ഒരു പെണ്ണു കാണൽ

Representative Image

മകനേയും കൂട്ടി എയർപോർട്ടിൽ നിന്നും വരുന്ന വഴി തന്നെ നമുക്ക് ഇങ്ങോട്ടു ആലോചനയുള്ള ഒരു വീട്ടിൽ കയറി പെണ്ണ് കാണാനുള്ള പദ്ധതിയിലായിരുന്നു അരവിന്ദാക്ഷ കുറുപ്പ്. ചെക്കന് ലീവ് കുറവാണ്. വെറുതെ കണ്ട വീടുകളിലൊക്കെ കയറി ചായ കുടിച്ച് കളയാൻ സമയമില്ല. എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തി അവനെ കല്യാണം കഴിപ്പിച്ചിട്ടേ ഇപ്രാവശ്യം തിരിച്ച് വിടുകയുള്ളുവെന്ന് അയാൾക്ക് വാശിയായിരുന്നു.

ആലോചനകൾ പലതുണ്ട്. ചിലതൊക്കെ ചെക്കൻ തന്നെ ഫോട്ടോ കണ്ട് ഇഷ്ടപ്പെടുകയും വീട്ടുകാർ തമ്മിൽ സംസാരിച്ച് ഒരു ധാരണയിലെത്തിയതുമൊക്കെയാണ്. എന്നാലും പെണ്ണും ചെക്കനും തമ്മിൽ കണ്ട് ഇഷ്ടപ്പെടാത്ത കല്യാണത്തോട് കുറുപ്പിന് തീരെ താൽപര്യമില്ല.

ദുബായിൽ സോഫ്റ്റ്‌വെയർ എ‍ഞ്ചിനീയറും, കാഴ്ചയിൽ സുമുഖനും, തന്റെ കണ്ണെത്താ ദൂരം നീണ്ട് കിടക്കുന്ന സ്വത്തുക്കൾക്ക് ഏക അവകാശിയായ ചെക്കന് പെണ്ണ് കിട്ടാൻ പ്രയാസമില്ല. എങ്കിലും ഒരു കല്യാണമാകുമ്പോൾ എല്ലാം നോക്കണം. ദൈവം സഹായിച്ച് നമുക്ക് എല്ലാ സൗഭാഗ്യങ്ങളും ഉള്ളത് കൊണ്ട് ചെക്കന്റെയും പെണ്ണിന്റെയും ഇഷ്ടത്തിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്.

എയർപോർട്ടിനു പുറത്തു വന്ന മകനോട് തന്റെ ഉദ്ദേശ്യം പറഞ്ഞപ്പോൾ തളർവാതം പിടിപെട്ടു വീട്ടിൽ കിടക്കുന്ന അമ്മയെ എത്രയും പെട്ടെന്ന് പോയി കാണാതെ പെണ്ണു കാണാനല്ല, കല്യാണപ്പന്തലിലേക്ക് നേരിട്ട് പോകാനാണെങ്കിലും താനില്ലെന്ന് ആ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ അച്ഛന്റെ മുഖത്ത് നോക്കി തുറന്നടിച്ചു. തന്റെ ഏഴയലത്ത് നിന്ന് ഒരക്ഷരം ഉരിയാടാത്ത മകന്റെ ഈ പ്രവർത്തി കുറുപ്പിന്റെ കണ്ണ് ഒരിറ്റ് നീരാൽ നനയിക്കുകയാണ് ചെയ്തത്.

അവൻ തന്നെയാണ് ശരി. അമ്മ ഒരേ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. മോൻ പോയതിനു ശേഷം താൻ തന്നെയാണ് അവളെ നോക്കുന്നത്. പക്ഷേ തന്നെയും ഇടക്കിടെ ശാരീരികാസ്വാസ്ഥ്യങ്ങൾ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി എന്തായാലും വീട്ടിൽ ഒരാളു വേണം. അത് ഒരു ദിവസം നേരത്തെ ആയിക്കോട്ടെ എന്നു കരുതി താൻ തന്നെയാണ് അവനെ നിർബന്ധിച്ചത്. ജോലി കളഞ്ഞ് നാട്ടിൽ വന്നു നിൽക്കാമെന്ന് അവൻ പറഞ്ഞതാണ്. ശരിയാവില്ല. ഒരാൺകുട്ടിയല്ലേ. അവന് പരിമിതികളുണ്ട്.

കാർ നേരെ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്കു വന്നു നിന്നു. ഡിക്കിയിൽ നിന്നും പെട്ടിയെടുക്കാനായി വന്ന അവനെ കുറുപ്പ് തടഞ്ഞു

‘മോൻ പോയി അമ്മയെ കണ്ടോളൂ...’

നിറഞ്ഞ കണ്ണുകളോടെ കുറുപ്പിനെ ഒന്നു നോക്കിയിട്ട് അവൻ അകത്തേക്കു പോയി.

ചലനമില്ലാതെ കിടക്കുന്ന അമ്മയുടെ ഇരു കൈകളും കോരിയെടുത്ത് കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവൻ പറഞ്ഞു.

‘അമ്മക്കൊരു മരുമകൾ ഈ വീട്ടിൽ ഉടൻ വരും..’

അമ്മയുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കള്‍ ഇരുവശത്തേക്കും ഒഴുകി.

ദല്ലാള്‍ നാരായണൻ വൈകുന്നേരം ആയപ്പോഴേക്കും പറഞ്ഞ് വെച്ചിരുന്ന പെൺകുട്ടികളെ കാണാൻ പോകാൻ തയാറായി വന്നു. കുറുപ്പ് നേരത്തെ തന്നെ റെഡിയാണ്. കസവ് മുണ്ടും ഇളം നീല നിറത്തിലുള്ള ഷർട്ടുമിട്ട് മുറിക്ക് പുറത്തേക്കു വന്ന മകനെ കുറുപ്പ് അൽപം അസൂയയോടെ തന്നെ നോക്കി. ഒരു ചന്ദന കളർ ഷർട്ട് കൂടി ആയിരുന്നെങ്കിൽ നീ ഇപ്പോള്‍ തന്നെ കല്യാണ ചെക്കൻ ആയേനെ എന്നയാൾ പറയുകയും ചെയ്തു.

ധൃതി വെക്കുന്ന കുറുപ്പിന്റെ അരികിലേക്ക് എവിടൊക്കെയാണ് പോകേണ്ടതെന്ന് ചോദിച്ചു കൊണ്ട് അവനിരുന്നു.

ഇന്നു കാണാൻ പോകുന്ന പെൺകുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളുമടങ്ങുന്ന ഒരു ഡയറി നാരായണൻ‍ അവനെ ഏൽപ്പിച്ചു. ഫോട്ടോകൾ എല്ലാം കണ്ടതു തന്നെ. അതിൽ ഏതിനെയൊക്കെയാണ് ഇന്ന് കാണേണ്ടതെന്ന് മാത്രമേ അറിയേണ്ടതായുള്ളു.

‍ഡയറി മറിച്ചു നോക്കുന്നതിനിടയിൽ അവസാനഭാഗത്ത് അവൻ കണ്ടതായി ഓർമയില്ലാത്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ. അതിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് അവൾ ഏതാണെന്നറിയാനായി ഡയറി നാരായണനു നേരെ തിരിച്ചു.

‘ഇത് മാറിപ്പോയതാണ്. നമ്മൾ കാണാൻ പോകേണ്ട പെണ്ണല്ല’ എന്നു പറഞ്ഞുകൊണ്ടു നാരായണൻ ആ ഫോട്ടോ തിരിച്ചെടുത്തു.

നാരായണന്റെ കൈയിൽ നിന്നും ഒന്നു കൂടി ആ ഫോട്ടോ വാങ്ങി അവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി. മകന്റെ പ്രവർത്തി ഇഷ്ടപ്പെടാത്ത കുറുപ്പ് അൽപം ധൃതി കാട്ടി.

‘അത് നമുക്ക് പറ്റിയ കുട്ടി അല്ല മോനെ. പറ്റിയതല്ലെന്നു വച്ചാൽ സാമ്പത്തികമായി പറ്റിയതല്ലെന്ന്. പെൺകുട്ടി കാണാൻ ഒക്കെ മിടുക്കിയാ. വിദ്യാഭ്യാസവും ഉണ്ട്. പക്ഷേ?...

‘ഒരു പക്ഷേയുമില്ല. നാരായണേട്ടാ എനിക്കീ കുട്ടിയെ ഒന്നു കാണാൻ പറ്റുമോ?...

അവന്റെ ചോദ്യം ശ്രവിച്ചു കൊണ്ട് നാരായണൻ കുറുപ്പിനെ നോക്കി. കുറുപ്പ് അവന്റെ കയ്യിൽ നിന്നും ആ ഫോട്ടോ വാങ്ങി നോക്കി. അയാളുടെ മുഖത്ത് ഭാവവ്യത്യാസമില്ലാത്തത് അവനും നാരായണനും ശ്രദ്ധിച്ചു.

അരവിന്ദാക്ഷന്റെ നോട്ടം നാരായണനു നേരെ വന്നപ്പോൾ സാമ്പത്തികമായി കുറച്ചു പിന്നോക്കമാണെന്നെ ഉളളൂ എന്ന് നാരായണൻ പറഞ്ഞു.

‘എനിക്ക് ഈ കുട്ടിയെ ഒന്നു കാണാമെന്നുണ്ടച്ഛാ...’

മകന്റെ ആഗ്രഹത്തിന് എതിരു നിൽക്കാൻ ആ അച്ഛന് കഴിഞ്ഞില്ല.

‘കണ്ടിട്ട് ഇഷ്ടപ്പെട്ടിട്ടേ ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കാവൂ...’

‘അത്രയേ ഉള്ളൂ അച്ഛാ...’ എന്നവന്റെ മറുപടി.

മറ്റു വർത്തമാനങ്ങൾക്ക് കാത്ത് നിൽക്കാതെ നാരായണൻ തന്റെ ഫോണെടുത്ത് ആ ഫോട്ടോയ്ക്ക് പിന്നിലായി എഴുതിയിരുന്ന നമ്പറിലേക്ക് വിളിച്ചു. ചെറിയ ഒരു സംഭാഷണം. കുട്ടിക്ക് പനിയായിട്ട് കിടക്കുകയാണ്, അടുത്ത ഞായറാഴ്ച ഈ സമയം വരാൻ കഴിയുമോ എന്ന് കുട്ടിയുടെ അച്ഛൻ ചോദിച്ചു എന്ന് ഫോൺ കട്ട് ചെയ്തു കൊണ്ട് നാരായണൻ പറഞ്ഞു.

അരവിന്ദാക്ഷൻ മകന്റെ മറുപടിക്ക് കാത്തു.

‘അടുത്താഴ്ച നമുക്കൊന്ന് കാണാമച്ഛാ...’

അരവിന്ദാക്ഷനും മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.

നാരായണൻ വേഗം ഇന്ന് പെണ്ണ് കാണാൻ ചെല്ലാമെന്ന് വിളിച്ചറിയിച്ചിരുന്ന വീടുകളിലൊക്കെ വിളിച്ച് ചെക്കന് സുഖമില്ലെന്ന് പറഞ്ഞ് ചടങ്ങ് അടുത്താഴ്ചയിലേക്ക് മാറ്റി.

അടുത്ത ഞായറാഴ്ച നാരായണൻ പറഞ്ഞ സമയത്ത് തന്നെ അരവിന്ദാക്ഷന്റെ വീട്ടിലെത്തി. അച്ഛനും മകനും പോകാൻ റെഡിയായി കാത്ത് നിൽക്കുകയായിരുന്നു. ചെക്കന്റെ ധൃതി മനസ്സിലാക്കി മറ്റൊന്നും പറയാതെ നാരായണൻ കാറിൽ കയറി.

‘നമ്മളെത്തുമെന്ന് പറഞ്ഞിട്ടില്ലേ നാരായണാ...’

അരവിന്ദാക്ഷനു സംശയം.

‘ഇന്ന് വരാൻ പറഞ്ഞിട്ടുള്ളതല്ലേ. ഞാൻ വരുന്ന വഴി ഒന്നു വിളിച്ചിരുന്നു. കുട്ടിയുടെ അച്ഛൻ ഫോൺ എടുത്തില്ല. സാരമില്ല. െതരക്കായിരിക്കും. എന്തെങ്കിലുമുണ്ടെങ്കിൽ അവർ വിളിച്ചു പറയില്ലേ? നമുക്ക് പോയി നോക്കാം....’

നാരായണൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ഡ്രൈവർ കാർ ഓടിച്ചു കൊണ്ടിരുന്നു.

‘അടുത്ത വളവ് തിരിഞ്ഞാൽ രണ്ടാമത്തെ വീട്...’

അരവിന്ദാക്ഷന്റെയും മകന്റെയും മുഖം വിടർന്നു. അവർ ഒന്നു കൂടി നിവർന്നിരുന്നു

കാർ വളവ് തിരിഞ്ഞ് അകത്തേക്കു കടക്കുമ്പോൾ റോഡിലാകെ ഒരാൾക്കൂട്ടം. ഡ്രൈവർ കാർ നിർത്തി. കാർ വരുന്നതു കണ്ട് ആളുകൾ വകഞ്ഞ് മാറി. മുന്നോട്ടു നീങ്ങിയ കാർ ആളുകളെ കടന്ന് അൽപം മുന്നോട്ടു മാറി നിന്നു. സംശയത്തോടെ മൂവരും കാറിൽ നിന്നിറങ്ങി. സ്ഥലസൗകര്യം തീരെ  കുറവുള്ള ആ മുറ്റത്തേക്ക് മൂന്ന് പേരും ആൾക്കൂട്ടത്തിൽ കൂടി തിക്കി തിരക്കി അകത്തേക്ക് കയറി.

വീടിന്റെ മുറ്റത്തായി വലിച്ച് കെട്ടിയ നീല ടാർപോളിനു അടിയിലായി നിലവിളക്ക് കത്തിച്ചു ഒരുക്കി വെച്ചിട്ടുള്ള പീഠത്തിനരുകിലായി നിരത്തിയിട്ട ഡെസ്കിനു മുകളിലായി വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ഒരു പെൺകുട്ടി. ഫോട്ടോയിൽ കണ്ടവൾ.

എന്താണു നടക്കുന്നതെന്ന് പോലും മനസ്സിലാകാതെ സ്തബ്ധിച്ചു നിൽക്കുകയാണ് മൂന്നുപേരും.

ഒരു നോക്കു നോക്കാനേ അവനു കഴിഞ്ഞുള്ളു. കണ്ണുകൾ ഇറുകി അടഞ്ഞു. തല സാവധാനം താഴേക്ക് താന്നു. ഒരിറ്റു കണ്ണീർ അവനറിയാതെ നിലത്ത് പതിച്ചു.

‘ഇഷ്ടപ്പെട്ടു. ഒരുപാട്...’

ആരോടെന്നില്ലാതെ അവൻ മന്ത്രിച്ചു.

തെരക്കിനിടയിൽ കൂടി തിരിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം.

‘ഇനി അധികം വെക്കുന്നില്ല, എടുക്കാൻ പോകുകയാണ്....’

ഒപ്പം ആകാശത്തേക്ക് ഉയരുന്ന കൂട്ട നിലവിളി.

തളർച്ച ബാധിച്ച അമ്മയുടെ കാൽ തടവുന്നതിനിടയിൽ  അച്ഛൻ പറയുന്നതു കേട്ടു. പനിയായിട്ട് ആ കുട്ടിയെ അടുത്തുള്ള ചെറിയൊരു സർക്കാർ ആശുപത്രിയിൽ കൊണ്ടു പോയതാ. അസുഖം കൂടിയപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ പറഞ്ഞിരുന്നു. കാശിന്റെ ബുദ്ധിമുട്ട് കാരണം പെട്ടെന്ന് കൊണ്ട് പോകാൻ പറ്റിയില്ലെന്നാ ആരോ പറഞ്ഞു കേട്ടത്.

തന്നെ ആദ്യം കണ്ടപ്പോൾ നിറഞ്ഞൊഴുകിയതു പോലെ അമ്മയുടെ കണ്ണുകൾ അപ്പോളും നിറഞ്ഞു.

അമ്മയോട് മാപ്പ് പറഞ്ഞ് അടുത്ത ദിവസം തന്നെ അവൻ തിരികെ ദുബായിലേക്ക് വണ്ടി കയറി. ഉടനെ തിരിച്ച് വരണം. അല്ലെങ്കിൽ അമ്മയ്ക്ക് വീണ്ടും വിഷമം ആകും.

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.