പോയ എന്‍റെ അച്ഛന്റെ ആത്മാവ്‌ ഇന്നും ഇവിടെയുണ്ട്. എന്നെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചോ..? എന്‍റെ ഭാവി എന്താകുമെന്നു നിങ്ങള്‍ ആലോചിച്ചോ..? ഒരു വേശ്യയുടെ മകള്‍ എന്ന സല്‍പ്പേര് എനിക്ക് ചാര്‍ത്തിക്കിട്ടിയത് നിങ്ങള്‍ കാരണം ആണ്. നിങ്ങള്‍ പൊലീസുകാരന്‍ അല്ലെ”...? 

അവള്‍ ഒന്ന് നിര്‍ത്തി.. പുച്ഛത്തോടെ വിശാഖനെ ഒന്ന് നോക്കി...

“നിങ്ങളോടുള്ള സ്നേഹമോ കാമമോ കൊണ്ടല്ല... ഞാന്‍ കൂടെ കിടന്നത്... പണം.. അതു മാത്രം... നിങ്ങള്‍ക്ക് വേണ്ടത് എന്‍റെ ശരീരം എനിക്ക് വേണ്ടത് പണം... അത്രേയുള്ളൂ”...

“അന്ന് രാവിലെ നിങ്ങള്‍ ഇവിടുന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ അമ്മ എന്നോട് ഇക്കാര്യം പറഞ്ഞു വഴക്ക് തുടങ്ങിയതാ... രാത്രിയില്‍ നടന്നതെല്ലാം അമ്മയ്ക്ക് മനസിലായിരിന്നു. ഞാനും കുറെ എന്തൊക്കെയോ പറഞ്ഞു. പക്ഷേ, ഞാന്‍ എന്റെ അമ്മയ്ക്ക് വിഷം കൊടുത്തിട്ടില്ല... എന്‍റെ അമ്മയെ എനിക്ക് കൊല്ലാന്‍ കഴിയില്ല... അവര് നല്ലവരായിരിന്നു...ഞാന്‍ പിഴച്ചവളായിപ്പോയതിലുള്ള മനോവിഷമത്തിലാ അമ്മ... അത് നിങ്ങള്‍ കാരണം കൂടി ആയപ്പോ”..

“കണ്ണുകള്‍ മറിഞ്ഞ് ചോരയും കയ്പ്പുനീരും ഛര്‍ദിക്കുമ്പോളും അമ്മ പുലമ്പിക്കൊണ്ടിരിന്നു, “എന്‍റെ ചന്ദ്രേട്ടന്‍റെ ശാപാണ് എല്ലാം... എന്‍റെ കൊച്ചിനെ അവന്‍... നശിച്ചു പോകൊള്ള് അവന്‍ എന്ന്”.. പക്ഷേ, പൊലീസ് എത്ര ചോദിച്ചിട്ടും എന്‍റെ അമ്മ ഒന്നും പറഞ്ഞില്ല”..

“എന്നെക്കുറിച്ച് അമ്മയ്ക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരിന്നു”...

ഹരിയാര്‍

ആദ്യമായാണ് ആ ഗ്രാമത്തില്‍ വരുന്നത്... അച്ഛന്‍റെ കര്‍മങ്ങള്‍ക്കും മറ്റുമായി അന്ന് വന്നെങ്കിലും ഇങ്ങോട്ട് വന്നിരുന്നില്ല.. വരാന്‍ മനസ്സ് വന്നില്ല... ആശുപത്രിയില്‍ നിന്നു തന്നെ മടങ്ങിപ്പോകുകയായിരിന്നു.

