Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ വീതിച്ചു കൊണ്ടുപോയ ആദ്യ പ്രണയലേഖനം

love-letter-ajijesh കഥാകൃത്ത് അജിജേഷ് പച്ചാട്ടിന്റെ സ്കൂൾ ഓർമകൾ...

ഉഷ ടീച്ചറുടെ ഒമ്പത് ബി ക്ലാസ്സ്. ആകെ മുപ്പത്തിയെട്ട് കുട്ടികൾ, ഇരുപത് ആൺക്കുട്ടികളും പതിനെട്ട് പെൺകുട്ടികളും... ഇന്നത്തെപ്പോലെ യുപി സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒളിച്ചോടാനും ഒരുമിച്ച് താമസിക്കാനുമുള്ള ബുദ്ധിയുടെ ഞരമ്പുകൾ വികസിക്കാത്ത കാലം....

കാമശാസ്ത്രം പടുകൃഷിയിറക്കാത്ത, രതിച്ചെടികളുടെ കൊയ്ത്തുകറ്റകളില്ലാത്ത വരൾച്ചാക്കാലം....

അന്നൊക്കെ പെൺകുട്ടികൾ വരുമ്പോഴേക്കും എന്തോ വഹിച്ചു വരുന്നവർക്ക് വഴിമാറിക്കൊടുക്കുന്നതുപോലെ ആൺകുട്ടികൾ വഴി മാറിക്കൊടുക്കുമായിരുന്നു... പരസ്പരം "കുട്ട്യേ കുട്ട്യേ' എന്നല്ലാതെ പേരു പോലും വിളിച്ച് കേൾക്കാൻ കഴിഞ്ഞിരുന്നില്ല പലർക്കും സ്കൂൾ കാലം കഴിയുന്നതുവരെ.... 

അങ്ങനെയുള്ളൊരു സ്കൂൾ കാലത്തെ നേർത്ത മഞ്ഞച്ചായമടിച്ച ക്ലാസ്സിലെ ഒന്നാമത്തെ ബെഞ്ചിൽ മൂന്നാമതായി, കടലിനറ്റത്ത് പടരുന്ന വൈകുന്നേരവെയിൽനിറങ്ങളെപ്പോലെ കൈവിരലുകളിൽ മൈലാഞ്ചിച്ചുവപ്പണിഞ്ഞ് ഒരു പെൺകുട്ടി ഇരിക്കാറുണ്ടായിരുന്നു.... പതുങ്ങി സംസാരിക്കുന്ന, ഭംഗിയായി മക്കന കുത്തുന്ന, മോശമല്ലാത്ത രീതിയിൽ വകതിരിവുള്ള, ആവശ്യമുള്ളപ്പോൾ മാത്രം മുഖം പൊത്തിച്ചിരിക്കുന്ന പെൺകുട്ടി.

ക്ലാസ്സുകൾക്കിടയിലെപ്പോഴോ സംഭവിച്ച കാഴ്ചയുടെ സഞ്ചാരങ്ങൾക്കിടയിലായിരുന്നു ആ പെൺകുട്ടിയുടെ കൊളുത്തിവലിക്കുന്ന കണ്ണുകളെ ഞാൻ തിരിച്ചറിയുന്നത്. എന്റെ നോട്ടം കോർത്ത മാത്രയിൽ അവളിലുണ്ടായ പകപ്പും ജാള്യതയും ഒരു കാര്യം എനിക്ക് വ്യക്തമാക്കിത്തന്നു. കുറേ നേരമായിട്ടല്ല ഒരുപാട് ദിവസങ്ങളായിട്ട് തന്നെ അവളുടെ കണ്ണുകളുടെ കുരുക്കുകൾ എന്നിൽത്തന്നെ തടഞ്ഞുനിൽക്കുകയായിരുന്നെന്ന്... പിന്നീടും ഞാൻ നോക്കുമ്പോഴെല്ലാം അവളുടെ കണ്ണുകൾ എന്റെ പരിസരത്തു തന്നെ കിടന്ന് കറങ്ങിത്തിരിഞ്ഞു... ജീവിതത്തിൽ ആദ്യത്തെ അനുഭവം! അന്ന് ഞാൻ വളർന്ന സാഹചര്യ നിയമങ്ങളുടെ ശരീരശാസ്ത്രപ്രകാരം അത് ഒരു കൊടും പാതകമായിരുന്നു... എന്റെ ഉള്ളിൽ പേടിയുടെ തീ കത്താൻ തുടങ്ങി... ഞാൻ പിന്നെ ആ ഭാഗത്തേക്ക് നോക്കാതെയായി... എന്റെ തൊട്ടടുത്തിരുന്നിരുന്നവനാൽ മറഞ്ഞും സ്വന്തം കൈപ്പടം മുഖത്തിലമർത്തിയും ഞാനവളുടെ കണ്ണിൽ നിന്നും കുതറിയോടിക്കൊണ്ടേയിരുന്നു...

