മൂന്ന് മുഖമുള്ള കണ്ണാടി

മുഖം ഒന്ന്:

വിരൽത്തുമ്പിൽ പതിച്ചെടുത്ത കുങ്കുമം, പെട്ടെന്നൊരോർമ്മക്കുത്തലിൽ “ശ്ശെ” എന്ന ശബ്ദത്തോടെ ടിഷ്യു പേപ്പറിൽ തുടച്ചുകളഞ്ഞ്, അവൾ കണ്ണാടിയിൽ നോക്കി.ശൂന്യമായ നെറുകയിലേക്ക് നോക്കുമ്പോൾ പറന്നുയരുന്നൊരു ചിറകടിയൊച്ച മുറിക്കുള്ളിൽ അലയടിക്കുന്നതവളറിഞ്ഞു...

മുഖം:രണ്ട്

പച്ച വരമ്പുകൾ നിറഞ്ഞ മുഖത്തേക്ക് ആഫ്റ്റർ ഷേവിന്റെ തണുത്ത സൂചി മുനകൾ കുത്തിയിറക്കുമ്പോൾ വഴുവഴുത്ത ഒരോർമയിൽ ഒരു മൂളിപ്പാട്ട് അയാളുടെ ചുണ്ടിൽ പറ്റിക്കിടന്നിരുന്നു.രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സുകൾ അടുക്കുന്നതിനിടെ ,ബാഗിന്റെ ഉള്ളറയിലെ ഒരു ചെറു തടിപ്പിൽ കൈയമർത്തി, ഉറപ്പിക്കുമ്പോൾ ഒരു വഷളച്ചിരിയുടെ ശൽക്കങ്ങളിൽ അയാളുടെ മുഖം തിളങ്ങി..

കാറിൽ കയറും മുമ്പ്, വാട്ട്സാപ്പിലെ ഡിസ്പ്ലേ പിക്ചറിൽ “ഡു നോട്ട് ഡിസ്റ്റർബ്” എന്ന് കോറിയിടാനും അയാൾ മറന്നില്ല..

മുഖം:മൂന്ന് (ഒരു കൊളാഷ്):

വിശാലമായ കിടപ്പുമുറിയിലെ ഏ സി തണുപ്പിൽ,നിലക്കണ്ണാടിയിൽ ശൂന്യമായ നെറ്റിത്തടം  നോക്കി ; മുടി പകുത്തെടുക്കുമ്പോൾ ,വാടിയ പച്ചതുരുത്തുകളുള്ള ഒരു മുഖം അവളുടെ പിൻകഴുത്തിലമർന്നു.

ഊഷ്മളത നഷ്ടപെട്ടുതുടങ്ങിയ ആ നിശ്വാസമേറ്റപ്പോൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വികാരപ്പകർച്ചകളുടെ ആലസ്യം സുഖത്തിന്റെ നേർത്ത അതിരുകൾ ഭേദിച്ച് ഒരു ചെടിപ്പായി തന്റെ ധമനികളിൽ ഉറയുന്നതവളറിഞ്ഞു.

ഫോണിൽ, ഹൃദയചിഹ്നത്തിനുള്ളിൽ  കുടുക്കിയിട്ട ഭർത്താവിനെ തോണ്ടിയെടുത്ത് “ഞാൻ പുറപ്പെട്ടു” എന്നൊരു മെസേജ് അയക്കുമ്പോൾ; അവൾക്ക് പിന്നിൽ, തണുത്ത വിരൽ കൊണ്ട് “ഞാൻ രാവിലെ എത്തും..അമ്പലത്തിൽ പോകാൻ റെഡിയായിരുന്നോളൂ” എന്നൊരു സന്ദേശം ഭാര്യക്കരികിലേക്ക് പറത്തി വിടുകയായിരുന്നു അയാളും.