"കുറച്ചു ഐസ് കൂടെ കൊണ്ടുവരൂ", അയാൾ തന്റെ വിസ്കി ഗ്ലാസ് ചൂണ്ടി കാണിച്ചു ഉറക്കെ പറഞ്ഞു.
" അതെ നീ കുറേശെ കുടിക്ക്, നീ കുടിച്ചാൽ മോശം വരുന്നത് എന്റെ കരളിനാണ്. നമ്മുടെ ഹൃദയങ്ങൾ... അതു കൊണ്ട്, നീ ഇങ്ങനെ... ഉരുകുന്നത് ഞാനാണെന്നോർമ വേണം.",
തമാശയിലൂടെ അവൾ തന്റെ കാര്യം പറയുകയായിരുന്നു. അന്നത് കാര്യമാക്കിയില്ല... മനസിലായില്ല....
ഓർക്കുന്തോറും, മറക്കുവാനായി അയാൾ വീണ്ടും വീണ്ടും മദ്യം നുകർന്നു.
വർഷങ്ങൾ പരിചയമില്ല, എങ്കിലും, എന്തോ ഒരു അടുപ്പം. എത്രയോ മുഖങ്ങൾ മുന്നിലൂടെ വന്നു മറഞ്ഞിരിക്കുന്നു. അടുത്തും അകന്നും പോയ ബന്ധങ്ങൾ. ഒരു തവണ അല്ല, ആയിരം വട്ടം എങ്കിലും അവൾ തന്നെ ഒരു ദിവസം ഓർത്തിരിക്കാം... ചിലപ്പോൾ ചോദ്യങ്ങൾ, ചിലപ്പോൾ പരാതികൾ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പൊട്ടിക്കരച്ചിൽ. അങ്ങനെ പലപല ഭാവങ്ങളിൽ രാവും പകലും... ദൂരെ, പക്ഷേ അരികിൽ.......
സ്നേഹം കൊണ്ടും ചാരുത കൊണ്ടും ഹൃദയം കവരുവാൻ അവൾക്കു കഴിഞ്ഞുവോ? "ഇല്ല, നിനക്ക് ഒരിക്കലും എന്നെ സ്വാധീനിക്കുവാനോ, എന്റെ മനസ്സിനെ കീഴടക്കുവാനോ കഴിയില്ല" എന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ ഒക്കെ, കാണാം, നമുക്ക് കാലത്തിനായ് കാത്തിരിക്കാമെന്നായിരുന്നു അവളുടെ മറുപടി.
നുകർന്നു കൊണ്ടിരുന്ന മദ്യത്തിന്റെ മാസ്മരികതയാണോ അതോ അവളുടെ ഓർമകളുടെ ഗന്ധമോ? ഓർമകൾ മുറിപ്പെടുത്തുന്നു....
ആ രാത്രിയിൽ അവളോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ അയാളിൽ എന്തോ ഒരു ഹരം പകർന്നിരുന്നു. മോഹവലയത്തിൽ വശംവദരാവാതെ വികാരത്തെ വരിഞ്ഞു കെട്ടി, അതിർത്തികൾ പാലിച്ചും ചിലവഴിച്ച നിമിഷങ്ങൾ. എങ്കിലും, കൈവിരലുകൾ നിയന്ത്രണമില്ലാതെ കടന്നുപോയ മൃദുലതകൾ.
മോഹം പെയ്തിറങ്ങുവാൻ കൊതിച്ച രാവുകൾ. അതിൽ ഒന്നിൽ, അലസമായി കിടന്നിരുന്ന അവളുടെ മുടിയിഴകൾ മാടിഒതുക്കി, അവളെ തലോടി കൊണ്ട് അയാൾ പറഞ്ഞു, “ഞാൻ തീരുമാനിച്ചിട്ടുണ്ട്. നീ എല്ലാവരെയും പോലെ അല്ല. നിന്നെ ഞാൻ വാത്സല്യത്തോടെ ആണ് സ്നേഹിക്കുന്നത്. വിലമതിക്കാത്തതാണ് നീ.”
അയാൾ ഒരിക്കൽകൂടി അവളെ വാരിപ്പുണർന്നു അവളുടെ അധരങ്ങളിൽ ഓർത്തിരിക്കാനായ് ഒരു ചുംബനം കൊടുത്തു പടിയിറങ്ങി. ഈറനണിഞ്ഞിരുന്നു ആ കണ്ണുകൾ. യാത്രമൊഴി മൗനത്തിന്റെ ഭാഷയിൽ.
ദൃഢമായ ആ ബന്ധത്തിന്റെ ഇഴകൾ.... അവൾ കാലയവനികക്കുള്ളിൽ.
വർഷം കടന്നു പോയത് അറിയാതെ ഞാനും...
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.