ചെളി കൊണ്ടുണ്ടാക്കിയ കല്ലുകള്‍ പാകിയ ഭിത്തികളും, പനയോലയും പ്ലാസ്റ്റ്ക് ഷീറ്റുകൾ മേഞ്ഞ മേല്‍ക്കൂരകളും ഉള്ള ചെറിയ കുടിലുകള്‍.. വൃദ്ധരായിട്ടുള്ള കുറച്ചുപേര്‍ ഒരു കട്ടിലിലും മറ്റുമൊക്കെയായി ഇരുന്ന് ബീഡി വലിക്കുന്നുണ്ട്. കുറച്ചു കുട്ടികള്‍ പന്ത് തട്ടിക്കളിക്കുന്നു... പൊടിക്കാറ്റു വീശുന്നുണ്ട്... കത്തിക്കാളുന്ന സൂര്യന്‍... മറിഞ്ഞു വീണു കിടക്കുന്ന ഉണക്ക മരങ്ങള്‍...

വഴികാട്ടിയായ പയ്യന്‍ ചൂണ്ടിക്കാണിച്ച വാതില്‍ തുറന്ന് ഒറ്റമുറി വീടിനകത്തേക്ക് കയറി... പത്തു മുപ്പതു കൊല്ലം അച്ഛന്‍ ജീവിച്ച ഇടം. കുറച്ചു പാത്രങ്ങളും ഒരു ചെറിയ മേശയും. അയയില്‍ വിരിച്ച കുറച്ചു തുണികള്‍.

അവിടെ കിടന്നിരുന്ന മരക്കട്ടിലില്‍ പതിയെ മലര്‍ന്നു കിടന്നു... മുകളിലെ തകര ഷീറ്റില്‍ വീണ തുളകളിലൂടെ സൂര്യപ്രകാശം അയാളുടെ മുഖത്തേക്കടിച്ചു. കണ്ണ് മഞ്ഞളിച്ചു പോയി, ഒന്നും കാണാന്‍ വയ്യ... അയാള്‍ കണ്ണ് ഇറുക്കി അടച്ചു.

വൈമനസ്യത്തോട് കൂടിയാണ് എസ്.പി. അദ്ദേഹം ആ പേപ്പറില്‍ ഒപ്പു വച്ചത്.

ഡിപ്പാര്‍ട്ട്മെന്റില്‍ നല്ല പേരുള്ളത് കൊണ്ട് എല്ലാവരും തീരുമാനം ഉപേക്ഷിക്കാന്‍ പറഞ്ഞു, പക്ഷേ, എന്‍റെ തീരുമാനം കടുത്തതായിരിന്നു.

വീടും പറമ്പും അഗസ്റ്റിന്‍ സാറിന്‍റെ പരിചയത്തിലുള്ള ബ്രോക്കറെ കൊണ്ട് കച്ചവടം ചെയ്യിച്ച് കിട്ടിയ തുകയും, ജോലി രാജി വച്ചപ്പോള്‍ കിട്ടിയ സര്‍വിസ് തുകയും കൂട്ടി ചേര്‍ത്ത് പകുതി മക്കളുടെ പേരിലും പകുതി ചാരുവിന്‍റെ പേരിലും ബാങ്കില്‍ ഇട്ടു. പാസ്ബുക്ക് അമ്പു വഴി സുലോചനയ്ക്കു കൊടുത്ത് വിട്ടു. ചാരുവിന്റേത് പോസ്റ്റലില്‍ അയച്ചു. എല്ലാവര്‍ക്കും വേണ്ടത് ജീവനാംശം അല്ലേ... ജീവിക്കാനുള്ള പണം. ജീവിതം ആര്‍ക്കും വേണ്ടല്ലോ...

ഇപ്പോള്‍ ഈ കട്ടിലില്‍ ഇങ്ങനെ കിടക്കവേ, ഞാനൊരു പത്തു വയസുകാരനായ പോലെ... ഒരു രണ്ടാം ജന്മം... ആരോടും ഒന്നും പറയാനില്ല... ആരോടും ഒന്നും ചോദിക്കാനും ഇല്ല...

