“ഷമിയുടെ ഉമ്മ എന്ത് പറഞ്ഞു? “ബാലുവാണ് നീണ്ട നേരത്തെ മൗനത്തിനു വിരാമമിട്ടത്.
“സത്യത്തില്‍ ഇന്ന് കാലത്ത് എന്‍റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അനുഭവിച്ചതിനെക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ ആയിരുന്നു ഇന്നലെ ഷമിയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ “
അത് പറയുമ്പോള്‍ മനാഫിന്റെ ശബ്ദം ഇടറിയിരുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും ഖിസൈസിലേക്കുള്ള ഈ യാത്ര എന്നും ദുഃഖം മാത്രമാണ് തന്നിട്ടുള്ളത്. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ സ്വന്തം വീട്ടില്‍ നിന്നും എല്ലാവരെയും വിട്ട് ഒരു യാത്ര. ഉപ്പയെയും ഉമ്മയെയും കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോള്‍ മനസ്സില്‍ പൊട്ടിക്കരയുമ്പോഴും കണ്ണ് നിറയാതെ നോക്കും.
വീണ്ടും കാണാം എന്ന് പറഞ്ഞു പ്രിയതമയോട് യാത്ര ചോദിക്കുമ്പോള്‍ അവളുടെ കണ്ണിലെ തിളങ്ങുന്ന നീര്‍മുത്തുകളില്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിന്റെ പ്രതീക്ഷ കാണാം.
യാത്ര ആക്കാന്‍ വന്ന സുഹൃത്തിനോട് അകത്തു നിന്നും കൈ വീശിക്കാണിക്കുമ്പോള്‍ എസിയുടെ തണുപ്പിനും, എയര്‍ ഫ്രഷ്‌നറിന്റെ
സുഗന്ധത്തിനും കൂടി ഒരു മോര്‍ച്ചറിയുടെ പ്രതീതി. ചുറ്റും ശവങ്ങള്‍ ഇല്ലെങ്കിലും എല്ലാം ജീവച്ഛവങ്ങള്‍ ആണ്. ഇനി ഒരു നീണ്ട
കാത്തിരുപ്പാണ്. മരുഭൂമിയിലെ നീണ്ട ഒരു വര്‍ഷത്തെ കാത്തിരുപ്പിനേക്കാള്‍ ദൈർഘ്യമുള്ള രണ്ടു മണിക്കൂറുകള്‍.
മൊബൈല്‍ എടുത്ത് മെഹറുവിനെ ഒന്ന് വിളിച്ചാലോ എന്ന് തോന്നി. പിന്നെ മനസ്സ് തന്നെ വിലക്കി. കാരണം ഈ നിമിഷങ്ങളില്‍ വാക്കുകള്‍ കണ്ണുനീര്‍ ആയെ പുറത്തു വരൂ. മാത്രമല്ല ഇറങ്ങുമ്പോള്‍ തൊട്ടിലില്‍ സുഖമായി ഉറങ്ങുകയായിരുന്ന മോളും ഉണര്‍ന്നിട്ടുണ്ടാവും, അവളുടെ കിളിക്കൊഞ്ചല്‍ കേട്ടാല്‍... വയ്യ... ഇനി പിന്നോട്ടില്ല... മുന്‍പോട്ടു മാത്രം.
“ഇതെന്താട നീ ആദ്യമായിട്ടൊന്നും അല്ലല്ലോ ഇങ്ങോട്ട്?” വീണ്ടും മനാഫിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്. കണ്ണ് നിറഞ്ഞിരുന്നു.
“ശെടാ ഇതെന്താ എല്ലാവരും ഇങ്ങനെ? രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ നാട്ടില്‍ നിന്നും വന്നത് ഓര്‍മയില്ലേ? കല്യാണം കഴിഞ്ഞു പതിനേഴാമത്തെ ദിവസം, എന്നിട്ടും ഞാന്‍ അന്നെന്തൊരു ഹാപ്പിയായിരുന്നു, നിങ്ങള്‍ എത്ര ഹാപ്പിയായിരുന്നു. എന്നെ കരയിക്കാന്‍ നിങ്ങള്‍ അടിച്ച ഡയലോഗ് കേട്ട് ഞാന്‍ അന്ന് ഒരുപാട് ചിരിച്ചു.
“അന്ന് പക്ഷേ, ഷമി ഉണ്ടായിരുന്നു ...” ബാലുവാണ് അത് പറഞ്ഞത്. പൊടുന്നനെ ഒരു മൗനം വീണ്ടും.
..................................
ഷമി. ഷമീര്‍ ഹസന്‍ എന്ന ഞങ്ങളുടെ ഷമി. മൂന്നു പേര്‍ ഉണ്ടായിരുന്ന ഞങ്ങളുടെ റൂമിലേക്ക് നാലാമനായി വന്നവന്‍. മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഒരായിരം വര്‍ഷങ്ങളുടെ ഹൃദയ ബന്ധം തന്നു പിരിഞ്ഞു പോയവന്‍. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന, സ്നേഹമാണ് തന്‍റെ വിജയമന്ത്രം എന്ന് വിശ്വസിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ഷമി.
ഓരോ നിമിഷവും നാട്ടില്‍ തന്നെ കാത്തിരിക്കുന്ന ഉമ്മാക്ക് വേണ്ടി ജീവിച്ചവന്‍. ഒരുപാട് കഷ്ടപ്പെട്ട് തന്നെ വളര്‍ത്തി വലുതാക്കിയ ഉമ്മയെ
കുറിച്ച് പറയാന്‍ ആയിരം നാവായിരുന്നു അവന്.
“എല്ലാവരും ഉണ്ടായിട്ടും അനാഥരെ പോലെ ജീവിച്ചവര്‍ ആണ് ഞാനും ഉമ്മയും. എന്റെ പൊന്നുമ്മാക്ക് വേണ്ടിയാണ് ഈ ജീവിതം.”
