“ശാശ്വതമീ സ്നേഹം......”
എനിക്ക് അവളോട് പറയണമെന്നുണ്ടായിരുന്നു ....
നീ വിചാരിക്കുന്ന പോലെ അല്ല സ്നേഹം. അവനവന്‍റെ അവസരങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അത് മാറില്ല. ഒരിക്കല്‍ ഒരാളോട് തോന്നുന്നത് ശരിയായ സ്നേഹമാണെങ്കില്‍ അത് എന്നും നിലനില്‍ക്കും. അതുകൊണ്ട് തന്നെ നിനക്ക് താല്പര്യമില്ലെങ്കില്‍ കൂടിയും നിന്നെ ഞാന്‍ സ്നേഹിച്ചു കൊണ്ടേയിരിക്കും.
പിന്നെ, നീ എന്താണ് ചോദിച്ചത്...
നീ എപ്പോഴാ നിനക്ക് എന്നെ ഇഷ്ടമായെന്നു പറഞ്ഞിട്ടുള്ളത് എന്നല്ലേ. സ്നേഹം പറയാതെയും അനുഭവിക്കാം. ഇതൊരു കണക്കു പറച്ചിലല്ല, മറിച്ച് നീ പറയാതെ പറഞ്ഞ സ്നേഹത്തെ മനസിലാക്കലാണ്.
നിന്‍റെ എന്ത് കാര്യത്തിനും ഞാന്‍ എപ്പോഴും നിന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നിട്ടുണ്ട്. നിന്നെ സ്നേഹിച്ചത്ര ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് ഒന്ന് ചിന്തിക്കേണ്ടി വരും. നിന്‍റെ സന്തോഷമായിരുന്നു എനിക്ക് പ്രിയപെട്ടതു. അതിനു വേണ്ടി എന്തെല്ലാം ഒന്ന് ചെയ്തിട്ടിടുണ്ട്. ശരീരം കണ്ടു മാത്രമാണോ നമ്മള്‍ ഇഷ്ടപെട്ടത്. അതിനുമപ്പുറം ഒരേ തരത്തിലുള്ള വൈബ് നമുക്ക് തമ്മില്‍ ഉണ്ടായിരുന്നത് കൊണ്ടല്ലേ ഞാന്‍ നിന്നെ ഇഷ്ടപെട്ടത്. പല സമയത്തും നീ അത് അക്സെപ്റ്റ് ചെയ്തിട്ടുള്ളതുമാണ്.
പക്ഷെ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം.
എല്ലാ പെണ്‍കുട്ടികളെയും പോലെ നീയും സ്നേഹത്തിനു ആപേക്ഷികമായ പരിവേഷം കൊടുത്തോ. അവസരോചിതമായി ചിന്തിച്ചു തുടങ്ങിയോ നീയും. ഏയ്, ഉണ്ടാവില്ല. അങ്ങനെ കരുതാനാണ് എനിക്ക് ഇഷ്ടം. അല്ലെങ്കില്‍ എന്‍റെ ചങ്ക് തകര്‍ന്നു പോകും. അല്ലെങ്കില്‍ പിന്നെ നിന്നെ മനസ്സിലാക്കി എന്ന് വീമ്പു പറയുന്നതില്‍ എന്തര്‍ത്ഥം?.
നിനക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കാമായിരുന്നു.
എന്നും നിന്‍റെ വിളികള്‍ക്കായി ഞാന്‍ കാതോര്‍ത്തിരുന്നു.
എന്നും നിന്നെ കാണാനായി കണ്‍കള്‍ കൊതിച്ചു കൊണ്ടിരുന്നു.
നിനക്ക് എപ്പോഴെല്ലാം ആവശ്യമുണ്ടായിരുന്നോ, അപ്പോഴെല്ലാം ഞാന്‍ നിന്‍റെ മുന്‍പില്‍ ഓടി എത്തുമായിരുന്നില്ലേ.
എന്നിട്ടാണോ നീ എന്നോട് അങ്ങനെ പറഞ്ഞത്.