അപ്പോഴൊക്കെയും എനിക്കറിയാമായിരുന്നു അവൾ എന്നെ വിടാതെ പിന്തുടരുന്നത്, കാരണം ഇടക്ക് നോക്കിയെഴുതാൻ അവൾക്ക് എന്റെ നോട്ട് ബുക്ക് തന്നെ വേണമായിരുന്നു... ഒരു ദിവസം ക്ലാസ്സിൽ വരാതെയായാൽ അതിന്റെ കാരണമറിയണമായിരുന്നു. അതുമല്ലെങ്കിൽ പരീക്ഷ എളുപ്പമുണ്ടോന്നറിയണമായിരുന്നു. സ്വന്തം മാർക്ക് അറിയുന്നതിനേക്കാൾ എന്റെ മാർക്ക് അറിയാനായിരുന്നു അവൾക്ക് എപ്പോഴും ആവേശം.... 

അന്നൊക്കെ ഉച്ചക്ക് ചോറുണ്ണാൻ വീട്ടിലേക്ക് പോകുകയാണ് പതിവ്. ഒരു മണിക്കൂറാണ് ഉച്ചക്കുള്ള ഇടവേള.... സാധാരണ രാവിലെ ടൈംടേബിൾ പ്രകാരമുള്ള പുസ്തകമെല്ലാം എടുത്തിട്ട് ഉച്ചക്ക് പോകുമ്പോൾ കഴിഞ്ഞതെല്ലാം കൊണ്ട് പോകുകയാണ് പതിവ്. പിരീയഡുകൾ ചിലപ്പോൾ അങ്ങോട്ടുമിങ്ങോട്ടും മാറാൻ സാധ്യതയുണ്ടായിരുന്നതുകൊണ്ട് എല്ലാ പുസ്തകങ്ങളും രാവിലെതന്നെ കൊണ്ടുവരണമായിരുന്നു... ഉച്ചക്ക് ശേഷം പിന്നെ പിരീയഡുകൾ മാറിയാലും ആകെ മൂന്ന് വിഷയങ്ങളേ ഉണ്ടാകുകയുള്ളൂ... ആ വിഷയങ്ങളുടെ പുസ്തകങ്ങൾ എന്റെ സ്ഥലത്ത് വെച്ചാണ് വീട്ടിൽ പോക്ക്.. അങ്ങനെ ആയിടെ ഞാൻ വീട്ടിൽ പോയി വരുമ്പോൾ എന്റെ ബുക്കിനുള്ളിലോ അതല്ലെങ്കിൽ ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിലോ കോഫീബൈറ്റിന്റെയോ ലാക്ടോകിങ്ങിന്റേയോ മിഠായികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് പതിവായി. ഏറെക്കുറെ എനിക്കുറപ്പുണ്ടായിരുന്നു അത് അവൾ തന്നെയായിരിക്കുമെന്ന്... മിഠായി മറ്റുള്ളവരെ കാണാതെ സൂത്രത്തിൽ ഒളിപ്പിക്കുമ്പോൾ ഞാനവളെ കുറച്ച് ദയനീയതയോടെ ഇനി ചെയ്യരുത് എന്ന നിലയിൽ നോക്കാൻ ശ്രമിച്ചു. അവൾ പക്ഷേ എന്റെ ആധി കണ്ടില്ല... പകരം കൺമഷിയിട്ട വലിയ കണ്ണുകൾ വിടർത്തി നിഷ്ക്കളങ്കമായി ചിരിച്ചു. സത്യത്തിൽ ഞാൻ അവളിൽ ഇഷ്ടപ്പെടുന്ന ഒരേയൊരു കാര്യവും അതായിരുന്നു..., അവളുടെ കണ്ണെഴുത്ത്. അവൾക്ക് നന്നായി കണ്ണെഴുതാനറിയാമായിരുന്നു. കണ്ണെഴുതുന്ന കുട്ടികളെ എനിക്ക് പണ്ടേ ഇഷ്ടവുമായിരുന്നു. അവൾ വച്ചു പോയ മിഠായികൾ കയ്യിലെടുക്കുമ്പോഴേക്കും ഞാൻ പേടിച്ച് വിറക്കും. തിന്നാൻ പോലും പറ്റാത്ത അവസ്ഥ! കുറേ ദിവസങ്ങൾ മധുരമായാജാലം തുടർന്നപ്പോൾ മിഠായിരാഷ്ട്രം വളരാൻ തുടങ്ങി... അതോടെ ഞാൻ ഉച്ചക്ക് ക്ലാസ്സിൽ പുസ്തകം വെക്കുന്നത് നിർത്തി. അതിൽ പിന്നെ അവൾ കുറേ ദിവസത്തേക്ക് എന്നെ ശ്രദ്ധിക്കാതെയായി. എല്ലാം അവസാനിച്ചുവെന്ന് ഞാനും കരുതി. മഴക്കാലവും വേനൽക്കാലവും മഞ്ഞുകാലവും അവളെപ്പോലെത്തന്നെ പിണങ്ങിപ്പോവുകയും ചെയ്തു.