രാപ്പകല്‍ ഇല്ലാതെ അലച്ചിലായിരുന്നു അവന്. സെയില്‍സ് പേഴ്സണ്‍ എന്ന അവന്‍റെ ജോലി വളരെ ആത്മാർഥമായി അവന്‍ ചെയ്തിരുന്നു. എന്തിനാടാ ഇത്രയും കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് ഒരേ ഒരു മറുപടി മാത്രമേ എന്നും അവനുണ്ടായിരുന്നുള്ളൂ.
“ഉമ്മയോടൊപ്പം നിന്ന് കൊതി തീര്‍ന്നിട്ടില്ല, ഒരുപാട് പ്രായമായി ഉമ്മാക്ക്, ഈ കാലമത്രയും സങ്കടങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക്. ഏറിയാല്‍ മൂന്നു വര്‍ഷം, അത് കഴിഞ്ഞാല്‍ നാട്ടില്‍ ഉമ്മയോടൊപ്പം കൂടണം. പിന്നെ ഇങ്ങോട്ടൊരു തിരിച്ചു വരവില്ല, പിന്നെ ഞാന്‍
ഇനിയും കണ്ടിട്ടില്ലാത്ത, ഉമ്മ എനിക്കായി കണ്ടു വെച്ചിരിക്കുന്ന എന്‍റെ “മെഹറു”. ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ച്... അതിനു ഈ മൂന്നു വര്‍ഷം
കുറച്ച് കഷ്ടപ്പെടുക തന്നെ വേണം.”
പിന്നീട് എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ പോയത്. എല്ലാവരും ഒന്നും രണ്ടും വട്ടം നാട്ടില്‍ പോയി വന്നു. ഷമി മാത്രം പോയില്ല. അവസാനം അവനും കാത്തിരുന്ന ദിവസം എത്താറായി. പിന്നെ ആഘോഷം ആയിരുന്നു റൂമില്‍. കിച്ചനില്‍ എന്നും പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കി,. ഒരുപാട് കൂട്ടുകാര്‍ വന്നുപോയികൊണ്ടിരുന്നു റൂമില്‍. എല്ലാം ഷമിയുടെ നിര്‍ബന്ധം ആയിരുന്നു.
“എല്ലാവരും എന്നും എന്നെ ഓര്‍ത്തിരിക്കണം. കുറഞ്ഞത് നിങ്ങള്‍ എല്ലാവരും ഇവിടെ ഉള്ള കാലത്തോളം എങ്കിലും “
“നിന്‍റെ കൂട്ടുകാര്‍ ആരും നിന്നെ മറക്കില്ല, അതാണ് നീ “ബാലു എപ്പോഴും പറയുമായിരുന്നു. ആറു മണിയോടെ എല്ലാവരും റൂമില്‍ എത്തണം. പിന്നെ രാത്രി ഏറെ വൈകിയും ഷോപ്പിംഗ്. നാളത്തെ ഡ്യൂട്ടിയെ കുറിച്ച് ആരും ചിന്തിക്കാറില്ല.
“നിങ്ങള്‍ എല്ലാം ഇനിയും പോവും വരും, പക്ഷേ, ഇതെന്‍റെ ആദ്യത്തേയും അവസാനത്തെയും യാത്രയാണ്. അതിത്തിരി കളര്‍ഫുള്‍ ആവട്ടെടാ“ഷമി.
“നിന്‍റെ ആദ്യത്തെയോ അവസാനത്തെയോ എന്നതല്ല, ലഗ്ഗേജിനൊക്കെ ഒരു വെയിറ്റ് ലിമിറ്റ് ഉണ്ടെന്ന് ഞങ്ങള്‍.
“അതിനല്ലേ മക്കളേ കാര്‍ഗോ സര്‍വീസ് “ ഷമി വിടാന്‍ ഭാവമില്ല. എല്ലാം ഉമ്മാക്കും മെഹര്‍ബാനും വേണ്ടിയുള്ള സാധനങ്ങള്‍ ആയിരുന്നു.ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അവള്‍ എന്ന് മാത്രം അവനറിയാം. ഉമ്മ കണ്ടു വെച്ച കുട്ടിയല്ലേ സുന്ദരിയായിരിക്കും എന്ന് അവന്‍ എപ്പോഴും പറയും.
ഒരിക്കല്‍ അവന്‍റെ ഉമ്മയുടെ മിസ്സ് കാള്‍ കണ്ട് ഫോണ്‍ ചെയ്തത് ഞാന്‍ ആയിരുന്നു. ഇടക്കിടെ ഞാന്‍ ചെയ്യാറുള്ള കാര്യം ആണ്. എന്‍റെ ശബ്ദം കേട്ടാല്‍ ഷമിയുടെ ശബ്ദം ആണെന്ന് തോന്നും എന്ന് ഉമ്മ പറയുമായിരുന്നു. അതുകൊണ്ട് ഞാന്‍ ഇടക്കൊക്കെ വിളിച്ചു പറ്റിക്കും. അന്ന് ഞാന്‍ വെറുതെ ചോദിച്ചു.
“ഉമ്മ ഞാന്‍ ഒരു വട്ടം പോലും കണ്ടിട്ടില്ല, ഉമ്മയാണ് എങ്കില്‍ അവള്‍ക്കു വാക്കും കൊടുത്തു. ഇനി ഞാന്‍ കണ്ടാല്‍ എനിക്ക് ഇഷ്ടപ്പെടാതെ വരോ“
അപ്പോള്‍ ഉമ്മ പറഞ്ഞ മറുപടി. ”നിന്‍റെ കുട്ടിക്കാലത്ത് നമ്മള്‍ രണ്ടു പേരും കിടക്കുമ്പോള്‍ നീ എന്നോട് പേടിയാവുന്നു എന്ന് പറയും. അത് പറയുമ്പോള്‍ നിന്‍റെ നെഞ്ചിന്റെ മിടിപ്പ് എനിക്ക് അറിയാമായിരുന്നു. അപ്പോള്‍ ഞാന്‍ നിനക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ? ജിന്ന് മോഹിച്ച നീല കണ്ണും ചുരുണ്ട മുടിയും ഉള്ള ഒരു രാജകുമാരിയുടെ കഥ. ആ കഥ കേള്‍ക്കുമ്പോള്‍ നീ എന്നോട് കൊതിയോടെ
ചോദിക്കാറുണ്ടായിരുന്നു. ആ രാജകുമാരിയെ എനിക്കൊന്നു കാണാന്‍ പറ്റോ എന്ന്. ആ രാജകുമാരിയെയാണ് ഞാന്‍ നിനക്കായി ഇവിടെ കാത്തു വെച്ചിരിക്കുന്നത്.”