അന്നെല്ലാം നിനക്ക് ശരിക്കും ഒരു താങ്ങും, തണലുമാണ് ഞാനെന്നാണ്, നീ എന്നോട് പറഞ്ഞിട്ടുള്ളത്. അതൊക്കെ മാറിയോ. നീ എന്നോട് പറഞ്ഞിട്ടുള്ള എല്ലാ വേദനകളിലും ഒരു സാന്ത്വനമായി മാറാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഫലവത്തായിരുന്നു എന്ന് നീ തന്നെ എന്നോട് പല തവണ പറഞ്ഞിട്ടുള്ളതുമാണ്.
നിന്‍റെ കണ്ണൊന്നു നിറഞ്ഞാല്‍ പിടയുന്നത് എന്‍റെ നെഞ്ച് ആയിരുന്നു.
അന്നെല്ലാം നീ പറയുമായിരുന്നു, നീ എനിക്കൊരു ആശ്വാസമാണെന്ന്.
നിന്നോടൊപ്പം സമയം ചിലവഴിച്ച് കൊതി തീരാത്ത ആളാണ് ഞാന്‍. അതിനു മാത്രമേ നമ്മള്‍ തമ്മില്‍ വഴക്കിടേണ്ടി വന്നിട്ടുള്ളൂ. എനിക്ക് വേണ്ടത്ര സമയം നിന്നോടൊപ്പം ചിലവഴിക്കാന്‍ കിട്ടാറില്ലല്ലോ. അതിനു ആവശ്യപെടുമ്പോഴെല്ലാം നിനക്ക് എങ്ങുമില്ലാത്ത ജോലികള്‍ ഉണ്ടെന്നു പറയാറല്ലേ പതിവ്. അപ്പോഴെല്ലാം നീ എന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്.
നീ സമ്മാനിച്ചിട്ടുള്ള നിമിഷങ്ങള്‍ എല്ലാം തന്നെ വിലപെട്ടതായി മനസ്സിന്‍റെ മണിചിമിഴില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
നീ അടുത്തിരിക്കുമ്പോള്‍ എങ്ങു നിന്നോ ഒരു പോസറ്റിവ് എനര്‍ജി എന്നില്‍ നിറയാറുണ്ട്.
നിന്നോട് സംസാരിക്കുമ്പോള്‍ ഒരു കൂട്ടിന്‍റെ ബലം ഞാന്‍ അറിയുമായിരിന്നു.
നിന്‍റെ കണ്ണുകളില്‍ നോക്കിയിരുന്നാല്‍ എനിക്കീ ലോകം കാണാം. അതിലൂടെ കാണുന്ന ലോകം അന്നെല്ലാം നമ്മുടെതായിരുന്നു.
പിന്നെ എപ്പഴാ നീ നിന്‍റെ ലോകത്തിലേക്ക് മാത്രമായി ചുരുങ്ങിയത്.
നിന്‍റെ ചുണ്ട്.... എന്നിക്ക് കാമത്തിന്‍റെ പ്രതീകമായിരിന്നു.
നിന്‍റെ ഉമിനീര്... അതില്‍ എന്തെല്ലാം രസങ്ങള്‍ ഉണ്ടായിരുന്നു!....
നിന്‍റെ നിശ്വാസ വായുവിന്‍റെ ചൂട് എന്‍റെ കുളിരിനു കൂട്ടായിരുന്നു.
സംസാരത്തിനിടക്കുള്ള നിന്‍റെ ചെറിയ കുറുമ്പ് നോട്ടങ്ങള്‍ എന്നില്‍ പ്രേമത്തിന്‍റെ പൂന്തോട്ടം തീര്‍ത്തു.
എന്നെ നിനക്കറിയാവുന്ന പോലെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല.
എന്‍റെ ബലവും ബലഹീനതയും....
ഇഷ്ടങ്ങളും അനിഷ്ടങ്ങളും.....
സന്തോഷവും സങ്കടങ്ങളും ....
അറിവും അറിവില്ലായ്മയും......
കൂട്ടുകളും കൂട്ടില്ലായ്മയും.......
എന്നേക്കാള്‍ ഏറെ നീ എന്നെ മനസ്സിലാക്കിയിരുന്നു .......
എന്നിട്ടും നീ എന്തെ എന്നെ വിട്ടു പോകാന്‍ തീരുമാനിച്ചു.....
സ്നേഹം ഭ്രമമല്ല ... അതൊരു സുഖ ശീതള വികാരമാണ്.....
അത് നീയും എന്നില്‍ നിന്ന് അനുഭവിച്ചുണ്ടെന്നാണ് എന്‍റെ വിശ്വാസം....