എനിക്കറിയാം ചന്ദ്രന്‍റെയും അമ്പിളിയുടെയും ആത്മാവ് എന്നോട് പൊറുക്കില്ലെന്ന്. എന്‍റെ മക്കള്‍ എന്നോട് പൊറുക്കില്ലെന്ന്. ഒരിക്കല്‍ പോലും അന്വേഷിച്ചു വരാതിരുന്ന മകനോട് അച്ഛന്‍ പൊറുക്കില്ലെന്ന്. നിങ്ങള്‍ കാരണം എന്‍റെ ജീവിതം തുലഞ്ഞു എന്ന എന്‍റെ പ്രാക്കിനു മുന്നില്‍ നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടയ്ക്കാന്‍ പോലുമാവാതെ കിടന്ന അമ്മയുടെ ആത്മാവും എന്നോട് പൊറുക്കില്ലെന്ന്...

പ്രായശ്ചിത്തം ആണ് ഇന്നു മുതല്‍... അതിനു എനിക്ക് അച്ഛന്‍റെ സാമീപ്യം വേണം. കട്ടിലിന്‍റെ ഓരത്ത് മടക്കി വച്ചിരുന്ന പരുത്ത കമ്പിളിയില്‍ അയാള്‍ തന്‍റെ മുഖമമര്‍ത്തി. വര്‍ഷങ്ങള്‍ താന്‍ കൊതിച്ച ആ പിതൃഗന്ധം ആവോളം ശ്വസിച്ചു കൊണ്ട് വൈശാഖന്‍ ഒരു പാട്ട് മൂളി....

ഉരുകുന്ന ഉരുക്കിനെ അടിച്ചു കളി മാറ്റി സ്ഫുടം ചെയ്തു, രാകി മിനുക്കി ഞാന്‍ ഉരുവാക്കിയ ആദ്യത്തെ മൂര്‍ച്ച തന്നെ എന്‍റെ വാരിയെല്ലിനിടയിലൂടെ പുളഞ്ഞു കയറി ഹൃദയം പിളര്‍ത്തി ഉലയിലാകെ രക്തം വീഴ്ത്തി. ചെന്തീയില്‍ വീണു കരിഞ്ഞ എന്‍റെ രക്തം വമിച്ച ക്ഷാരഗന്ധമുള്ള മങ്ങിയ തിരശീലയില്‍ ചന്ദ്രന്‍റെ കണ്ണീരും അമ്പിളിയുടെ ശാപവും വെളിവായി... കൈകള്‍ കൂപ്പി കണ്ണുകള്‍ അടച്ചു... ഇപ്പോള്‍ എനിക്ക് എന്‍റെ അച്ഛനെ കാണാം... സ്നേഹത്തോടെ അച്ഛന്‍ എന്നെ ലാളിക്കുകയാണ്... വീണ്ടും ഞാന്‍ എന്‍റെ ജീവിതം ആരംഭിക്കുകയാണ്... ഒരു എട്ടു വയസുകാരനായി...

മൂന്നാം ദിവസം ഗ്രാമവാസികളിലാരോ ആ മുറിയുടെ വാതില്‍ പൊളിച്ചു അകത്തു കടക്കുകയായിരിന്നു. നെഞ്ചില്‍ കത്തി തറച്ച നിലയിലാണ് വൈശാഖന്‍റെ മൃതദേഹം കണ്ടെത്തിയത്...

ആദ്യ ദിവസം ഉലയില്‍ പണി നടക്കുന്നുണ്ടായിരുന്നു രാത്രി വരെ... പിന്നെ രണ്ടു ദിവസത്തേക്ക് അനക്കമൊന്നും ഇല്ലാത്തതു കൊണ്ട് വാതില്‍ പൊളിക്കുകയായിരിന്നു എന്ന് അവര്‍ പൊലീസിനോട് പറഞ്ഞു...

വൈശാഖന്‍റെ അച്ഛനെ ദഹിപ്പിച്ചിടത്തു തന്നെ അയാളുടെയും കര്‍മ്മങ്ങള്‍ നടത്തി.. അത് അങ്ങനെ തന്നെ വേണം എന്നൊരു കുറിപ്പ് മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തിരിന്നു...

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.