“ഹോ എനിക്ക് സമാധാനമായി, ഇനി ഞാന്‍ കുറച്ചുകഴിഞ്ഞു വിളിക്കാം “
എന്ന് പറഞ്ഞു ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു. എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഷമിയുടെ കുട്ടിക്കാലത്ത് ഉപ്പ മരിച്ചതും ഉപ്പയുടെ തറവാട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നതും, തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മാമന്മാര്‍ ബഹളം ഉണ്ടാക്കിയതും, വെല്ലുമ്മയുടെ നിര്‍ബന്ധം കൊണ്ട് ദൂരെ ഒരു ചെറിയ വീടും സ്ഥലവും മാമന്മാര്‍ വാങ്ങി തന്നതും എല്ലാം ഷമി പറഞ്ഞിട്ടുണ്ട്. അവരുടെ ജീവിതത്തിലെ കയ്പ്പേറിയ ഒരു കാലഘട്ടം എത്ര ലളിതമായാണ് അവന്‍റെ ഉമ്മ ഇപ്പോള്‍ പറഞ്ഞത്. ആരാരും തുണയില്ലാത്ത രാത്രിയുടെ പേടിപ്പിക്കുന്ന നിമിഷങ്ങളില്‍ പേടിച്ചരണ്ട ഒരു പൈതലും, ഉള്ളിലെ ഭയം മറച്ചു പിടിച്ചു അവനെ സമാധാനിപ്പിക്കാന്‍ പതിഞ്ഞ ശബ്ദത്തില്‍ അവനു കഥകള്‍ പറഞ്ഞു കൊടുക്കുന്ന ഉമ്മയും. ഷമി കിച്ചനില്‍ ആയിരുന്നു. ഞാന്‍ ചെന്ന് അവനെ പിന്നില്‍ നിന്നും വട്ടം പിടിച്ച് അവനോടു പറഞ്ഞു.
“ഡാ നിന്‍റെ പെണ്ണില്ലേ മെഹറു, അവളെ പണ്ടൊരു ജിന്ന് മോഹിച്ചിട്ടുണ്ട്”
“എന്‍റെ ഉമ്മാടെ ഒരു കാര്യം, ഇനി നിങ്ങള്‍ മാത്രേ അറിയാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ ചെറുപ്പത്തിലെ എന്‍റെ പേടിയുടെ കാര്യം. എടാ അതെനിക്ക് മൂന്ന് വയസുള്ളപ്പോള്‍ ഉള്ള സംഭവം ആണ്.”
...................................
അന്ന് ഉച്ചക്ക് ജുമാ കഴിഞ്ഞു വന്ന ഉടനെ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. ഷോപ്പിംഗ് തന്നെയായിരുന്നു ഉദ്ദേശം. കഴിക്കുന്നതിനിടയില്‍ ഷെമി
പറഞ്ഞു.”ഇന്ന് ഉമ്മാക്ക് കുറച്ചു സ്വര്‍ണം വാങ്ങിക്കണം. ഉമ്മയെയും കല്യാണപ്പെണ്ണിനേയും കല്യാണപ്പന്തലില്‍ വരുന്നവര്‍ക്ക് തെറ്റിപ്പോവും
നോക്കിക്കോ“
എന്നാല്‍ നിയോഗം മറ്റൊന്നായിരുന്നു. ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ആ ദിവസം. ചോരയില്‍ കുളിച്ചു പത്തു മിനിറ്റോളം എന്‍റെ കയ്യില്‍ അവന്‍... ഇവിടുത്തെ നിയമത്തിനു മുന്നില്‍ നിസ്സഹായരായി ഞങ്ങള്‍... അവന്‍റെ
വാക്കുകള്‍ ഇപ്പഴും ചെവിയില്‍....
“ഡാ..എന്‍റെ.... എന്റുമ്മ ഒന്നും അറിയരുത്...എനിക്കെ .....ലും പറ്റിയാല്‍.....ജീവനില്ലാത്ത എന്‍റെ ശരീരം......ഉമ്മാക്ക് കഴിയില്ലെടാ...”
“എന്തോക്കെയാടാ നീയീ പറയണത്... ഒന്നുമില്ലെടാ..”
"അറിയാ... ല്ലോ നാട്ടില്‍ ഞങ്ങള്‍ക്ക് ആരുമില്ല... ഉമ്മയെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുകയാണ്... ഉമ്മ ഒന്നും... അറിയരുത്... ഇവിടുത്തെ പള്ളിയില്‍... വെള്ളിയാഴ്ചകളില്‍ നിങ്ങള്‍....വരണം...പ്രാര്‍...എനിക്ക് വേണ്ടി...ഉമ്മ...അറിയരുത്...ഒന്നും...ഒരു കാര്യം കൂടി എനിക്ക് വേണ്ടി..
നാട്ടില്‍ ചെന്ന് മെഹ്രുവിനെ കാണണം.....ഞാന്‍ വരില്ലെന്നു...”