(അതോ എന്‍റെ അന്ധവിശ്വാസമായിരുന്നോ!)
നിനക്ക് ഓര്‍മ്മയുണ്ടോ?..
അന്ന് നീ ഒരിക്കല്‍ എന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തു. ഞാന്‍ നിന്‍റെ മുമ്പില്‍ വാവിട്ടു കരഞ്ഞത്....
അന്ന് നീ ചോദിച്ചു “ആണുങ്ങള്‍ കരയുമോ?”
ആണുങ്ങള്‍ക്ക് കരയാനുള്ള അവകാശം പോലുമില്ലേ? മനുഷ്യനുള്ള ഓരോ വികാരവും പ്രകടിപ്പിക്കുവനുള്ളതാണ്. അത് ഏറ്റവും അടുത്തറിയുന്ന ഒരാളോടാണെങ്കില്‍ അതിന്‍റെ ഉദാത്തമായ ഭാവത്തില്‍ പുറത്തു വരുന്നു എന്ന് മാത്രം.
എന്‍റെ വീഴ്ചകള്‍ ....... എനിക്ക് വലുതാണ് ..... എന്‍റെ നഷ്ടവും......
എന്നെ സ്നേഹിക്കാത്ത ആരെയും ഞാനും സ്നേഹിക്കില്ല എന്ന എന്‍റെ പ്രമാണം നിന്‍റെ കാര്യത്തില്‍ മാത്രം എനിക്ക് നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന് തോനുന്നില്ല. കാരണം അത്ര മാത്രം നീ എന്‍റെ മനസ്സില്‍ തന്നെ ഉണ്ട്. മാത്രമല്ല എന്നെ ഇഷ്ടപെടുന്നതിനെക്കാള്‍ ഞാന്‍ നിന്നെ ഇഷ്ടപെടുന്നുണ്ട്.
നീ ഇപ്പോള്‍ ശരീരം കൊണ്ട് മാത്രമാണ് അകന്നു നില്‍ക്കുന്നത്. മനസ്സ് കൊണ്ട് അങ്ങനെ സാധിക്കും എന്ന് തോന്നുന്നില്ല. എപ്പോഴെങ്കിലും നിനക്ക് മനസ്സ് മാറി ചിന്തിച്ചു തുടങ്ങിയാല്‍ വരാം. എന്‍റെ കൊച്ചു ജീവിതത്തിലേക്ക്. അന്നേരം സ്നേഹിക്കുന്നത് ഹൃദയം കൊണ്ടാവണം, തലച്ചോറ് കൊണ്ടാവരുത്. വരും വരായ്കകള്‍ പഠിച്ചു ചെയ്യേണ്ട ഒന്നല്ല സ്നേഹം എന്നത്. നമ്മള്‍ തമ്മില്‍ ആദ്യം കണ്ടപ്പോള്‍ എങ്ങനെ ഫീല്‍ ചെയ്തോ, അത് പോലെ ഉണ്ടാവണം. താനേ വരണം... മതില്‍കെട്ടുകള്‍ ഇല്ലാതെ, അതിര്‍ വരമ്പുകള്‍ ഇല്ലാതെ. മതില്‍ കെട്ടുകള്‍ക്കുള്ളില്‍ തീര്‍ക്കുന്ന സ്നേഹം വെറും കണക്കു പുസ്തകമാകും!.
ഇതൊന്നും ആത്മാവിനെ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ആണ് പ്രയാസം. എന്ത് പറഞ്ഞാലും മനസ് നിന്നെ കാണാന്‍ വെമ്പല്‍ പൂണ്ടിരിക്കും. എന്നും..... എന്നേക്കും .....നിനക്ക് വേണ്ടി ആ സ്നേഹം ശാശ്വതമായിരിക്കും... ആര്‍ക്കും പങ്കു വെക്കാതെ....പരാഗത്തെ കാത്തു നില്‍ക്കുന്ന പരാഗ രേണുവിനെ പോലെ...... എന്നും നിനക്ക് വേണ്ടി പുഷ്പിച്ചു നില്‍ക്കും..... എപ്പോഴെങ്കിലും ഒരു കുളിര്‍ കാറ്റ് കൊണ്ട് വരും.... ആ സ്നേഹത്തിന്‍റെ വസന്തം.....വരും, വരാതിരിക്കില്ല.