ഫ്ലൈറ്റിൽ കയറേണ്ട മെസേജ് അനൗൺസ്‌മെന്റ് കേട്ടപ്പോളാണ് ഒരു ചെറിയ മയക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നത്! ഞാൻ വാച്ച് നോക്കി. സമയം വൈകിട്ട് ആറു മണി കഴിയുന്നു. ബോർഡിങ് പാസും ലാപ് ടോപ് ബാഗുമെടുത്തു ഞാൻ ഫ്ലൈറ്റ് വരേണ്ട ഗേറ്റിലേക്ക് നടന്നു! ഫ്ലൈറ്റിൽ കയറി സീറ്റ് തിരഞ്ഞു നോക്കി. എന്റേത് വിൻഡോ സീറ്റ് ആണ്.. സീറ്റ് നമ്പർ നോക്കിയപ്പോൾ അറ്റത്തു ഒരു ഹിന്ദിക്കാരനും എന്റെ വിൻഡോ സീറ്റിൽ സുന്ദരിയായ ഒരു മലയാളി പെൺകുട്ടിയും ഇരിക്കുന്നു.. നടുവിലെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു..!!
ലാപ് ടോപ് ബാഗ് മുകളിലെ ക്യാബിൻ ബോക്സിൽ വെച്ച് ഞാൻ പറഞ്ഞു എക്സ്ക്യൂസ് മീ.. അതെന്റെ സീറ്റ് ആണ്.. അവളോടായി പറഞ്ഞു!
ആണോ ഏട്ടാ.. ഞാൻ നമ്പർ ശ്രദ്ധിച്ചില്ല... എവിടെ ഇരുന്നാലും സെയിം അല്ലെ ഏട്ടാ... ഇവിടെ തന്നെ ഇരിക്കണം എന്ന് നിർബന്ധം ഉണ്ടോ? ഏട്ടൻ ഒന്ന് അഡ്ജസ്റ്റ് ചെയ്തു മിഡിൽ സീറ്റിൽ ഇരുന്നോളു. ഒരു ആറ് മണിക്കൂർ അല്ലേ.. അവൾ ചോദിച്ചു..
ഞാൻ അന്തം വിട്ടു.. എന്റെ റിസേർവ്ഡ് സീറ്റിൽ കേറി ഇരുന്നിട്ട് ഇപ്പോൾ എന്നെ ഔട്ട് ആക്കുന്നോ. ഇവൾ ഇതാരെഡാ എന്ന് ഞാൻ അന്താളിച്ചു.
ഒരു തർക്കം വേണ്ട എന്നു വിചാരിച്ച് ഞാൻ മുഖം ചുളിച്ചു മനസ്സില്ലാമനസോടെ നടുവിൽ ഇരുന്നു. എന്നിട്ട് അവളെ ഒന്നു നോക്കി ചോദിച്ചു
"ആദ്യമായിട്ടാ ഫ്ലൈറ്റിൽ കേറുന്നതല്ലേ..??"
അതെ.. ഏട്ടന് എങ്ങിനെ മനസിലായി..? അവൾ ചോദിച്ചു..
"ആഹ്.. കണ്ടപ്പോൾ തോന്നി..!" ഞാൻ മറുപടി പറഞ്ഞു.!!
അപ്പോൾ അവളുടെ ഒരു ചമ്മിയ മുഖം കാണാൻ നല്ല രസമുണ്ടായിരുന്നു..
മൊബൈൽ ഓഫ് ചെയ്തു സീറ്റ് ബെൽറ്റ് ഇട്ടു ഞാൻ ഇരുന്നു.. അവൾ എല്ലാം ഞാൻ ചെയ്യുന്നതു നോക്കി അതു പോലെ ചെയ്തു.!!
ഞാൻ കണ്ണുകൾ അടച്ചു സീറ്റിൽ കിടന്നു. മറ്റൊരു അവധി കൂടി കഴിഞ്ഞു വിദേശത്തേക്കു തിരിച്ചു പോകുകയാണ്.. ഇനി എത്ര കാലം കൂടി ഇങ്ങിനെ.. നാലു വർഷം പോയതറിഞ്ഞില്ല.. അനിയത്തിയുടെ കല്യാണം.. വീട് പണി.. ബാങ്കിലെ കടം.. ഏട്ടന്റെ വിസ.. കല്യാണം.. അമ്മയുടെ അസുഖം.. എല്ലാ പ്രവാസിയെയും പോലെ ബാക്കിയുള്ള കടമ്പകൾ ഞാനും ഓരോന്ന് ആലോചിച്ചു തുടങ്ങി...