എന്തായിരുന്നു അവന്‍ പറയാന്‍ വന്നത്? അറിയില്ല.. പിന്നീട് എന്തൊക്കെയാണ് എന്‍റെ ജീവിതത്തില്‍ നടന്നത്? എന്തൊക്കെയാണ് നടന്നു
കൊണ്ടിരിക്കുന്നത്.? എന്നും ഷെമിയുടെ ഉമ്മയോട് നൂറ് കള്ളം പറയേണ്ടി വന്നിരുന്നു. ലീവ് എല്ലാം ശരിയായതാണ്, വരുന്നതിനു രണ്ടു ദിവസം മുന്‍പ് കമ്പനിയിലെ പൈസയുമായി പോവുന്ന വഴി കൂടെ ഉണ്ടായിരുന്ന പാകിസ്ഥാനി പൈസയുമായി മുങ്ങി, അത് പിന്നെ കേസായി, അതിനൊരു തീരുമാനം ആവുന്നത് വരെ ജയിലില്‍ കിടക്കണം, ഇവിടുത്തെ നിയമം അല്ലെ? ആരെയും കാണാനോ,ഫോണ്‍ ചെയ്യാനോ ഒന്നും പറ്റില്ല, ഞങ്ങള്‍ എല്ലാം ശ്രമിക്കുന്നുണ്ട്. ഉമ്മ അവനു വേണ്ടി ദുഹാ ചെയ്യണം...”
അങ്ങിനെ എത്ര എത്ര നുണകള്‍... മരണ വാര്‍ത്ത നാട്ടില്‍ അറിഞ്ഞു അവന്‍റെ ഉമ്മ അറിയാതിരിക്കാന്‍ എല്ലാ തലത്തിലും ഞങ്ങള്‍ ശ്രമിച്ചു. പള്ളി മഹല്ലിലും കാര്യത്തിന്‍റെ ഗൗരവം അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഷെമി ആണെന്ന് പറഞ്ഞു ഒരു വട്ടം വിളിച്ചു. ഉമ്മ നല്ല ധൈര്യത്തോടെ തന്നെ സംസാരിച്ചു. എല്ലാം ശരിയാകുമെന്ന് സമാധാനിപ്പിച്ചു.
പിന്നെയും കുറെ ദിവസങ്ങള്‍. അതിനിടയിലാണ് ഷെമിയുടെ ഉമ്മാക്ക് വയ്യാതാവുന്നത്. നാട്ടില്‍ പോവാന്‍ ലീവ് കിട്ടിയില്ല. പിന്നെ ഒരാഴ്ചക്ക്
ശേഷം പോവാം എന്നായി. നാട്ടില്‍ എത്തുമ്പോള്‍ ഉമ്മാക്ക് ഏറെ കുറെ ഭേദം ആയിരുന്നു. കണ്ടതും കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. ഷെമിയെ പറ്റി ചോദിച്ചപ്പോള്‍ എല്ലാം മനസ്സ് തകരുകയായിരുന്നു. ഇനി ഏറിയാല്‍ ഒരു വര്‍ഷം അതിനുള്ളില്‍ ഷെമി ഉമ്മയെ കാണാന്‍ വരും എന്ന് വെറുതെ വാക്കു കൊടുത്തു. വൈകീട്ട് ഉമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി. ഇനി അടുത്ത ലക്ഷ്യം മെഹ്റുവാണ്.
...................................
കാക്കിനിശേരി നൂര്‍ യതീമ്ഖാനയില്‍ ടീച്ചര്‍ ആണ് മെഹ്റു എന്നാണു ഉമ്മ പറഞ്ഞത്. ഉമ്മ പറഞ്ഞു തന്ന അഡ്രസ് വെച്ച് അവിടെ എത്തി. ഒരു ചെറിയ വീട്. പുറത്തൊരു നീളന്‍ ഷെഡ് ഉണ്ട്. നടു മുറ്റത്ത് മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഒരു മാവ്. കുറച്ചു കുട്ടികള്‍ മുറ്റത്ത് ബഹളം വെച്ച് ഓടിക്കളിക്കുന്നു. ഷെഡില്‍ രണ്ടു ഗ്രൂപ്പുകള്‍ ആയി പത്തോ പന്ത്രണ്ടോ കുട്ടികള്‍ കാണും. അവര്‍ക്കിടയില്‍ ഒരു വലിയ പെണ്‍കുട്ടി, ടീച്ചറെ പോലെ തോന്നി. അടുത്തു ചെന്നപ്പോള്‍ മനസ്സിലായി അത് മെഹ്റു അല്ല. നീല കണ്ണുള്ള സുന്ദരി എന്ന് ഉമ്മ പറഞ്ഞത് ഓർമ വന്നു.
“ആരെ കാണാന?”
“മെഹ്റു, മെഹര്‍ബാന്‍...” പറഞ്ഞു തീര്‍ന്നില്ല, ആ കുട്ടിയുടെ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു. നീല കണ്ണില്ല എന്നേയുള്ളൂ, സുന്ദരിയാണ്. ഇനി ഇവള്‍ തന്നെയാണോ മെഹ്റു?
“വരൂ ടീച്ചറെ ഞാന്‍ വിളിക്കാം,” അവളുടെ മുഖത്ത് നല്ല സന്തോഷം.
“ടീച്ചര്‍ കുറെ കാലായിട്ട് കാത്തിരിക്കുകയാണ്, പിന്നെ അറിഞ്ഞു എന്തോ ബുദ്ധിമുട്ട് ഉണ്ടായി എന്നും, വരവ് നീണ്ടു എന്നും, ഇതിപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ഷെമീര്‍ക്കാടെ വരവ്, ടീച്ചര്‍ ആകെ ചമ്മി അന്തം വിട്ടു പോവും.”
ഞാന്‍ ആകെ ഷോക്ക് ആയിപ്പോയി. ഞാന്‍ ഷമീര്‍ അല്ലെന്നു പറഞ്ഞപ്പോഴേക്കും അവള്‍ ആ കൊച്ചു വീടിനകത്തേക്ക് കയറി പോയിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കണ്ടു പതിനാലാം രാവിന്‍റെ ശോഭയോടെ അവള്‍, ഷെമിയുടെ മെഹ്റു. ആ നീലകണ്ണുകള്‍ക്ക് വല്ലാത്ത തിളക്കം. ഉമ്മ പറഞ്ഞ ജിന്ന് മോഹിച്ച പെണ്ണ്. നേരില്‍ കണ്ടില്ലെങ്കിലും എന്‍റെ ഷെമി ഒരുപാട് സ്വപ്നം കണ്ട പെണ്ണ്. അവള്‍ അടുത്തെത്തിയിരിക്കുന്നു. ആ മുഖത്തും കണ്ണുകളിലും നാണം. എന്ത് പറയണം എന്ന് അറിയില്ല.