പാഠപുസ്തകങ്ങളുടെ ചട്ടകളിൽ ഒമ്പത് പത്തായി. പത്താം ക്ലാസ്സിൽ അവൾ കൂടെയുണ്ടാകരുതേ എന്നു കരുതിയാണ് പെരുമഴയിലൂടെ സ്കൂളിലെത്തിയത്. വലിയൊരു ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഞങ്ങൾ ഒരേ ക്ലാസ്സിലായി... ഒടിഞ്ഞു വീണുപോയിരുന്ന അവളുടെ നോട്ടങ്ങൾ വീണ്ടും തളിർക്കാനും അതിന്റെ തളിരിലകളുടെ തിളക്കങ്ങളിൽ തട്ടി എന്റെ കണ്ണുകൾ മഞ്ഞളിക്കാനും തുടങ്ങി.

ഇരുളടഞ്ഞ ഒരു ദിവസം, നേരത്തെ ചോറുണ്ടു വന്ന് ക്ലാസ്സ് മുറിയുടെ വരാന്തയിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കി ദൂരെയെവിടെയോ തിമിർത്ത് പെയ്യുന്ന മഴയിലേക്ക് കാതോർക്കുമ്പോൾ എന്റെ പിന്നിലുള്ള ജനലുകൾക്കപ്പുറത്ത് വന്ന് നിന്ന് ഒരു പെൺക്കുട്ടി ആദ്യമായി എന്റെ പേരു വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അവളായിരുന്നു. 

എന്റെ ചങ്ക് വീണ്ടും ഇടിക്കാൻ തുടങ്ങി.

മേഘങ്ങളുടെ മുരൾച്ചകൾ....

അവൾ ജന്നലഴികൾക്കിടയിലൂടെ നാലായി മടക്കിയ ഒരു കടലാസ് എനിക്ക് നേരെ നീട്ടി.

വിറച്ചുപോയി ഞാൻ!

വേണ്ടെന്ന് ഞാൻ ശിരസ്സ് വെട്ടിച്ചു. പിന്നെ ചുറ്റുഭാഗവും നോക്കി.

പെട്ടെന്ന് അവൾ ആ കടലാസ് ഉരുട്ടിച്ചുരുട്ടി എനിക്ക് നേരെ എറിഞ്ഞുകളഞ്ഞു.... അത് എന്റെ ദേഹത്ത് തട്ടി നേരെ മുറ്റത്തേക്ക് വീണു.