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുന്നു ... ഉയർന്ന ശബ്ദത്തോടെ റൺവെയിലൂടെ ഫ്ലൈറ്റിന്റെ ടയർ കുതിച്ചു പാഞ്ഞു.. ഞാൻ കണ്ണ് തുറന്നു പുറത്തേക്കു ഗ്ലാസിലൂടെ നോക്കി.. എല്ലാം വേഗത്തിൽ പിന്നോട്ടു പോകുന്നു.. ജീവിതവും ഇതു പോലെ വേഗത്തിൽ ഓടുകയാണെന്ന് അപ്പോൾ എനിക്ക് തോന്നി! നാട്ടിലെ ഓർമകൾ ഓരോന്നായി പിന്നിലേക്കു മറഞ്ഞു പോകുന്നു.. ഫ്ലൈറ്റ് ആകാശത്തേക്കു ഉയർന്നു പൊങ്ങി. അപ്പോൾ ഞാൻ ശ്രദ്ധിച്ചു പുറത്തേക്കു നോക്കി കൊണ്ട് വിൻഡോ സീറ്റിൽ ഇരുന്ന അവളുടെ ഉണ്ട കണ്ണുകൾ നനഞ്ഞു കണ്ണുനീർ തുള്ളികൾ ഇറ്റിറ്റായി അവളുടെ വെളുത്ത കവിളിലൂടെ ഒലിച്ചിറങ്ങുന്നത്.! നിശബ്ദമായ ആ തേങ്ങലിൽ ഒരുപാടു വിഷമങ്ങൾ ആ കണ്ണീരിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് എന്റെ മനസ്സ് അപ്പോൾ പറഞ്ഞു.!! അതറിയാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി!
ഭൂമിയിൽ നിന്നും ഞങ്ങൾ ഒരുപാടു ഉയരത്തിൽ എത്തി ഇപ്പോൾ.. ആകാശത്തെ കാഴ്ചകൾ കണ്ട് അവൾ പുറത്തേക്കു തന്നെ നോക്കി ഇരിക്കയാണ്.. ഞാൻ ശ്രദ്ധിക്കുന്നു എന്നു കണ്ടപ്പോൾ പിന്നെ മുഖം ഒന്ന് തുടച്ചു ഒരു ആർട്ടിഫിഷ്യൽ പുഞ്ചിരി മാത്രം എനിക്ക് സമ്മാനിച്ചു.!!!
ഒറ്റക്കെ ഉള്ളോ..!! ഞാൻ ചോദിച്ചു..
"അതെ ഏട്ടാ.. നഴ്സിംഗ് കഴിഞ്ഞു ജോലിക്കു ചേരാൻ പോവാണ്.. എന്റെ ഒരു റിലേറ്റീവ് ചേച്ചി തരപ്പെടുത്തി തന്ന ജോലി ആണ്.. നാട്ടിൽ കുറച്ചു കാലം നിന്ന എക്സ്പീരിയൻസ് ഉണ്ട്.. അങ്ങിനെ കഷ്ടപ്പെട്ടു കിട്ടിയതാ.. ഏട്ടൻ കുറെ ആയോ വിദേശത്ത്?
ആഹ്.. ഒരു നാല് വർഷത്തോളമായി.. ഞാൻ പറഞ്ഞു..
ഓഹോ.. എന്നിട്ടാണോ വിൻഡോ സീറ്റിനു നിർബന്ധം പിടിച്ചേ? അവൾ കളിയാക്കുന്ന മട്ടിൽ ചോദിച്ചു.. ഞങ്ങൾ രണ്ടു പേരും അറിയാതെ ഒരുമിച്ചു ചിരിച്ചു പോയി!
വീട്ടിൽ ആരൊക്കെ ഉണ്ട്? ഞാൻ ചോദിച്ചു.. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി.. 'അമ്മ വീട്ടു ജോലിക്കൊക്കെ പോയി കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്... പിന്നെ അനിയത്തിയും അനിയനും ഉണ്ട്.. അവരെ ഞാൻ ആണ് പഠിപ്പിക്കുന്നെ... അവൾ പറഞ്ഞു നിർത്തി.!!
ചെറുപ്രായത്തിലെ ഒരുപാട് പക്വതയും ചുമതലയും അവൾക്ക് ദൈവം കൊടുത്തതിൽ എനിക്ക് ചെറുതായി വിഷമം തോന്നി..
