അമ്മയ്ക്ക് പിറന്നവര്‍

Representative Image

ആശുപത്രികിടക്കയ്ക്ക് അരികിലിരുന്ന് നയന എന്നോട് ആവർത്തിച്ചാവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു ആരാണ് നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛനെന്ന്? മറുപടിയായി കണ്ണീരല്ലാതെ എങ്ങനെ അവന്റെ പേരു പറയും എന്നാലോചിച്ചു വിഷമിക്കുമ്പോഴാണ് അവന്റെ ശബ്ദം ഞാൻ മുറിക്കു പുറത്തു കേട്ടത്.. സമാധാനത്തിന്റെ ഒരു തണുത്ത കാറ്റു മനസിൽ വീശി, എന്തോ ഒരു ധൈര്യം പോലെ.. കണ്ണുനീർ തുടച്ചു. അവൻ അകത്തോട്ട് ഓടി വന്നിരുന്നെങ്കിൽ എന്ന ആശയിൽ ഞാൻ വാതിലിലേയ്ക്ക് നോക്കി.

എനിക്കു മാത്രം മനസിലാവുന്ന ഭീതിയുടെ മുഖവുമായി അവൻ ഉള്ളിലേക്ക് മെല്ലെ നടന്നു വന്നു. എന്റെ മുഖത്തോട്ട് ഒരിക്കൽ പോലും അവൻ നോക്കിയില്ല. അവനെ കണ്ടതും നയന അവനോടായി പറഞ്ഞു. നീ എപ്പോൾ വന്നു, അച്ഛനെങ്ങനെ ഉണ്ട്? 

കുഴപ്പമില്ല, ഇപ്പോൾ കുറച്ചാശ്വാസമുണ്ട് എന്നു പറഞ്ഞുകൊണ്ട് അവനെന്റെ മുഖത്തു കണ്ണോടിച്ചു... 

ഇവിടുത്തെ വിശേഷങ്ങൾ ഇല്ലു പറഞ്ഞില്ലേ എത്ര ചോദിച്ചിട്ടും ഇവൾ കരച്ചിലല്ലാതെ ഒന്നുമില്ല... നീയെങ്കിലും ഒന്നു ചോദിക്ക്...

പ്രതീക്ഷയോടെ ഞാൻ അവന്റെ മുഖത്തേയ്ക്ക് നോക്കി.. പക്ഷേ, അവന്റെ കണ്ണുകളിൽ നിന്നു പോലും അവന്റെ മനസ്സിൽ എന്താണെന്നു എനിക്ക് വായിച്ചെടുക്കാൻ പറ്റുന്നില്ലായിരുന്നു. അതെ നിർവികാരതയിൽ എന്റെ ഹൃദയത്തിന്റെ ഒത്ത നടുക്ക് തന്നെ കഠാരയാൽ കുത്തിയിറക്കുമ്പോലെ അവനെന്നോട് എന്റെ മുഖത്തു നോക്കി ചോദിച്ചു... 'ആരാ?' അന്നേരം എന്റെ കണ്ണിൽ നിന്ന് പാറിയ തീ അവനെ കരിച്ചു കളഞ്ഞിട്ടുണ്ടാവണം. പതിയെ താഴേക്കു നോക്കി അവൻ പറഞ്ഞു നിന്നെ ഹെൽപ്പ് ചെയ്യാൻ വേണ്ടിയാണു ഞങ്ങൾ..... മുഴുവിപ്പിക്കാതെ വേഗം അവൻ പോയി.... നയന എന്തൊക്കെയോ പറയുന്നുണ്ട്... പക്ഷേ എന്റെ മനസ്സ് മുഴുവൻ ഇപ്പോൾ ഇരുട്ട് മാത്രമാണ്. 

മയക്കം നടിച്ചു കിടന്ന എന്നെ നയന തട്ടി ഉണർത്തി... ചേച്ചി വിളിക്കുന്നുണ്ട് ഞാൻ ഒന്നു പോയി നോക്കിയിട്ട് വരാം. 