“മെഹ്റു നമുക്കാ മാവിന്‍ ചോട്ടിലേക്ക് മാറിനിന്നു സംസാരിക്കാം.”
അവളുടെ മറുപടിക്ക് കാക്കാതെ ഞാന്‍ വേഗത്തില്‍ നടന്നു. അവള്‍ എത്തുമ്പോഴേക്കും ഒന്ന് രണ്ടു വട്ടം ശ്വാസം എടുത്തു വിട്ടു.
“ഞാന്‍ ഷെമിയല്ല, അവന്‍റെ ഫ്രണ്ട് ആണ്, അവന്‍....അവനിനി തിരിച്ചു വരില്ല, അവനു വേണ്ടി കാത്തിരിക്കരുത്.”
എങ്ങിനെയാണ് പറഞ്ഞു തീര്‍ത്തത് എന്നറിയില്ല. ഒരു വലിയ കൊടുങ്കാറ്റ് പ്രതീക്ഷിച്ചിരുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍... നിറഞ്ഞ കണ്ണുകളോടെ അവള്‍ നില്‍ക്കുന്നു. പിന്നെ ഏറെ പണിപ്പെട്ട് ചുണ്ടില്‍ ഒരു ചിരി വരുത്തി അവള്‍ പറഞ്ഞു.
“വലിയ മോഹങ്ങളും, സ്വപ്നങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. ഓര്‍മ വെച്ച നാള്‍ മുതല്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. ഇവിടെ പഠിച്ചു വളര്‍ന്നു. ഇവിടെ തന്നെ ജീവിച്ചു തീര്‍ക്കാന്‍ ഉള്ള ജന്മം, അത്ര മാത്രമായിരുന്നു ഞാന്‍. ഇപ്പോള്‍ അഞ്ചു കുട്ടികള്‍ ഉണ്ട് ആരുമില്ലാത്തര്‍ ആയി., ഈ കുട്ടികള്‍ക്കൊപ്പം ഇങ്ങനെ...
എല്ലാ മാസവും ഇവിടുത്തെ കുട്ടികള്‍ക്ക് ഡ്രസ്സും, പൈസയുമായി വരുമായിരുന്നു ഉമ്മ. വീട്ടില്‍ ഉമ്മ തനിച്ചായിരുന്നത് കൊണ്ടായിരിക്കാം
എന്നോട് സംസാരിച്ചിരിക്കാന്‍ ഉമ്മാക്ക് ഇഷ്ടമായിരുന്നു, എനിക്കും അത് പോലെ തന്നെ. ഒരുപാട് ഇഷ്ടം കൂടുമ്പോള്‍ ചില ദിവസങ്ങളില്‍ എന്നോടൊപ്പം നില്‍ക്കുമോ എന്ന് ഞാന്‍ ചോദിക്കും. അപ്പോഴൊക്കെ ഒരു മടിയും കൂടാതെ എന്നോടൊപ്പം നില്‍ക്കും. എന്‍റെ എല്ലാ സങ്കടങ്ങളും ഇറക്കിവെക്കാന്‍ എനിക്ക് ഉമ്മ മാത്രം മതിയായിരുന്നു. ഉമ്മയുടെ മകള്‍ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചു. ഞാന്‍ കണ്ടിട്ടില്ലാത്ത എന്‍റെ ഉമ്മയെ പോലെ,,. ഞാന്‍ ആ മാറില്‍ പറ്റി ചേര്‍ന്നു കിടക്കുമായിരുന്നു. വിവാഹം ഒന്നും സ്വപ്നത്തില്‍ പോലും ഇല്ലാത്ത സമയത്താണ് ഉമ്മ എന്നോട് ഷെമിക്കയെ പറ്റി പറയുന്നത്. പക്ഷേ ഞാന്‍ ഒട്ടും ഭാഗ്യം ഇല്ലാത്തവള്‍...”
പിന്നെയും എന്തൊക്കെയോ സംസാരിച്ചു. ഷെമിയുടെ അപകട മരണവും, അന്ന് തൊട്ടു ഇന്നോളം ഞങ്ങള്‍ കൂട്ടുകാര്‍ നടത്തിയ നാടകങ്ങളും എല്ലാം. യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ഉമ്മയെ ഒന്നും അറിയിക്കരുത് എന്ന് പ്രത്യേകം പറഞ്ഞു.
“മെഹ്റു വിഷമിക്കരുത്, ആരുമില്ല എന്ന് കരുതരുത്, ഉമ്മയുണ്ട്, ഞങ്ങള്‍ എല്ലാവരും ഉണ്ട്, പിന്നെ ഇനി ഉമ്മ വരുമ്പോള്‍ കൂടുതല്‍ ദിവസങ്ങളും ഇവിടെ നിര്‍ത്തണം”
..............................................
അന്ന് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. മെഹ്റുവിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. ഉറക്കം കിട്ടുന്നില്ല. ബാലുവിനെ വിളിച്ചു,. ഉമ്മയെയും മെഹ്റുവിനെയും കണ്ട കാര്യം പറഞ്ഞു. വേറെയും എന്തോ പറയാന്‍ ഉണ്ടായിരുന്നു.... പക്ഷേ കഴിഞ്ഞില്ല.
കാലത്ത് സുബഹി നിസ്കാരത്തിനു ഉപ്പ വന്നു വിളിച്ചപ്പോഴും ഞാന്‍ ഉറങ്ങിയില്ലായിരുന്നു. പള്ളിയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ മനസ്സില്‍
ഒരു തീരുമാനം എടുത്തിരുന്നു. മെഹറുവിനെ തന്‍റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന്.
......................................................
