ഇലഞ്ഞിപ്പൂക്കൾ

Representative Image

ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമായിരുന്നു ആ തോട്ടിൻകരയ്ക്ക്. എപ്പോഴും ഒഴുകിപ്പരക്കുന്ന ആ ഗന്ധം സമീപവാസികളെ മുഴുവൻ ത്രസിപ്പിച്ചു. തോട്ടിൽ കുളിക്കുവാനെത്തുന്ന സ്ത്രീകൾ ഇലഞ്ഞിപ്പൂ മണത്തിൽ ഉന്മത്തരായി തീർന്നു. തോടിന്റെ കരയിലെ ആളൊഴിഞ്ഞ വീട്ടുമുറ്റത്തെ ഇലഞ്ഞിമരത്തിൽ നിന്നും എല്ലായ്പ്പോഴും ഇലഞ്ഞിപ്പൂക്കൾ തോട്ടിലേയ്ക്ക് വീണുകൊണ്ടിരുന്നു. ഇഞ്ചയും താളിയും വിഴുപ്പു തുണികളും നിറഞ്ഞ ലോകത്തു നിന്ന് ഇലഞ്ഞിപ്പൂക്കളുടെ വന്യസുഗന്ധത്തിലേക്ക് അവർ ഉൗളിയിട്ടു. “ഇത്രയും പൂക്കൾ വിരിയുന്ന ഇലഞ്ഞി മരം താൻ വേറെ കണ്ടിട്ടില്ലെന്ന് ഗ്രാമത്തിലെ കാരണവന്മാരിൽ ഒരാൾ അഭിപ്രായപ്പെട്ടു”. “ഇത്ര സുഗന്ധമുള്ള ഇലഞ്ഞിപ്പൂക്കൾ വേറെയില്ലെന്ന്” നാട്ടിൻപുറത്തെ സ്ത്രീകളും അഭിപ്രായപ്പെട്ടു. ഗ്രാമത്തിലെ കുട്ടികൾ  ഇലഞ്ഞിപ്പൂക്കൾ കണ്ടിട്ടില്ലാത്ത സഹപാഠികൾക്കായി ഇലഞ്ഞിപ്പൂക്കൾ പെറുക്കിക്കൂട്ടി സ്കൂളിലേക്ക് കൊണ്ടുപോയി. 

അങ്ങനെ ഇരിക്കെ, ആ ഇലഞ്ഞിപ്പൂമരത്തണലിലെ വീട്ടിൽ പുതിയ താമസക്കാരെത്തിച്ചേർന്നു. വരുത്തനായ വസുദേവൻ ഭാഗവതരും ഭാര്യ രോഹിണിയും. വാർധക്യത്തോട് അടുത്ത പ്രായമുള്ള ഭാഗവതരുടെ യുവതിയും അതിസുന്ദരിയുമായ ഭാര്യയെ കണ്ട് നാട്ടുകാർ ഒന്നടങ്കം ആശ്ചര്യപ്പെട്ടു. അതുവരെ ആളൊഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ താമസക്കാരെത്തിയതോടെ സ്ത്രീകൾ തങ്ങളുടെ കുളി തൊട്ടു താഴത്തെ     കടവിലേക്ക് മാറ്റി. എങ്കിലും മുകളിലെ കടവിൽ നിന്നും അരിച്ചിറങ്ങുന്ന ഇലഞ്ഞിപ്പൂഗന്ധം അവരെ ത്രസിപ്പിച്ചു.    