മ്മ്... എന്നു മൂളി അഴിഞ്ഞു കിടന്ന മുടി കെട്ടിക്കൊണ്ട് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. അവൾ ചേച്ചി എന്നു പറഞ്ഞത് ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ വന്ദന നന്ദകുമാർ. നയനയുടെ ചേട്ടന്റെ ഭാര്യ. അതു മാത്രമാണ് ഇപ്പോൾ ആകെയുള്ള ആശ്വാസം. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അപ്രതീക്ഷിതമായി വരുന്നതൊക്കെ അമ്പരപ്പിക്കുന്നതാണ്. ഇതുവരെ നയനക്ക് ഒരു മറുപടി കൊടുക്കാനായില്ല... എന്നിട്ടും അവളെന്റെ കൂടെ ഉണ്ട്. കോളജിൽ ഞാൻ ആദ്യമായി പരിചയപ്പെട്ട കൂട്ടുകാരി. ഇന്ന് അതിനുമൊക്കെ അപ്പുറം എന്തൊക്കെയോ ആണ് അവളെനിക്ക്.. പക്ഷേ, എത്ര നാൾ എനിക്ക് എല്ലാം മറച്ചു വയ്ക്കാനാകും, ഒരു എത്തും പിടിയും കിട്ടുന്നില്ല.. വീണ്ടും ആ മുഖം മനസ്സിൽ ഒരു കനലായി തെളിഞ്ഞു... അവൻ അകത്തേക്ക് കയറി വന്നു.. ഓടി ചെന്ന് കരണത്തിനിട്ട് രണ്ടു പൊട്ടിക്കാനാണ് തോന്നിയതെങ്കിലും മനസ്സിനെ പല്ലുകൾ കൊണ്ട് കടിച്ചമർത്തി ജനാലക്കു വെളിയിലേക്കു നോക്കിയിരുന്നു. 

നയന? അവൻ ചോദിച്ചെങ്കിലും മറുപടി ഒന്നും നൽകാതെ എന്താ നിന്റെ ഉദ്ദേശം എന്ന രീതിയിൽ ഞാൻ അവനെ ഒന്നു നോക്കി... അതു മനസിലായതു പോലെ അവൻ പറഞ്ഞു തുടങ്ങി 

സാം എനിക്ക് പറയാനുള്ളത് നീ കേൾക്കണം... 

നിനക്ക് പറയാനുള്ളതൊക്കെ ഞാൻ പറയാം കുടുംബം ഗോത്രം മാതാപിതാക്കൾ സഹോദരി... എനിക്കതൊന്നുമില്ല അച്ഛന്റെയും അമ്മയുടെയും ആകസ്മിക മരണശേഷം സ്വന്തക്കാർക്ക് എന്നിൽ നിന്ന് വേണ്ടത് സമ്പത്തും ശരീരവുമായിരുന്നു. പ്രതികരിക്കാനുള്ള ആർജ്ജമുണ്ടായതു കൊണ്ടാണ് തന്നെ അവിടുന്ന് രക്ഷപെട്ടു അനാധാലയത്തിൽ എത്തിയത്. പത്ത് വയസുള്ളവൾക്ക് അവിടെ കാണാൻ നിറമുള്ള സ്വപ്‌നങ്ങൾ ഒന്നുമില്ലായിരുന്നു പോൾ. സ്വന്തത്തെ തന്നെ മറന്നു തുടങ്ങിയപ്പോഴാണ് നിങ്ങളെയൊക്കെ കണ്ടുമുട്ടുന്നത്. സുഹൃത്ബന്ധത്തേക്കാൾ വലിയൊരു സംരക്ഷണ വലയമാണ് നയനയും ഇല്ലുവും മനുവുമൊക്കെ തന്നത്. പക്ഷേ, പോൾ നീ..... നിന്റെ സഹോദരിയെ നീ കെയർ ചെയ്യുന്നത് കണ്ടപ്പോളാണ് എനിക്കാദ്യം നിന്നെ ഇഷ്ടായത്... നിന്റെ ഇഷ്ടം എന്നോട് തുറന്നു പറഞ്ഞപ്പോഴും ഞാൻ പറഞ്ഞു ആശകൾ തന്ന് ഒടുക്കം ആയങ്ങളിലേക്ക് എറിയരുതെന്ന്... പക്ഷേ, ഇപ്പോഴും കഴിഞ്ഞതൊന്നും തെറ്റാണെന്നു എനിക്ക് തോന്നുന്നില്ല.. എന്റെ സ്നേഹം സമയംപോക്കല്ലായിരുന്നു പോൾ..... 

സാം പ്ലീസ് നീ എന്റെ സാഹചര്യം മനസിലാക്ക്...