ബാലുവിനും മനാഫിനും ഇതില്‍പരം സന്തോഷം വേറെ ഇല്ലായിരുന്നു. പക്ഷേ മെഹറുവിനോടും ഷമിയുടെ ഉമ്മയോടും എങ്ങിനെ അവതരിപ്പിക്കും എന്നതായിരുന്നു പ്രശ്നം. അതിലും വലിയ പ്രശ്നം എന്‍റെ വീട്ടിലും ഉണ്ടാവും എന്ന് ഉറപ്പാണ്. ഈ വക ചിന്തകളില്‍ ഒരാഴ്ച നീങ്ങി. അങ്ങിനെ ഇരിക്കെ ഒരു ദിവസം ഷമിയുടെ ഉമ്മയുടെ കാള്‍. കാക്കിനിശ്ശേരിയിലെ യതീംഖാന അവിടുത്തെ ഒരു ഇംഗ്ലീഷ് മീഡിയം
സ്കൂള്‍ ഏറ്റെടുക്കാന്‍ പോവുന്നു. അങ്ങിനെ വന്നാല്‍ മെഹറുവിന് ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ലത്രെ. ഉമ്മ അവളെ കാണാന്‍ പോയപ്പോള്‍ അവിടുത്തെ ഭാരവാഹികള്‍ ആണ് ഈ കാര്യം ഉമ്മയെ അറിയിക്കുന്നത്. എന്നോട് എത്രയും പെട്ടെന്ന് ഷമിയുടെ വീട് വരെ വരാന്‍ ഉമ്മ പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ ഉമ്മ വീടിന്‍റെ വേലിക്കല്‍ തന്നെ നില്‍പ്പുണ്ട്. യതീംഖാനയിലെ കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ അവിടേക്ക് ചായയുമായി മെഹറു വന്നത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി.
“മോളെ ഞാന്‍ ഇങ്ങോട്ട് കൂട്ടി.,”
“അത് നന്നായി., കുറെ മുന്‍പേ നമുക്കിത് ചെയ്യാമായിരുന്നു.”
“അതിനു റബ്ബിന്‍റെ വിധീം സമയോം ഇപ്പഴാ ആയത് എന്ന് കരുതാം. “
“എന്തായാലും വെള്ളിയാഴ്ച ഷമി വിളിക്കുമ്പോള്‍... സന്തോഷാവും “
ഞാന്‍ മെഹറുവിനെ നോക്കി. വാതില്‍ക്കല്‍ നിന്നും അവള്‍ നേരത്തേ പോയിരുന്നു.
കുറച്ചു നേരം കൂടി എന്തൊക്കെയോ സംസാരിച്ച് തിരിച്ചു പോന്നു. മനസ്സിലെ തീരുമാനം രണ്ടുപേരോടും പറയാന്‍ പറ്റിയില്ല. പിറ്റേന്നു ഉമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ എന്ന മട്ടില്‍ ചുറ്റി പറ്റി നടന്നു. വെറുതെ ഒന്ന് അവതരിപ്പിക്കണം മെഹറുവിന്‍റെ കാര്യം, അതാണ്
ലക്ഷ്യം. അപ്പോള്‍ ആണ് മൊബൈല്‍ റിംഗ് ചെയ്തത്. ഷമിയുടെ വീട്ടിലെ നമ്പര്‍ ആണ്. അങ്ങേ തലക്കല്‍ മെഹറു ആയിരുന്നു. ഉമ്മാക്ക്
കൊടുക്കാം എന്നു മാത്രം പറഞ്ഞു അവള്‍ ഫോണ്‍ കൈ മാറി.
“എനിക്ക് മോനോട് ഒരു കാര്യം പറയാന്‍ ഉണ്ട്.”
“എന്താ ഉമ്മാ?”
“അത് പിന്നേ, ഇന്നലെ ബാലു വിളിച്ചിരുന്നു, നിന്നേം വിളിച്ചിട്ടുണ്ടാവും എന്നറിയാം “
“ഇല്ല ഇന്നലെ അവന്‍ വിളിച്ചില്ലല്ലോ “
“ഷമി മോന്‍റെ വരവ് ഇനിയും വൈകും എന്നാണു അവന്‍ പറഞ്ഞത്., എന്താ അവര് എന്‍റെ കുട്ടീനെ ഇനി വിടൂല്ലേ “
“എന്താ ഉമ്മാ,അവനെ വിടാതെ പിന്നെ,കേസ് നടക്കുന്നുണ്ടല്ലോ, ബാലു പണ്ടേ അങ്ങിനെയാ, ചെറിയ വല്ല കാര്യവും മതി അവന് ടെന്‍ഷന്‍ കേറാന്‍, ഞാന്‍... ഞാന്‍ ഒന്നു വിളിക്കട്ടെ എന്നിട്ട് ഞാന്‍ ഉമ്മാനെ വിളിക്കാം,”
“അതല്ല മോനേ, മെഹറുവിനെ ഇനിയും ഇങ്ങനെ നിര്‍ത്താന്‍ പറ്റോ? മാത്രോല്ലാ ഷമി ആണെങ്കില്‍ മോളെ കണ്ടിട്ടും ഇല്ലല്ലോ, ഇനി ഇപ്പള്‍ത്തെ ആണ്‍കുട്ടികളുടെ കാര്യം അല്ലെ “
“ഹേയ് എന്താ ഉമ്മ, അങ്ങിനെ ഒക്കെ എന്തിനാ ചിന്തിക്കുന്നത്? ഷമിക്ക് അവളെ ഇഷ്ടാവും “
“എനിക്കിപ്പോ എന്തോ കുറെ വേണ്ടാത്ത ചിന്തകള്‍ ഒക്കെയാണ് എപ്പഴും മനസ്സില്. ഇപ്പൊ ഞാന്‍ ഒരു കാര്യം ചിന്തിക്ക്യ, മെഹറു എന്‍റെ മോളാ, അവളെ ആരുടെ എങ്കിലും കൈ പിടിച്ചു കൊടുക്കണം. എന്‍റെ ഷമിക്ക് നല്ലൊരു കുട്ടിയെ വേറെ നോക്കണം”
“ഉമ്മ പറയുന്നത്.?”