എല്ലാ പുലർവേളകളിലും ഭാഗവതർ തോട്ടിൻ കരയിലെ വീട്ടിനുള്ളിൽ കീർത്തനങ്ങൾ ആലപിച്ചു. ഇടയ്ക്കെല്ലാം രോഹിണിയും ഭർത്താവിനൊപ്പം ശ്രുതി ചേർന്ന് പാടി. ഭാഗവതരുടെ അടുത്ത് സംഗീതം പഠിയ്ക്കുവാനായി പോയിരുന്നതാണ് രോഹിണിയെന്നും അവിവാഹിതനായ ഭാഗവതരുമായി അടുപ്പത്തിലായി അവർ വിവാഹം കഴിച്ചതാണെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. പ്രായംചെന്ന ഭാഗവതരെ അംഗീകരിക്കുവാൻ രോഹിണിയുടെ വീട്ടുകാർ തയ്യാറായില്ലെന്നും അതുകൊണ്ട് അവർ നാടും വീടും ഉപേക്ഷിച്ച് ഇവിടേയ്ക്ക് വന്നതാണെന്നും ശ്രുതി പരന്നു. ഇൗ നാട്ടിൽ തനിക്കുള്ള പരിമിതമായ ബന്ധങ്ങൾ ഉപയോഗിച്ച് ഭാഗവതർ കിട്ടാവുന്ന ഇടത്തെല്ലാം കച്ചേരികൾ സംഘടിപ്പിച്ചു. രോഹിണിയും ഭാഗവതർക്കൊപ്പം പല വേദികളിലും പാടി. എല്ലാ വൈകുന്നേരങ്ങളിലും ഇലഞ്ഞിപ്പൂമരച്ചോട്ടിലിരുന്ന് ഭാഗവതരും രോഹിണിയും സല്ലപിക്കും. സംഗീതത്തിലെ രാഗങ്ങൾ മൂളിക്കൊണ്ട് ഭാഗവതർ രോഹിണിയുടെ സമൃദ്ധമായ മുടിയിൽ ഇലഞ്ഞിപ്പൂക്കൾ തിരുകും. ആ സമയം രോഹിണി നിലത്തു പൊഴിഞ്ഞു കിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ മണത്തുകൊണ്ട് രാഗങ്ങൾ ആലപിക്കും. നാട്ടിലെ ചെറുപ്പക്കാർ രോഹിണിയുടെ സൗന്ദര്യത്തെപ്പറ്റിയും ഭാഗവതരുടെ സൗഭാഗ്യത്തെപ്പറ്റിയും ഒാർത്ത് നെടുവീർപ്പിട്ടു. 

ആ വഴി നടന്നു പോകുന്ന സ്കൂൾ കുട്ടികൾ രോഹിണിയെ ആരാധനയോടെ നോക്കി. രോഹിണിയും ഭാഗവതരും താമസമാക്കിയതോടെ ഇലഞ്ഞിപ്പൂക്കൾക്ക് ഗന്ധമേറിയതായി നീരാട്ടിനായി അണയുന്ന സ്ത്രീകൾക്ക് തോന്നി. ഭാഗവതരുടെയും രോഹിണിയുടെയും സംഗീത ശ്രുതികളിൽ അലിഞ്ഞ് അവർ ഇലഞ്ഞിപ്പൂമണത്തിന്റെ അറിയാകയങ്ങളിലേക്ക് മത്സരിച്ച് ഉൗളിയിട്ടു. 

ഇലഞ്ഞിമരം മുമ്പത്തേക്കാളും സമൃദ്ധമായി കായ്ക്കുകയും പൂവിടുകയും ചെയ്തു. നാട്ടിലെ ഉത്സവങ്ങൾക്ക് ഭാഗവതരുടെ കച്ചേരികൾ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറി. നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രത്തിലെ ഉത്സവം അടുത്തു. വസുദേവൻ ഭാഗവതരുടെ കച്ചേരിയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഉത്സവം അടുത്തുവരുന്തോറും ഭാഗവതർക്ക് പതിവില്ലാത്ത ആശങ്ക അനുഭവപ്പെട്ടു. ഭാഗവതർ അസ്വസ്ഥനായി ഇലഞ്ഞിമരച്ചോട്ടിലിരുന്നു.“ഇൗ ഉത്സവത്തിന് എനിക്ക് അമ്പലത്തിൽ പാടാൻ പറ്റുമോ എന്ന് ഒരു ആശങ്ക തോന്നുന്നു. എന്തോ ഒരു അപശകുനം എന്നെ തേടി വരുന്നതുപോലെ. എന്റെ മനക്കണ്ണ് എന്നെ എന്തൊക്കെയോ കാണിച്ചു തരുന്നതുപോലെ”. ഭാഗവതർ രോഹിണിയോട് തന്റെ ആശങ്ക പങ്കുവെച്ചു.“മനക്കണ്ണ്…. കുന്തം…. ഒന്നു മിണ്ടാതെ ഇരിയ്ക്കൂ”. രോഹിണി ചിരിച്ചുകൊണ്ട് മുറ്റത്ത് പൊഴിഞ്ഞു കിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ പെറുക്കിയെടുത്ത് മണത്തു. “ഇൗ ഇലഞ്ഞിപ്പൂമരച്ചോട്ടിൽ ഇരുന്നാൽ ഒരു പ്രത്യേക മന:സുഖമാണ്. ലോകം ഇടിഞ്ഞു വീണാലും അറിയില്ലാന്ന് തോന്നും”. രോഹിണി വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു. ഇലഞ്ഞിപ്പൂക്കൾ പെറുക്കി മുൻപിലെ തെളിനീരൊഴുക്കിലേക്ക് എറിഞ്ഞു. അന്ന് രാത്രി ഭാഗവതർക്ക് ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടു. രോഹിണി കരഞ്ഞുകൊണ്ട് അയൽക്കാരെ വിളിച്ചുണർത്തി. അവരുടെ സഹായത്തോടെ ഭാഗവതരെ ആശുപത്രിയിൽ എത്തിച്ചു. 