എന്ത് സാഹചര്യം... എന്തുമാവട്ടെ ഞാനിപ്പോൾ നിൽക്കുന്ന ഈ പൊള്ളുന്ന പ്രതലത്തിലും വലുതാവില്ല ഒരിക്കലും... ഇവിടുത്തെ അന്തരീക്ഷം തണുപ്പിക്കാൻ നിനക്ക് മാത്രമേ ഇപ്പോൾ ആകു പോൾ... പക്ഷേ ഞാൻ നിന്നെ നിർബന്ധിക്കില്ല ഇന്നീ സമൂഹത്തിൽ സിംഗിൾ മദർ ഒരു പ്രശ്നവുമല്ല... എനിക്ക് ഈ കുഞ്ഞിനെ വേണം... ഞാൻ ചെയ്ത തെറ്റിന് കുഞ്ഞിനെ ശിക്ഷിക്കാൻ താല്പര്യമില്ല അതുമാത്രല്ല നിങ്ങൾ ആണുങ്ങൾക്ക് പലസ്ത്രീകൾ ആണത്തം ആയിരിക്കാം പക്ഷേ ഞങ്ങളെ ഒരു പേരിട്ടെ വിളിക്കു.. വേശ്യ... അവൾ പോലും മനസ്സ് കൊണ്ട് ആത്മാർഥമായി ലോകത്തു ഒരാൾക്ക് മാത്രമേ വഴങ്ങുള്ളൂ... ബാക്കിയെല്ലാം കാലം നയിക്കുന്ന കോലംകെട്ടലുകളാണ്.... എനിക്കിനി എന്റെ കുഞ്ഞ് ആണ് ജീവിതം നാളെയുടെ പ്രതീക്ഷ... എല്ലാം ദൈവം മുൻകൂട്ടി കണ്ടിട്ടുണ്ടാവണം മെക്സിക്കൻ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ് റെഡി ആയിട്ടുണ്ട് അടുത്ത മാസം പോകണം... അവിടൊന്നും അച്ഛനാര് എന്നാരും ചോദിക്കില്ല... നീ പേടിക്കണ്ട സിനിമയൊക്കെ പോലെ കാലങ്ങൾക് ശേഷം നിന്നോട് പ്രതികാരം ചോദിക്കാനോ സീരിയൽ നടികളെ പോലെ കരഞ്ഞു ജീവിതം തീർക്കാനോ സസ്പെൻസിട്ടു മറ്റുള്ളവർക്ക് മുന്നിൽ നിന്നെ കൊണ്ടവരാനോ ഒന്നും എനിക്ക് ഉദ്ദേശമില്ല... എനിക്ക് ജീവിക്കണം എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണം... ഇപ്പോൾ ഇതാണ് ഒരു ഉത്തേജകം.. പിന്നെ എവിടെയോ കേട്ടത് പോലെ കുഞ്ഞിന്റെ അച്ഛനാരെന്നു ഒരു പെണ്ണ് വിളിച്ചു പറയുമ്പോഴല്ല അത് ഞാനാണെന്ന് ഒരു ആണ് പറയുമ്പോഴാ പെണ്ണിന്റെ വിജയം. അവിടെ ഞാൻ പരാജയപ്പെട്ടൂ. എന്റെ ദേഷ്യം മുഴുവൻ വാക്കുകൾ കൊണ്ട് അവനിൽ തീർത്തുകൊണ്ടിരിന്നു... 

അപ്പോഴേയ്ക്കും നയന അകത്തേക്ക് കയറി വന്നു... ആഹ് നീ എപ്പോൾ വന്നു പോൾ. കുറച്ചുനേരമായി.. അവൻ പറഞ്ഞു... 

മ്മ്..സാം പ്രത്യേകിച്ചൊന്നുമില്ലേൽ വീട്ടിൽ പൊയ്ക്കോളാൻ ചേച്ചി പറഞ്ഞു..

എങ്കിൽ നമുക്ക് പോകാം നയന.. ബാക്കി കാര്യങ്ങൾ വീട്ടിൽ പോയിട്ട് തീരുമാനിക്കാം.. 

എസ്ക്യൂസ്‌ മി ഈ ഫോം ഒന്ന് ഫിൽ ചെയ്തു തരണേ നിങ്ങടെ ഡിസ്ചാർജ് ഷീറ്റ് റെഡി ആക്കാനാണ്.. 

ഒക്കെ നയന സിസ്റ്ററിന്റെ കയ്യിൽ നിന്ന് ഫോം വാങ്ങി... 

ഫിൽ ചെയ്തിട്ട് ആ നേഴ്സ് റൂമിലോട്ടു കൊടുത്തേക്ക് കേട്ടോ.. 

ഒക്കെ സിസ്റ്റർ.. താങ്ക്സ് നയന പറഞ്ഞു കൊണ്ട് പേന എടുത്തു ഫിൽ ചെയ്യാൻ തുടങ്ങി.. ഒരിടർച്ചയിൽ എന്നെ നോക്കി ചോദിച്ചു നെയിം ഓഫ് ദി ഹസ്ബൻഡ്... ഭർത്താവിന്റെ പേര്.. 

തൊണ്ടക്കുഴി വരെ നിറയുന്നത് പോലെ എനിക്ക് തോന്നി. നിർവികാരമായ ഒരു നോട്ടത്തിൽ ഒതുക്കി ഞാൻ താഴേക്കു നോക്കുമ്പോഴേയ്ക്കും അവന്റെ ശബ്ദം കാതിൽ അലയടിച്ചു 

mr. പോൾ മാത്യു... വിശദീകരണം ആവിശ്യമെന്ന പോലെ എന്നെയും അവനെയും മാറി മാറി നോക്കി നയനയും...

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.