അന്ധാളിച്ചു പോയി ഞാൻ....

തീരെ പ്രതീക്ഷിക്കാത്ത ഒന്ന്...

അവളുടെ മുഖത്തേക്ക് ഞാൻ പകച്ചുനോക്കി... അവൾ അള്ളോ എന്നും വിളിച്ച് അതെടുക്കാൻ പുറത്തേക്ക് ഒാടാൻ തുടങ്ങുമ്പോഴായിരുന്നു കുറേക്കുട്ടികൾ ആ കടലാസ് ചവിട്ടിയരച്ച് ക്ലാസ് മുറിയിലേക്ക് ഒാടിക്കയറിയത്.... പെട്ടെന്ന് ബെല്ലടിക്കുകയും ചെയ്തു....

എല്ലാവരും ക്ലാസ്സിലേക്ക് കയറി....

ഒരു തരം മരവിപ്പോടെ ഞാനും....

ബഹളമയം.

അവൾ ഇരിക്കുന്നതിനിടയിൽ പേടിയോടെ കൈകുടയുകയും കണ്ണുകളിൽ വെള്ളം നിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഞാൻ പുറത്തേക്ക് നോക്കി.

കടലാസ് ചുരുട്ട് കാണാനില്ല...

ശരീരം കാഴ്ചക്ക് അനുയോജ്യമാക്കി കുറച്ചൂടി ശ്രമിച്ചു...

വാതിലിന്റെ ചെറിയ വിടവിലൂടെ ആ കടലാസ് ചെളിയിൽ പുതഞ്ഞ് കിടക്കുന്നത് അധികം വ്യക്തമായല്ലെങ്കിലും കാണാൻ കഴിഞ്ഞു. പെട്ടെന്നാണ് എനിക്ക് ബോധോദയം വന്നത്. 

അവൾ അതിൽ എന്റെ പേര് എഴുതിയിട്ടുണ്ടാകുമോ.....?

ഉള്ളിലൂടെ പുറത്ത് ഉണ്ടായതിനേക്കാൾ ശക്തിയിൽ ഒരിടിവാൾ പാഞ്ഞുപോയി. 

അത് ആരുടെയെങ്കിലും കയ്യിൽ കിട്ടിയാൽ പിന്നെ തീർന്നു എല്ലാം....

ചുമരെഴുത്ത്, കളിയാക്കൽ, എച്ച്.എം, അച്ഛൻ, സ്കൂളിൽ നിന്ന് പുറത്താക്കൽ....

അതോടെ പിന്നെ അവളേക്കാൾ ആധി എനിക്കായി. അത് അപ്പോൾ തന്നെ എടുത്താൽ മതിയായിരുന്നെന്ന് തോന്നി. അവൾ പുറത്തേക്ക് നോക്കുന്നതിനേക്കാൾ കൂടുതൽ പിന്നെ ഞാൻ നോക്കാൻ തുടങ്ങി.

ക്ലാസ്സിൽ രണ്ടാളും ശ്രദ്ധിക്കാതെയായി..

ആറാമത്തെ പിരീയഡ് കഴിയുന്നതും അതവിടെ നിന്ന് എടുത്ത് മാറ്റുന്നതുമായ ചിത്രങ്ങൾ മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ... അതുവരെ അത് ആരുടേയും കയ്യിൽ കിട്ടാതിരിക്കട്ടെ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിക്കുകയും ചെയ്തു.... 

മഴ പെയ്തത് പെട്ടെന്നായിരുന്നു...

കുത്തിയൊലിക്കുന്ന മഴ....

ഞാൻ വീണ്ടും മുറ്റത്തേക്ക് നോക്കി...

ആ ചുരുണ്ട കടലാസ് പതുക്കെ അമർന്നുതുടങ്ങുന്നുണ്ട്.... ഒലിച്ചുവരുന്ന വെള്ളം പതുക്കെ അതിനെ നീക്കി തുടങ്ങുന്നുണ്ട്....

ഒരു കണക്കിന് അത് നന്നായെന്ന് എനിക്ക് തോന്നി.

പക്ഷേ ഇനി അഥവാ അത് ഒലിച്ച് മറ്റാരുടെയെങ്കിലും അടുത്തെത്തുമോ? അതോടെ സമാധാനം പിന്നേം പോയി.