അങ്ങിനെ ഓരോന്ന് സംസാരിച്ച് ആകാശത്തു വെച്ച് ആ യാത്രയിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയി.!! ദുബായിൽ വെച്ച് പിരിയുമ്പോൾ പരസ്പരം നമ്പർ കൈ മാറാൻ ഞങ്ങൾ മറന്നില്ല!
ആ സൗഹൃദം വളർന്നു. ഉറക്കമില്ലാത്ത ഫോൺ കോളുകൾ.. മെസേജുകൾ.. പലപ്പോഴായി ഒഴിവ് സമയങ്ങളിൽ ഞങ്ങൾ പല സ്ഥലത്തു വെച്ചും കണ്ടു മുട്ടി.!! അതൊരു പ്രണയം ആയി വളരുന്നു എന്ന് തോന്നിയപ്പോൾ ഞാൻ പറയാൻ തീരുമാനിച്ചു..
അത് പറയാൻ ഒരുങ്ങിയപ്പോൾ അവൾ ഇങ്ങോട്ടു കേറി പറഞ്ഞു.. "ഏട്ടൻ പറയാൻ പോണ കാര്യം എനിക്കറിയാം.. അതിനി പറയണ്ട.. എനിക്ക് കേൾക്കുകയും വേണ്ട.. അവളുടെ ശബ്‌ദം മാറിയിരുന്നു.. പിന്നെ ഒരു കാര്യം കൂടി.. വീട്ടുകാർ കണ്ടെത്തുന്ന ഒരു കുട്ടിയെ വിവാഹം കഴിച്ചു സുഖമായി സന്തോഷത്തോടെ ജീവിക്കണം... എന്നെ ഇനി കാണാൻ ശ്രമിക്കരുത്.. എനിക്ക് എന്റെ വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അതൊക്കെ ആയി ഞാൻ എങ്ങിനെ എങ്കിലും ജീവിച്ചു പൊയ്ക്കോളാം.. പിന്നെ പിന്നെ അവൾ എന്നിൽ നിന്നും ഒരു അകൽച്ച കാണിക്കാൻ തുടങ്ങി. വിളിച്ചാൽ എടുക്കുന്നില്ല.. മെസേജ് ഇല്ല.. അവളുടെ റൂം മേറ്റിനെ വിളിച്ചു കാര്യം അന്വേഷിച്ചപ്പോൾ അടുത്ത കാലത്തായി അവൾ ആരോടും അധികം മിണ്ടാറില്ലെന്നും ഒന്നിലും ഒരു ശ്രദ്ധ ഇല്ലെന്നും പറഞ്ഞു.. ഒരു റിലേറ്റീവ് ചേച്ചി മാത്രം ഇടക്കിടെ കാണാൻ വരാറുണ്ടെന്ന് പറഞ്ഞു.
കാര്യം അറിയാൻ ഞാൻ നേരിട്ടു കാണാൻ തീരുമാനിച്ചു. പക്ഷേ, കാണണ്ട എന്ന് അവൾക്ക് ഒരേ വാശി.. ഇനി ഒരിക്കലും... നമ്മൾ ഇനി കാണാൻ പാടില്ല എന്ന് അവൾ തറപ്പിച്ചു പറഞ്ഞു.. പിന്നെ വിളിച്ചപ്പോൾ നമ്പർ സ്വിച്ച്ഡ് ഓഫ്.. പിന്നെ അവൾ നമ്പർ മാറ്റി.. എന്നെ എല്ലാത്തിലും ബ്ലോക്ക് ചെയ്തു. വാട്സ് ആപ്പ്.. ഫേസ്ബുക് എല്ലാം.. അവൾക്കും ഡ്യൂട്ടി സമയം മാറി.. എനിക്ക് പുതിയ ബ്രാഞ്ചിലേക്കു ട്രാൻസ്ഫർ കിട്ടി.. അവളിൽ നിന്നും അല്പം ദൂരെ ആയിരുന്നു അത്.!! പിന്നെ ഒരു രണ്ടു മാസത്തോളം എനിക്കവളെ കാണാനോ കോൺടാക്ട് ചെയ്യാനോ പറ്റിയില്ല.!! പിന്നെ ഒരിക്കൽ കഷ്ടപ്പെട്ടു അവളുടെ ജോലി സ്ഥലത്തു അന്വേഷിച്ചപ്പോൾ ആണ് അവൾ നാട്ടിൽ പോയി എന്ന് അറിയാൻ കഴിഞ്ഞത്.!!
