ഇലകൊഴിയാത്ത പ്രണയമരം

"എന്റെ പൊന്നു മോനെ.. നീ അവനെ ഒന്ന് പോയി ഉപദേശിക്ക്.. നിന്റെ അതേ പ്രായല്ലേ അവനും ? നീ പെണ്ണും കെട്ടി കുട്ടിയും ആയി.. അവനിപ്പോഴും ഒറ്റത്തടിയായിട്ടാ നിക്കണേ .. പോയി കാണുന്ന ഒരു പെണ്ണിനേം അവന് ഇഷ്ടപ്പെടുന്നില്ല. അവനിങ്ങനെ തുടങ്ങിയാ ഞാനെന്താ ചെയ്യാ ? വയസാംകാലത്ത് എനിക്കും വേണ്ടേ ഈ വീട്ടിൽ ഒരു കൂട്ട്?" പറഞ്ഞത് ഒരു കൂട്ടുകാരന്റെ അമ്മയായിരുന്നെങ്കിലും അവനത് സ്വന്തം 'അമ്മ തന്നെയായിരുന്നു. ആ വീട്ടിൽ നിന്ന് അവൻ കുടിച്ച കഞ്ഞിയുടെയും ചമ്മന്തിയുടെയും രുചി ഇന്നും അവന്റെ വായിലുണ്ട്. സ്വന്തം വീട്ടിൽനിന്ന് ഒന്നും കഴിച്ചില്ലേലും രേവതിയമ്മ ഉണ്ടാക്കുന്ന നല്ല ദോശ അവൻ കഴിക്കാതെ പോവില്ലായിരുന്നു. പ്ലസ് വൺ മുതൽ തുടങ്ങിയ ബന്ധമാണ് അഖിലിന് രേവതിയമ്മയുടെ മകൻ അനീഷുമായി. 

ഏതാണ്ട് പത്ത് വർഷമായിട്ടുള്ള കൂട്ടുകെട്ട്. ഡിഗ്രി കഴിഞ്ഞ് അഖിൽ ഗൾഫിൽ പോയെങ്കിലും ലീവിന് വന്നാൽ ഒരു ഉത്സവമാണ്. ഇതുകൊണ്ടൊക്കെത്തന്നെ  അമ്മയുടെ വാക്കുകൾ വെറുതെ മറുചെവിയിൽകൂടി കളയാൻ അവൻ തയ്യാറല്ലായിരുന്നു. അവൻ അനീഷിനെ ശരിക്കൊന്നു ഉപദേശിക്കാൻ തീരുമാനിച്ചു. അനീഷിന് കാണുന്ന പെണ്ണുങ്ങളെയൊന്നും ഇഷ്ടപ്പെടാത്തതിന്റെ കാരണമറിയുന്ന ഏക ആൾ അഖിൽ തന്നെയായിരുന്നു. പതിവുപോലെ അന്നും വൈകുന്നേരം ആളൊഴിഞ്ഞ ആ കുളക്കരയിൽ അവർ ഒരുമിച്ചു കൂടി. അഖിൽ കുറച്ചുനേരം അനീഷിനെ നോക്കിയിരുന്നു എന്നിട്ടു ചോദിച്ചു.. " നീ ഇനീം അവളെ മനസ്സിൽനിന്ന് കളഞ്ഞില്ല ?" അനീഷ് തിരികെ ചോദിച്ചു " അങ്ങനെ പെട്ടന്ന് മനസ്സിൽനിന്ന് പോവും എന്ന് നിനക്ക് തോന്നുന്നുണ്ടോ ? " ഇതുകേട്ട് അഖിൽ കുറച്ചുനേരം മിണ്ടാതിരുന്നു എന്നിട്ട് വീണ്ടും തുടർന്നു.. "എടാ പണ്ട് ഒരു ബോധവും ഇല്ലാത്ത കാലത്ത് രണ്ടുപേർക്കും തമ്മിൽതോന്നിയ എന്തോ ഒരു മണ്ടത്തരം.. അതൊക്കെ ഓർത്ത് ഇങ്ങനെ സന്യാസജീവിതം നയിച്ചാൽ നിന്റെ അമ്മയാണ് ഒറ്റക്കാവുന്നേ പിന്നെ നിന്റെ ഭാവിയും.. അനീഷ് ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അഖിലിനെനോക്കി പറയാൻ തുടങ്ങി. "എടാ നീ എന്നെ കാണുന്നത് പ്ലസ് വൺ മുതലാണ്. പക്ഷെ അതിനു മുന്നേ തുടങ്ങിയ പ്രണയമാണ് ഞങ്ങളുടേത്.

അതായത് നമ്മുടെ  സൗഹൃദത്തേക്കാൾ പ്രായമുള്ള പ്രണയം. ഇത്രേം നല്ല സുഹൃത്തുക്കളായ നമ്മക്ക് പിരിയാൻ പറ്റുമോ? അതുപോലെ തന്നെയാണ് എനിക്കെന്റെ ഐശ്വര്യയും. നോട്ട് എഴുതാതെ വന്നിരുന്ന എന്നെ ദിവസേന ടീച്ചർ തല്ലുന്നത് കണ്ട് മറ്റുള്ളവരെല്ലാം ചിരിച്ചു നിന്നപ്പോഴും കണ്ണുനീർ പൊടിഞ്ഞത് ആ തൊട്ടാവാടി പെണ്ണിന്റെ കണ്ണുകളിൽ നിന്നുമാത്രമായിരുന്നു. ഞാൻ പോലുമറിയാതെ എന്റെ നോട്ട് കൊണ്ടുപോയി എഴുതി കൊണ്ടുവന്നു ബാഗിൽ വെച്ച അവളെ കണ്ടുപിടിക്കാൻ എനിക്ക് റോക്കറ്റ് സയൻസ് ഒന്നും പഠിക്കേണ്ടി വന്നിരുന്നില്ല... തലേന്ന് തല്ലുകൊണ്ട് നിന്നപ്പോൾ ആ കണ്ണിൽനിന്നൊഴുകിയ കണ്ണുനീർ മാത്രം മതിയായിരുന്നു. തമ്മിൽ സംസാരിച്ചപ്പോഴും, ഒടുക്കം പരസ്പരം പിരിയാനാവാത്തവണ്ണം അടുത്തപ്പോഴും ഞങ്ങൾ പോലുമറിയാതെ തന്നെ ഞങ്ങൾ പ്രണയിച്ചിരുന്നു. ഇഷ്ടമാണെന്നു പരസ്പരം പറയാതെ ഞങ്ങൾ പ്രണയിച്ചു... സ്കൂൾ വരാന്തകളും സയൻസ് ലാബുകളും ഞങ്ങളുടെ പ്രണയത്തിനു കാവലായിരുന്നു. 