“നീ കണ്ടില്ലേ അവളെ, നിനക്ക് നന്നായി ചേരും, നിനക്ക് ഇഷ്ടമായാല്‍ എനിക്ക് സന്തോഷത്തോടെ അവളെ നിന്നെ എൽപിക്കാം,”
കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ഉമ്മ പറഞ്ഞത്, പക്ഷേ പെട്ടെന്ന് കേട്ടപ്പോള്‍...
“ഞാന്‍ ഉമ്മയെ കുറച്ചു കഴിഞ്ഞു വിളിക്കാം, നാളെ വെള്ളിയാഴ്ച്ച അല്ലെ ഷമി വിളിക്കുമ്പോള്‍ ഞാന്‍ ഇതൊക്കെ അവനോട് ഒന്ന് ചോദിക്കട്ടെ “
“അപ്പോള്‍ നിനക്ക് മെഹറൂനെ ഇഷ്ടായെക്കെണ് അല്ലെ “
“ഞാന്‍ വിളിക്കാം ഉമ്മാ“എന്നു പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു. തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ഉമ്മ അടുത്ത്.
“എന്താടാ? ആരാ ഫോണില്? “
“ഇങ്ങള് ഇങ്ങനെ ദോശേം ചുട്ട് എന്നെ തീറ്റിച്ചോളീം, ഞാന്‍ കെട്ടു പ്രായം ആയി നിക്കണത് ഇങ്ങള് കാണുന്നില്ലല്ലോ“ എന്നും പറഞ്ഞു ഉമ്മാടെ കവിളില്‍ ഒരു നുള്ളും കൊടുത്ത് നേരെ റൂമിലേക്ക് ഓടി. പിന്നില്‍ ഉമ്മ അന്തം വിട്ടു നില്‍ക്കുന്നുണ്ടായിരുന്നു. കാരണം എന്‍റെ
ഇങ്ങനെ ഒരു ഭാവം ഉമ്മ മുന്‍പ് കണ്ടിട്ടുണ്ടാവില്ല. ഉള്ളില്‍ പ്രണയം നിറയാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചു മിനിറ്റുകള്‍ പിറകിലോട്ട് ചിന്തിച്ചു.
ഫോണ്‍ വന്നതും ഹലോ എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഞാന്‍ ഉമ്മാക്ക് കൊടുക്കാം എന്നു പറഞ്ഞതും. ഉമ്മ അവളോട് ആദ്യം സമ്മതം വാങ്ങിയിട്ടുണ്ടാവും. ഉറപ്പ്. എന്നിട്ടാവും എന്നെ വിളിച്ചത്.
ഞാന്‍ ബാലുവിനെ വിളിച്ചു. മനാഫിന്‍റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത് എന്നറിഞ്ഞു. എന്നാലും ഒറ്റയടിക്ക് ഉമ്മായോട് അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും അത് തന്നെ ആയിരുന്നു അഭിപ്രായം പക്ഷേ, വേറെ വഴിയില്ലാത്തത് കൊണ്ട് അങ്ങിനെ പറയേണ്ടി വന്നു. അടുത്ത വിഷയം വീട്ടില്‍ ഈ കാര്യം അവതരിപ്പിക്കുക എന്നതായിരുന്നു. ഉമ്മാക്ക് വിരോധം ഉണ്ടാവില്ല എന്ന് ഉറപ്പാണ്. യതീംഖാനയില്‍ വളര്‍ന്ന കുട്ടി എന്ന് പറയുമ്പോള്‍ ഉപ്പാടെ പ്രതികരണം എന്താവും എന്നതാണ് പേടി.
.....................................
പിറ്റേന്ന് വീണ്ടും ഷമിയുടെ വീട്ടില്‍ പോയി. മെഹറുവിനെ കാണാന്‍ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു. കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ മെഹറുവാണ് വാതില്‍ തുറന്നത്. അവളുടെ മുഖത്തു ഒരു ജാള്യത ഉണ്ടായിരുന്നോ?
“ഉമ്മ എവിടെ ?”
“നിസ്കരിക്കുകയാണ്, ഇക്ക വരൂ “
ഉമ്മ ഇടനാഴിയില്‍ നിസ്കാരപ്പായില്‍ ഇരിക്കുന്നു. എന്നെ കണ്ടതും ഉമ്മ കൈകൊണ്ട് മാടി വിളിച്ചു. അടുത്തു ചെന്നപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കണ്ടപ്പോള്‍ മനസ്സിലായി മനസ്സില്‍ ഷമിയാണ് എന്ന്.
“എന്താ ഉമ്മ”
“മോനേ...” വാക്കുകള്‍ പുറത്തേക്ക് വരുന്നില്ലായിരുന്നു. എന്നെ ചേര്‍ത്തു പിടിച്ചു.
“പണ്ട് ഷെമിമോന്‍റെ ഉപ്പ ഞങ്ങളെ തനിച്ചാക്കി പോയതിനു ശേഷം ഈ അടുത്ത ദിവസം വരെ നിസ്കാരപ്പായയില്‍ ഞാന്‍ ഇങ്ങിനെ കണ്ണടച്ച് ഇരിക്കുമ്പോള്‍ അടുത്ത് മൂപ്പര് വന്നിരിക്കുന്ന പോലെ ഒരു തോന്നലാ.....” ഉമ്മാടെ രണ്ടു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു....
“എന്താ ഉമ്മാ.. ഇപ്പൊ ഇങ്ങനൊക്കെ... പറയുന്നത്?”