അവളെ കണ്ടുപിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. ഫ്രണ്ട്സിനോട് അവളുടെ വീട്ടിൽ പോയി അന്വേഷിക്കാൻ പറഞ്ഞു.. അവർ വീട് മാറി പോയെന്നു ആണ് മറുപടി കിട്ടിയത്.. വീണ്ടും നിരാശ തന്നെ ഫലം! ഒരു ആറു മാസത്തോളം ഇവിടെ ഇരുന്നു ശ്രമിച്ചിട്ടും എനിക്ക് അവളെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.!! ഫേസ്ബുക്കിൽ കൂട്ടുകാരന്റെ അക്കൗണ്ട് വഴി അവളുടെ പ്രൊഫൈൽ നോക്കി.. ഇല്ല.. സ്റ്റാറ്റസോ അപ്ഡേഷനോ സ്ഥലമോ ഒന്നും അടുത്തു അപ്ഡേറ്റ് ആക്കിയിട്ടില്ല.. എല്ലാം പ്രൈവസി സെറ്റിങ്‌സ് സീക്രെട് ആക്കി വെച്ചിരിക്കുന്നു..!! ഇനി എന്ത് ചെയ്യും.. ഞാൻ തല പുകഞ്ഞു ആലോചിച്ചു.!!!
അങ്ങിനെ ഞാൻ ഒരു ഇരുപതു ദിവസത്തേക്ക് നാട്ടിൽ പോകാൻ തീരുമാനിച്ചു.. അവളുടെ പഴയ വീട്ടിലെ അയൽക്കാരോട് ചോദിച്ചു. അവർ പറഞ്ഞു തിരുവന്തപുരത്തു അവരുടെ ബന്ധുക്കൾ ആരൊക്കെയോ ഉണ്ടെന്നു പറഞ്ഞു.. സ്ഥലം ഒന്നും കൃത്യമായി അറിയില്ല.. അവരോടു ചോദിച്ചാൽ ചിലപ്പോൾ കിട്ടും. ഞാൻ തിരുവനന്തപുരത്തേക്കു തിരിച്ചു. അവിടെ എത്തിയപ്പോൾ ഉണ്ട് കസിൻ ചേച്ചിയുടെ ഫോൺ കോൾ.. ഞാൻ അറ്റൻഡ് ചെയ്തു.
എവിടെയാ മോനെ? കണ്ടിട്ടു കുറെ ആയല്ലോ.. നീ നാട്ടിൽ ലാൻഡ് ചെയ്തു എന്ന് കേട്ടു...
അത് ചേച്ചി.. ഞാൻ അൽപം തിരക്കിലാ.. ഇപ്പോൾ തിരുവന്തപുരത്തു ഒരു ആവശ്യത്തിന് വന്നതാ.. വൈകിട്ടു ഫ്രീ ആയിട്ടു വിളിച്ചാൽ മതിയോ? ഞാൻ ചോദിച്ചു..
ആഹാ.. നീ ഇവിടെ ഉണ്ടോ.. എനിക്കിവിടെ ആണ് ഡ്യൂട്ടി ഇപ്പോൾ... നീ സ്ഥലം പറ.. ഞാൻ വന്നു പിക്ക് ചെയ്യാം.
ഞാൻ നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു.. ഒരു മണിക്കൂറിനുള്ളിൽ ചേച്ചി അവിടെ കാറുമായി എത്തി. കാറിൽ കേറുമ്പോൾ ചേച്ചി പറഞ്ഞു... നമുക്കൊരു സ്ഥലം വരെ ആദ്യം പോകാം.. എന്നിട്ട് മതി കറക്കം ഒക്കെ.. ചേച്ചി പറഞ്ഞു തീർന്നതും വണ്ടി എടുത്തു.
കാർ നേരെ ചെന്ന് ഇറങ്ങിയത് റീജണൽ കാൻസർ സെന്ററിന്റെ മുൻപിൽ ആണ്.
എന്താ ചേച്ചി ഇവിടെ?
എനിക്കിവിടെ ആണിപ്പോൾ ഡ്യൂട്ടി... ഡോക്ടർ ആയി പോയില്ലേ മോനെ.. എന്ത് ചെയ്യാനാ... ഒരു സീനിയർ ഡോക്ടറെ കാണാൻ ഉണ്ട്... നീയും വാ...