രണ്ടു ദിവസത്തിനുള്ളിൽ പനിയും ഭാഗവതരെ പിടികൂടി. കുറച്ചു നാളത്തേയ്ക്ക് കച്ചേരികൾ എല്ലാം ഒഴിവാക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയെങ്കിലും ഭാഗവതർ ഖിന്നനായിരുന്നു. “ രോഹിണീ, കുട്ടീ… ഞാൻ ചെല്ലാമെന്ന് ഏറ്റിട്ടുള്ള ഒരിടത്തും ഞാൻ ഇന്നുവരെ എന്റെ വാക്ക് തെറ്റിച്ചിട്ടില്ല. നീ ഒരു സഹായം ചെയ്യണം. ക്ഷേത്രത്തിലെ ഉത്സവത്തിന് നീ എനിക്കു പകരം കച്ചേരി പാടണം”. അയാൾ മൃദുവായ ശബ്ദത്തിൽ രോഹിണിയോട് പറഞ്ഞു.“കച്ചേരിയാണോ ഇപ്പോൾ നമുക്ക് പ്രധാനം?  നിങ്ങളുടെ ആരോഗ്യമല്ലേ നമുക്ക് വലുത്. നിങ്ങള് ചെന്നില്ലെങ്കിൽ അവർക്ക് പാടാൻ വേറെ ആളെ കിട്ടും. അല്ലെങ്കിൽ തന്നെ നിങ്ങൾ ഇൗ കിടപ്പ് കിടക്കുമ്പോൾ എനിക്ക് പാടാൻ പോകാൻ പറ്റുന്നതെങ്ങനെയാണ്”. രോഹിണിയുടെ ശബ്ദം ഇടറി. “അതോർത്ത് നീ വിഷമിക്കേണ്ട. ഇവിടുത്തെ എന്റെ സ്നേഹിതരിൽ ഒരാളോട് ഞാൻ പറഞ്ഞിട്ടുണ്ട് അന്നത്തേയ്ക്ക് എനിക്ക് സഹായത്തിനായി ഒരാളെ ഏർപ്പാടാക്കണം എന്ന്”. ഭാഗവതർ പറഞ്ഞു. 

രോഹിണി മറുപടി ഒന്നും പറയാതെ മുറ്റത്തെ ഇലഞ്ഞി മരത്തിലേക്ക് നോക്കി. ചൂടുള്ള കണ്ണുനീർ അവളുടെ കവിളത്ത് ഒഴുകി പരന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന് രോഹിണി ഭാഗവതർക്ക് പകരം കച്ചേരി നടത്തി. ഭാഗവതരുടെ കച്ചേരിയേക്കാൾ കേമം എന്ന് ഒരു വിഭാഗവും അതല്ല ഭാഗവതരുടെ കച്ചേരി തന്നെ കേമം എന്ന് മറ്റൊരു വിഭാഗവും തർക്കത്തിലേർപ്പെട്ടു. കച്ചേരി കഴിഞ്ഞ് വീട്ടിലെത്തിയ രോഹിണിയോട് കച്ചേരിയുടെ വിശേഷങ്ങളെപ്പറ്റി ഭാഗവതർ ഒന്നും തന്നെ തിരക്കിയില്ല. രോഹിണി പ്രത്യേകിച്ച് ഒന്നും തന്നെ പറഞ്ഞതുമില്ല. കുറച്ച് ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ഭാഗവതരും രോഹിണിയും ഇലഞ്ഞിപ്പൂമരച്ചോട്ടിൽ സംസാരിച്ചിരുന്നു. ഇലഞ്ഞിപ്പൂക്കളുടെ വന്യമായ ഗന്ധം അവിടെ ഒഴുകി പരന്നു. ഭാഗവതർക്ക് മാത്രം കേൾക്കുവാനെന്ന പോലെ ശബ്ദം താഴ്ത്തി രോഹിണി കീർത്തനം ആലപിച്ചു. മുറ്റത്തിന് അപ്പുറത്തെ തെളിനീരൊഴുക്കിലേക്ക് ഇലഞ്ഞിപ്പൂക്കൾ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ഭാഗവതർ രോഹിണിയെ ഇലഞ്ഞിപ്പൂക്കൾ ചൂടിച്ചു.“വരൂ, അകത്തേയ്ക്ക് പോകാം. ഇൗ തണുപ്പൊന്നും കൊള്ളണ്ട”. നേരം ഇരുട്ടി തുടങ്ങിയപ്പോൾ രോഹിണി ഭാഗവതരുടെ കരങ്ങളിൽ സ്പർശിച്ചുകൊണ്ട് പറഞ്ഞു. 