“കുറച്ച് ദിവസായീട്ട് ഇപ്പൊ ഇന്‍റെ മോന്‍ അടുത്ത് വന്നിരിക്കുന്ന പോലെ ഒരു... ഇപ്പൊ ഇന്‍ക്ക് തോന്നാ... ഇന്‍റെ കുട്ടി ഇനി വരില്ലാന്ന്, ഇന്നലെ രാത്രി വെളുക്കുവോളം ഞാന്‍ ഇന്‍റെ കുട്ടീനെ കിനാവ് കണ്ട്., അന്‍റെ കല്യാണാ, ഓനാ എല്ലാട്ത്തും ഓടി നടന്ന് കാര്യങ്ങള്
നോക്കണത്. നമ്മുടെ ഈ വീട്ടില് വെച്ചാ കല്യാണം. ഒക്കെ കഴിഞ്ഞു എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞിട്ട്... ഒന്നും പറയാണ്ട് ഇന്‍റെ കുട്ടി ഒരു
പോക്കാ. മോന്‍ പറയ് എന്താ ഇന്‍റെ കുട്ടിക്ക് പറ്റീത്... മരിക്കണേന് മുന്‍പ് ഇക്കൊന്നു കാണാന്‍ പറ്റോ “
ഇനിയും പിടിച്ചു നില്‍ക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു. പൊട്ടിപ്പോയി.. ഒരു കൊച്ചു കുഞ്ഞെന്ന പോലെ ഉമ്മാടെ മടിയിലേക്ക് തലവെച്ചു കരഞ്ഞു. കടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും തേങ്ങല്‍ വലിയ ശബ്ദത്തില്‍ പുറത്തേക്ക് വന്നു. എന്‍റെ തലയിലേക്ക് തല ചായ്ച്ചു എന്‍റെ മുടിയിഴകളില്‍ തലോടി
“ഇന്‍റെ കുട്ടി കരയല്ല..”എന്ന ഉമ്മയുടെ സാന്ത്വന വാക്കുകള്‍ വിദൂരതയില്‍ നിന്നെന്ന പോലെ എനിക്ക് കേള്‍ക്കാമായിരുന്നു.
..............................................
അനാഥയായിരുന്നു അവള്‍ എന്ന കാര്യം വീട്ടില്‍ പറയണ്ട എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഷെമിയുടെ ഉമ്മയാണ് അത് വേണ്ടെന്നു പറഞ്ഞത്. പിന്നീട് എല്ലാം പെട്ടെന്ന് കഴിഞ്ഞു. ഷെമിയുടെ ഉമ്മ എല്ലാം മറക്കാന്‍ ശ്രമിക്കുകയായിരുന്നു. മെഹറു എപ്പഴും ഉമ്മയോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ മാത്രം മെഹറു വീട്ടില്‍ സ്ഥിരമായി നിന്നാല്‍ മതിയെന്ന് ഉപ്പ പറഞ്ഞു. ഉപ്പാക്കും ഉമ്മാക്കും മെഹറുവിനെയും, ഉമ്മയെയും വല്യ ഇഷ്ടമായിട്ടുണ്ട്. ലീവ് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഒരു സന്തോഷവാര്‍ത്ത ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കൊച്ചു അതിഥി കൂടി വരുന്നു എന്ന കാര്യം. മോള് ജനിച്ചതില്‍ പിന്നെ ഷെമിയുടെ ഉമ്മ കരഞ്ഞു കണ്ടിട്ടില്ല എന്ന് മെഹറു എപ്പഴും പറയും. ഞങ്ങളുടെ സ്വകാര്യ സംസാരങ്ങളില്‍ പോലും ഷെമിയുടെ ഉമ്മ എന്ന് പറയാന്‍ മെഹറു സമ്മതിക്കില്ലായിരുന്നു, അവളുടെ
ഉമ്മയാണ്, ഉമ്മ എന്ന് തന്നെ വിളിക്കണം. പിന്നെ പിന്നെ അതങ്ങിനെ ആവുകയായിരുന്നു. എന്നും വെള്ളിയാഴ്ചകളില്‍ സോനാപൂരിലെ ഖബര്‍സ്ഥാനില്‍ പോവും. കഴിഞ്ഞ ഒന്നരവര്‍ഷമായി അതിനു മുടക്കം വരുത്താറില്ല.
“അപ്പഴേ റൂം എത്തി,,, ബാക്കി ഉറക്കവും നെടുവീര്‍പ്പും എല്ലാം റൂമില്‍ മതി”
“ഹോ... എത്തിയോ”
“പിന്നേയ് ഒരു കാര്യം, കൊണ്ട് വന്ന പത്തിരിയും ഇറച്ചിയും മനസ്സമാധാനായി തിന്നാന്‍ അനുവദിക്കണം. ഞാന്‍ നേരെ കിച്ചനില്‍ പോണു.. കുറച്ചു ഉള്ളിയും പച്ചമുളകും ഒക്കെ അരിഞ്ഞു റെഡിയാക്കട്ടെ., നീ ഒന്ന് കുളിച്ചു വരുമ്പോഴേക്കും ഞങ്ങള്‍ പെട്ടി ഒക്കെ പൊട്ടിച്ച് എല്ലാം തിന്നാന്‍പരുവത്തിന് ആക്കി തരാം.ഹാ പിന്നെ വാഷിംഗ് മെഷീന്റെ അടുത്തു അല്‍ബയാന്‍റെ ബോട്ടിലില്‍ ഉള്ള വെള്ളം എടുത്താല്‍ മതി, അത് ഇന്നലെ രാത്രി പിടിച്ചു വെച്ചതാ, ബാക്കിയുള്ള രണ്ടു ബോട്ടിലും ഇന്ന് ഞങ്ങള്‍ കുളികഴിഞ്ഞു പിടിച്ചു വെച്ചതാ,നല്ല ചൂടുണ്ടാവും.”
ഹോ.... നാളെ വെള്ളി, ഇനി ഞായറാഴ്ച മുതല്‍ നാടകം തുടങ്ങുകയായി. കൂട്ടിയും കിഴിച്ചും മുന്നോട്ടു തള്ളി നീക്കേണ്ടത് ഒരു വര്‍ഷം ആണ്. പക്ഷേ അതിനെല്ലാം മേലെ ഇപ്പഴും ഉത്തരം കിട്ടാതെ ആ ചോദ്യം മനസ്സില്‍ ബാക്കി നില്‍ക്കുന്നു. ഷെമിയെ കുറിച്ച് ഇപ്പോള്‍ ഉമ്മ എന്തായിരിക്കും ചിന്തിക്കുന്നത്. ഒരു പ്രതീക്ഷ വെറുതെയെങ്കിലും ആ മനസ്സില്‍?
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.