ഞാൻ ചേച്ചിയോടൊപ്പം ഉള്ളിലേക്കു നടന്നു.. ചുറ്റും ഒരുപാട് ക്യാൻസർ രോഗികൾ. കൊച്ചു കുട്ടികൾ.. യുവാക്കൾ.. വൃദ്ധർ.. അവർക്കു കൂട്ടിനിരിക്കുന്ന അമ്മമാർ.. അച്ഛമാർ.. അവരൊക്കെ ഒന്ന് ചിരിച്ചിട്ട് കുറെ വർഷങ്ങൾ ആയെന്നു പോലും എനിക്ക് തോന്നി പോയി! പല മുഖങ്ങൾ നോക്കിയപ്പോൾ എനിക്ക് വല്ലാണ്ടായി. മനസ്സ് മരവിക്കുന്ന പോലെ.. ഒരു ദിവസം കൂടിയെങ്കിലും ജീവിക്കാൻ കൊതിയുള്ള എത്രയെത്ര മനുഷ്യ ജന്മങ്ങൾ.. ഒരു ചെറിയ പൊട്ടിയ പ്രണയത്തിന്റെ പേരിലും ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗവും വണ്ടിയുടെ അമിത വേഗതയിലും ഒക്കെ നിസാരമായി ജീവൻ കളയുന്ന ജന്മങ്ങൾ ഇതൊക്കെ ഒരു നിമിഷം കണ്ടിരിക്കണം എന്ന് എന്റെ മനസ് പറഞ്ഞു...
ചേച്ചി ഒരു ഡോക്ടറെ കണ്ടു.. അവിടെ സംസാരിച്ചിരിക്കുകയാണ്.. ഞാൻ അവിടെ പുറത്തു വരാന്തയിൽ കാത്തിരുന്നു.. അപ്പോൾ ഞാൻ കണ്ടു.. എന്റെ മുന്നിലൂടെ വീൽ ചെയറിൽ ഒരു പെൺകുട്ടിയെ കൊണ്ടു പോകുന്നു...
എന്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞു.. കണ്ടത് വിശ്വസിക്കാനാവാതെ ഞാൻ നിന്നു.. അത് ഞാൻ അന്വേഷിച്ചു നടക്കുന്ന മുഖം ആണോ? മുടികൾ ഒന്നും ഇല്ലാതെ.. ക്ഷീണിച്ചു അവശയായ കണ്ണുകളുമായി തളർന്ന ശരീരവുമായി എന്റെ മുന്നിലൂടെ ഇപ്പോൾ പോയത് അവളായിരുന്നോ?
ഞാൻ ഓടി പോയി റൂമിൽ കേറി ചേച്ചിയെ വിളിച്ചു.. സോറി ഡോക്ടർ.. ചേച്ചിയുടെ കൈ പിടിച്ചു വലിച്ചു ഞാൻ ആ വീൽ ചെയറിനു പിന്നാലെ ഓടി.!!
അവളെ ഒരു റൂമിലേക്ക് കയറ്റി അവർ.. അങ്ങോട്ടു അന്യർക്ക് പ്രവേശനം ഇല്ല.. ഞാൻ എല്ലാം ചേച്ചിയോട് തുറന്നു പറഞ്ഞു..
അവിടെ ഉള്ള ഡോക്ടറുമായി ചേച്ചി സംസാരിച്ചു അത് ഞാൻ കഴിഞ്ഞ കുറെ നാളുകളായി അന്വേഷിക്കുന്ന മുഖം ആണെന്ന് ഉറപ്പിച്ചു.!! ഞാൻ തളർന്നു.. മനസ് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു.. സങ്കടവും നിരാശയും എല്ലാം കൂടി ഒരുമിച്ചു വന്നു എന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ തുള്ളികൾ ധാരയായി ഇറ്റു വീണു.
ഡാ.. നീ തളരരുത്.. കൂടി വന്നാൽ ഒരാഴ്ച കൂടി.. പിന്നെ അവൾ... അവസാന ഘട്ടത്തിലാണ് എല്ലാം.. അത് മുഴുവൻ കേൾക്കാൻ ഉള്ള ശക്തി എനിക്കുണ്ടായില്ല..
എനിക്ക്.. എനിക്കവളെ ഒന്ന് കാണണം.. സംസാരിക്കണം... ചേച്ചി അതൊന്നു അറേഞ്ച് ചെയ്തു തരണം.. പ്ലീസ്.. ഞാൻ കൊച്ചു കുട്ടിയെ പോലെ കെഞ്ചി.!!!