പിന്നീട് ആ വിടവിലൂടെ നോക്കുമ്പോൾ കാണുന്നത് കുത്തിയൊലിച്ചു പോകുന്ന വെള്ളത്തെയാണ്.....

ഒടുവിൽ എങ്ങനെയെങ്കിലും അഞ്ചാം പിരീയഡ് കഴിഞ്ഞ് ബെല്ലടിച്ചതും ഞാൻ പുറത്തേക്കോടിയിറങ്ങി.... മുറ്റം മുഴുവൻ തിരഞ്ഞു.... കാണുന്ന വെള്ളത്തിലെല്ലാം കൈകൾ കൊണ്ട് തപ്പി നോക്കി.....

പക്ഷേ അപ്പോഴേക്കും ജീവിതത്തിലാദ്യമായി കിട്ടിയ പ്രണയലേഖനം മഴ വീതിച്ചെടുത്തുകഴിഞ്ഞിരുന്നു...

ടീച്ചർ വരുന്നതിന് മുമ്പ് ഞാൻ ക്ലാസ്സിലേക്ക് തിരിച്ചുകയറി....

സ്കൂൾ വിട്ടപ്പോൾ അവൾ പതുക്കെ എനിക്കരികിലെത്തി.... കിട്ടിയോ എന്നന്വേഷിച്ചു. കിട്ടിയില്ല എന്ന് പറഞ്ഞാൽ ചിലപ്പോൾ അവളുടെ കൺമഷിയിട്ട വലിയ രണ്ടു കണ്ണുകൾ നിറഞ്ഞൊഴുകും എന്നുള്ളതിനാലും മറ്റാർക്കെങ്കിലും അത് കിട്ടുമോ എന്ന ടെൻഷനിലേക്ക് അവളെ കൂടി ചേർക്കാൻ ഇഷ്ടമില്ലാത്തതിനാലും ഞാൻ ചിരിച്ചുകൊണ്ട് കിട്ടി എന്ന് തന്നെ പറഞ്ഞു. 

അവൾ വീണ്ടും ദൈവത്തിനെ വിളിച്ച് നെഞ്ചിൽ കൈ ചേർത്തു.

- അതെങ്ങാനും വേറെയാരെങ്കിലും അടുത്ത് കിട്ട്യാ....

അവൾ വിലപിച്ചു... പിന്നെ ആശ്വാസത്തോടെ കണ്ണുരുട്ടി ചിരിച്ചു.

പിന്നീടുണ്ടായ അവളുടെ മറുപടിയാണ് എന്നെ ഞെട്ടിച്ചത്.

- മറുപടി വേഗം തരണംട്ടോ...

അന്ന് രാത്രി എനിക്ക് നന്നായി പനിച്ചു.

പിറ്റേന്നത്തെ കനത്ത മഴയിൽ ഞാൻ പുതച്ചുകിടന്നു... സ്കൂളിൽ പോയില്ല.

പിന്നെ അവളുടെ ഒരു നോട്ടം പോലും എന്നെ തേടിവന്നില്ല. പത്താംക്ലാസ്സിൽനിന്ന് പിരിയുമ്പോൾ ചട്ടയിലാണെങ്കിലും ചിട്ടയോടെ ഒാർക്കുക എന്ന ഉരുണ്ട കയ്യക്ഷരങ്ങളൊഴികെ..

ഇന്നും കിട്ടാത്ത ഒരു പ്രണയലേഖനത്തിന്റെ കടക്കാരനായിട്ടാണ് ഞാൻ ജീവിക്കുന്നത്.

പിന്നെയവളെ മുഖാമുഖം കണ്ടിട്ടില്ല.

അതുകൊണ്ടുതന്നെ മഴ എന്നും, എന്നെ സംബന്ധിച്ചിടത്തോളം ആകെ ജീവിതത്തിൽ ലഭിച്ച പ്രണയലേഖനം കവർന്നുകൊണ്ട് എന്നെ രക്ഷിച്ച കള്ളനാണ്..... എന്നോട് ഇഷ്ടമുള്ള പാവം കള്ളൻ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം