do the dead write poetry ?
yes, poetry without organs,
like the breeze or the drizzle.
- K. Satchidanandan
ചാറ്റൽമഴപോലെ കാറ്റുപോലെ മരിച്ചയാളുടെ കവിത, ഞാനിന്ന് ആ കവിത കേട്ടു.
'നായ്ക്കളില്ലാത്തിടത്തു കുരപോലെ
ഏതോ ചില മണികളിൽ നിന്ന്
ഏതോ ചില കുഴിമാടങ്ങളിൽ നിന്ന്
അതു പുറപ്പെടുന്നു,
ഈറൻവായുവിൽ
മഴയുടെ കണ്ണീരു പോലെ നിറയുന്നു.' എന്ന് മരിച്ചയാളുടെ കവിതയെക്കുറിച്ച് നെരൂദ എഴുതിയിട്ടുണ്ട്. മരിച്ചയാളുടെ കവിതയിൽ എന്തൊക്കെയുണ്ടാകും? മരിക്കും മുമ്പ് അയാൾക്കേറ്റവും ഇഷ്ടമുണ്ടായിരുന്നതും ഇഷ്ടമല്ലാതിരുന്നതും ഉണ്ടാകും, തീർച്ച. ഉദാഹരിക്കണോ, ദാ കേൾക്ക്:
'മുൾച്ചെടികൾ നിറഞ്ഞ വഴിയിലൂടെ
മരണത്തിന്റെ മടിത്തട്ടിൽ
മഞ്ഞുപോലുരുകുമ്പോഴും
ഓർത്തത് കുടുംബത്തെ മാത്രം.'
മരിച്ചയാളുടെ കവിതയാണിത്, ആതിരയുടെ കവിത.
മരിച്ചയാളുടെ കവിതയിൽ അയാളുടെ വീടുണ്ട്. അയാളുടെ രക്തത്താൽ യശസ്സുയർന്ന കുടുംബമുണ്ട്. നന്ദിതയാണ്, മരിക്കും മുമ്പെഴുതിയത്-
'കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍സമ്മതിക്കുന്നു, എനിക്ക് തെറ്റുപറ്റി.'
എന്ന്. തന്റെ കൗമാരവും യൗവനവും അപഹരിക്കാൻ ഒരിക്കൽ വരാനിടയുള്ളൊരാളെക്കുറിച്ച് ആതിര രാജന്റെ കവിത സംസാരിക്കുന്നത് അവൾ പത്താം ക്ലാസിൽ പഠിക്കുമ്പഴാണ്. ഗ്രീഷ്മത്തിന്റെ സംഗീതവും വർഷത്തിന്റെ സൗന്ദര്യവും തന്നിൽ നിന്ന് തട്ടിയെടുക്കാൻ വരുന്ന ശത്രുവിന്റെ കൈയ്യിൽ അവളുടെ കവിത കണ്ടെത്തിയ ആയുധം കത്തിയായിരുന്നില്ല, താലിച്ചരടായിരുന്നു.
രണ്ട് മരണങ്ങളായിരുന്നു അവൾക്ക് മുമ്പിലുണ്ടായിരുന്നത്. ഒന്ന് ജാതിമഹിമയുള്ളൊരാളുടെ താലിച്ചരടിൽ കുരുങ്ങിയുള്ള മരണം, രണ്ട് അച്ഛന്റെ കയ്യിലെ അഭിമാനിയായ പിച്ചാത്തി കൊണ്ടുള്ള മരണം. ഒന്നാമത്തെ മരണത്തിൽ നിന്ന് അവളെ രക്ഷിച്ചത് ബ്രിജേഷ് എന്ന കാമുകനാണ്. രണ്ടാമത്തെ മരണത്തിലേക്ക് അവളെ നടത്തിയത് ആ രക്ഷപ്പെടലാണ്.
ബ്രിജേഷ്, നീയിപ്പോൾ എവിടെയാണ്. നീ അവളുടെ കവിതകൾ വായിച്ചിട്ടുണ്ടോ? ഏത് ഭാഷയിലാണ് ഇനി നീയവളോട് സംസാരിക്കുക? പോളിഷ് സംവിധായകൻ ക്രിസ്‌തോഫ് കീസ്‌ലോവ്‌സ്കിയുടെ 'നോ എന്‍ഡ്' എന്ന സിനിമയിൽ ശവക്കല്ലറയ്ക്കു മുന്നിലിരുന്ന് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ കേള്‍ക്കുന്നുണ്ടോ? ഞാന്‍ നിന്നെ സ്നേഹിക്കുന്നു!" എന്ന് വിളിച്ച് പറയുന്നൊരു കഥാപാത്രമുണ്ട്.
'കാത്തിരിക്കുകയാണ്,
കിടക്കയിലേയ്ക്ക് ചാടിക്കയറുന്ന
ഒരു പൂച്ചയെന്ന പോലെ
വന്നെത്തുന്ന മരണത്തെ.' എന്നാരംഭിക്കുന്ന ചാള്‍സ് ബുകോവ്‌സ്കിയുടെ കുമ്പസാരം എന്ന കവിത അവസാനിക്കുന്നത്, "എക്കാലവും ഞാന്‍ പറയാന്‍ ഭയന്ന ആ കടുത്ത വാക്കുകളും ഇപ്പോള്‍ പറയാം: ഞാന്‍ നിന്നെ പ്രണയിക്കുന്നു." എന്ന വരികളിലാണ്.
ബ്രിജേഷ്, നീ പറയുന്നത് അവൾക്ക് കേൾക്കാനാകും. നീ കരയുന്നത് കാണാനുമാകും. അവൾ നിന്റെ കൂടെയുണ്ട്. കാത് കൂർപ്പിച്ച് വെച്ചാൽ ചാറ്റൽമഴപോലെ കാറ്റുപോലെ അവളുടെ കവിത കേൾക്കാം. ദളിതനെക്കെട്ടി വംശമലിനീകരണം സംഭവിക്കും മുമ്പേ അവൾ ചത്തൊടുങ്ങുമ്പോൾ രോമാഞ്ചമുണ്ടായവർ അവളുടെ ചോരകൊണ്ട് മെഴുകിയ നിലത്ത് അവൾക്ക് ഒരു ശവകുടീരം തന്നെ പണിഞ്ഞുകളയും.,
അവിടെച്ചെന്ന് കരയരുത്. അവളവിടെയില്ല. മേരി എലിസബത്ത് ഫ്രയെ എന്ന അമേരിക്കന്‍ കവയിത്രി അവളെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്. അതിൽ 'എന്റെ കുഴിമാടത്തിനടുത്തു നിന്ന് വിലപിക്കരുത്:
ഞാൻ അവിടെയില്ല; അവിടെ ഞാനുറങ്ങുന്നില്ല.' എന്ന് കലമ്പിക്കുന്ന എലിസബത്ത് ഫ്രയെയുടെ നായിക അവളാണ്, ആതിര. ആതിര രാജ് എന്ന എഴുത്തുകാരിക്ക് വിട.