അന്ന് എനിക്ക് ഉറക്കമേ വന്നില്ല. അവളെ ആദ്യമായി കണ്ടത് മുതൽ ഉള്ള ഓരോ കാര്യങ്ങളും ഞാൻ ഓർത്തു കിടന്നു. എങ്ങിനെയോ കണ്ണുകൾ അടച്ചു രാവിലെ ആക്കി.
പിറ്റേന്നു ചേച്ചിയോടൊപ്പം അവളെ കാണാൻ ഞാൻ പോയി... അതിരു വിട്ടു സംസാരിക്കരുത്.. അത് ഓർമ വേണം.. മ്മ് .. ചെല്ലൂ ...ചേച്ചി താക്കീത് നൽകി.. ഞാൻ സമ്മതിച്ചു.
അവൾ കിടക്കുന്ന മുറിയിലേക്കു ഞാൻ മെല്ലെ നടന്നു ചെന്നു.. കണ്ണുകൾ അടച്ചു കിടക്കുകയാണ് അവൾ.. നെഞ്ചു വരെ പുതപ്പു കൊണ്ട് മൂടിയിരിക്കുന്നു.. മുഖം ഒക്കെ ഒരുപാട് മാറിയിരിക്കുന്നു... തല തുണി കൊണ്ട് മൂടിയിരിക്കുന്നു... കിമോ ചെയ്ത അവളുടെ രൂപം കണ്ടപ്പോൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. മനസിന് ബലം കിട്ടുന്നില്ല.. ഞാൻ അവളുടെ കട്ടിലിന്റെ അടുത്ത് ഇരുന്നു.. എന്നിട്ട് പതുക്കെ അവളെ വിളിച്ചു..
"രേഹ... ഇത് ഞാൻ ആണ്... റിവിൻ..."
എന്റെ ശബ്ദം കേട്ടതും അവളുടെ പാതി അടഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒലിച്ചു ഒഴുകാൻ തുടങ്ങി..
അവൾ മെല്ലെ കണ്ണ് തുറന്നു.. എന്നെ നിസ്സഹായതയുടെ നോക്കി.. ശബ്ദം പുറത്തേക്കു വരുന്നില്ല.. അവൾക്കു അപ്പോൾ ഒന്ന് പൊട്ടി കരയണം എന്ന് അവളുടെ മുഖം എന്നോട് പറയുന്നതായി എനിക്ക് തോന്നി...
അവളുടെ വാക്കുകൾ പുറത്തേക്കു പതിഞ്ഞ സ്വരത്തിൽ വന്നു.. ഏട്ടാ.. ഞാൻ.. എന്നോട് ക്ഷമിക്കൂ... ഞാൻ ഇങ്ങനെ ഒക്കെ.. എന്റെ ജീവിതം ഇങ്ങിനെ ഒക്കെ ആയി പോയി.. എന്നോട് ക്ഷമിക്കൂ ഏട്ടാ..!! എനിക്ക് ഏട്ടനെ വിധിച്ചിട്ടില്ല ഈ ജന്മത്തിൽ..!! അവൾക്ക് വാക്കുകൾ കഷ്ടപ്പെട്ടു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല...
എന്റെ തൊണ്ട പൊട്ടുന്ന പോലെ.. സഹിക്കാൻ പറ്റണില്ല കണ്ടു നിൽക്കാൻ. ഞാൻ അവളുടെ വലതു കൈ മെല്ലെ പിടിച്ചു എന്റെ വലതു കയ്യിൽ വെച്ചു. അവളുടെ കണ്ണുകളിലേക്കു നോക്കി. ജീവിക്കാനുള്ള ഒരു ആഗ്രഹവും അത് നടക്കാതെ പോകുമ്പോൾ ഉള്ള നിരാശയും അവളുടെ നിറഞ്ഞ കണ്ണുകളിൽ ഞാൻ കണ്ടു. ഞാൻ കട്ടിലിന്റെ അടുത്ത് അവളോടൊപ്പം ഇരുന്നു. അവളുടെ വലതു കൈ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. ഇടതു കൈ കൊണ്ട് അവളുടെ നെറ്റിയിലും തലയിലും മെല്ലെ തലോടി അവളുടെ നെറ്റിയിൽ അവസാനമായി ഒന്നു ചുംബിച്ചു. എന്റെ കണ്ണുനീർ തുള്ളികൾ അവളുടെ നെറ്റിയിൽ പതിഞ്ഞു. എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവളുടെ കണ്ണുകൾ അടഞ്ഞു. മെല്ലെ മെല്ലെ അവൾ ഉറക്കത്തിലേക്കു വീണു... എന്നന്നേക്കുമായി...
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.