സ്കൂൾ മുറ്റത്തെ തൈമാവിന് മാത്രം അറിയാവുന്ന ഞങ്ങളുടെ പ്രണയ കഥകൾ. ഒടുക്കം പത്താം ക്ലാസ് പരീക്ഷയും കഴിഞ്ഞ് പിരിയാൻ സമയമായപ്പോൾ അവളെന്നെവന്നു കണ്ടിരുന്നു. അച്ഛന് ദൂരെ എവിടേക്കോ ട്രാൻസ്ഫർ കിട്ടിയെന്നും പഠനം അങ്ങോട്ടേക്ക് മാറ്റുകയാണെന്നും പറഞ്ഞ് എന്റെ മുന്നിൽ ഒരുപാടുനേരം ചിണുങ്ങി കരഞ്ഞിരുന്നു എന്റെ തൊട്ടാവാടി. തമ്മിൽ സംസാരിക്കാൻ അവളുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ എന്റെ വീട്ടിലെ പഴയ ആ തുരുമ്പെടുത്ത ടെലിഫോൺ നമ്പർ ഞാൻ അവൾക്കു കൊടുത്തു. എന്നെങ്കിലുമൊരിക്കൽ തിരികെ വിളിക്കാമെന്നും ഒരിക്കലും മറ്റൊരാളുടേതാവില്ല എന്നുപറഞ്ഞു എനിക്കൊരു ഫോട്ടോയും തന്ന് തിരികെ നടന്ന അവൾ സ്കൂൾ വരാന്തയുടെ അങ്ങേയറ്റത്തെത്തിയപ്പോൾ എന്നെ നോക്കി പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ സത്യമാണെങ്കിൽ അവൾ എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടാവും. എന്നെങ്കിലും എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതവളായിരിക്കും". ഇതെല്ലാം കേട്ട് അഖിൽ അവിടുന്ന് ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി. 

പിന്നീടവർ കാണുന്നത് ഏതാണ്ട് ആറ് മാസത്തിനു ശേഷം അഖിൽ ലീവിന് തിരികെ എത്തിയപ്പോഴായിരുന്നു. അന്നവൻ അനീഷിന് വേണ്ടി ഒരു കല്ല്യാണാലോചനകൂടി ഒപ്പം കരുതിയിരുന്നു.. പണ്ടെപ്പോഴോ ട്രാൻസ്ഫർ കിട്ടി പോയ ഒരു പട്ടാളക്കാരന്റെ മോൾ.. കെട്ടുപ്രായം കഴിഞ്ഞിട്ടും കല്ല്യാണങ്ങളിൽ  നിന്ന് ഒഴിഞ്ഞുമാറിയിരുന്ന അനീഷിന്റെ സ്വന്തം ഐശ്വര്യ. കാലങ്ങൾക്കുശേഷം അവർ തമ്മിൽ പെണ്ണുകാണൽ ചടങ്ങിന് കണ്ടുമുട്ടിയപ്പോൾ ആ വീട്ടിൽ നിന്നവർ പരസ്പരം ആലിംഗനം ചെയ്തു. അന്ന് വരാന്തയിലെ ആ കരച്ചിൽ കാണാൻ പറ്റാതിരുന്ന അഖിലിന് അതിന്റെ ബാക്കി കരച്ചിൽ ആ പെണ്ണുകാണൽ ചടങ്ങിൽ കാണാൻ ഭാഗ്യമുണ്ടായി. പെണ്ണ് കണ്ടു തിരികെ പോകുമ്പോൾ അഖിൽ അനീഷിന്റെ ചെവിയിൽ അമ്മ കേൾക്കാതെ പറഞ്ഞു "അന്ന് നീ പറഞ്ഞപ്പോൾ തന്നെ കരുതിയതാ ഈ ഭൂഗോളത്തിൽ എവിടെയുണ്ടെങ്കിലും അവള് നിനക്കുവേണ്ടി കാത്തിരിക്കുന്നുണ്ടാകുമെന്നും നിങ്ങളെ പരസ്പരം കെട്ടിക്കുമെന്നും.. കഴിഞ്ഞ ആറ് മാസം ഞാൻ ഗൾഫിലൊന്നും അല്ലായിരുന്നു. നിന്റെ തൊട്ടാവാടി പെണ്ണിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു."ഇത്രയും പറഞ്ഞുകൊണ്ട് അന്നവന്റെ പേഴ്സിൽനിന്ന് അവൻ കാണാതെ എടുത്ത അവളുടെ ഫോട്ടോ അഖിൽ അവന്റെ കയ്യിൽ തന്നെ തിരികെ ഏൽപ്പിച്ചു.

Read More : Malayalam Short StoriesMalayalam literature interviews,Malayalam Poems