രണ്ടു ദിവസങ്ങൾക്കുശേഷം ഒരു വൈകുന്നേരം ഭാഗവതർക്ക് വീണ്ടും നെഞ്ചുവേദന വന്നു. രോഹിണിയുടെ വിഫലമായ പ്രാർത്ഥനകൾക്ക് ഒടുവിൽ ഭാഗവതർ ഇഹലോകവാസം വെടിഞ്ഞു. ‘മരണ കാരണം ഹൃദയസ്തംഭനം’ ആണെന്ന മെഡിക്കൽ റിപ്പോർട്ട് രോഹിണിയുടെ കയ്യിൽ ഇരുന്ന് വിറച്ചു. തോട്ടിൻകരയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന രോഹിണിയെപ്പറ്റിയുള്ള ചിന്ത ഗ്രാമവാസികളെ മഥിച്ചു. ഇലഞ്ഞിപ്പൂക്കളുടെ വന്യമായ ഗന്ധം തേടി ജലത്തിലേക്ക് ഉൗളിയിടുവാൻ സ്ത്രീകൾ മടിച്ചു. രോഹിണിയാകട്ടെ കരയുവാൻ പോലും മറന്ന് മുറ്റത്തെ ഇലഞ്ഞിമരത്തിലേക്ക് നിർന്നിമേഷയായി നോക്കിക്കൊണ്ടു നിന്നു. മുറ്റത്തെ ഇലഞ്ഞിപ്പൂക്കൾ മണക്കുവാൻ അവൾ ശ്രമിച്ചു നോക്കി. 

രോഹിണിക്കായുള്ള ഗ്രാമവാസികളുടെ പ്രാർത്ഥനയുടെ ഫലമായെന്നവണ്ണം രോഹിണിയുടെ സഹോദരൻ അവളെ കൂട്ടിക്കൊണ്ടുപോകുന്നതിനായി വന്നു. ആദ്യം അയാൾക്കൊപ്പം പോകാൻ മടിച്ചെങ്കിലും സമീപവാസികളുടെ സ്നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങി അവൾ അയാൾക്കൊപ്പം യാത്രയായി. പോകുന്നതിനു മുമ്പായി മുറ്റത്തെ ഇലഞ്ഞിമരത്തിൽ അൽപ്പനേരം തലചായ്ച്ചു നിന്നു. മുറ്റത്തെ ഇലഞ്ഞിപ്പൂക്കൾ പെറുക്കിയെടുത്ത് മണത്തു. ആ സമയം ദൂരെ എവിടെ നിന്നോ ഭാഗവതരുടെ കീർത്തനം ഒഴുകി വരുന്നതായി അവിടെ കൂടി നിന്നവർക്ക് അനുഭവപ്പെട്ടു. ഇലഞ്ഞിപ്പൂക്കളുടെ വന്യമായ ഗന്ധം അവരുടെ ഒാർമകളിലേക്ക് തുളച്ചു കയറി. 

പിന്നീട് ഒരിക്കൽ കൂടി... ഒരിക്കൽ കൂടി മാത്രം രോഹിണി ആ വീട്ടിലേക്ക് എത്തിച്ചേർന്നു. ആ വരവിൽ തന്റെ കയ്യിൽ കരുതിയിരുന്ന വലിയ സഞ്ചിയിലേക്ക് ഇലഞ്ഞിപ്പൂക്കൾ പെറുക്കിയെടുത്തിട്ടു. ബാക്കിയുള്ള ഇലഞ്ഞിപ്പൂക്കളെ മുറ്റത്തിന് അപ്പുറത്തെ തെളിനീരിലേക്ക് ഒഴുക്കി. പിന്നെ അവിടെ നിന്നും എന്നന്നേക്കുമായി യാത്ര തിരിച്ചു. 

അടുത്ത വേനലിൽ ഇലഞ്ഞിപ്പൂമരം കരിഞ്ഞുണങ്ങി. പിന്നെ പിന്നെ ഇലഞ്ഞിപ്പൂക്കൾ വിടരാതായി. അവയുടെ വന്യമായ ഗന്ധം ഗ്രാമത്തിന് അന്യമായി തീർന്നു. 

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.